Image

കേരളാ അസ്സോസിയേഷന്‍ ഓഫ് നാഷ്വില്‍ യൂത്ത് ഫോറം പ്രവര്‍ത്തനോദ്ഘാടനം സന്നദ്ധ സേവനത്തോടെ സമാരംഭിച്ചു

Published on 22 March, 2024
കേരളാ അസ്സോസിയേഷന്‍ ഓഫ് നാഷ്വില്‍ യൂത്ത് ഫോറം പ്രവര്‍ത്തനോദ്ഘാടനം സന്നദ്ധ സേവനത്തോടെ സമാരംഭിച്ചു

നാഷ്വില്‍: കേരള അസോസ്സിയേഷന്‍ ഓഫ് നാഷ്വില്‍ (കാന്‍) 2024-25 വര്‍ഷത്തെ യൂത്ത് ഫോറം പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം  സെക്കന്റ് ഹാര്‍വെസ്റ്റ് ഫൂഡ് ബാങ്കിന്റെ (Second Harvest Food Bank) വളണ്ടിയര്‍ സേവന പ്രോജക്റ്റില്‍ പങ്കെടുത്തുകൊണ്ട് സമാരംഭിച്ചു. യൂത്ത് ഫോറത്തിന്റെ പ്രാഥമിക ലക്ഷ്യം കാനിന്റെ ഭാഗമായ യുവജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമെല്ലാം സാമുഹ്യസേവനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഉള്ള അവസരങ്ങള്‍ ഒരുക്കിക്കൊടുക്കുകയും അവരുടെ ആശയങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാന്‍ പ്രാപ്തരാക്കുകയും ചെയ്യുക എന്നുള്ളതാണ്. കൂടാതെ യൂത്ത് ഫോറം അംഗങ്ങള്‍ക്ക്  അവരുടെ വിദ്യാഭാസ - സേവന മേഖലകളില്‍ സഹായം  നല്കാനും, ജീവിതകാലം മുഴുവന്‍ ഉപകരിക്കുന്ന നൈപുണ്യങ്ങള്‍ സായത്തമാക്കാനും ലക്ഷ്യമിടുന്നു.

സെകന്റ് ഹാര്‍വെസ്റ്റ് ഫൂഡ് ബാങ്ക് വിദ്യാഭാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'Hunger 101' എന്ന പദ്ധതിയില്‍ കാന്‍ യൂത്ത് വളണ്ടിയര്‍മാര്‍ ഭാഗവാക്കായി. Hunger 101 - ന്റെ ലക്ഷ്യം പുതുതലമുറയെ പരിമിതായ ബഡ്ജറ്റിനുള്ളില്‍ നിന്നുകൊണ്ട് എങ്ങിനെ പട്ടിണി കിടക്കാതിരിക്കാന്‍ കഴിയും എന്ന ആശയം  പഠിപ്പിക്കുകയാണ്. അതിന്റെ ഭാഗമായി വിവിധ റോള്‍ പ്ലേയ്ക്കുള്ള അവസരങ്ങള്‍ ഉണ്ടായിരുന്നു. വളണ്ടിയര്‍മാര്‍ക്ക് വിവിധ ടാസ്‌കുകള്‍ നല്കുകയും, കുടുംബത്തിനുവേണ്ടി താങ്ങാനാവുന്ന വിലയുള്ള ഭക്ഷണസാധനങ്ങള്‍  വാങ്ങിക്കുന്നതെങ്ങിനെയന്ന വെല്ലുവിളി നല്‍കുകയും ചെയ്തു. ഈ പ്രവര്‍ത്തനം പുതുതലമുറ വളണ്ടിയര്‍മാര്‍ക്ക് നല്ലൊരു അനുഭവമാണ് സമ്മാനിച്ചത്. 

അതിനുശേഷം വളണ്ടിയര്‍മാര്‍ ഒരു മണിക്കൂറിലേറേ നീണ്ട,  കേടുവരാത്ത ഭക്ഷണസാധനങ്ങള്‍ വേര്‍തിരിച്ച് പാക്ക് ചെയ്ത് എങ്ങിനെ വെയര്‍ഹൗസില്‍ നിന്നും സ്റ്റോറികളിലേക്കും ഫൂഡ് ഡ്രൈവ് സെന്ററുകളിലേക്കും എത്തിക്കാമെന്ന പരിശീലനത്തില്‍ ഏര്‍പ്പെട്ടു. ഒരു ടീമെന്ന നിലയില്‍ ഒരുമണിക്കുറിനുള്ളില്‍ 350-ലേറെ ഫൂഡ് പാക്കറ്റ് തയ്യാറാക്കി. ഈ പാക്കറ്റുകള്‍ ദരിദ്രരായ കുട്ടികള്‍ക്ക്  ഉപകാരപ്പെടും. ഈ പ്രവര്‍ത്തനങ്ങളിലുടെയെല്ലാം കാന്‍ യൂത്ത് വളണ്ടിയര്‍മാര്‍ സാമൂഹ്യസേവനത്തിന്റെ പ്രാധാന്യവും, അതിന്റെ സ്വാധീനവും, അവരുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ എങ്ങിനെ സഹായിക്കുമെന്നുള്ളതും മനസിലാക്കാന്‍ ഒട്ടേറെ സഹായിച്ചു.

കാന്‍ യൂത്ത് ഫോറം സംഘടിപ്പിച്ച ഈ പരിപാടിക്ക് കാന്‍ യൂത്ത് ഫോറം ചെയര്‍ ശ്രീമതി. ഷാഹിന കോഴിശ്ശേരി  നേതൃത്വം നല്കി. ശ്രീ.ലിനു രാജ്, ശ്രീ. സമീര്‍ മേനോന്‍ എന്നിവരും സഹായിച്ചു. കല്യാണീ പത്യാരി, ശിവദ ലിനു,  ജോണ്‍ രാജ്, ദര്‍ശ് മേനോന്‍, അഭിരാമി അനില്‍കുമാര്‍, ആന്‍ഡ്രൂ സാം, ശ്രീഹരി നായര്‍, ഡാനിയേല്‍ ജോസഫ്, ഡേവിഡ് ജോസഫ്, ഇഷാല്‍ അഹമ്മദ് മച്ചിങ്ങല്‍ എന്നീ കുട്ടികളാണ് ഈ സന്നദ്ധ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്.      

കാന്‍ പ്രസിഡണ്ട് ഷിബു പിള്ള, വൈസ് പ്രസിഡണ്ട് ശങ്കര്‍ മന എന്നിവര്‍ പങ്കെടുത്ത യുവ വളണ്ടിയര്‍മാരെ അഭിനന്ദിച്ചുകൊണ്ടും അവരുടെ സാമുഹ്യസേവനപ്രവര്‍ത്തങ്ങളെ ശ്ലാഘിച്ചുകൊണ്ടും, അവരുടെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന ഫലങ്ങളെ വിശദീകരിച്ചുകൊണ്ടൂം കുട്ടികളെ അഭിസംബോധന ചെയ്തു. പ്രോഗ്രാമിനെകുറിച്ചുള്ള അഭിപ്രായങ്ങള്‍ കുട്ടികള്‍ പങ്കുവെച്ചു. 

കേരള അസോസ്സിയേഷന്‍ ഓഫ് നാഷ്വില്‍ യൂത്ത്  ഫോറം വരും ദിവസങ്ങളില്‍ കുട്ടികള്‍ക്കായി  നൈപുണ്യവികസനത്തിനും, സാമുഹ്യസേവനത്തിനും വേണ്ടിയുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള പദ്ധതി തയാറാക്കിയിട്ടുണ്ട്. ''കാന്‍ ക്വസ്റ്റ്'' മത്സരം, ''കോളേജ് പ്രിപ്പറേഷന്‍ പാനല്‍ ഡിസ്‌കഷന്‍'' എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. നല്ലൊരു തലമുറയെ വാര്‍ത്തെടുക്കാന്‍ ഉതകുന്ന പരിപാടികള്‍ എന്ന നിലയില്‍ മാത്രമല്ല അവരുടെ വ്യക്തിപരമായ ഉന്നമനവും കൂടിയാണ്  ഈ പരിപാടികളില്‍ കൂടി കാന്‍ ലക്ഷ്യമിടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക