Image

കുട്ടികളോട് കരുണ കാണിക്കുക - തിരുനബി (റമദാൻ ഡയറി: ഷുക്കൂർ ഉഗ്രപുരം)

Published on 22 March, 2024
കുട്ടികളോട് കരുണ കാണിക്കുക - തിരുനബി (റമദാൻ ഡയറി: ഷുക്കൂർ ഉഗ്രപുരം)

ടോട്ടോച്ചാനെ പള്ളിക്കൂടത്തിൽ നിന്ന് പുറത്താക്കി അതും ഒന്നാം ക്ലാസിൽ വെച്ച്, അതായിരുന്നു അവളുടെ അമ്മയെ ഇത്രയേറെ വിഷമിപ്പിച്ചത്. 

സംഭവം ഒരാഴ്ച മുമ്പായിരുന്നു. ചെറുപ്പക്കാരിയും സുന്ദരിയും ആയ ടീച്ചർ അമ്മയെ ആളെ അയച്ചു വരുത്തി. മുഖവുര ഇല്ലാതെ കാര്യത്തിലേക്ക് കടന്നു. 

 "ഇവളുടെ വികൃതികൾ കാരണം ക്ലാസ് എടുക്കാൻ ആകുന്നില്ല. നിങ്ങൾ ദയവുചെയ്ത് മറ്റൊരു പള്ളിക്കൂടം കണ്ടുപിടിക്ക്.നിൽക്കക്കള്ളി ഇല്ലാതായതുകൊണ്ട് പറയുകയാണ് ". 

 നിൽക്കക്കള്ളിയില്ലാതാവുകയോ? അതിനും വേണ്ടി എന്ത് ഗുലുമാലാണ് കൊച്ചു ടോട്ടോ ചെയ്ത് വച്ചിരിക്കുന്നത്, അമ്മ അക്ഷരാർത്ഥത്തിൽ അന്തം വിട്ടു പോയി. 

 നോക്കൂ... ആകെ പരിഭ്രമിച്ചിട്ടെന്നപോലെ മിഴിച്ചുനോക്കിക്കൊണ്ട് തനതായ ശൈലിയിൽ ടീച്ചർ പറയാൻ ആരംഭിച്ചു. "നിങ്ങളുടെ മകൾ ഒരായിരം തവണ ഡെസ്ക് തുറക്കുകയും അടക്കുകയും ചെയ്യുന്നു. എന്തെങ്കിലും എടുക്കുകയോ തിരിച്ചിടുകയോ ചെയ്യുമ്പോൾ അല്ലാതെ ഡസ്ക് തുറക്കുകയോ അടക്കുകയോ ചെയ്യാൻ പാടുള്ളതല്ല എന്ന് ഞാൻ പ്രത്യേകം നിർദ്ദേശിച്ചിട്ടുള്ളതാണ്. നോക്ക് നിങ്ങളുടെ മകൾ അപ്പപ്പോൾ എന്തെങ്കിലും എടുക്കുന്നു. തിരികെ വെക്കുന്നു , ഓരോ തവണയും തുറക്കുക. പിന്നെ അടക്കുക. അതായത് നോട്ടുബുക്ക് എടുക്കുന്നു , പെൻസിൽ ബോക്സ് എടുക്കുന്നു , ടെക്സ്റ്റ് ബുക്ക് എടുക്കുന്നു , ഓരോന്നായി തിരികെ വെക്കുന്നു . സർവ്വതും എടുക്കുക തിരികെ വെക്കുക! ഓരോ തവണയും ഡസ്ക് പടെ പടെ എന്ന് തുറന്ന് അടക്കുക . അതായത് ഇപ്പോൾ 'A' എന്ന അക്ഷരം എഴുതുകയാണ് എന്നിരിക്കട്ടെ. ആദ്യം അവൾ തുറന്നു നോട്ടുബുക്ക് എടുക്കുന്നു ശബ്ദത്തോടെ അടക്കുന്നു. പിന്നീട് വീണ്ടും തുറക്കുന്നു, പെൻസിൽ തപ്പിയെടുക്കുന്നു. വീണ്ടും ചെകിടടപ്പിക്കുന്ന ശബ്ദത്തോടെ അടക്കുന്നു. ആദ്യം എഴുതിയ എന്ന അക്ഷരത്തിൽ അവൾക്ക് തൃപ്തി വരാറില്ല.പിന്നീട് വീണ്ടും തുറക്കുന്നു. റബ്ബർ എടുക്കുന്നു, മായ്ക്കുന്നു. എഴുതുന്നു, തിരികെ വെക്കുന്നു. പടക്കം പൊട്ടുന്ന ശബ്ദത്തിൽ അടക്കുന്നു. വീണ്ടും എഴുതുന്നു, അത് കഴിയുമ്പോഴേക്കും ഓരോന്നായി തിരികെ വെച്ച് പല തവണ മൂടി തുറക്കുന്നു. 

കിതപ്പോടെ ടീച്ചർ തുടർന്നു. നോക്കൂ ഇത് ഒരക്ഷരത്തിന്റെ കാര്യമാണ്. ഓരോ അക്ഷരത്തിലും ഈ പൊട്ടലും ചീറ്റലും ആവർത്തിച്ചു കൊണ്ടിരിക്കും. തുറക്കുക അടക്കുക, അടക്കുക, തുറക്കുക ഒരു ദിവസം എത്ര തവണയാണിത് എനിക്കെന്റെ തല ചുറ്റുന്നു. പക്ഷേ നോക്കൂ ഞാൻ എങ്ങനെ അവളെ കുറ്റപ്പെടുത്തും. ഓരോ തവണയും അവൾ ഓരോ ആവശ്യം പ്രമാണിച്ചാണ് ഇത് ചെയ്യുന്നത്. ഈ രംഗങ്ങൾ വീണ്ടും മനസ്സിൽ കണ്ടുകൊണ്ട് ടീച്ചർ മിഴിച്ചു നിന്നു.

അമ്മയ്ക്ക് പൊടുന്നനെ ഒരു കാര്യം ഓർമ്മ വന്നു. ആദ്യദിവസം സ്കൂളിൽനിന്ന് മടങ്ങിയെത്തിയ ടോട്ടോച്ചാൻ അത്ഭുതത്തോടെ പറഞ്ഞു. ഈ സ്കൂൾ അസ്സലായിട്ടുണ്ട്. അവിടെ ഉണ്ടല്ലോ നമ്മുടെ പോലുള്ള വലിച്ചു തുറക്കണ മേശയല്ലാട്ടോ. പെട്ടി പോലെ ഇരിക്ക്യാ. മോളില് അടപ്പ്. തൊറന്നിട്ട് 'O'പോന്ന് ഇടാം! തുറന്നിട്ട് അതിനുള്ളിൽ എന്ത് വേണേലും വെക്കാലോ , ഹായ്... എന്ത് രസാ". 

ടോട്ടോചാൻ പുതിയ ടെസ്കിന്റെ മൂടി പടപടാന്ന് തുറന്നടക്കുന്ന ദൃശ്യം അവർ സങ്കൽപ്പിച്ചു നോക്കി. ഒരു പതിവ് കുസൃതിയിൽ കവിഞ്ഞ് എന്തെങ്കിലും ഉണ്ടെന്ന് അവർക്ക് തോന്നിയില്ല . പുതുമ നഷ്ടപ്പെടുമ്പോൾ മാറിക്കോളും. അവർ സമാധാനിച്ചു . എന്നാൽ ടീച്ചറോട് പറഞ്ഞതിങ്ങനെയാണ്: 

"ഉവ്വ് ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കാം."

 "പറ്റില്ല പറ്റില്ല...  ഇത് മാത്രമായിരുന്നെങ്കിൽ ഞാനങ്ങു സഹിക്കുമായിരുന്നല്ലോ. ടീച്ചറുടെ ശബ്ദം ഉയർന്നു. അവർ ആവേശം കൊണ്ട് ഒന്ന് മുന്നോട്ടാഞ്ഞു. അമ്മ അല്പം പിന്നിലേക്ക് നീങ്ങി. ടീച്ചർ ദീർഘനിശ്വാസത്തോടെ തുടർന്നു : "ഡെസ്കിൽ പ്രത്യേകിച്ച് പരിപാടിയൊന്നുമില്ലെങ്കിൽ അവൾ എഴുന്നേറ്റു നിൽക്കും. നിൽക്കുകയോ? അമ്മ അത്ഭുതപ്പെട്ടു. "ജനാലക്കടുത്ത് അല്പം വാഷിയോടെ" -ടീച്ചർ പറഞ്ഞു.

അവൾ എന്തിനാ ജനാലക്കടുത്ത് പോയി നിൽക്കുന്നത്?

 എന്തിനാന്നോ, തെരുവ് പാട്ടുകാരെ ഇങ്ങോട്ട് ക്ഷണിക്കാൻ. ടീച്ചർക്ക് പുച്ഛം അടക്കാനായില്ല. ടീച്ചർ പറഞ്ഞ കഥയുടെ ചുരുക്കം ഇതാണ് - മണിക്കൂറുകളോളം നീളുന്ന ഡെസ്കിലെ കലാപരിപാടി കഴിയുമ്പോൾ ജനലിനടുത്തേക്ക് അവൾ പോകും. അവിടെ അടങ്ങി നിന്നു കൊള്ളുമല്ലോ എന്ന് ടീച്ചർ ആശ്വസിക്കാൻ തുടങ്ങുമ്പോഴേക്കും അവളുടെ അടുത്ത പരിപാടി ആരംഭിക്കുകയായി . ജനലിന് പുറത്ത് തെരുവിലൂടെ പോകുന്ന കോമാളി വേഷം കെട്ടിയ പാട്ടുകാരുടെ സംഘത്തെ കൈകാട്ടി വിളിക്കും. വാ ഒന്നു പാടിയിട്ട്  പോകുന്നെയ്.

 തെരുവിനോട് ചേർന്ന് കെട്ടിടത്തിലെ താഴത്തെ നിലയിലാണ് ക്ലാസ്. കുട്ടികൾക്ക് തെരുവിൽ നിൽക്കുന്നവരോട് അനായാസം സംസാരിക്കാം. ടോട്ടോയെ ആകർഷിക്കപ്പെട്ട പാട്ട് സംഘം ജനലിനടുത്ത് എത്തുമ്പോൾ അവൾ ആ വിവരം ക്ലാസ്സിലെ എല്ലാവരെയും വിളിച്ചു കൂവി അറിയിക്കും. കുട്ടികളെല്ലാം പിന്നെ ജനാലുകളുടെ അടുത്തെത്തി പറയും ഏയ് എന്തേലുമൊന്ന് പാട്.

സാധാരണയായി അതുവഴി മിണ്ടാതെ പോകുന്ന പാട്ടുകാർ ഈ വിളി കേൾക്കുന്നതോടെ തകർപ്പൻ പരിപാടി തുടങ്ങുകയായി. പീപ്പി , ചെണ്ട , കൈമണി പാടി തീരുന്നതുവരെ കാത്തിരിക്കുകയല്ലാതെ പാവം ടീച്ചർ എന്ത് ചെയ്യും?

 പാട്ടും മേളവും കഴിഞ്ഞ് സംഘം മടങ്ങുന്നതോടെ എല്ലാവരും തിരികെ ഇരിപ്പിടങ്ങളിലേക്ക് എത്തും ടോട്ടോ ചാൻ ഒഴികെ. ഇത് അവളുടെ വികൃതികളിൽ ഒന്ന് മാത്രമാണ്. ഇനിയും അനേകം വികൃതികൾ ഉണ്ട്. 

(ടോട്ടോ-ചാൻ ജനാലയ്ക്കരികിലെ വികൃതിക്കുട്ടി. തെത്സുകോ കുറോയാനഗി) 
 *************

അച്ഛമ്മയുടെ ഒരു നോവായിരുന്നു മാച്ചേട്ടൻ. എപ്പോഴും സ്വന്തം അച്ഛനെ പുകഴ്ത്തി പറയാറുള്ള അച്ഛമ്മ മാച്ചേട്ടൻറെ കഥ പറഞ്ഞപ്പോൾ മാത്രം എന്തോ ഒരു പക ആ കണ്ണുകളിൽ കത്തുന്നത് ഞാൻ കണ്ടു.  ചെറുപ്പത്തിൽ മിടുമിടുക്കാൻ ആയിരുന്നത്രേ മാച്ചേട്ടൻ . ഒരു ദിവസം വരാന്തക്കരികിൽ കെട്ടിയിട്ടിരുന്ന കുതിരയെ അഴിച്ചു കുതിരപ്പുറത്ത് കയറിയ മാച്ചേട്ടനെയും കൊണ്ട് കുതിര വിറളി പിടിച്ചോടി, മാചേട്ടനെ കുതറിയെറിഞ്ഞു. ചെയ്ത കുറുമ്പിന് ശിക്ഷയായി അച്ഛമ്മയുടെ അച്ഛൻ മാച്ചേട്ടനെ പൊതിരെ തല്ലി. വടി ഒടിയും തോറും പുതിയ വടി വെട്ടി തല്ലി. പേടിച്ചു വിറച്ചു കരഞ്ഞ മാച്ചേട്ടൻ പിന്നെ ഒരിക്കലും ആ പഴയ മിടുക്കനായില്ല. ആ കഥ പറയുമ്പോൾ കണ്ണീരിനെ ആവിയാക്കുന്ന അഗ്നി ജ്വലിക്കുന്നുണ്ടായിരുന്നു അച്ഛമ്മയുടെ കണ്ണുകളിൽ. സ്വന്തം അച്ഛനെപ്പറ്റി എപ്പോഴും നല്ലത് മാത്രം പറയാറുള്ള അച്ഛമ്മ... ഈ കഥ മാത്രമൊരു അപവാദം. അച്ഛമ്മയ്ക്കേറ്റവും പ്രിയപ്പെട്ട ചേട്ടനായിരുന്നു മാച്ചേട്ടൻ. 

(പല കാലങ്ങളിൽ ചില മനുഷ്യർ, ഓർമ്മയെഴുത്ത് - മനോജ് രാധാകൃഷ്ണൻ)

*********************

മുകളിൽ നൽകിയ രണ്ട് അവലംബങ്ങളിൽ ഒന്നാമത്തേത് ജപ്പാനിലെ ഒരു കുട്ടിക്ക് അനുഭവിക്കേണ്ടിവരുന്ന ഒരു സാഹചര്യവും രണ്ടാമത്തേത് ഇന്ത്യയിലെ ഉൽബുദ്ധ സംസ്ഥാനമെന്ന് അടയാളപ്പെടുത്തിയ കേരളത്തിലെ സംഭവവുമാണ്. ജപ്പാനിലെ ആ കുട്ടി വളരെ വ്യത്യസ്തമായ സ്വഭാവങ്ങൾ പ്രകടിപ്പിക്കുകയും ബാക്കിയുള്ള കുട്ടികളിൽ നിന്നും വ്യത്യസ്തമായ രീതിയിൽ പെരുമാറുകയും ചെയ്തപ്പോൾ അവരുടെ അമ്മയെ വിളിച്ചുവരുത്തി സ്കൂൾ ടീച്ചർ സംസാരിച്ചതിന്റെ ശകലം ആണ് മുകളിൽ കൊടുത്തത്. അവരുടെ അമ്മ ബദൽ സ്കൂൾ സംവിധാനം കണ്ടെത്തി ട്ടോട്ടോ അനുയോജ്യമായ സ്കൂളിലെത്തുന്നതിലൂടെ ലോകപ്രശസ്തയായ എഴുത്തുകാരിയും അംബാസിഡറും എല്ലാമായി രോഗം അറിയപ്പെടുന്ന വ്യക്തിയായി ജീവിക്കുന്നു. എന്നാൽ രണ്ടാമത്തെ കേരളത്തിൽ നടക്കുന്ന സംഭവത്തിൽ ഒരു കുട്ടിയെ തല്ലി നന്നാക്കാൻ ശ്രമിച്ചതിന്റെ പരിണിതഫലമാണ് നാം കണ്ടത് അവരുടെ ഇന്നത്തെ അവസ്ഥ എന്താണ് എന്നറിയില്ല. 

എങ്ങനെ ആയാലും രണ്ട് സംഭവവും രണ്ട് സമൂഹങ്ങളിൽ നടക്കുന്ന ദൃഷ്ടാശക്തിയെയും പ്രവർത്തന രീതികളെയും സൂചിപ്പിക്കുന്ന ഒന്നാണ് മാതാപിതാക്കളും അധ്യാപകരും ഉത്തമ ബോധവും ബോധവും ഉള്ളവർ ആയാൽ മാത്രമേ എന്തെങ്കിലും ഒരു പോസിറ്റീവായ പുരോഗതി ഇത്തരം കാര്യങ്ങളിൽ നമുക്ക് കാണാൻ കഴിയൂ. നമ്മുടെ കേരളത്തിലെയും ഇന്ത്യയിലെയും ആളുകളുടെ വിചാരം കുട്ടികളെ തല്ലിയാൽ അവരെ നന്നാക്കാൻ സാധിക്കും എന്നാണ്. കുട്ടികളുടെ പാഠശാലകൾ ഇക്കാര്യങ്ങളിൽ ഇന്നും വളരെ ദയനീയമായ അവസ്ഥയിലാണ് നിൽക്കുന്നത്. സ്കൂളുകൾ ആണെങ്കിലും ട്യൂഷൻ സെൻററുകൾ ആണെങ്കിലും മദ്രസകൾ ആണെങ്കിലും ഒട്ടും പുരോഗതി ഇത്തരം കാര്യങ്ങളിൽ പ്രാപിച്ചിട്ടില്ല. രക്ഷിതാക്കളുടെ കാര്യവും ഒട്ടും പ്രതീക്ഷയ്ക്ക് വക നൽകുന്നതല്ല. 

കുട്ടികളോട് വളരെ കരുണയോടെ പെരുമാറാനാണ് പ്രവാചകൻ പഠിപ്പിച്ചത്. ഒരിക്കൽ പ്രവാചകൻ നമസ്കരിച്ചു കൊണ്ടിരിക്കുമ്പോൾ അല്പം സമയം സുജൂദിൽ കിടന്നു. നമസ്കാരം കഴിഞ്ഞപ്പോൾ പ്രവാചകൻറെ അനുചരന്മാർ ചോദിച്ചു - നബിയെ നിസ്കാരത്തിൽ താങ്കൾക്ക് ദിവ്യബോധം / വഹ് യ് ലഭിച്ചോ? അപ്പോൾ പ്രവാചകൻ പറഞ്ഞു അതല്ല ഈ കുഞ്ഞുങ്ങൾ - ഹെസൻ , ഹുസൈൻ എൻറെ പുറത്തു കയറിയിരിക്കുകയായിരുന്നു. ധൃതിപ്പെട്ട് അവരെ പ്രയാസപ്പെടുത്തി സുജൂദിൽ നിന്നും എഴുന്നേൽക്കണ്ട എന്നു വിചാരിച്ചാണ് ഞാൻ സമയം അധികരിപ്പിച്ചത്. 

കുട്ടികളെ സ്നേഹം കൊടുത്താണ് അനുസരണ ഉള്ളവരാക്കേണ്ടത്.  അതല്ലാതെ കുട്ടികളെ ഉപദ്രവിച്ച് ശിക്ഷണം നടത്താമെന്ന് വിചാരിക്കുന്നത് തികച്ചും മൗഢ്യമാണ്, മക്കളുടെയും പിന്മുറക്കാരുടെയും നന്മക്ക് വേണ്ടി പടച്ചോന്റെ മുൻപിൽ കൈ ഉയർത്താത്ത രക്ഷിതാക്കൾ ചെയ്യുന്നത് തികച്ചും ക്രൂരമായ കാര്യമാണ്. രക്ഷിതാക്കൾ നല്ലതായാൽ തന്നെ കുട്ടികൾ പകുതി നന്നായി. ബാക്കി ശീലങ്ങൾ ബുദ്ധിക്ക് അനുസരിച്ച് അവർ തന്നെ സ്വായത്തമാക്കി കൊള്ളും. മുതിർന്നവർ ആയ നമ്മൾ അവരെ ഒന്ന് ഗൈഡ് ചെയ്തു കൊടുക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ. കുട്ടികളെ ഏതുതലത്തിൽ എങ്ങനെ വളർത്താം എന്ന് വായനയിലൂടെയും ചിന്തകളിലൂടെയും ഒക്കെ നാം മനസ്സിലാക്കൽ നിർബന്ധമാണ്. 

നിങ്ങൾ നിങ്ങളുടെ വീട്ടിലേക്ക് എന്തെങ്കിലും വസ്തുക്കളുമായി ( മിഠായിയോ അല്ലെങ്കിൽ പ്രത്യേക വസ്തുക്കളോ)  വരുകയാണ് എങ്കിൽ വീട്ടിലെ പെൺകുട്ടികളെ വിളിച്ച് അത് ഏൽപ്പിക്കണം എന്ന് പ്രവാചകൻ പറയുന്നു. അവരാണ് അവിടുത്തെ രാജ്ഞികൾ. ഒരിക്കൽ പ്രവാചകന്റെ ചെറുമകൻ / പേരക്കുട്ടി ഇടത് കൈ കൊണ്ട് ഭക്ഷണം കഴിക്കുന്നത് പ്രവാചകൻ കണ്ടപ്പോൾ പ്രവാചകൻ അതിനെ സ്നേഹബുദ്ധ്യാ തിരുത്തിക്കൊടുത്ത് വലത് കൈ കൊണ്ട് കഴിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. ഇസ്ലാമിക പ്രത്യയശാസ്ത്രത്തിൽ പറയുന്ന കാര്യം കുട്ടികൾക്ക് 7 വയസ്സായാൽ അവരോട് നിസ്കരിക്കാൻ - പ്രാർത്ഥനയ്ക്ക് കല്പിക്കണമെന്നും അങ്ങനെ പത്തു വയസ്സായാൽ   നിസ്കരിച്ചില്ലെങ്കിൽ അവരെ സ്നേഹബദ്ധ്യാഅടിക്കണമെന്ന് പറയുന്നത്. പ്രവാചകൻ അങ്ങനെ ഒരു കുട്ടിയെയും അടിച്ചിട്ടില്ല എന്നത് മറ്റൊരു ചരിത്രം. കുഞ്ഞുങ്ങളെ ഉപദ്രവിച്ചവർക്ക് തക്ക ശിക്ഷ പ്രവാചകൻ കൊടുക്കുമായിരുന്നു. ഒരുപാട് അക്രമം ചെയ്തു കൂട്ടിയിട്ടുള്ള ശത്രുപക്ഷത്തെ മനുഷ്യർക്ക് മക്ക വിജയത്തിനുശേഷം മാപ്പ് കൊടുത്തു. അന്നും സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിച്ചവർക്ക് മാപ്പ് കൊടുത്തിട്ടില്ല.  അങ്ങനെ ചെയ്തവരെ ശിക്ഷിക്കുകയാണ് ചെയ്തത് എന്ന് കാണാൻ സാധിക്കും. കുഞ്ഞുങ്ങളെ എങ്ങനെ വളർത്തണമെന്ന് തിരുനബി സ്വന്തം പുത്രി ഫാത്തിമത്ത് സഹ്റ എന്ന പൊന്നുമോളെ വളർത്തിക്കൊണ്ട് കാണിച്ചുതന്നതാണ്. പെൺകുഞ്ഞുങ്ങളെ കുഴിച്ചുമൂടുന്ന കാലഘട്ടത്തിൽ അവിടെ പ്രബോധനം നടത്തി വിപ്ലവം സൃഷ്ടിച്ച ഒരു നേതാവാണ് ഇങ്ങനെ കാണിച്ചുതന്നത് എന്ന് ഓർക്കണം. പേരക്കിടാങ്ങളായ ഹസ്സൻ ഹുസൈൻ എന്ന കുട്ടികളോട് കൂടെ ചേർന്ന് കളിക്കുന്നത് കണ്ടപ്പോൾ ആശ്ചര്യപ്പെട്ട എത്രയോ ആളുകളുണ്ട്. അവരുടെ മുന്നിൽ നബി  ആനയായി അവർ നബിയുടെ പുറത്ത് കയറി കളിക്കുന്ന സംഭവങ്ങളും അനവധിയുണ്ട്. കുട്ടികളുടെ ഇത്തരം കളികളിൽ നബി അവരോടൊപ്പം ചേർന്ന് കളിക്കാറുണ്ടായിരുന്നു എന്നത് വലിയ ഒരു പാഠമാണ് നമുക്ക് നൽകുന്നത്. 

ഖലീഫ ഉമറിൻ്റെ സന്നിധിയിൽ  ഗവർണറായി  ജോലി സ്വീകരിക്കാൻ എത്തിയ ആള് ഖലീഫ ഒരു കുഞ്ഞിനെ എടുത്ത് ലാളിക്കുന്നതും ഉമ്മ വെക്കുന്നതും കണ്ടു അത്ഭുതപ്പെടുകയും താങ്കൾ കുട്ടികളെ ഉമ്മ വെക്കാറുണ്ടോ സ്നേഹിക്കാറുണ്ടോ എന്ന് ചോദിച്ചു അൽഭുതം പ്രകടിപ്പിച്ചു. ഖലീഫ ചോദിച്ചു, താങ്കൾ കുട്ടികളെ സ്നേഹിക്കാറില്ലേ? അവരെ ഉമ്മ വെക്കാറില്ലേ? അവരെ ലാളിക്കാറില്ലെയെന്ന് - അപ്പോൾ ഗവർണർ ആകാൻ പോകുന്ന (ഉദ്യോഗസ്ഥൻ ആകാൻ) പോകുന്ന ആളുടെ മറുപടി വിപരീതമായിരുന്നു ഞാൻ കുട്ടികളെ സ്നേഹിക്കാറില്ല. അപ്പോൾ അവിടുന്ന് ഒരു വടി എടുത്തു കൊണ്ട് താങ്കൾക്ക് പറ്റിയ പണി ആട്ടിടയൻ ആവുകയാണ് എന്ന് പറഞ്ഞു ഖലീഫ അവരെ തിരിച്ചയച്ച ഒരു കഥയും നമുക്ക് കാണാം. പ്രവാചകൻ കുട്ടികൾക്ക് എത്ര വലിയ പ്രാധാന്യമാണ് കൊടുക്കുന്നത് എന്ന് വിശുദ്ധ ഗ്രന്ഥങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. 

അനാഥരായ കുഞ്ഞുങ്ങളുടെ മുന്നിൽ വെച്ചുകൊണ്ട് നിങ്ങളുടെ  കുട്ടിയെ നിങ്ങൾ ലാളിക്കരുത്. അത് കണ്ട് ആ അനാഥരായ കുട്ടികൾക്ക് വിഷമം  തോന്നാതിരിക്കാൻ വേണ്ടിയാണ് നബി തങ്ങൾ ഇങ്ങനെ ചെയ്തത്. ഏതെങ്കിലും ഒരു ആൾ ഏതെങ്കിലും ഒരു അനാഥ കുഞ്ഞിൻറെ തല സ്നേഹപൂർവ്വം തടവിക്കൊടുത്താൽ ആ തടവുന്ന ആളിന്റെ കൈവെള്ളയിൽ എത്ര മുടികളാണ് സ്പർശിച്ചിട്ടുള്ളത് അത്രത്തോളം അവൻറെ ദോഷങ്ങൾ അല്ലാഹു പൊറുത്തു കൊടുക്കുമെന്ന് നബി തങ്ങൾ അരുളിയതായി കാണാം. യത്തീം കുട്ടികളുടെ മുതൽ ഭക്ഷിക്കുന്നവനും അന്യായമായി അത് കയ്യടക്കി വെച്ചവനും വളരെ കഠിനമായ ശിക്ഷകളാണ് അല്ലാഹു ഒരുക്കി വെച്ചിട്ടുള്ളത് എന്ന് വിശുദ്ധ വചനങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. 

ഒരിക്കൽ നബി സന്നിധിയിലേക്ക് ബാല്യപ്രായത്തിലുള്ള ഒരു കുട്ടിയെയും കൂട്ടി ഒരു ഉമ്മ വന്നു.  ആ കുട്ടി കൂടുതൽ അളവ് പഞ്ചസാര കഴിക്കുന്നുണ്ട് എന്നാണ് ഉമ്മ പരിഭവം പറഞ്ഞത്. അങ്ങനെ തിരുനബി ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞതിനു ശേഷം അവരോട് വീണ്ടും വരാൻ പറഞ്ഞു. അങ്ങനെ മുഹമ്മദ് നബി ആ കുഞ്ഞിനോട് പഞ്ചസാരയുടെ അളവ് കുറക്കാനും അത് ശ്രദ്ധിക്കാനും പറഞ്ഞു. അപ്പോൾ നബി ചെയ്തതിന്റെ പൊരുൾ എന്താണെന്ന് അനുചരന്മാർ ചോദിച്ചു. അപ്പോൾ നബി തങ്ങൾ പറഞ്ഞത് ഞാനും പഞ്ചസാര അൽപം കൂടുതൽ ഉപയോഗിക്കുന്ന ആളായിരുന്നു. ഞാൻ ഉപയോഗിക്കുന്ന അളവ് കുറക്കാതെ എനിക്ക് എങ്ങനെ അവരോട് നിങ്ങൾ പഞ്ചസാരയുടെ അളവ് ക്കണമെന്ന് കുട്ടിയോട് പറയാൻ കഴിയുക.  യഥാർത്ഥത്തിൽ ഈ ചിത്രം കാണിക്കുന്നത് വിശുദ്ധ ഖുർആനിലെ ഒരു സൂക്തമാണ്. നിങ്ങൾ ചെയ്യാത്ത കാര്യങ്ങൾ മറ്റുള്ളവരോട് ചെയ്യാൻ നിങ്ങൾ പറയരുത് എന്ന പൊരുള്ള ഒരു വാക്യം. ഈ ലോകത്തിൻ്റെ മുഴുവൻ ഭംഗിയും ഒരുമിച്ചു കൂട്ടി അതിൻ്റെയരികത്തിരുന്ന് ഒരു കുഞ്ഞുകുട്ടി പുഞ്ചിരിച്ചാൽ ആ കുഞ്ഞിൻ്റെ ചിരിയുടെ അത്രയും വരില്ല ഒരു മനോഹാരിതയും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക