Image

കപ്പൽ പുറപ്പെട്ടയുടൻ അപകടം; ജോലിക്കാർ എല്ലാവരും  ഇന്ത്യാക്കാർ 

Published on 26 March, 2024
കപ്പൽ പുറപ്പെട്ടയുടൻ അപകടം; ജോലിക്കാർ എല്ലാവരും  ഇന്ത്യാക്കാർ 

ബാൾട്ടിമോറിൽനിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് യാത്രതിരിച്ച് മിനിറ്റുകൾക്കുള്ളിലാണ് ഡാലി എന്ന സിം​ഗപുർ ചരക്കുകപ്പൽ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിൽ ഇടിച്ചത്. കപ്പലിലെ ജോലിക്കാർ എല്ലാവരും ഇന്ത്യാക്കാരാണെന്നാണ് കരുതുന്നത്.

പാലത്തിന്റെ പ്രധാന തൂണിൽ കപ്പല്‍ ഇടിക്കുകയും പാലത്തിന്റെ വലിയൊരു ഭാഗം ഒന്നാകെ തകര്‍ന്നുവീഴുകയും ചെയ്തു. ഭീകരപ്രവർത്തനം ഒന്നുമല്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ 

അപകടസമയം രണ്ടു പൈലറ്റ് ഉൾപ്പെടെ 22 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.  ജീവനക്കാരിൽ ഒരാളുടെ തലയ്ക്കു ചെറിയ പോറൽ ഉണ്ടായെന്നല്ലാതെ മറ്റു പരുക്കുകളൊന്നുമില്ല. കപ്പലിൽ രണ്ടു പൈലറ്റുമാരുണ്ടായിട്ടും ഇത്തരമൊരു അപകടം ഉണ്ടായത് അസാധാരണമാണെന്നും അധികൃതർ  പറഞ്ഞു.

vedeo: https://twitter.com/sentdefender/status/1772575094553931917/video/1

പറ്റാപ്‌സ്‌കോ നദിയിൽ തെക്ക് – കിഴക്ക് ദിശയിലാണു കപ്പൽ സഞ്ചരിച്ചിരുന്നത്. പുലർച്ചെ 1.25ഓടെ കപ്പലിന്റെ യാത്രാദിശയിൽ മാറ്റം വന്നിട്ടുണ്ട്. ഈ സമയത്ത്, കപ്പലിന്റെ പുറംഭാഗത്തുള്ള എല്ലാ ലൈറ്റുകളും പെട്ടെന്ന് അണയുകയും കപ്പലിന്റെ ഫണലിൽനിന്നു പുക ഉയരാൻ തുടങ്ങുകയും ചെയ്യുന്നതു വിഡിയോയിൽ കാണാം.

എൻജിൻ തകരാർ അല്ലെങ്കിൽ സ്റ്റിയറിങ് തകരാർ, ജനറേറ്ററിലുണ്ടായ തകരാർ, പൈലറ്റിനുണ്ടായ പിഴവ് എന്നിവയിലൊന്നാകാം അപകടകാരണമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. പാലത്തിൽ ഇടിക്കുന്നതിനു തൊട്ടുമുൻപ് സഞ്ചാരപാതയിൽ മാറ്റം വന്നതു ദുരൂഹമാണ്.  അപകടത്തിനു തീവ്രവാദം ബന്ധമുള്ളതായി സൂചനയില്ലെന്നും മനഃപൂർവം അപകടമുണ്ടാക്കിയതാണെന്നതിനു തെളിവില്ലെന്നും ബാൾട്ടിമോർ അഗ്നിരക്ഷാ സേന മേധാവി ജെയിംസ് വലാസ് അറിയിച്ചു.

അപകടത്തിൽ കപ്പലിന് തീ പിടിക്കുകയും ഡീസൽ നദിയിൽ കലരുകയും ചെയ്തു. സംഭവസമയം പാലത്തിലൂടെ പോകുകയായിരുന്ന നിരവധി വാഹനങ്ങള്‍ വെള്ളത്തിലേക്ക് പതിച്ചു. വെള്ളത്തില്‍ വീണ് 20 പേരെ കാണാതായതായെന്നും ഏഴ് വാഹനങ്ങൾ നദിയിലേക്ക് വീണെന്നുമാണ് ആദ്യ റിപ്പോര്‍ട്ട്. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുകയാണ്.

കപ്പൽ  27 ​ദിവസം  കഴിഞ്ഞ്  ഏപ്രിൽ 22-ന് കപ്പൽ കൊളംബോയിൽ എത്തിച്ചേരേണ്ടതായിരുന്നു. പനാമയിൽനിന്നും മാർച്ച് 19-നാണ് കപ്പൽ ന്യൂയോർക്കിൽ എത്തിയത്. തുടർന്ന് ശനിയാഴ്ച ബാൾട്ടിമോറിലെത്തി. രണ്ടുദിവസം ഇവിടെ തങ്ങിയ ശേഷം ചൊവ്വാഴ്ച പുലർച്ചെ  ബാൾട്ടിമോറിൽനിന്ന് യാത്രതിരിക്കുകയായിരുന്നു .

എത്രപേർ വെള്ളത്തിൽ വീണു എന്നത് വ്യക്തമല്ലെന്നും ബാൾട്ടിമോർ ഫയർ ഡിപ്പാർട്ട്മെന്റ് കമ്യൂണിക്കേഷൻ ഡയറക്ടർ കെവിൻ കാർട്ട് റൈറ്റ് അറിയിച്ചു.   

സെൻട്രൽ ബാൾട്ടിമോറിന്‍റെ തെക്കുകിഴക്കു ഭാ​ഗത്ത് പറ്റാപ്സ്കോ നദിയ്ക്കു കുറുകെയാണ് ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം സ്ഥിതിചെയ്യുന്നത്. അമേരിക്കൻ ദേശീയ​ഗാനത്തിന്റെ രചയിതാവ് ഫ്രാൻസിസ് സ്കോട്ട് കീയുടെ പേരിലുള്ള പാലം, 1977 മാർച്ച് 23-നാണ് ​ഗാതാ​ഗത്തിന് തുറന്നുകൊടുത്തത്.   നദിയിൽനിന്ന് 185 അടി ഉയരത്തിലാണ്  പാലം .

1972- ഓ​ഗസ്റ്റിലാണ് പാലത്തിന്റെ നിർമാണം ആരംഭിച്ചത്. 60.3 മില്യൺ ഡോളറാണ് നിർമാണ ചിലവ്. പൂർണമായും സ്റ്റീൽ ഉപയോ​ഗിച്ചാണ് നിർമാണം. 1.6 മൈല്‍ (2.5 കിലോമീറ്റര്‍)  നീളം. പ്രധാന സ്പാനിന്റെ നീളം 1200 അടി  ആണ്.  
 
മൊത്തം 948 അടി നീളമുള്ള ഡാലി എന്ന സിം​ഗപുർ ചരക്കുകപ്പൽ സിനർജി മറൈൻ ​ഗ്രൂപ്പിന്റെതാണ്. സൗത്ത് കൊറിയൻ കമ്പനിയായ ഹ്യുണ്ടായി ഹെവി ഇൻഡ്രസ്റ്റീസ് 2015-ൽ ആണ് കപ്പൽ നിർമിച്ചത്. 2024-ൽ ബെൽജിയം സിറ്റിയായ ആൻഡ്റെപിൽവെച്ച് ഇതേ കപ്പൽ പാറയിൽ ഇടിച്ച് അപകടമുണ്ടായിരുന്നു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക