Image

വെള്ളത്തിൽ വീണവരെ  രക്ഷിക്കാൻ ഊർജിത ശ്രമം; കപ്പൽ മാനേജ് ചെയ്യുന്നത് മലയാളി, ജീവനക്കാർ ഇന്ത്യക്കാർ (പിപിഎം) 

Published on 26 March, 2024
വെള്ളത്തിൽ വീണവരെ   രക്ഷിക്കാൻ ഊർജിത ശ്രമം; കപ്പൽ മാനേജ് ചെയ്യുന്നത്  മലയാളി, ജീവനക്കാർ ഇന്ത്യക്കാർ (പിപിഎം) 

ചൊവാഴ്ച്ച പുലർച്ചെ ചരക്കു കപ്പലിടിച്ചു മെരിലാൻഡിലെ ബാൾട്ടിമോറിലുള്ള ഫ്രാൻസിസ് സ്കോട് കീ ബ്രിഡ്ജ് തകർന്നപ്പോൾ പടപ്പ്‌സ്‌കോ നദിയിലേക്കു വീണ വാഹനങ്ങളിൽ ഉണ്ടായിരുന്നവർക്കു വേണ്ടി ഊർജിതമായ തിരച്ചിൽ ആരംഭിച്ചു. രണ്ടു പേരെ രക്ഷിച്ചിട്ടുണ്ട്. ഏഴു വാഹനങ്ങളും ഇരുപതോളം പേരും 48 ഡിഗ്രി ഫാരൻഹീറ്റ്‌ വരെ തണുപ്പുള്ള വെള്ളത്തിൽ വീണു എന്നാണ് നിഗമനം.  

സോനാർ തിരച്ചിലിൽ നാലു കാറുകളും കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. 

പുലർച്ചെ ഒന്നരയോടെ പാലത്തിൽ ഇടിച്ചു തീ പിടിച്ച കപ്പൽ തുറമുഖം വിട്ട ശേഷം നിയന്ത്രണം വിട്ട നിലയിലാണെന്ന്‌ അധികൃതരെ അറിയിച്ചിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു. ആയിരം അടിയോളം (300 മീറ്റർ) നീളവും 157 അടി വീതിയും (48 മീറ്റർ) ഉള്ള കപ്പൽ എവിടെയെങ്കിലും ഇടിക്കാമെന്നു അധികൃതർക്ക് താക്കീതും നല്കിയിരുന്നുവത്രേ. 

'ദ ഡാലി' എന്ന കപ്പലിനു മുന്നോട്ടു നീങ്ങാനുള്ള പ്രൊപ്പൽഷൻ സംവിധാനം തകരാറിലായി എന്നാണ് സൈബർ-ഇൻഫ്രാസ്ട്രക്ച്ചർ ഏജൻസി റിപ്പോർട്ടിൽ പറയുന്നത്. മെരിലാൻഡ് അധികൃതരെ അറിയിച്ചിരുന്നു. 

അപകടം സംഭവിക്കുമ്പോൾ കപ്പലിനു വൈദ്യുതി ഉണ്ടായിരുന്നില്ല. പൂർണമായ ഇരുട്ടായിരുന്നു. 

മരണങ്ങൾ തള്ളിക്കളയാൻ കഴിയില്ലെന്നാണ് യുഎസ് മാധ്യമങ്ങളുടെ വിലയിരുത്തൽ. "ഞങ്ങൾ സജീവമായ രക്ഷാ ശ്രമത്തിലാണ്," ബാൾട്ടിമോർ അഗ്നി ശമന-രക്ഷാ സേന മേധാവി ജെയിംസ് വാലസ് പറഞ്ഞു. രക്ഷപ്പെടുത്തിയ രണ്ടു പേരിൽ ഒരാളുടെ നില ഗുരുതരമാണ്. 

കപ്പൽ പിടിച്ചപ്പോൾ ഒന്നര മൈൽ നീളമുളള പാലത്തിന്റെ ഒരു തൂണ് പാടേ തകർന്നു വെള്ളത്തിലേക്കു വീഴുന്നത് ദൃശ്യങ്ങളിൽ കാണാം. പാലത്തിന്റെ ഉരുക്കു ഭാഗങ്ങൾ വെള്ളത്തിലേക്ക് തെറിച്ചു വീണു. 

മലയാളി ഉടമ, ഇന്ത്യൻ ജീവനക്കാർ 

രാജേഷ് ഉണ്ണി എന്ന മലയാളിയുടെ സൈനർജി മറൈൻ എന്ന ഗ്രൂപ്പാണ് കപ്പൽ മാനേജ് ചെയ്യുന്നത് എന്നു റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ജീവനക്കാർ 22 പേരും ഇന്ത്യക്കാരാണെന്ന് കമ്പനി പറയുന്നു. കൊളംബോയിലേക്കു ചരക്കു കൊണ്ടുപോകാൻ വൻകിട ഗ്രൂപ്പായ മെർസ്‌ക് ആണ് ഈ കപ്പൽ ചാർട്ടർ ചെയ്തത്. 

തുറമുഖത്തും പരിസരങ്ങളിലും യുദ്ധസമാനമായി പുക നിറഞ്ഞ പ്രഭാതമായിരുന്നു ചൊവാഴ്ച. വിമാനങ്ങൾക്ക് പറക്കാൻ അനുമതി നിഷേധിച്ചു. 

മെരിലാൻഡ് ഗവർണർ വെസ് മൂർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 

പ്രസിഡന്റ് ജോ ബൈഡനെ അപകടത്തിന്റെ വിവരങ്ങൾ ധരിപ്പിച്ചു. അദ്ദേഹം നോർത്ത് കരളിനയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്. 

Fears arise for victims of Baltimore crash 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക