Image

കുടുക്കിയ മദ്യനയ കേസ് എന്താണ്? അറിയാം, അറസ്റ്റിന്റെ പിന്നാമ്പുറ രഹസ്യങ്ങള്‍

Published on 22 March, 2024
കുടുക്കിയ മദ്യനയ കേസ് എന്താണ്? അറിയാം, അറസ്റ്റിന്റെ പിന്നാമ്പുറ രഹസ്യങ്ങള്‍

മദ്യ നയവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാളിനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒന്ന് സിബിഐയും മറ്റൊന്ന് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡിയും.

മദ്യനയം രൂപീകരിക്കുന്നതിലെ നടപടിക്രമങ്ങളില്‍ വീഴ്ച്ചയുണ്ടായി എന്നാരോപിച്ച് ഡല്‍ഹി ചീഫ് സെക്രട്ടറി നരേഷ് കുമാര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേനയ്ക്ക് 2022 ജൂലൈയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചതാണ് കേസിന്റെ തുടക്കം.

എക്‌സൈസ് മന്ത്രി കൂടിയായ ഡല്‍ഹി ഉപ പ്രധാനമന്ത്രി മനീഷ് സിസോദിയ സ്വേഛാധിപത്യപരവും ഏകപക്ഷീയവുമായ തീരുമാനങ്ങളെടുത്തതായും ഇതിലൂടെ സര്‍ക്കാരിന് 580 കോടി രൂപയുടെ നഷ്ടമുണ്ടായതായും റിപോര്‍ട്ട് ആരോപിക്കുന്നു.

മദ്യവ്യവസായികളില്‍ നിന്നും നടത്തിപ്പുകാരില്‍ നിന്നും കൈക്കൂലി വാങ്ങി ലൈസന്‍സ് ഫീസില്‍ ഇളവുകള്‍ ലഭിക്കുന്നതിനും കാലാവധി ദീര്‍ഘിപ്പിക്കുന്നതിനും ഡല്‍ഹി എഎപി സര്‍ക്കാരും എഎപി നേതാക്കളും സഹായങ്ങള്‍ ചെയ്ത് കൊടുത്തതായാണ് ആരോപണം. പിഴകള്‍ എഴുതി തള്ളുകയും കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയും ചെയ്തു. 2022 ആദ്യത്തില്‍ നടന്ന ഗോവ, പഞ്ചാബ് തിരഞ്ഞെടുപ്പുകള്‍ക്കു വേണ്ടി ഈ പണം ഉപയോഗിച്ചതായും റിപോര്‍ട്ടില്‍ പറയുന്നു.

റിപോര്‍ട്ട് സിബിഐക്ക് കൈമാറിയതിനെ തുടര്‍ന്ന് സിസോദിയയെ അറസ്റ്റ് ചെയ്തു. സിസോദിയക്കും ആപ് കമ്യൂണിക്കേഷന്‍സ് ഇന്‍ചാര്‍ജ് വിജയ് നായര്‍ ഉള്‍പ്പെടെ മറ്റ് 14 പേര്‍ക്കുമെതിരേ സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. തുടര്‍ന്നാണ് ഇഡി വിഷയത്തിലേക്ക് വരുന്നത്. കേസില്‍ 292 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നതായി മാര്‍ച്ചില്‍ ഇഡി കോടതിയെ അറിയിച്ചു.

മൊത്ത മദ്യവ്യാപാരം സ്വകാര്യ കമ്പനികള്‍ക്കു നല്‍കുന്നതിനും ലാഭ പരിധി 12 ശതമാനായി നിശ്ചയിക്കുന്നതിനും വേണ്ടിയാണ് അഴിമതി നടന്നതെന്ന് ഇഡി ആരോപിച്ചു. ഇതില്‍ 6 ശതമാനമാണ് എഎപി നേതാക്കള്‍ക്ക് കൈക്കൂലിയായി ലഭിച്ചത്. സൗത്ത് ഗ്രൂപ്പ് എന്നറിയപ്പെടുന്ന ഏതാനും പേരില്‍ നിന്ന് 100 കോടി രൂപയോളം കൈക്കൂലി ലഭിച്ചതായും ഇഡി പറയുന്നു.

സൗത്ത് ഗ്രൂപ്പിന്റെ ഭാഗമെന്ന് ആരോപിച്ച് തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളും ഭാരത രാഷ്ട്ര സമിതി നേതാവുമായ കെ കവിതയെ ഈയിടെ അറസ്റ്റ് ചെയ്തിരുന്നു. ഓന്‍ഗോള്‍ എംപി മഗുന്ദ ശ്രീനിവാസലു റെഡ്ഡിയുടെ മകന്‍ രാഘവ് മഗുന്ത, ഹൈദരാബാദിലെ അരോബിന്ദോ ഫാര്‍മ സഹസ്ഥാപകന്‍ പി വി രാംപ്രസാദ് റെഡ്ഡിയുടെ മകന്‍ പി ശരത് ചന്ത്ര റെഡ്ഡി തുടങ്ങിയവര്‍ ഈ ഗ്രൂപ്പിന്റെ ഭാഗമാണെന്നും ആരോപിക്കപ്പെടുന്നു.

കെജ്‌രിവാളിന് എതിരായ ആരോപണം

കവിതയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മാര്‍ച്ച് 18ന് മുഖ്യമന്ത്രി കെജ്‌രിവാളിന് കേസിലെ ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന് ഇഡി ആരോപിച്ചത്. ഡല്‍ഹി മദ്യനയം രൂപീകരിക്കുന്നതിലും നടത്തിപ്പിലും തങ്ങള്‍ക്ക് അനൂകൂലമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് കവിതയും മറ്റള്ളവരും അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന എഎപി നേതാക്കളുമായി ഗൂഡാലോചന നടത്തിയെന്നാണ് ഇഡി പറയുന്നത്. ഇതിന് പകരമായി എഎപി നേതാക്കള്‍ 100 കോടി രൂപയോളം കൈപ്പറ്റി. തുടര്‍ന്ന് മദ്യവ്യാപാരികളില്‍ നിന്ന് എഎപിക്ക് വന്‍തോതില്‍ ഫണ്ട് ലഭിച്ചതായും ഇഡി വക്താവ് തിങ്കളാഴ്ച്ച പറഞ്ഞു.

പ്രധാന പ്രതികളില്‍ ഒരാളായ സമീര്‍ മഹേന്ദ്രയുമായി കെജ്‌രിവാള്‍ വീഡിയോ കോള്‍ വഴി നേരിട്ട് സംസാരിച്ച് കാര്യങ്ങള്‍ നടത്തുന്നതിന് വേണ്ടി ആവശ്യപ്പെട്ടതായും അനുബന്ധ കുറ്റപത്രത്തില്‍ ഇഡി ആരോപിക്കുന്നു.

 കെജ്‌രിവാളിന്റെ മറുപടി

ബിജെപിക്ക് വേണ്ടിയാണ് ഇഡി തനിക്കെതിരേ കളിക്കുന്നതെന്ന് കെജ്‌രിവാള്‍ ആരോപിക്കുന്നു. അവ്യക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് കെജ്‌രിവാളിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി പറഞ്ഞു.

കെജ്‌രിവാളിനെ സാക്ഷിയായാണോ പ്രതിയായാണോ വിളിപ്പിച്ചിരിക്കുന്നതന്ന് സമന്‍സില്‍ പറയുന്നില്ല. മൗലിക അവകാശങ്ങളുടെ ലംഘനമാണ് അദ്ദേഹത്തിന്റെ അറസ്റ്റ്. മാര്‍ച്ച് 16ന് പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അതേ ദിവസമാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യുമെന്ന് കാട്ടിയുള്ള സമന്‍സ് അയച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ കേസില്‍ കെജ്‌രിവാളിനെ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്ന ഇഡിക്ക് എന്ത് കൊണ്ട് രണ്ട് മാസം കൂടി കാത്തുനില്‍ക്കാന്‍ സാധിക്കാത്തതെന്നും സിങ്‌വി ചോദിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക