Image

യുവ വനിതയെ വി പി സ്ഥാനാർഥിയാക്കി  റോബർട്ട് എഫ്. കെന്നഡി ജൂനിയർ  (പിപിഎം) 

Published on 27 March, 2024
യുവ വനിതയെ വി പി സ്ഥാനാർഥിയാക്കി   റോബർട്ട് എഫ്. കെന്നഡി ജൂനിയർ  (പിപിഎം) 

യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു സ്വതന്ത്രനായി മത്സരിക്കുന്ന റോബർട്ട് എഫ്. കെന്നഡി ജൂനിയർ (70) തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി നിക്കോൾ ഷനാഹനെ (38) പ്രഖ്യാപിച്ചു. യുവതലമുറയിൽ നിന്നൊരു പങ്കാളിയെ തേടുകയായിരുന്നു താനെന്നു ഓക്‌ലൻഡിൽ പ്രഖ്യാപനം നടത്തുമ്പോൾ അദ്ദേഹം പറഞ്ഞു. 

സാങ്കേതിക വ്യവസായവുമായി അഗാധ ബന്ധമുള്ള ഷനാഹൻ നേരത്തെ ഗൂഗിൾ സഹസ്ഥാപകൻ സെർജി ബ്രിന്നിന്റെ ഭാര്യയായിരുന്നു. കെന്നഡിയുടെ കൂടെ മത്സരിക്കുമ്പോൾ ധനസമാഹരണത്തിനും സഹായം നൽകാൻ കഴിയുന്ന സ്ഥാനാർഥിയാകും അവർ. 

കാലിഫോർണിയ ക്രിമിനൽ ജസ്റ്റിസ് നിയമ പരിഷ്കാരത്തിനു വേണ്ടി പ്രവർത്തിച്ച കാര്യങ്ങൾ, ചൈനീസ് അമ്മയുടെ കഥകൾ, എ ഐ കൊണ്ടുവരുന്ന വെല്ലുവിളികൾ, ആരോഗ്യ രക്ഷയിലുള്ള സജീവ താൽപര്യം, മകളുടെ ഓട്ടിസം തുടങ്ങിയ വിഷയങ്ങൾ ഷനാഹൻ സംസാരിച്ചു. 

വാഷിംഗ്‌ടൺ യൂണിവേഴ്സിറ്റിയുടെ പുഗറ്റ് സൗണ്ട് ആൻഡ് സാന്ത ക്ലാര ലോ സ്കൂളിൽ നിന്നു ബിരുദമെടുത്ത ഷനാഹൻ ClearAccessIP കമ്പനി സ്ഥാപിച്ചു. 2018ൽ ബ്രിന്നിനെ വിവാഹം കഴിച്ച അവർ 2021 ഡിസംബറിൽ വിവാഹ മോചനം നേടി. എലൻ മസ്‌കുമായി അവർക്കു അല്പകാലം നീണ്ട ബന്ധം ഉണ്ടായിരുന്നുവെന്നു വോൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. ഷനാഹനും മസ്‌കും പക്ഷെ അതു നിഷേധിച്ചു. 

ഡെമോക്രാറ്റിക് പാർട്ടി പ്രചാരണങ്ങളെ സഹായിച്ചാണ് ഷനാഹൻ രാഷ്ട്രീയത്തിൽ ബന്ധപ്പെട്ടിരുന്നത്. കെന്നഡിയുടെ വി പി സ്ഥാനാർഥിയായതോടെ അവർ ഡെമോക്രാറ്റിക് പാർട്ടി വിട്ടതായും പ്രഖ്യാപിച്ചു. അദ്ദേഹത്തെപ്പോലെ കോവിഡ് വാക്‌സിനെ എതിർക്കയും ചെയ്തു. 

പ്രസിഡന്റ് ബൈഡനെതിരെ മത്സരം ഉറപ്പാക്കിയ റിപ്പബ്ലിക്കൻ നേതാവ് ഡൊണാൾഡ് ട്രംപ് ഇതുവരെ വി പി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. 

സർവേകളിൽ കെന്നഡി ശരാശരി 9.9% വോട്ടാണ് നേടിവരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ സാന്നിധ്യം ബൈഡനെയോ ട്രംപിനെയോ ബാധിക്കാം എന്ന സാധ്യതയുണ്ട്. ഇരുവർക്കും ക്ഷീണമുണ്ടാക്കുമെന്നു അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. 

സ്ഥാനാർഥിയെന്ന നിലയിൽ അർഹമായ സീക്രട്ട് സർവീസ് സുരക്ഷ വേണമെന്ന കെന്നഡിയുടെ ആവശ്യം ബൈഡൻ ഭരണകൂടം അനുവദിച്ചിട്ടില്ല. പ്രസിഡന്റായിരിക്കെ വെടിയേറ്റ് മരിച്ച ജോൺ എഫ് കെന്നഡിയുടെ സഹോദരൻ റോബർട്ട് കെന്നഡിയുടെ പുത്രനാണ് റോബർട്ട് കെന്നഡി ജൂനിയർ. പ്രസിഡന്റ് സ്ഥാനാർഥിയാവാനുള്ള മത്സരത്തിനിടെ വെടിയേറ്റ് മരിക്കയായിരുന്നു പിതാവ് റോബർട്ട് കെന്നഡി.

RFK Junior picks running mate 

 

Join WhatsApp News
Sunil 2024-03-27 12:40:20
Robert Kennedy Jr could be a much better candidate than Joe Biden for the Democrats.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക