Image

പന്നുനെ വധിക്കാൻ ശ്രമിച്ചവർ 'റോ' യിൽ നിന്നു  പിരിഞ്ഞവരെന്നു കണ്ടെത്തിയതായി ഇന്ത്യ, അന്വേഷണ റിപ്പോർട്ട് യുഎസിനു നൽകി (പിപിഎം) 

Published on 22 March, 2024
പന്നുനെ വധിക്കാൻ ശ്രമിച്ചവർ 'റോ' യിൽ നിന്നു  പിരിഞ്ഞവരെന്നു കണ്ടെത്തിയതായി ഇന്ത്യ,  അന്വേഷണ റിപ്പോർട്ട് യുഎസിനു നൽകി (പിപിഎം) 

ഖാലിസ്ഥാൻ നേതാവും യുഎസ്-കനേഡിയൻ പൗരനുമായ ഗുർപത്വന്ത് സിംഗ് പന്നുനെ അമേരിക്കൻ മണ്ണിൽ വച്ച് വധിക്കാൻ ഗൂഢാലോചന നടത്തിയവർ ഇന്ത്യയുടെ വിദേശചാര സംഘടനയായ 'റോ'യിൽ (RAW) നിന്നു പിരിഞ്ഞവരാണെന്നു ഇന്ത്യ യുഎസിനെ അറിയിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. 

ഇന്ത്യാ ഗവൺമെന്റ് അവർക്കു അതിനുള്ള അംഗീകാരം നൽകിയിരുന്നില്ലെന്നും ഇന്ത്യയിൽ നടത്തിയ അന്വേഷണത്തിന്റെ ഫലം അറിയിക്കുന്ന റിപ്പോർട്ടിൽ നരേന്ദ്ര മോദി സർക്കാർ പറയുന്നു. ഗൂഢാലോചനയിൽ പങ്കെടുത്ത ഒരാൾ മുൻപ് റോയിലെ ജീവനക്കാരൻ ആയിരുന്നു. പിന്നീട് അയാൾ പിരിഞ്ഞു പോയി. 

യുഎസ് അധികൃതർ എടുത്ത കേസിൽ നിഖിൽ ഗുപ്ത എന്ന ഇന്ത്യൻ ഉദ്യോഗസ്ഥനെയാണ് പ്രതിയാക്കിയിട്ടുള്ളത്. ചെക്ക് റിപ്പബ്ലിക്കിൽ ജയിലിൽ കഴിയുന്ന ഗുപ്‌തയെ യുഎസിലേക്കു കൊണ്ടുവരും. 

മോദി സർക്കാർ ഔദ്യോഗികമായി റിപ്പോർട്ട് ബൈഡൻ ഭരണകൂടത്തിനു കൈമാറിയെന്നു റോയിട്ടേഴ്‌സും ബ്ലൂംബെർഗും പറയുന്നു. എന്നാൽ ഇന്ത്യ ഇക്കാര്യത്തിൽ മൗനം തുടരുകയാണ്. ഗുപ്‌തയ്‌ക്കെതിരെ നടപടിയൊന്നും പ്രഖ്യാപിച്ചിട്ടുമില്ല. അയാളെ വിചാരണ ആരംഭിക്കുമ്പോൾ യുഎസ് കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. ഗൂഢാലോചനയിൽ ഉൾപ്പെട്ട എല്ലാവർക്കും എതിരെ ക്രിമിനൽ പ്രോസിക്യൂഷൻ ഉണ്ടാവും. വധശ്രമം തടഞ്ഞ യുഎസ്, ഇന്ത്യാ ഗവൺമെന്റിന് ഈ ഗൂഢാലോചനയിൽ പങ്കുണ്ടെങ്കിൽ അത് ഏറെ ഗൗരവമുള്ള കാര്യമാണെന്നു താക്കീതു നൽകിയിരുന്നു. 

യുഎസ് പ്രോസിക്യൂഷൻ ഉയർത്തുന്ന ആരോപണത്തെ കുറിച്ചു ബുധനാഴ്ച യുഎസ് കോൺഗ്രസ് കമ്മിറ്റിയിൽ മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഡീൻ ഫിലിപ്‌സ് വിദേശകാര്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനോട് ചോദിച്ചിരുന്നു. ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് എതിരെ ഉപരോധം ഏർപെടുത്തുമോ എന്നാണ് അദ്ദേഹം അന്വേഷിച്ചത്. 

"റഷ്യയിൽ അലക്സി നവൾനി മരിച്ചതുമായി ബന്ധപ്പെട്ടു 500 വ്യക്തികളുടെ മേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു," ഫിലിപ്‌സ് ചൂണ്ടിക്കാട്ടി. "പന്നുനിന് എതിരെ വധ ശ്രമം നടത്തി എന്ന് ആരോപിക്കപ്പെടുന്നവരുടെ മേൽ അത്തരം ഉപരോധങ്ങളോ യാത്രാ നിരോധനമോ ആലോചിക്കുന്നുണ്ടോ?" 

ബൈഡൻ ഭരണകൂടം ആരോപണങ്ങളെ അത്യധികം ഗൗരവത്തോടെയാണ് കാണുന്നതെന്നു യുഎസ് അസിസ്റ്റന്റ് സെക്രട്ടറി ഡൊണാൾഡ് ലു പറഞ്ഞു. ഇന്ത്യയിൽ ഏറ്റവും ഉയർന്ന തലത്തിൽ അക്കാര്യം ഉന്നയിച്ചു. 

"ഈ ഭീകരമായ കുറ്റകൃത്യത്തിനു ഉത്തരവാദികളായവരെ കണ്ടെത്തി നടപടിയെടുക്കാൻ നമ്മൾ ഇന്ത്യയെ സഹായിക്കുന്നുണ്ട്. ഇന്ത്യ അന്വേഷണ സമിതിയെ പ്രഖ്യാപിച്ചിരുന്നു. വേഗത്തിലും സുതാര്യമായും പ്രവർത്തിച്ചു നീതി ഉറപ്പാക്കണമെന്നു ഞങ്ങൾ ആവശ്യപ്പെട്ടിട്ടുമുണ്ട്." 

ഇന്ത്യ അന്വേഷണ റിപ്പോർട്ട് നൽകിയതായി അദ്ദേഹം പറഞ്ഞില്ല.  

കാനഡയിൽ ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജാറെ വധിച്ചതിനു പിന്നിൽ ഇന്ത്യൻ ഉദ്യോഗസ്ഥർ ഉണ്ടെന്നു കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. 

India tells US rogue elements planned Pannun murder 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക