Image

ട്വൻറി-20 ന്യൂയോർക്ക് ചാപ്റ്റർ സാബു ജേക്കബ് 24  ഞായറാഴ്ച 5-മണിക്ക് ഉദ്ഘാടനം ചെയ്യുന്നു

മാത്യുക്കുട്ടി ഈശോ  Published on 23 March, 2024
ട്വൻറി-20 ന്യൂയോർക്ക് ചാപ്റ്റർ സാബു ജേക്കബ് 24  ഞായറാഴ്ച 5-മണിക്ക് ഉദ്ഘാടനം ചെയ്യുന്നു

ന്യൂയോർക്ക്:  കേരളാ രാഷ്ട്രീയത്തിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ട്വൻറി-20 പാർട്ടിയുടെ ന്യൂയോർക്ക് ചാപ്റ്റർ 24 ഞായറാഴ്ച  വൈകിട്ട് 5 മണിക്ക് എൽമോണ്ടിലുള്ള കേരളാ സെന്ററിൽ (Kerala Center, 1824 Fairfax Street, Elmont, NY 11003) കൂടുന്ന യോഗത്തിൽ വച്ച്  ട്വൻറി-20 പ്രസിഡൻറ്  സാബു എം. ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു.  ട്വൻറി-20 സാരഥി സാബുവിന് എൽമോണ്ടിൽ ഞായറാഴ്ച സ്വീകരണം നൽകുന്നതിനുള്ള ക്രമീകരണം സംഘാടകർ ചെയ്യുന്ന സാഹചര്യത്തിലാണ് പാർട്ടിയുടെ ചാപ്റ്റർ ഉദ്ഘാടനം ചെയ്യുന്നതിന് സാബു തീരുമാനിച്ചത്. സാബുവിനുള്ള സ്വീകരണ യോഗം ശനിയാഴ്ച വൈകിട്ട് നടത്തുന്നതിനാണ് നേരത്തെ ഉദ്ദേശിച്ചിരുന്നതെങ്കിലും ശനിയാഴ്ച ശക്തമായ മഴക്കുള്ള മുന്നറിപ്പ് ലഭിച്ചതിനാൽ പ്രതികൂല കാലാവസ്ഥ മൂലം  പരിപാടി ഞായറാഴ്ച വൈകിട്ടത്തേക്കു മാറ്റുകയാണ്.  മാതൃ സംസ്ഥാനത്തോടുള്ള അമേരിക്കൻ മലയാളികളുടെ പ്രതിബദ്ധതയും സ്നേഹവും  നാടിന്റെ വികസനത്തിനും നാട്ടിലുള്ളവരുടെ ക്ഷേമത്തിനും അവർ കാണിക്കുന്ന താൽപ്പര്യവും കണക്കിലെടുത്ത്  ട്വൻറി-20-യുടെ ആശയത്തോട് യോജിച്ച് പ്രവർത്തിക്കുവാൻ താൽപ്പര്യമുള്ളവർക്ക് അവസരം നൽകുന്നതിന് ഇതുപോലുള്ള ചാപ്റ്റർ രൂപീകരണത്തിലൂടെ സാദ്ധ്യമാകും എന്നാണ് സാബു ജേക്കബ് വിശ്വസിക്കുന്നത്.

ഇടതും വലതും രാഷ്ട്രീയ പാർട്ടികൾ തുടർച്ചയായി ഇത്രയും നാൾ സംസ്ഥാനം ഭരിച്ചിട്ട് നാടിന്റെ സർവ്വതോന്മുഖ വികസനത്തിനോ, ആരോഗ്യ-വിദ്യാഭ്യാസ-വ്യാവസായിക മേഖലയിലോ, തൊഴിൽ മേഖലയിലോ കാര്യമായ പുരോഗമനം നടത്തുന്നതിനോ വേണ്ട രീതിയിലുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല. നാടും നാട്ടിലെ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥവൃന്ദവും അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വിദ്യാഭ്യാസ മേഖലയിലെ മുരടിപ്പും തൊഴിൽ അവസരങ്ങളുടെ ലഭ്യതക്കുറവും മൂലം നാട്ടിലെ യുവാക്കൾ നാട് വിട്ട് അന്യ സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും ചേക്കേറുന്ന കാഴ്ചയാണ് നാം ദിനം പ്രതി കാണുന്നത്.

ജനക്ഷേമത്തിന് യാതൊരു പരിഗണയും നൽകാത്ത ഭരണകൂടങ്ങളോടുള്ള വെറുപ്പും വിയോജിപ്പും സാധാരണ ജനങ്ങളുടെ ഇടയിൽ വർധിച്ചു വരുന്നു. ഈ അവസരത്തിൽ മനം മടുത്ത ജനം ഒരു മാറ്റത്തിനായി ആഗ്രഹിക്കുന്നു. അപ്പോഴാണ് നഷ്ടത്തിലായിരുന്ന കിഴക്കമ്പലം എന്ന ചെറിയ ഗ്രാമത്തിൽ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് മുന്തൂക്കം നൽകി അഴിമതി ഒഴിവാക്കി പ്രവർത്തിച്ച് ഒരു ദേശത്തെ തന്നെ പുരോഗതിയിലേക്ക് കൊണ്ടുവരാമെന്ന് ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ ട്വൻറി-20 എന്ന പ്രസ്ഥാനം തെളിയിച്ച് കാണിച്ചത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് നഷ്ടത്തിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിൻറെ ഭരണച്ചുമതല ട്വൻറി-20 എന്ന പ്രസ്ഥാനം ഏറ്റെടുത്തു.  ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് ആ പ്രദേശത്തെ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തി അവശ്യ സാധനങ്ങളുടെ വിലകൾ നിയന്ത്രിച്ച്  ഭവന രഹിതർക്കു പാർപ്പിട സൗകര്യം ഒരുക്കി കൊടുത്ത് റോഡ് സൗകര്യങ്ങൾ വർദ്ധിപ്പിച്ച് കൊണ്ടാണ് ട്വൻറി-20 സാധാരണക്കാരുടെ  ആശയവും ആവേശവുമായി മാറിയത്. പത്തു വർഷത്തെ തുടർച്ചയായ പ്രവർത്തനത്തിന് ശേഷം നഷ്ടത്തിൽ കിടന്നിരുന്ന പഞ്ചായത്തിൽ ഇരുപത് കോടിയിലധികം മിച്ചം വരുത്തുവാൻ സാധിച്ചു. ഇത് പ്രാവർത്തികമാക്കി കാണിച്ചതിനാൽ ഈ രീതിയിലും ഗവെണ്മെന്റിന്‌ പ്രവർത്തിക്കുവാൻ സാധിക്കും എന്ന് ജനങ്ങൾ മനസ്സിലാക്കി. അതിനാലാണ്  ട്വൻറി-20 എന്ന പ്രസ്ഥാനത്തെ ഒരു രാഷ്ട്രീയ പാർട്ടിയായി ഉയർത്തി ജനങ്ങൾ നെഞ്ചിലേറ്റിയത്. ട്വൻറി-20 എന്ന രാഷ്ട്രീയ പാർട്ടിക്ക് നേതൃത്വം നൽകുന്ന സാബു എം. ജേക്കബിനെ കിഴക്കമ്പലത്തെ സാധാരണക്കാരിൽ സാധാരണക്കാരായ  ജനങ്ങൾ ഒരു ദൈവത്തെപ്പോലെ കണ്ടു തങ്ങളുടെ രക്ഷകനാണ് എന്നാണ് സാക്ഷ്യപ്പെടുത്തുന്നത്. അടുത്ത പത്തു വർഷം ട്വൻറി-20-യെ കേരളാ സംസ്ഥാനത്തിന്റെ ഭരണം ഏൽപ്പിച്ചാൽ സംസ്ഥാനത്തെ പുരോഗതിയുടെ കൊടുമുടിയിൽ എത്തിക്കാമെന്നാണ് ട്വൻറി-20-യുടെ വാഗ്ദാനം. ഇത് തെളിയിച്ചു കാണിച്ച അനുഭവത്തിൽ നിന്നും പറയുന്നതുമാണ്.

ട്വൻറി-20-ക്കും സാബുവിനും ന്യൂയോർക്കിലെ മലയാളി സമൂഹവും അംഗീകാരം നൽകുന്നതിന്റെ ഭാഗമായാണ്  എൽമോണ്ടിൽ ഞായറാഴ്ച (നാളെ) വൈകിട്ട്  5-മണിക്ക് സ്വീകരണം നൽകുന്നത്. സംഘാടക സമിതി അംഗങ്ങളായ ഫിലിപ്പ് മഠത്തിൽ (917-459-7819), അലക്സ് എസ്തപ്പാൻ (516-503-9387), മാത്യുക്കുട്ടി ഈശോ (516-455-8596), വി. എം. ചാക്കോ, റെജി  കുര്യൻ,  സിബി ഡേവിഡ്, റെജി കടമ്പേലിൽ, ഡെൻസിൽ ജോർജ്, ജെയിംസ് എബ്രഹാം, രാജു എബ്രഹാം, മാത്യു തോമസ് തുടങ്ങിയ സാമൂഹിക നേതാക്കളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പൊതുസമ്മേളനത്തിൽ കേരളാ സംസ്ഥാനത്തിന്റെ ശോഭനമായ ഭാവി ആഗ്രഹിക്കുന്ന എല്ലാ നല്ലവരായ മലയാളികളും ഒത്തുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രസ്തുത സമ്മേളനത്തിൽ വച്ച് 2023-ലെ  ന്യൂയോർക്ക് കർഷകശ്രീ - പുഷ്പശ്രീ അവാർഡ് ജേതാക്കൾക്ക് ട്രോഫികളും സമ്മാനിക്കുന്നതാണ്. കർഷകശ്രീ ജേതാവ് ജോസഫ് കുരിയൻ (രാജു), കർഷകശ്രീ  രണ്ടാം സ്ഥാനം പ്രസന്ന കുമാർ, മൂന്നാം സ്ഥാനം ജസ്റ്റിൻ ജോൺ വട്ടക്കളം, പുഷ്‌പശ്രീ ജേതാവ് ഡോ. ഗീതാ മേനോൻ,  പുഷ്‌പശ്രീ രണ്ടാം സ്ഥാനം ഡോ. അന്നാ ജോർജ്, മൂന്നാം സ്ഥാനം ഏലിയാമ്മ ജോൺസൻ എന്നീ ജേതാക്കൾ സാബു ജേക്കബിൽ നിന്നും ട്രോഫികൾ ഏറ്റുവാങ്ങുന്നതാണ്. കർഷകശ്രീയ്ക്കുള്ള ഒന്നാം സമ്മാനമായ എവർ റോളിംഗ് ട്രോഫി പ്രമുഖ വ്യവസായിയും എറിക് ഷൂസ്, ഹാനോവർ ബാങ്ക് എന്നിവയുടെ സാരഥിയുമായ വർക്കി എബ്രഹാമാണ് സ്പോൺസർ ചെയ്തിരിക്കുന്നത്. പുഷ്‌പശ്രീയുടെ ഒന്നാം സമ്മാനമായി എവർ റോളിങ്ങ് ട്രോഫി ഡാള്ളസിലുള്ള  പ്രമുഖ വ്യവസായിയും യാക്കോബായ സഭാ കമ്മാൻഡറുമായ വർഗ്ഗീസ് ചാമത്തിലാണ് സ്പോൺസർ ചെയ്തിരിക്കുന്നത്. പ്രസ്തുത യോഗത്തിലേക്ക് ഏവർക്കും സ്വാഗതം.

Join WhatsApp News
Raju Mylapra 2024-03-23 11:21:01
ട്വൻറ്റി-20 എന്ന പൊളിറ്റിക്കൽ പാർട്ടിയുടെ ന്യൂയോർക്ക് ചാപ്റ്റർ തുടങ്ങുന്നു എന്നറിഞ്ഞതിൽ സന്തോഷം. അതിലുപരി ആ പാർട്ടിയുടെ സാരഥി ശ്രീമാൻ സാബു ജേക്കബിന് സമുചിതമായ ഒരു സ്വീകരണം നൽകുന്നു എന്നറിഞ്ഞതിൽ അതിലും വലിയ സന്തോഷം. എന്തുകൊണ്ടും ഇതിൻറെ സംഘടകർ അഭിനന്ദനം അർഹിക്കുന്നു. (കുറച്ചുനാൾ മുൻപ് ആംആദ്‌മി പാർട്ടിയുടെ ഒരു ചാപ്റ്റർ അമേരിക്കയിൽ തുടങ്ങിയപ്പോഴും ഞാൻ ഇതുപോലെ സന്തോഷിച്ചിരുന്നു). ചുരുങ്ങിയ കാലം കൊണ്ട് കിഴക്കമ്പലം എന്ന ഗ്രാമപഞ്ചയാത്തു അഴിമതി, കൈക്കൂലി എല്ലാം ഇല്ലാതാക്കി എന്ന് മാത്രമല്ല, ഇരുപതു കോടിയിലതികം ലാഭം ഉണ്ടാക്കുകയും ചെയ്തു എന്നുള്ളത് ഒരു നിസ്സാര കാര്യമല്ല. കൈക്കൂലിക്കെതിരെ പോരാടുന്ന ഇദ്ദേഹം ഇരുപത്തിയഞ്ചു കോടിയിലധികം രൂപയാണ് 'നിലനിൽപ്പിനു' വേണ്ടി വിവിധ രാഷ്ട്രീയ പാർട്ടികൾക്ക് 'സംഭാവന' നൽകിയത്. അദ്ദേഹത്തിന്റെ ആജന്മ ശത്രുക്കളായ മാർക്സിസ്റ്റ് പാർട്ടിയുടെ ഏറ്റവും വലിയ contributor ഇദ്ദേഹത്തിന്റെ കമ്പനിയാണ്. ബഹുമാനപ്പെട്ട പിണറായി വിജയനോടൊപ്പം എല്ലാ വിദേശ യാത്രകളിലും പങ്കെടുത്തിട്ടുള്ള ശ്രീമാൻ സാബുവിന് അദ്ദേഹത്തിന്റെ എല്ലാ 'രഹസ്യങ്ങളും' അറിയാമെന്നാണ് പറയുന്നത്. കുറ്റകരമായ എന്തെങ്കിലും പ്രവർത്തികൾ പിണറയി ചെയ്തിട്ടുണ്ടെങ്കിൽ, അതിനെല്ലാം സാക്ഷ്യം വഹിച്ച ഇദ്ദേഹവും കുറ്റക്കാരനല്ലേ? തെളിവുകളുടെ ഒരു ബോംബ്, വെറും ബോംബല്ല, അണുബോംമ്പു്, കയ്യിലുണ്ടെന്നാണ് അവകാശവാദം. ഇദ്ദേഹം പറയുന്നത് ശരിയാണെകിൽ അങ്ങിനെ ഒരു 'കളങ്കിതൻ' കേരളം ഭരിക്കുന്നത് നിശബ്തമായി നോക്കി നിൽക്കുന്നത് കേരളീയരോടു കാണിക്കുന്ന തികഞ്ഞ അനീതിയല്ലേ? കേരളാ സെന്ററിൽ കൂടുന്ന ഈ സമ്മേളനത്തിൽ വെച്ച് ഇദ്ദേഹം ബോംബ് പൊട്ടിക്കുന്നത് കാണുവാനും കേൾക്കുവാനും, ചില സംശയങ്ങൾ ചോദിക്കുവാനും ഈയുള്ളവനും വരുന്നുണ്ട്. Asianet, 24 ന്യൂസ്, കൈരളി എന്നി വാർത്താ ചാനലുകൾ സംഗതി ലൈവ് ആയി broadcast ചെയ്യണമെന്നു അഭ്യർത്ഥിക്കുന്നു. e-malayalee യും ചിത്രങ്ങൾ സഹിതം വാർത്താ പ്രസിദ്ധികരിക്കണം. എല്ലാത്തിനോടും യോജിപ്പുണ്ട്- ഒരു കാര്യം ഒഴിച്ചാൽ. മാന്യമായി നടത്തിക്കൊണ്ടു പോരുന്ന കർഷകശ്രീ-പുഷ്പാശ്രീ അവാർഡുകൾ ഇതുമായി കൂട്ടികുഴച്ചതിൽ. എന്റെ പ്രിയ സുഹൃത്തുക്കൾ മുൻകൈ എടുത്തു നടത്തുന്ന ഈ സ്വീകരണ സമ്മേളനത്തിന് എല്ലാവിധ നല്ല ആശംസകളും നേരുന്നു.
mathai Chettan 2024-03-23 01:51:16
പ്രിയപ്പെട്ടവരെ, ശ്രീമാൻ സാബു ജേക്കബിനെയും, ട്വൻറി 20 എയും നമുക്കൊന്ന് പൊക്കി വിടണം. ഞാൻ കാര്യമായിട്ട് പറയുകയാണ്. അതിൻറെ നേതാക്കന്മാരായി കുറച്ചു സത്യസന്ധരായ ആൾക്കാർ മുന്നോട്ടു വരണം. അവർ മാതൃക പുരുഷ കേസരിമാരും സ്ത്രീ കേസരികളും ആയിരിക്കണം. ഈ മത്തായി ചേട്ടനും പരിപാടിക്ക് വരുന്നുണ്ട്. എൻറെ പ്രായാധിക്യം കൊണ്ട് എന്നെ ദയവായി ഒരു ഭാരവാഹി ആയി തിരഞ്ഞെടുക്കരുത്. ചെറുപ്പക്കാരായ നിങ്ങളെ ഒക്കെ ഒന്ന് പൊക്കി വിടാൻ, ന്യായത്തിന്റെ കൂടെ നിൽക്കാൻ ഈ മത്തായി ചേട്ടൻ ഉണ്ടാകും.
Thomaskutty 2024-03-23 11:53:10
ചിലപ്പോൾ അറ്റം ബോംബ് പൊട്ടിക്കുമായിരിക്കും , ജാഗ്രതേ !!!!!!!
Mathai Chettan 2024-03-23 17:34:21
കർഷകശ്രീ സമ്മാനം ഇവിടെ വച്ചു കൊടുക്കാണ്ടായിരുന്നു കാരണം കർഷകശ്രീ മത്സരത്തിൽ കോൺഗ്രസും, കേരള കോൺഗ്രസും, കമ്മ്യൂണിസ്റ്റ് പാർട്ടി ഇടത് വലതുകൾ, അതി തീർവാ ബിജെപി ആർഎസ്എസുകാർ എല്ലാം പങ്കെടുത്തത് ആണല്ലോ അപ്പോ പിന്നെ എങ്ങനെ 2020 വേദിയിൽ ഇത് കൊടുക്കുന്നത് ശരിയല്ല എന്നാണ് മത്തായി ചേട്ടൻറെ അഭിപ്രായം. വല്ല ബോംബും അവിടെ പൊട്ടിക്കും എന്ന് അഭിപ്രായമുണ്ടെങ്കിൽ ബോംബ് സ്ക്വാഡിന്റെ സാന്നിധ്യം അവിടെ ഉണ്ടായിരിക്കണം. അരയും തലയും മുറുക്കി ഭാരവാഹികൾ ആകാൻ ആഗ്രഹമുള്ളവർ മീറ്റിങ്ങിന്റെ മുൻവശത്ത് ഉപവിഷ്ടരാകേണ്ടതാണ്. ആരാണ്ടൊക്കെ മത്തായി ചേട്ടൻറെ പേര് പറയുന്നതായി കേൾക്കുന്നു. മത്തായി ചേട്ടനായി എന്നെ ഒരിക്കലും പിടിച്ചു ഭാരവാഹി ആക്കരുത്. കാരണം ഞാൻ ഡൊണാൾഡ് ട്രംപിനെ കാലും, ജോബൈഡനെക്കാളും 20 വയസ് മോപ്പുള്ള വ്യക്തിയാണ്. അതിനാൽ ദയവായി എന്നെ പിടിച്ച് പ്രസിഡണ്ടായി തെരഞ്ഞെടുക്കരുത് എന്ന അപേക്ഷയോടെ മാത്രമാണ് ഞാൻ അവിടെ വരാൻ ഉദ്ദേശിക്കുന്നത്. അത് മാത്രമല്ല എവിടെയും കയറി എപ്പോഴും പ്രസിഡണ്ടും ഭാരവാഹി ആകാൻ കൊതിച്ച് കുപ്പായോം തൈപ്പിച്ച് ഇരിക്കുന്നവർ എത്രയോ ആണ്. അതിനാൽ ഭാരവാഹിത്വം മോഹിച്ചു നടക്കുന്ന അവരെയൊക്കെ പിടിച്ച് അങ്ങ് ഭാരവാഹി ആക്കുക. കൈയ്യടിക്കാൻ മത്തായി ചേട്ടൻ മുൻനിരയിൽ ഉണ്ടാകും. ആരെങ്കിലും ബോംബോ ഗ്യാസ് തുടങ്ങിയ പൊട്ടിച്ചാൽ മത്തായി ചേട്ടൻ പാറു പറ ഓടി രക്ഷപ്പെടും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക