Image

ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ ഭവനനിര്‍മ്മാണപദ്ധതി പുരോഗമിക്കുന്നു.

Published on 21 March, 2024
ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ ഭവനനിര്‍മ്മാണപദ്ധതി  പുരോഗമിക്കുന്നു.


ചിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ 2023 ലെ പ്രധാന തിരുനാളിനോടനുബന്ധിച്ച് തുടക്കം കുറിച്ച കാരുണ്യ ഭവനനിര്‍മ്മാണപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഭവനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ പുരോഗമിക്കുന്നു. 2023 ലെ പ്രധാന തിരുനാളിന്റെ പ്രസുദേന്തിമാരായിരുന്ന വനിതകള്‍ ഒന്നുചേര്‍ന്ന് ഏറ്റെടുത്തുനടത്തുന്ന പദ്ധതിയാണ് കാരുണ്യ ഭവനനിര്‍മ്മാണ പദ്ധതി. ഭവനരഹിതര്‍ക്ക് കൈത്താങ്ങാകുവാന്‍ വനിതകള്‍ തെരെഞ്ഞെടുത്തത് കോട്ടയം അതിരൂപതയിലെ ഹൈറേഞ്ച് - പഠമുഖം ഫൊറോനായിലെ വിവിധ ഇടവകളില്‍ നിന്നും ലഭിച്ച ഏറ്റവും അര്‍ഹരായ 8 കുടുംബങ്ങളെയാണ്. ജനുവരിമാസത്തില്‍ നോര്‍ത്ത് അമേരിക്കന്‍ ക്‌നാനായ റീജിയണ്‍ വികാരി ജനറാള്‍ ഫാ. തോമസ് മുളവനാല്‍, അതാത് ഇടവക വികാരിമാരുടെ സാന്നിധ്യത്തില്‍ ആദ്യ ഭവനങ്ങളുടെ തറക്കല്ലിടീല്‍ ചടങ്ങുകള്‍ നിര്‍വ്വഹിച്ചു.

സമയ ബന്ധിതമായി ഓരോ ഭാവനങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം തന്നെ പുരോഗമിച്ചുകൊണ്ടിരിക്കുന്നു എന്ന് സെന്റ് മേരീസ് ഇടവക വികാരി ഫാ. സിജു മുടക്കോടിയില്‍, ജോജോ അനാലില്‍, ജിനോ കക്കാട്ട് എന്നിവരടങ്ങിയ ഈ പ്രൊജക്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുവാന്‍ നിയുക്തമായ കമ്മറ്റി അറിയിച്ചു. സെലിന്‍ ചൊള്ളമ്പേല്‍ ചെയര്‍ പേഴ്സണായും, മഞ്ജു കല്ലിടുക്കില്‍, സ്റ്റോപ്പി പോളക്കല്‍, ലിയാ കുന്നശ്ശേരി, സിജു കൂവക്കാട്ടില്‍, ഡോളി കിഴക്കേക്കുറ്റ്, സിജു വെള്ളാരംകാലായില്‍, മഞ്ജു ആനാലില്‍, ജീനാ കണ്ണച്ചാംപറമ്പില്‍, ജിഷ പൂത്തറ എന്നിവര്‍ അംഗങ്ങളുമായുള്ള പതിമൂന്നംഗ കമ്മറ്റിയാണ് ഭവനനിര്‍മ്മാണ പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.

തിരുനാളിന്റെ ഭാഗമായും, അതിനു ശേഷവും ഉദാരമായി സാമ്പത്തിക സഹായങ്ങള്‍ ചെയ്തുകൊണ്ട് ഈ ഭവനനിര്‍മ്മാണപദ്ധതിയെ ഹൃദയത്തിലേറ്റിയ എല്ലാ വനിതകള്‍ക്കും ഇടവകാംഗങ്ങള്‍ക്കും ഇടവകയുടെ പേരിലുള്ള നന്ദി അറിയിക്കുന്നതായി ഇടവക വികാരി ഫാ. സിജു മുടക്കോടില്‍ അറിയിച്ചു. 2024 ലെ പ്രധാനത്തിരുനാളിന് മുന്‍പായി എല്ലാ ഭവനങ്ങളും പൂര്‍ത്തിയാക്കികൊണ്ട് ഹൈറേഞ്ചിലെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകുവാന്‍ സാധിക്കും എന്നുള്ള പ്രത്യാശയോടെയാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നത് എന്ന് അദ്ദേഹം അറിയിച്ചു. ഈ കാരുണ്യ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ കമ്മറ്റിയംഗങ്ങളുമായി ബന്ധപ്പെടണമെന്ന് അദ്ദേഹം അറിയിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക