Image

ഏപ്രില്‍ 8 ന് സമ്പൂര്‍ണ സൂര്യഗ്രഹണം; അമേരിക്കയിലെ സ്‌കൂളുകള്‍അടച്ചിടുന്നു

Published on 21 March, 2024
ഏപ്രില്‍ 8 ന് സമ്പൂര്‍ണ സൂര്യഗ്രഹണം; അമേരിക്കയിലെ സ്‌കൂളുകള്‍അടച്ചിടുന്നു

ന്യൂയോര്‍ക്ക്:  ഏപ്രില്‍ 8 ന് സമ്പൂര്‍ണ സൂര്യഗ്രഹണം നടക്കുന്നത് പരിഗണിച്ച് അമേരിക്കയിലെ സ്‌കൂളുകള്‍ അടച്ചിടുന്നു. 

ചന്ദ്രന്‍ സൂര്യനെ പൂര്‍ണ്ണമായും മൂടുന്നതിനാല്‍ ഗ്രഹണം നിരവധി സംസ്ഥാനങ്ങളെ ഇരുട്ടിലാക്കും. എട്ടാം തിയതി വടക്കേ അമേരിക്കയിലും മധ്യ അമേരിക്കയിലും ഉടനീളം സൂര്യഗ്രഹണം ദൃശ്യമാകും. ടെക്‌സസ്, ഒക്ലഹോമ, അര്‍ക്കന്‍സാസ്, മിസോറി, ഇല്ലിനോയിസ്, കെന്റക്കി, ഇന്ത്യാന, ഒഹിയോ, പെന്‍സില്‍വാനിയ, ന്യൂയോര്‍ക്ക്, വെര്‍മോണ്ട്, ന്യൂ ഹാംഷെയര്‍, മെയ്ന്‍ എന്നിവിടങ്ങളില്‍ ഗ്രഹണം ദൃശ്യമാകും. ടെന്നസി, മിഷിഗണ്‍ എന്നിവിടങ്ങളിലെ ചെറിയ ഭാഗങ്ങളിലും പൂര്‍ണ സൂര്യഗ്രഹണം അനുഭവപ്പെടും. 4 മിനിറ്റ് 28 സെക്കന്റ് നേരം പൂര്‍ണ്ണ സൂര്യഗ്രഹണം നീണ്ട് നില്‍ക്കുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ഈ നാലുമിനിറ്റും പൂര്‍ണസൂര്യഗ്രഹണം അനുഭവിക്കുന്ന പ്രദേശങ്ങളില്‍ ഇരുട്ടായിരിക്കും.

ഭൂമിക്കും സൂര്യനുമിടയില്‍ ചന്ദ്രന്‍ കടന്നുപോകുമ്പോള്‍ സൂര്യനെ പൂര്‍ണ്ണമായും മറയ്ക്കുകയും ഭൂമിയില്‍ നിഴല്‍ വീഴ്ത്തുകയും ചെയ്യുമ്പോള്‍ പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുന്നു. അപ്പോള്‍ സൂര്യനും ചന്ദ്രനും ഭൂമിയും ഒരു നേര്‍രേഖയില്‍ എത്തുകയും, ഭൂമിയുടെ ഉപരിതലത്തിന്റെ ചില ഭാഗങ്ങളില്‍ എത്തുന്നതില്‍ നിന്ന് ചന്ദ്രന്‍ സൂര്യ പ്രകാശത്തെ തടയുകയും ചെയ്യുന്നു. ഇതാണ് ചിലയിടങ്ങളില്‍ ഇരുട്ടുവീഴാന്‍ കാരണമാകുന്നത്. സമ്പൂര്‍ണ്ണമായും നിഴല്‍ മൂടുന്ന സൂര്യഗ്രഹണം മെക്‌സിക്കോയില്‍ ആരംഭിച്ച് യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ വിവിധ ഭാഗങ്ങളിലേക്ക് നീങ്ങും.

അതേസമയം, ഇരുട്ടുവീഴുന്ന സംസ്ഥാനങ്ങളിലെ പല സ്‌കൂളുകളും ഇതിനകം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷിതാക്കള്‍ക്ക് ഇതുസംബന്ധിച്ച വിവരങ്ങളും നല്‍കിയിട്ടുണ്ട്. ചില സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടിലേക്ക് കൊണ്ടുപോകാനും ഉപയോഗിക്കാനും പ്രത്യേക ഗ്രഹണ ഗ്ലാസുകള്‍ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. സൂര്യനെ നേരിട്ട് നോക്കുന്നത് കണ്ണിന് സ്ഥിരമായ തകരാറുണ്ടാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക