Image

മലയാളികളടക്കമുള്ള  കപ്പൽ ജീവനക്കാരും ഹീറോ; മുന്നറിയിപ്പ് മൂലം കൂടുതൽ ദുരന്തം ഒഴിവായി

Published on 26 March, 2024
മലയാളികളടക്കമുള്ള  കപ്പൽ ജീവനക്കാരും ഹീറോ; മുന്നറിയിപ്പ് മൂലം കൂടുതൽ ദുരന്തം ഒഴിവായി

ബാൾട്ടിമോർ ഫ്രാൻസിസി സ്‌കോട്ട് കീ ബ്രിഡ്ജ്  ചരക്ക് കപ്പലിടിച്ച് തകർന്ന സംഭവത്തിൽ രക്ഷകരായി പ്രവർത്തിച്ചവരെ പ്രശംസിച്ച് മേരിലാൻഡ് ഗവർണർ വെസ് മൂർ.  കപ്പൽ ജീവനക്കാരുടെ  സമയോചിത മുന്നറിയിപ്പും  വലിയ ദുരന്തം ഒഴിവാക്കാൻ സഹായിച്ചെന്നും ഗവർണർ വെസ് മൂർ പറഞ്ഞു.

ഇന്ത്യൻ വംശജയായ ലഫ്റ്റനൻ്റ് ഗവർണർ അരുണ മില്ലറും മൂറിനൊപ്പം  വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

നിയന്ത്രണം വിട്ട ഉടൻ തന്നെ കപ്പലിൽനിന്ന് ജീവനക്കാർ 'മെയ് ഡേ' സിഗ്നൽ നൽകി. അതോടെ  പാലത്തിലേക്കു കൂടുതൽ   വാഹനങ്ങൾ പോകുന്നത് മെരിലാൻഡ് ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്‌പോർട്ടേഷൻ തടഞ്ഞു. അതിനാൽ കൂടുതൽ ദുരന്തം ഒഴിവായി.

അപകടസമയത്ത്  നിർമാണ തൊഴിലാളികൾ പാലത്തിൽ  അറ്റകുറ്റപ്പണികൾ നടത്തിയിരുന്നതായി അധികൃതർ അറിയിച്ചു. അവരിൽ രണ്ട് പേരെ രക്ഷിച്ചു. ആറു  പേരെ കണ്ടെത്തിയില്ല. ഒരു മൃതദേഹം കണ്ടെത്തി 

ഏകദേശം പുലർച്ചെ 1:30 ന് അപകടത്തിന് തൊട്ടുമുമ്പ് കപ്പലിൻ്റെ വൈദ്യുതി  മിന്നിമറയുന്നതായും തുടർന്ന് വീണ്ടും ഓണാകുന്നതായും വീഡിയോകൾ കാണിക്കുന്നു.

കപ്പൽ  തുറമുഖത്ത് നിന്ന് പുറപ്പെടുമ്പോൾ പ്രൊപ്പൽഷൻ നഷ്ടപ്പെട്ടു. ആ സമയത്ത് ക്രൂ അംഗങ്ങൾ കൂട്ടിയിടിയെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് നൽകിയതായി ആഭ്യന്തര സുരക്ഷാ വകുപ്പിൻ്റെ സൈബർ സുരക്ഷാ ഇൻഫ്രാസ്ട്രക്ചർ സെക്യൂരിറ്റി ഏജൻസിയിൽ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നു.  

"കപ്പലിൻ്റെ നിയന്ത്രണം നഷ്‌ടമായെന്നും പാലവുമായി കൂട്ടിയിടിക്കാമെന്നും  കപ്പൽ മേരിലാൻഡ് ഗതാഗത വകുപ്പിനെ (MDOT) അറിയിച്ചു," റിപ്പോർട്ട് പറയുന്നു.

കപ്പലിന്റെ നിയന്ത്രണം നഷ്ടപ്പെട്ട ഉടൻതന്നെ മുന്നറിയിപ്പ് നൽകാൻ ജീവനക്കാർക്ക് സാധിച്ചതിൽ  ഗവർണർ നന്ദി പറഞ്ഞു .  

'അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അപകടത്തിൽപെട്ടവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. എത്രപേർക്ക് പരിക്കേറ്റു, എത്രവാഹനങ്ങൾ താഴേക്ക് പതിച്ചു എന്ന കാര്യത്തിൽ ഇപ്പോൾ ഒരു വ്യക്തതയില്ല. കപ്പലിന്‍റെ നിയന്ത്രണം വിട്ട ഉടൻ തന്നെ മുന്നറിയിപ്പ് നൽകിയവരും പാലത്തിലേക്ക് കടക്കുന്ന വാഹനങ്ങളെ നിയന്ത്രിച്ചവരുമാണ് ഹീറോസ്. കഴിഞ്ഞ രാത്രിയിലെ രക്ഷകർ അവരാണ്', ഗവർണർ പറഞ്ഞു.

സിംഗപ്പുർ പതാകയുള്ള ഡാലി  എന്ന സിനെർജി മറൈൻ ഗ്രൂപ്പിന്റെ കപ്പലാണ് അപകടത്തിൽപെട്ടത്. ബാൾട്ടിമോറിൽ നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക്  യാത്രതിരിച്ച് മിനിറ്റുകൾക്കുള്ളിലാണ് കപ്പൽ  പാലത്തിൽ ഇടിച്ചത്.  അതോടെ പാലത്തിന്റെ വലിയൊരു ഭാഗം ഒന്നാകെ തകര്‍ന്നുവീണു . ഡാലിയിലെ 22 ജീവനക്കാരും ഇന്ത്യക്കാരെന്ന് സിനെർജി സ്ഥിരീകരിച്ചിരുന്നു.  അവരിൽ പലരും മലയാളികളാണ്. പൈലറ്റ് ചെയ്തത് മലയാളി  ആണെന്നും കരുതുന്നു. 

അപകടത്തിൽ കപ്പലിന് തീപിടിക്കുകയും ഡീസൽ നദിയിൽ കലരുകയും ചെയ്തു. സംഭവസമയം പാലത്തിലൂടെ പോകുകയായിരുന്ന നിരവധി വാഹനങ്ങള്‍ വെള്ളത്തിലേക്ക് പതിച്ചു. വെള്ളത്തില്‍ വീണ് 20 പേരെ കാണാതായതായെന്നും ഏഴ് വാഹനങ്ങൾ നദിയിലേക്ക് വീണെന്നുമായിരുന്നു പ്രാദേശിക മാധ്യമങ്ങൾ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

ബാൾട്ടിമോർ -വാഷിംഗ്ടൺ ഡിസി ഗതാഗതത്തെ സുപ്രധാനമായ പാലം പുനർനിർമ്മിക്കുമെന്ന് പ്രസിഡന്റ് ബൈഡൻ  രാഷ്ട്രത്തോടുള്ള പ്രസ്താവനയിൽ വ്യക്തമാക്കി. 

പാലത്തിൻ്റെ പുനർനിർമ്മാണത്തിന് ഫെഡറൽ സർക്കാർ പണം നൽകുമെന്ന്   പ്രസിഡൻ്റ് ജോ ബൈഡൻ പറഞ്ഞു.

കാണാതായവരെ കണ്ടെത്തുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.ഉപയോക്താക്കൾക്കായി ബദൽ യാത്രാ മാർഗങ്ങൾ ആസൂത്രണം ചെയ്യുന്നുണ്ട്.

'കീ ബ്രിഡ്ജ് തകർന്നു  എന്ന വാക്കുകൾ കേൾക്കുമ്പോൾ ഇപ്പോഴും വിറയൽ തോന്നുന്നു,' ഗവർണർ മൂർ  പറഞ്ഞു.

ഷിപ്പിംഗ് എന്ന് മുതൽ സാധാരണ നിലയിലാകുമെന്ന്  അദ്ദേഹം പറയുകയുണ്ടായില്ല. 

ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജ് തകർച്ച അചിന്തനീയമാണ്. ഈ ദുരന്തത്തിൽ പെട്ട് കാണാതായവർക്കും ഇരകൾക്കും വേണ്ടിയാണ് ഞങ്ങളുടെ പ്രാർത്ഥനകൾ.   ദുരന്തത്തിൽ രക്ഷാപ്രവർത്തകർക്ക്    ഞങ്ങൾ  നന്ദി പറയുന്നു, കോൺഗ്രസ് വുമൺ ക്വീസി പറഞ്ഞു 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക