Image

ശാരീരിക അസ്വാസ്ഥ്യം; കെജ്‌രിവാളിനെ വിശ്രമ മുറിയിലേക്ക് മാറ്റി

Published on 22 March, 2024
ശാരീരിക  അസ്വാസ്ഥ്യം; കെജ്‌രിവാളിനെ വിശ്രമ മുറിയിലേക്ക് മാറ്റി

ന്യൂഡല്‍ഹി : ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ റോസ് അവന്യു കോടതി വാദം കേള്‍ക്കുന്നതിനിടെ അരവിന്ദ് കെജ്‌രിവാളിന് ദേഹാസ്വാസ്ഥ്യം.  രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്നാണിത്. കെജ്‌രിവാളിനെ വിശ്രമ മുറിയിലേക്കു മാറ്റി.

എന്നാല്‍, കോടതിയില്‍ വാദപ്രതിവാദങ്ങള്‍ നിര്‍ത്തിവച്ചിട്ടില്ല. ഇ ഡിയുടെ വാദം അവസാനിച്ചിട്ടുണ്ട്. നിലവില്‍ കെജ്‌രിവാളിന്റെ അഭിഭാഷകന്‍ മനു അഭിഷേക് സിങ്വി വാദം നടത്തുകയാണ്.

ഗൂഢാലോചനയില്‍ പങ്കാളി, 100 കോടി എഎപി കൈപ്പറ്റി: കെജ്‌രിവാളിനെതിരെ ഗുരുതര ആരോപണങ്ങളുമായി  ഇ ഡി

ന്യൂഡല്‍ഹി : മദ്യനയ അഴിമതിക്കേസില്‍ ഇ ഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ 10 ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി). കേസില്‍ റോസ് അവന്യു കോടതിയില്‍ വാദം തുടരുകയാണ്. പ്രിവന്‍ഷന്‍ ഓഫ് മണി ലോന്‍ഡറിംഗ് ആക്ട് (പി എം എല്‍ എ) പ്രകാരമുള്ള നടപടികള്‍ പാലിച്ചാണ് അറസ്റ്റെന്ന് ഇ ഡി കോടതിയില്‍ വ്യക്തമാക്കി.

കെജ്‌രിവാളിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഇ ഡി കോടതിയില്‍ ഉന്നയിക്കുന്നത്.

 മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി കെജരിവാള്‍ ഉള്‍പ്പെടെ എഎപി നേതാക്കള്‍ 100 കോടി കൈപ്പറ്റിയെന്ന് ഇഡി ആരോപിക്കുന്നു. ബിആര്‍എസ് നേതാവും തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ കവിതയില്‍ നിന്നാണ് തുക കൈപ്പറ്റിയത്. കവിതയ്ക്ക് മദ്യവ്യവസായികള്‍ നല്‍കിയ തുകയാണ് എഎപി കൈപ്പറ്റിയത്. സമന്‍സുകള്‍ ബോധപൂര്‍വം അവഗണിച്ചു. മദ്യനയ അഴിമതിയിലെ മുഖ്യ സൂത്രധാരനാണ് കെജ്‌രിവാളെന്ന് ഇ ഡി പറഞ്ഞു.

നയരൂപവത്കരണത്തിലും ലൈസന്‍സിലും കോഴ വാങ്ങി. ഇടനിലക്കാരനായത് മലയാളിയായ വിജയ് നായര്‍ ആണ്. നയരൂപവത്കരണത്തില്‍ കെജ്‌രിവാളിന് നേരിട്ട് പങ്കുണ്ട്. വാട്‌സാപ്പ് ചാറ്റുകള്‍ ഉള്‍പ്പെടെ ഇതിന് തെളിവായുണ്ട്. പഞ്ചാബ്, ഗോവ തിരഞ്ഞെടുപ്പുകള്‍ക്ക് കോഴപ്പണം ഉപയോഗിച്ചു. എം എല്‍ സിയും ഭാരത് രാഷ്ട്ര സമിതി (ബി ആര്‍ എസ്) നോതാവുമായ കെ കവിതക്കായി സഹായങ്ങള്‍ നല്‍കി. നയത്തിനായി രൂപവത്കരിച്ച സമിതി നിഴല്‍ സമിതി മാത്രമായിരുന്നുവെന്നും ഇ ഡി ആരോപിക്കുന്നു. അറസ്റ്റിന്റെ അനിവാര്യത ഇ ഡി കോടതിയെ അറിയിച്ചു.

കെജ്രിവാളിന്റെ അറസ്റ്റില്‍ തലസ്ഥാനത്ത് പ്രതിഷേധം ശക്തം ;  മന്ത്രി അതിഷി അറസ്റ്റില്‍ 

ന്യൂഡല്‍ഹി : കെജ് രിവാളിന്റെ അറസ്റ്റില്‍ രാജ്യത്തെങ്ങും  പ്രതിഷേധങ്ങള്‍ ശക്തമായിരിക്കുകയാണ്. രാജ്യ തലസ്ഥാനം അക്ഷരാര്‍ഥത്തില്‍ സംഘര്‍ഷഭരിതമാണ്. ഡല്‍ഹി മന്ത്രിമാരടക്കമുള്ളവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഡല്‍ഹി മന്ത്രി അതിഷിയെ പോലീസ് ബലം പ്രയോഗിച്ച് നീക്കി.

ഡല്‍ഹി ഐ ടി ഒ പരിസരത്ത് പ്രതിഷേധക്കാരെ തടഞ്ഞ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കാന്‍ ശ്രമിക്കുകയാണ്. ബലം പ്രയോഗിച്ച് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനാണ് പോലീസ് ശ്രമിക്കുന്നത്. 
തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോള്‍ ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യുന്നത് ജനാധിപത്യത്തിനുള്ള വെല്ലുവിളിയാണെന്ന് അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ അതിഷി പ്രതികരിച്ചു.

അറസ്റ്റിനെതിരെ  സുപ്രീം കോടതിയില്‍ നല്‍കിയ  കെജ്‌രിവാള്‍ ഹര്‍ജി പിൻവലിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ ഇ.ഡി തന്നെ അറസ്റ്റ് ചെയ്തതിനെതിരേ അരവിന്ദ് കെജ്രിവാള്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹർജി പിൻവലിച്ചു.

ഇ.ഡി കെജ്രിവാളിനെ കോടതിയില്‍ ഹാജരാക്കാനിരിക്കേയാണ് ഹർജി പിൻവലിച്ചത്.

ഹർജി പിൻവലിക്കുന്നതായി അരവിന്ദ് കെജ്രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിംഘ്വിയാണ് കോടതിയെ അറിയിച്ചത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന് മുമ്ബാകെ മറ്റൊരു കേസില്‍ ഹാജരായതിനു പിന്നാലെയാണ് ഹർജി പിൻവലിക്കുന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയത്. തുടർന്ന് ഹർജി പിൻവലിക്കാനുള്ള അനുമതി സഞ്ജീവ് ഖന്ന നല്‍കി.

കെജ്രിവാളിനെ റിമാൻഡ് ചെയ്യാനുള്ള ആവശ്യം വിചാരണ കോടതിയില്‍ ഇഡി ഉന്നയിക്കും. ആ ഹർജിയും സുപ്രീംകോടതിയിലെ ഹർജിയും പരിഗണിക്കുമ്ബോള്‍ ഉണ്ടാകുന്ന പ്രയാസം ഒഴിവാക്കാനാണ് ഹർജി പിൻവലിക്കുന്നതെന്നാണ് സിംഘ്വി കോടതില്‍ വ്യക്തമാക്കിയത്. ഹർജി പിൻവലിച്ചുകൊണ്ടുള്ള ഔദ്യോഗിക കത്ത് ഉടൻ കൈമാറുമെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്നയെ അദ്ദേഹം അറിയിച്ചു.

ആവശ്യം ഉന്നയിച്ചാലും ഹൈക്കോടതിയേയോ വിചാരണ കോടതിയേയോ സമീപിക്കാനാവും സുപ്രീം കോടതി പറയുക എന്ന സാധ്യക കൂടി കണക്കിലെടുത്താണ് ഹർജി പിൻവലിക്കാനുള്ള തീരുമാനം. നേരത്തെ, മദ്യനയ കേസില്‍ അറസ്റ്റിലായ ബി.ആർ.എസ്. നേതാവ് കവിത നല്‍കിയ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിച്ചിരുന്നില്ല. ജാമ്യത്തിനായി നേരിട്ട് സുപ്രീംകോടതിയെ സമീപിക്കാതെ വിചാരണക്കോടതിയെ സമീപിക്കാൻ കോടതി നിർദേശിച്ചിരുന്നു.

കുടുക്കിയ മദ്യനയ കേസ് എന്താണ്? അറിയാം, അറസ്റ്റിന്റെ പിന്നാമ്പുറ രഹസ്യങ്ങള്‍

മദ്യ നയവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒന്ന് സിബിഐയും മറ്റൊന്ന് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡിയും.

മദ്യനയം രൂപീകരിക്കുന്നതിലെ നടപടിക്രമങ്ങളില്‍ വീഴ്ച്ചയുണ്ടായി എന്നാരോപിച്ച് ഡല്‍ഹി ചീഫ് സെക്രട്ടറി നരേഷ് കുമാര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേനയ്ക്ക് 2022 ജൂലൈയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചതാണ് കേസിന്റെ തുടക്കം.

എക്‌സൈസ് മന്ത്രി കൂടിയായ ഡല്‍ഹി ഉപ പ്രധാനമന്ത്രി മനീഷ് സിസോദിയ സ്വേഛാധിപത്യപരവും ഏകപക്ഷീയവുമായ തീരുമാനങ്ങളെടുത്തതായും ഇതിലൂടെ സര്‍ക്കാരിന് 580 കോടി രൂപയുടെ നഷ്ടമുണ്ടായതായും റിപോര്‍ട്ട് ആരോപിക്കുന്നു.

മദ്യവ്യവസായികളില്‍ നിന്നും നടത്തിപ്പുകാരില്‍ നിന്നും കൈക്കൂലി വാങ്ങി ലൈസന്‍സ് ഫീസില്‍ ഇളവുകള്‍ ലഭിക്കുന്നതിനും കാലാവധി ദീര്‍ഘിപ്പിക്കുന്നതിനും ഡല്‍ഹി എഎപി സര്‍ക്കാരും എഎപി നേതാക്കളും സഹായങ്ങള്‍ ചെയ്ത് കൊടുത്തതായാണ് ആരോപണം. പിഴകള്‍ എഴുതി തള്ളുകയും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയും ചെയ്തു. 2022 ആദ്യത്തില്‍ നടന്ന ഗോവ, പഞ്ചാബ് തിരഞ്ഞെടുപ്പുകള്‍ക്കു വേണ്ടി ഈ പണം ഉപയോഗിച്ചതായും റിപോര്‍ട്ടില്‍ പറയുന്നു.

റിപോര്‍ട്ട് സിബിഐക്ക് കൈമാറിയതിനെ തുടര്‍ന്ന് സിസോദിയയെ അറസ്റ്റ് ചെയ്തു. സിസോദിയക്കും ആപ് കമ്യൂണിക്കേഷന്‍സ് ഇന്‍ചാര്‍ജ് വിജയ് നായര്‍ ഉള്‍പ്പെടെ മറ്റ് 14 പേര്‍ക്കുമെതിരേ സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. തുടര്‍ന്നാണ് ഇഡി വിഷയത്തിലേക്ക് വരുന്നത്. കേസില്‍ 292 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നതായി മാര്‍ച്ചില്‍ ഇഡി കോടതിയെ അറിയിച്ചു.

മൊത്ത മദ്യവ്യാപാരം സ്വകാര്യ കമ്പനികള്‍ക്കു നല്‍കുന്നതിനും ലാഭ പരിധി 12 ശതമാനായി നിശ്ചയിക്കുന്നതിനും വേണ്ടിയാണ് അഴിമതി നടന്നതെന്ന് ഇഡി ആരോപിച്ചു. ഇതില്‍ 6 ശതമാനമാണ് എഎപി നേതാക്കള്‍ക്ക് കൈക്കൂലിയായി ലഭിച്ചത്. സൗത്ത് ഗ്രൂപ്പ് എന്നറിയപ്പെടുന്ന ഏതാനും പേരില്‍ നിന്ന് 100 കോടി രൂപയോളം കൈക്കൂലി ലഭിച്ചതായും ഇഡി പറയുന്നു.

സൗത്ത് ഗ്രൂപ്പിന്റെ ഭാഗമെന്ന് ആരോപിച്ച് തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളും ഭാരത രാഷ്ട്ര സമിതി നേതാവുമായ കെ കവിതയെ ഈയിടെ അറസ്റ്റ് ചെയ്തിരുന്നു. ഓന്‍ഗോള്‍ എംപി മഗുന്ദ ശ്രീനിവാസലു റെഡ്ഡിയുടെ മകന്‍ രാഘവ് മഗുന്ത, ഹൈദരാബാദിലെ അരോബിന്ദോ ഫാര്‍മ സഹസ്ഥാപകന്‍ പി വി രാംപ്രസാദ് റെഡ്ഡിയുടെ മകന്‍ പി ശരത് ചന്ത്ര റെഡ്ഡി തുടങ്ങിയവര്‍ ഈ ഗ്രൂപ്പിന്റെ ഭാഗമാണെന്നും ആരോപിക്കപ്പെടുന്നു.

കെജ്‌രിവാളിന് എതിരായ ആരോപണം

കവിതയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മാര്‍ച്ച് 18ന് മുഖ്യമന്ത്രി കെജ്‌രിവാളിന് കേസിലെ ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് ഇഡി ആരോപിച്ചത്. ഡല്‍ഹി മദ്യനയം രൂപീകരിക്കുന്നതിലും നടത്തിപ്പിലും തങ്ങള്‍ക്ക് അനൂകൂലമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് കവിതയും മറ്റള്ളവരും അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന എഎപി നേതാക്കളുമായി ഗൂഡാലോചന നടത്തിയെന്നാണ് ഇഡി പറയുന്നത്. ഇതിന് പകരമായി എഎപി നേതാക്കള്‍ 100 കോടി രൂപയോളം കൈപ്പറ്റി. തുടര്‍ന്ന് മദ്യവ്യാപാരികളില്‍ നിന്ന് എഎപിക്ക് വന്‍തോതില്‍ ഫണ്ട് ലഭിച്ചതായും ഇഡി വക്താവ് തിങ്കളാഴ്ച്ച പറഞ്ഞു.

പ്രധാന പ്രതികളില്‍ ഒരാളായ സമീര്‍ മഹേന്ദ്രയുമായി കെജ്‌രിവാള്‍ വീഡിയോ കോള്‍ വഴി നേരിട്ട് സംസാരിച്ച് കാര്യങ്ങള്‍ നടത്തുന്നതിന് വേണ്ടി ആവശ്യപ്പെട്ടതായും അനുബന്ധ കുറ്റപത്രത്തില്‍ ഇഡി ആരോപിക്കുന്നു.

 കെജ്‌രിവാളിന്റെ മറുപടി

ബിജെപിക്ക് വേണ്ടിയാണ് ഇഡി തനിക്കെതിരേ കളിക്കുന്നതെന്ന് കെജ്‌രിവാള്‍ ആരോപിക്കുന്നു. അവ്യക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് കെജ്‌രിവാളിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി പറഞ്ഞു.

കെജ്‌രിവാളിനെ സാക്ഷിയായാണോ പ്രതിയായാണോ വിളിപ്പിച്ചിരിക്കുന്നതന്ന് സമന്‍സില്‍ പറയുന്നില്ല. മൗലിക അവകാശങ്ങളുടെ ലംഘനമാണ് അദ്ദേഹത്തിന്റെ അറസ്റ്റ്. മാര്‍ച്ച് 16ന് പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അതേ ദിവസമാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുമെന്ന് കാട്ടിയുള്ള സമന്‍സ് അയച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ കേസില്‍ കെജ്‌രിവാളിനെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്ന ഇഡിക്ക് എന്ത് കൊണ്ട് രണ്ട് മാസം കൂടി കാത്തുനില്‍ക്കാന്‍ സാധിക്കാത്തതെന്നും സിങ്‌വി ചോദിച്ചു.

Join WhatsApp News
Vayanakkaran 2024-03-22 14:23:06
മദ്യനയത്തിന്റെ പേരിൽ കോടികൾ മുക്കി എന്ന കുറ്റത്തിന് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത പ്രധാന മന്ത്രി കേരളത്തിൽ വന്നപ്പോൾ ‘ബിരിയാണി ചെമ്പിൽ സ്വർണ്ണം കടത്തിയത് ആരാണെന്ന് ഞങ്ങൾക്കറിയാം’ എന്ന് മാത്രം പറഞ്ഞിട്ട് പിണറായിയെ ഹസ്തദാനം ചെയ്യുകയും ഉമ്മ കൊടുക്കുകയുമാണ് ചെയ്തത്. എല്ലാ കേസിലും അന്വേഷണ ഏജൻസികളെ ഇറക്കി ‘ഇപ്പോൾ പൊട്ടിക്കും' എന്ന് പറയുന്നതല്ലാതെ ഇതുവരെ എന്തേ ആ തേങ്ങാ മോദിജി ഉടയ്ക്കാത്തത്? അപ്പോൾ ‘കേരളം കോൺഗ്രസ് മുക്തമാക്കാൻ’ പിണറായി വേണം അല്ലെ? വളരെ വ്യക്തമായ ഇരട്ടത്താപ്പല്ലേ ഇത്? അന്വേഷണ ഏജൻസികൾ നിങ്ങളുടെ ചട്ടുകങ്ങളാണ് എന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു, പിണറായിയുടെ പോലീസിനെ പോലെ! കഷ്ടം! മോദിജിയുടെ വീര പരിവേഷം ഒലിച്ചു പോയല്ലോ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക