Image

നീന്തക്കാരൻ ( കവിത : ജിസ ജോസ് )

Published on 07 March, 2024
നീന്തക്കാരൻ ( കവിത : ജിസ ജോസ് )

ഡിഗ്രിക്കാലത്ത്
ഞങ്ങളെല്ലാം
മെലിഞ്ഞു നേർത്ത
ഉടലിൽ
അഞ്ചാറുമീറ്റർ തുണി
വാരിച്ചുറ്റി
കത്തിക്കാൻ പാകത്തിനുള്ള
തുണിപ്പന്തം കണക്കു
നടക്കുമ്പോൾ 
കെട്ടിക്കഴിഞ്ഞാൽ
സ്വന്തം ഭാര്യയ്ക്ക്
ചുരിദാറേ
വാങ്ങിക്കൊടുക്കൂ
എന്നുപറയുന്ന
ഒരാൺചങ്ങാതിയുണ്ടായിരുന്നു.

സിനിമകളിൽ
കെട്ടുകഴിഞ്ഞാൽ
പിറ്റേന്ന്
ചുരീദാറുകാരികളും
ജീൻസുകാരും 
മിഡിക്കാരുമൊക്കെ
സാരിയിലേക്കും
തുമ്പു കെട്ടിയിട്ട 
നീളൻമുടിയിലേക്കും
രൂപാന്തരപ്പെടുന്ന 
കാലമായിരുന്നു.
ഒറ്റരാത്രി കൊണ്ട്
അവരുടെ 
തോളൊപ്പം മുടി
മുട്ടറ്റമെത്തുന്ന 
കൺകെട്ട്
 രസമായിരുന്നു ..

അന്നൊക്കെ
കുലസ്ത്രീകൾക്ക്
സാരിയല്ലാതൊരു
വേഷം കെട്ടാൻ
കെട്ടിയോന്മാർ 
സമ്മതിക്കേണ്ടിയിരുന്നു
മൈ ബോഡി 
മൈ ചോയിസെന്നൊന്നും
ഞങ്ങൾ കേട്ടിട്ടില്ല.
ബോഡീന്നു 
പറഞ്ഞാൽ
അന്നൊക്കെ
ബോഡീസെന്നേ
അർത്ഥവുമുള്ളൂ...

ചങ്ങാതിയോട്
ആദരവു തോന്നി ,
അവൻ 
കെട്ടാൻ പോകുന്നവളോട്
അസൂയയും ..
അത്തരമൊരുത്തൻ
കെട്ടാൻ വന്നെങ്കിലെന്നു
കൊതിച്ചു ..
അങ്ങനെങ്കിൽ
പാവാടച്ചുഴിയിൽ
മുങ്ങിത്താഴാതെ
രണ്ടുകാലും തോന്നുമ്പടി
നീട്ടിവലിച്ചു
നടക്കായിരുന്നു.
മരം കേറാനും
കാടുമെതിച്ചു നടക്കാനും
കാലുകൾ 
തിരിച്ചുകിട്ടുന്നതോർത്തപ്പോ
കുളിരു കോരി.

സെൻ്റോഫിൻ്റെന്ന്
ഗ്രൂപ്പ്ഫോട്ടോയും
കാപ്പികുടീം കഴിഞ്ഞിട്ടും
പിരിയാൻ മടിച്ചുമടിച്ചു
ലൈബ്രറീല് 
തങ്ങിത്തടഞ്ഞു
നിൽക്കുമ്പോ
കൈയ്യെത്തിച്ചു
പുസ്തകം 
തിരയുന്നവളുടെ
സാരിക്കിടയിൽ
കാണുന്ന
മിനുമിനുത്ത
ഇത്തിപ്പോരം
വയറുചൂണ്ടി 
അവൻ പറഞ്ഞു
കണ്ടോടീ
ഇതു കൊണ്ടാ  
ഞാനെൻ്റെ പെണ്ണിനു
ചുരീദാർ വാങ്ങിക്കൊടുക്കുന്നേ
അതാകുമ്പം
വയറും കാണുകേല
ഷാളിട്ടു മൂടിയാൽ
 ............
പുസ്തകം തിരയുന്നവളുടെ
ഇത്തിപ്പോരം
മുലക്കൂർപ്പിലേക്ക്
നോക്കി ഒട്ടും
മൊലേം പുറത്തു
കാണുകേലെന്നു
അവനുറക്കെ പറയാത്തതു
ഞാൻ പൂരിപ്പിച്ചു.

ഇന്നാള്
വന്ദേഭാരതിൽ 
കേറാൻ നിക്കുമ്പഴാണ്
പിന്നവനെക്കാണുന്നത്.
എടീയെന്നവൻ
ഓടിവന്നു.
നിന്നെക്കാണാൻ
ഒരു മാറ്റവുമില്ലല്ലോടീ
എന്നു പറഞ്ഞ 
നാവിൽത്തന്നെ,
നീയങ്ങു തടിച്ചുവീർത്ത്
ആകെ നരച്ചെന്നുമവൻ
കൂട്ടിച്ചേർത്തു. ...
കെട്ടിയോൻ ,കുട്ടി ,
വീട്, കുടി..
ഒറ്റശ്വാസത്തിൽ
നൂറായിരം 
അന്വേഷണങ്ങൾ..

ചോദ്യങ്ങൾക്കിടയിൽ
കിട്ടിയൊരു പഴുതിൽ
അവൻ്റെ 
ചുരീദാറുകാരി
ഭാര്യയെ ഞാൻ തിരഞ്ഞു.
കെട്ടും ഭാണ്ഡങ്ങളുമായി
മാറിനിൽക്കുന്ന
ജീൻസുകാരിയെ
ചൂണ്ടിക്കാട്ടുന്നതിനിടയിൽ
അവൻ പറഞ്ഞു

വല്യ നീന്തക്കാരിയാ
സ്പോർട്സ് ക്വാട്ടയിൽ
ഓഫീസറു റാങ്കിലു
പണി കിട്ടീതാ...
മാസത്തിലു
പകുതിദിവസോം
മത്സരങ്ങള്, കോച്ചിങ് ...
വല്യതിരക്കാ ,
ശരിക്കൊന്നു
കാണാൻ പോലും
കിട്ടത്തില്ലെടീ....

അവൻ്റെ മുഖത്ത്
അഭിമാനം തിളങ്ങി.
എൻ്റെ കുർത്തയ്ക്കു 
നേരെ അവജ്ഞയോടെ
നോക്കി അവൻ
പറഞ്ഞു.
കട്ടിയൊള്ള
ജീൻസും
 ഇച്ചിരെഎറക്കമൊള്ള
ടോപ്പുമാടീ
പെണ്ണുങ്ങക്കേറ്റോം 
നല്ല വേഷം
അതാകുമ്പം
മറയണ്ടതൊക്കെ
മറയുവേം ചെയ്യും..
മാന്യതേമൊണ്ട്..
എൻ്റെ കെട്ടിയോള്
അതേ ഇടൂ
അതിടാനേ ഞാൻ
സമ്മതിക്കത്തൊള്ളു.

കട്ടിയൊള്ള
ജീൻസിട്ടു നീന്തുന്ന
വല്യ 
നീന്തക്കാരിയെക്കുറിച്ചോർത്ത്
എനിക്ക് 
ചിരിയടക്കാനാവാതെയായി..
എന്നാടീ ചിരിക്കുന്നേന്നു
ചോദിച്ചപ്പോ
ചെക്കാ
നിനക്കു നീന്തലറിയത്തില്ലല്ലോ
എന്നു മാത്രം 
ഞാൻ ചോദിച്ചു..
എനിക്ക്
വെള്ളം കണ്ടാത്തന്നെ
പേടിയാടീന്നവൻ
നിഷ്കളങ്കനായി.. .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക