Image

ബാൾട്ടിമോറിൽ 6 ജഡങ്ങൾ കണ്ടെടുത്തു; തിരച്ചിൽ അവസാനിപ്പിച്ചു (പിപിഎം) 

Published on 27 March, 2024
ബാൾട്ടിമോറിൽ  6   ജഡങ്ങൾ കണ്ടെടുത്തു;  തിരച്ചിൽ അവസാനിപ്പിച്ചു (പിപിഎം) 

മെരിലാൻഡിലെ ബാൾട്ടിമോറിൽ പാലം തകർന്നു നദിയിലേക്കു തെറിച്ചു വീണവരിൽ ആറു പേരുടെ ജഡങ്ങൾ കണ്ടെടുത്തു. ഇതോടെ രക്ഷാപ്രവർത്തനം അവസാനിപ്പിക്കയും ചെയ്തു. 

പടുകൂറ്റൻ ചരക്കു കപ്പൽ ഇടിച്ചാണ് ചൊവാഴ്ച പുലർച്ചെ ഒന്നരയോടെ (ഇ ടി) ഫ്രാൻസിസ് സ്കോട്ട് കി ബ്രിഡ്‌ജ്‌ തകർന്നത്. പാലത്തിൽ ഉണ്ടായിരുന്ന ഏഴു വാഹനങ്ങൾ വെള്ളത്തിൽ വീണുവെന്നാണ് നിഗമനം. മൊത്തം 20 പേർ വെള്ളത്തിൽ വീണുവെന്നു കരുതപ്പെടുന്നു. 

ബ്രൗണർ ബിൽഡേഴ്സ് എന്ന കൺസ്ട്രക്ഷൻ കമ്പനിയുടെ ജീവനക്കാരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തതെന്ന്‌ കമ്പനി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജെഫ് പ്രിറ്സ്കർ പറഞ്ഞു.  

ചൊവാഴ്ച പുലർച്ചെ ആരംഭിച്ച രക്ഷാ പ്രവർത്തനം ബുധനാഴ്ച വൈകിട്ട് 7:30നു അവസാനിപ്പിക്കുമെന്നു കോസ്റ്റ് ഗാർഡ് റിയർ അഡ്‌മിറൽ ഷാനൻ ഗിൽറിയത് പറഞ്ഞു. രണ്ടു പേരെ രക്ഷപ്പെടുത്തി. ഇനിയും ആരെയെങ്കിലും ജീവനോടെ കിട്ടുമെന്നു പ്രതീക്ഷയില്ല. ഊർജിതവും വിശാലവുമായ തിരച്ചിൽ നടത്തിയിട്ടുണ്ട്. കടുത്ത തണുപ്പുള്ള  വെള്ളത്തിൽ ഇതിലേറെ സമയം ആരെങ്കിലും ജീവനോടെ ഉണ്ടാവുമെന്നു പ്രതീക്ഷയില്ല. 

കണ്ടു കിട്ടാത്തവരിൽ എൽ സാൽവദോറിൽ നിന്നുള്ള മിഗ്‌വൽ ലൂണ (40) എന്നയാൾ ഉണ്ടെന്നു റിപ്പോർട്ടുണ്ട്. മൂന്നു കുട്ടികളുടെ പിതാവാണ് അദ്ദേഹം. 19 വർഷമായി മെരിലാൻഡിൽ ജീവിക്കയായിരുന്നു. 

കപ്പലിന്റെ ഭാരം പാലത്തിനു താങ്ങാനായില്ല 

ഫ്രാൻസിസ് സ്കോട്ട് കി പാലത്തിന്റെ തകർച്ച അനിവാര്യമായിരുന്നുവെന്നു ജോൺ ഹോപ്കിൻസ് യൂണിവേഴ്സിറ്റി പ്രഫസർ ബെൻ ഷാഫർ പറഞ്ഞു. 50 വർഷം മുൻപ് പണിത പാലം ആധുനിക ചരക്കു കപ്പലുകൾ ഇടിച്ചാൽ തകരുക തന്നെ ചെയ്യും. 

നല്ലൊരു ഡിസൈനിലാണ് പാലം നിർമിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മറ്റു പലേടത്തും ഈ ഡിസൈൻ ഉപയോഗിച്ചിട്ടുണ്ട്. 1977ൽ പണി തീർത്ത 1.6 മൈൽ നീളമുള്ള പാലം കപ്പലിടിച്ചു ഒരു തൂൺ തകർന്നതോടെ വീണടിഞ്ഞു. പാലത്തിന്റെ സുരക്ഷയെ തകർത്തു കളയുന്ന കരുത്തായിരുന്നു 130,000 ടൺ ഭാരം കയറ്റിയ എം വി ഡാലി എന്ന കപ്പലിന്.   

Six bodies recovered in Baltimore search 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക