Image

സത്യഭാമയ്ക്ക് ഒരു പ്രേതലേഖനം... തുടര്‍ച്ച...(കെ. മംഗളദാസ്)

കെ. മംഗളദാസ് Published on 26 March, 2024
സത്യഭാമയ്ക്ക് ഒരു പ്രേതലേഖനം... തുടര്‍ച്ച...(കെ. മംഗളദാസ്)

ഇതൊരു അനുബന്ധ കുറിപ്പായി പരിഗണിക്കാം.
പ്രേതലേഖനമല്ല, പ്രണയ ലേഖനം...

സത്യഭാമ...
കൃഷ്ണന്റെ പ്രേണപ്രേയസിയല്ലേ...നീ... ആ നിറം കറുപ്പല്ലേ... പ്രാണ, കൃഷ്ണ പ്രേയസീ...

പോട്ടെ, അതെല്ലാം ചര്‍ച്ച ചെയ്തു കഴിഞ്ഞു. താങ്കളിപ്പോള്‍ മാളത്തില്‍ ഒളിച്ചു കഴിയുകയല്ലേ... നാട്യഭാമേ... ആ രാമകൃഷ്ണന്‍ കളം നിറഞ്ഞു വാഴുകയുമാണല്ലോ... ആ മിടുക്കന്റെ ഒരു നല്ല കാലത്തിന് നിങ്ങള്‍ വഴിയൊരുക്കി കൊടുത്തതിന് നന്ദി പറയുന്നു. കാരണം ഈ മനസ്സിലും ചിന്തയിലും കറുപ്പിനോട് കടുത്ത വെറുപ്പ് ഉണ്ട്... അത് വെളിപ്പെടുത്തിയല്ലോ...

തുറന്ന, ആ വര്‍ത്തമാനം പറച്ചില്‍ കറുപ്പിനും, നിറമില്ലാത്ത കലയ്ക്കും ഒരുപാട് മാനം ഉണ്ടാക്കിത്തന്നു. അതിനും നന്ദിയുണ്ടേ... എ.എസ് ശ്രീകുമാര്‍ എന്ന എന്റെ പ്രിയ സുഹൃത്ത് എഴുതിയ കുറിപ്പിന് അനുബന്ധമായാണ് എന്റെ ഈ ചെറുലിഖിതം. മംഗളദാസ് എന്ന ഞാന്‍ ഒരു കലാകാരനാണ്. കേരളാ, ഫോക്ലോര്‍ അക്കാദമി, നാടന്‍ പാട്ട് കലാകാരന്‍, പാട്ട്, എഴുത്ത്, അന്വേഷണം എന്നീ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു അവാര്‍ഡും നല്‍കിയിട്ടുണ്ട്. ഓ... അതൊരു മൂലയ്ക്കിരിക്കട്ടെ,

സംസ്ഥാന തല പരിശീലകന്‍, വിധികര്‍ത്താവ് എന്ന നിലയില്‍ എന്റെ അറിവില്‍ നൃത്ത ഇനങ്ങളുടെ വിധി നിര്‍ണ്ണയത്തിന് സൗന്ദര്യം എന്നൊരു കോളം ഉള്ളതായി അറിയില്ല. വിവരമില്ലാത്ത ഏതെങ്കിലും സബ്ജില്ല, ജില്ല പരിപാടി നടത്തിപ്പുകാര്‍ ഇവര്‍ക്കു നല്‍കിയ നിര്‍ദ്ദേശത്തില്‍ അങ്ങനെ ഒരു കോളം കാട്ടി കൊടുത്തിട്ടുണ്ടോ എന്നറിയില്ല. പക്ഷേ നൃത്തയിനത്തില്‍ മത്സരിക്കുന്ന കുട്ടികള്‍ക്ക് സൗന്ദര്യം, നിറം എന്നീ ഘടകങ്ങള്‍ നിര്‍ബന്ധമാണെന്ന് പറയുന്നില്ല. അത് ഈ ഭാമ തെളിയിക്കട്ടെ.  

മത്സരത്തില്‍ എ ഗ്രേഡ് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ ഞാന്‍ പ്രതിനിധീകരിക്കുന്ന ഇനങ്ങള്‍ സ്‌കിറ്റ്, മൈം, നാടകം, നാടന്‍പാട്ട്, വഞ്ചിപ്പാട്ട് എന്നിവയാണ്. 20 മാര്‍ക്കു വീതം കോളങ്ങളാക്കണം എന്നുണ്ടെങ്കിലും നമ്മള്‍ മൊത്തം മാര്‍ക്ക് ഇടുകയേ ഉള്ളു. നമ്മള്‍ കുട്ടികളുടെ മൊത്തത്തിലുള്ള പ്രകടനം മാത്രമാണ് വിലയിരുത്തലിന് വിധേയമാക്കുന്നത്. സത്യഭാമ പറയും പോലെ രൂപ സൗന്ദര്യം ഒരു നോട്ടത്തില്‍ തന്നെ കഴിയാനുള്ളതേയുള്ളു. ആവിഷ്‌കാരം മോശമാണെങ്കില്‍ അപ്പോഴേ വിധികര്‍ത്താക്കള്‍ തള്ളിക്കളയും. നല്ലവരാണെങ്കില്‍... പക്ഷപാതിത്വം ഇല്ലാതെ പെരുമാറുന്ന ഒരുപാട് നൃത്ത വിധികര്‍ത്താക്കളെ എനിക്കറിയാം. പാടുന്ന പദങ്ങളുടെ ആവിഷ്‌കാരം എങ്ങനെ പ്രകടിപ്പിക്കുന്നു എന്നതുമാത്രമാണ് മാനദണ്ഡം.

ഇനി, അല്ലയോ സത്യഭാമേ... താങ്കള്‍ക്കുള്ള എന്റെ പ്രേതലേഖനം, ക്ഷമിക്കണം, പ്രണയലേഖനം...

കലാമണ്ഡലം ഉള്‍പ്പെടുന്ന ചെറുതുരുത്തി സി.പി.എം ബ്രാഞ്ച് സെക്രട്ടറി കലാമണ്ഡലം ഗോപകുമാറുമായി (കഥകളി അദ്ധ്യാപകനായിരുന്നു) കലാമണ്ഡലത്തില്‍ ഒരുപാടു നാള്‍ ഞാനും ആ മോഹന കലാ കാഴ്ചകള്‍ ആസ്വദിച്ച് നടന്നിട്ടുണ്ട്. താങ്കളെപ്പോലുള്ള ഒരാളെയും അവിടെ കാണാന്‍ കഴിഞ്ഞിട്ടില്ല. വെളുപ്പിനുണരുന്ന കഥകളി കൂടാരത്തില്‍ ''ഇന്തത്തത്താ... ഇന്തത്തത്താ...'' കേള്‍ക്കാം. ചെണ്ട കളരിയില്‍ പലകയില്‍ കൊട്ടുന്നതു കേള്‍ക്കാം. നൃത്തക്ലാസുകള്‍ കുറച്ചുകൂടി പുലര്‍ന്നാണ് ഉണരുക... നിങ്ങള്‍ ഇതൊന്നും അനുഭവിച്ചിട്ടില്ല. സുന്ദരികളും സുന്ദരന്മാരും ഒന്നുമില്ലാതെ, മനുഷ്യമനസ്സുകളെ സന്തോഷിപ്പിക്കാനും സ്വയം ആനന്ദം കണ്ടെത്താനും കല ഉപാസനയാക്കിയ കുട്ടികളെയും അവരെ പഠിപ്പിക്കുന്ന ഗുരുക്കന്മാരെയും കാണാം.

സത്യഭാമ, മോഹിനിയായിരിക്കണം കാലകത്തി കളിക്കേണ്ടത്, മോഹനന്‍ ആയിരിക്കരുത് എന്നു പറഞ്ഞത് സത്യം. നിങ്ങള്‍ ഉള്‍പ്പെടെയുള്ള മോഹിനികള്‍ അങ്ങനെ കളിച്ചോളൂ... ഇവിടെ സുന്ദരമായ സാഹിത്യങ്ങളുടെ, ആംഗിക ഭാവചലനങ്ങളിലൂടെയുള്ള ആവിഷ്‌കാരം നടത്തുന്ന കലാകാരന്മാരെ ജനങ്ങള്‍ ഹൃദയങ്ങളില്‍ സ്വീകരിക്കും. ആര്‍.എല്‍.വി രാമകൃഷ്ണന്‍ ആ ഗണത്തില്‍ പെടും.

നൃത്തങ്ങളെല്ലാം (ഭാരതീയ) സ്ത്രീ ശരീരങ്ങളുടെ സൗന്ദര്യം പ്രദര്‍ശിപ്പിക്കുന്ന തരത്തിലായിരുന്നു. എന്നാല്‍, കലാമണ്ഡലം പോലുള്ള മഹത്തായ സ്ഥാപനങ്ങള്‍ ഈ കലാരൂപങ്ങളെയെല്ലാം സമന്വയിപ്പിച്ച് ഒരു ആസ്വാദന, തൊഴിലധിഷ്ഠിത മാര്‍ഗ്ഗമായും, അത് ആസ്വദിക്കാന്‍ ഉത്സവപ്പറമ്പുകളും വലിയ വലിയ വേദികളും ഒരുക്കി വന്നപ്പോള്‍ ഈ അപരിഷ്‌കൃത ജീവിതം നയിച്ച കാലകത്തി നടനം നടത്തി ജീവിച്ച സത്യഭാമയെപ്പോലുള്ളവര്‍ക്ക് കഷ്ടപ്പെട്ട് സാഹിത്യവും കലയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന കറുത്ത രാമകൃഷ്ണന്മാരോടും മംഗളദാസുമാരോടും അസൂയ തോന്നും. അത് പൊതുസമൂഹം പുഛത്തോടെ തള്ളിക്കളഞ്ഞല്ലോ... ശ്രീകുമാറിന് അഭിവാദ്യം.

ഇത് ഇങ്ങനെ ഇവിടെ അവസാനിക്കട്ടെ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക