Image

ആഹാരത്തിന് ശേഷം.. ( ചില കുറിപ്പടികൾ : ലാലു കോനാടിൽ

Published on 28 March, 2024
ആഹാരത്തിന് ശേഷം.. ( ചില കുറിപ്പടികൾ : ലാലു കോനാടിൽ

ഡോക്‌ടറുടെ പരിശോധന തുടരുകയാണ്....പല നിലവാരത്തിലുമുള്ള ആളുകൾ കയറിയിറങ്ങിപ്പോകുന്നു.. അവസാനം മെലിഞ്ഞുണങ്ങിയ മധ്യവയസ്കന്റെ ഊഴം..
പരിശോധനയ്‌ക്കുശേഷം മരുന്നുകൾ കുറിച്ചുകൊടുത്തു.. ഓരോന്നിന്റെയും കൂടെ എഴുതിയിട്ടുണ്ട് - ഒന്നു വീതം മൂന്നുനേരം
ഭക്ഷണത്തിനുശേഷം..

അയാൾ വിഷണ്ണനായി തിരിഞ്ഞുനിന്ന് ഡോക്‌ടറോടു പറഞ്ഞു– മൂന്നു നേരം ഭക്ഷണം കഴിക്കാൻ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇവിടെ വരേണ്ടി വരില്ലായിരുന്നു...

ഒന്നും മനസ്സിലാക്കാതെ എഴുതിവച്ച ചില കുറിപ്പടികളാണ് ജീവിതത്തെ അർഥരഹിതവും പ്രശ്‌നബാധിതവുമാക്കുന്നത്..

ആഹാരം അലങ്കാരമാകുന്നവനും ആവശ്യമാകുന്നവനും തമ്മിൽ ആയുർദൈർഘ്യത്തിൽപ്പോലും വ്യത്യാസമുണ്ടാകും.. ആരാണെന്ന്
അറിയാതെ എങ്ങനെയാണു വിളമ്പുക - അറിവായാലും ആഹാരമായാലും ആത്മവിശ്വാസമായാലും...

ബയോഡേറ്റകൾ ആളെക്കുറിച്ചുള്ള വിവരണങ്ങൾ എത്ര ഭംഗിയായി നൽകിയാലും അവയിലൊന്നും അയാൾ കടന്നുവന്ന പൊള്ളുന്ന
അനുഭവങ്ങളെക്കുറിച്ചും വേദനകളെക്കുറിച്ചും ഒരു പരാമർശം പോലും ഉണ്ടാകില്ല...

വെളിപ്പെടുത്താത്ത വേദനാനുഭവങ്ങളെ വ്യക്തമായി വായിച്ചെടുക്കാൻ കഴിയുന്നവർക്കാണ് മുമ്പിൽ വരുന്നവരുടെ
വ്യക്തി സവിശേഷതകളുമായി താദാത്മ്യപ്പെടാൻ കഴിയുന്നത്...

വിശപ്പറിയാത്തവന് വിശക്കുന്നവനെക്കണ്ടാൽ മനസ്സിലാകില്ല..
വേദന അറിയാത്തവന് വേദനിക്കുന്നവനെയും.. ആർദ്രത ഇല്ലാത്ത അറിവ് ആർത്തിയായി രൂപം മാറും...

വൈദ്യനും രോഗിയും തമ്മിലുള്ള വ്യത്യാസം വിദ്യയുടെ കാര്യത്തിൽ മാത്രമാകും...
വിശപ്പും വികാരവും വിഷമങ്ങളുമെല്ലാം ഒരുപോലെയുള്ളവർ.. പഠിച്ചറിവുകൾ കൊണ്ട് മരുന്നു കുറിക്കുമ്പോൾ തിരിച്ചറിവുകൾ കൊണ്ട് മനസ്സു വായിക്കാനും കഴിയണം...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക