Image

ചരിത്രമെഴുതി സുനിൽ ഛേത്രി; തോൽവിയോടെ  ഇന്ത്യ (സനിൽ പി.തോമസ്)

Published on 27 March, 2024
ചരിത്രമെഴുതി സുനിൽ ഛേത്രി; തോൽവിയോടെ  ഇന്ത്യ (സനിൽ പി.തോമസ്)

പതിവില്ലാത്ത ആവേശത്തോടെയാണ് ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾ ഇന്ന് ഗുവാഹത്തിയിൽ ഇന്ദിരാ ഗാന്ധി അത് ലറ്റിക് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ - അഫ്ഗാനിസ്ഥാൻ രണ്ടാം പാദ മത്സരം ശ്രദ്ധിച്ചത്.കാരണം ഒന്നര പതിറ്റാണ്ടായി ഇന്ത്യൻ ഫുട്ബോളിലെ സൂപ്പർ താരമായ സുനിൽ ഛേത്രിയുടെ നൂറ്റമ്പതാം മത്സരം. അതിനൊപ്പം ചരിത്രത്തിൽ ആദ്യമായി ലോക കപ്പ് ഫുട്ബോളിൻ്റെ യോഗ്യതാ മത്സരങ്ങളുടെ മുന്നാം റൗണ്ടിൽ കടക്കാൻ ഇന്ത്യക്ക് വിജയം അനിവാര്യമാണ് എന്നത്.
ഛേത്രി  150 മത്സരം തികച്ചു. ഗോളും നേടി. പക്ഷേ, ഇന്ത്യ തോറ്റു ( 1-2 ). ആദ്യ പകുതിയിൽ ലീഡ് നേടിയ ഇന്ത്യ രണ്ടാം പകുതിയിൽ ഗോൾ വഴങ്ങിയതാകട്ടെ ഛേത്രിയെ, മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമക് പിൻവലിച്ച് രണ്ടു മിനിറ്റായപ്പോഴും. ചരിത്ര നായകന് ബഞ്ചിൽ ഇരുന്നു കരയേണ്ടി വന്നു.
2026 ലോക കപ്പിൻ്റെ ഏഷ്യൻ മേഖലാ ഗ്രൂപ്പ് എ രണ്ടാം റൗണ്ട്  യോഗ്യതാ മത്സരങ്ങളിൽ   ഖത്തറിനോട് തോൽക്കുകയും കുവൈത്തിെനെ തോൽപ്പിക്കുകയും ചെയ്ത ഇന്ത്യ 
റാങ്കിൽ പിന്നിലായ അഫ്ഗാനിസ്ഥാനോട് ആദ്യ പാദ മത്സരത്തിൽ ഗോൾരഹിത സമനില വഴങ്ങി. രണ്ടാം പാദത്തിൽ പരാജയം രുചിച്ചു.
ഇനി അവശേഷിക്കുന്നത് ജൂൺ ആറിന് കുവൈത്തിനെതിരെ ഇന്ത്യയിലും ജൂൺ 11 ന് ഖത്തറിനെതിരെ വിദേശത്തും നടക്കുന്ന മത്സരങ്ങൾ. ഒരു ഗ്രൂപ്പിൽ ആദ്യ രണ്ടു സ്ഥാനക്കാരാണ് മൂന്നാം റൗണ്ടിൽ കടക്കുക. ഖത്തർ ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തിനായാണ് ഇന്ത്യ ശ്രമിച്ചത്. ഇനിയത് ഏറെക്കുറെ അസാധ്യമാണ്.
ഇന്നു ജയിച്ചിരുന്നെങ്കിൽ ചേത്രിക്ക് അതൊരു ആദരമായേനെ.
ഇന്ത്യൻ നായകനായ സുനിൽ ഛേത്രി 2005 ജൂൺ 12ന് പാക്കിസ്ഥാനെതിരെ കളിച്ചു കൊണ്ടാണ് ആദ്യമായി ഇന്ത്യൻ ജേഴ്സി അണിഞ്ഞത്.അന്ന് ഇന്ത്യയുടെ എക ഗോൾ ( 1-1) ഛേത്രിയുടെ വകയായിരുന്നു. തുടർന്ന് 25, 50, 75, 100, 125 ക്രമത്തിലെ മത്സരങ്ങൾ ഗോൾ നേടിയാണ് ഛേത്രി ആഘോഷിച്ചത്. 150-ാം മത്സരത്തിലും പെനൽറ്റി ഗോളിലൂടെ ഛേത്രി ആ ചരിത്രം ആവർത്തിച്ചു.
150 മത്സരങ്ങളിൽ ഛേത്രി 94 ഗോൾ നേടി.രാജ്യാന്തര മത്സരങ്ങളിൽ ഇപ്പോൾ സജീവമായുള്ളവരിൽ റൊണാൾഡോയും ( 128 ഗോൾ) മെസിയും (106) മാത്രമാണ് സുനിൽ ഛേത്രിക്കു മുന്നിൽ. പക്ഷേ ,അവർ നേരിട്ട എതിരാളികളെയല്ല ഛേത്രി എതിരിട്ടത്. അതു കൊണ്ട് അത്തരമൊരു  താരതമ്യത്തിൽ കാര്യമില്ല. പക്ഷേ, ഒരു രാജ്യത്തിനു വേണ്ടി 150 മത്സരങ്ങൾ കളിക്കുക എന്നത് എണ്ണപ്പെടേണ്ടതാണ്.ഈ നേട്ടം കൈവരിച്ച നാല്പതാമത്തെ ഫുട്ബോൾ താരമാണ് ഛേത്രി. റൊണാൾഡോയാണ് ഇവിടെയും മുന്നിൽ.205 മത്സരങ്ങളിൽ ആണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിൻ്റെ ജേഴ്സി അണിഞ്ഞത്.
ഇന്ത്യയുടെ  നായകന് ചരിത്ര മുഹൂർത്തത്തിൽ വിജയം കൊണ്ട് കിരീടം ചാർത്താൻ സഹകളിക്കാർക്ക് കഴിയാതെ പോയത് ടീമിൻ്റെ നിർഭാഗ്യം കൊണ്ടാണെന്ന് പറയാനാവില്ല. നമ്മുടെ പിഴവുകൾ തന്നെയാണു നമുക്ക് വിനയായത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക