Image

ട്രഷറി ( കഥ : കുമാരി എൻ. കൊട്ടാരം )

Published on 06 March, 2024
ട്രഷറി ( കഥ : കുമാരി എൻ. കൊട്ടാരം )

ഒന്നാം തീയതിയും രണ്ട് അവധി ദിവസങ്ങൾക്കു ശേഷം വന്ന വർക്കിങ്ങ് ഡേയും ആയതിനാൽ ട്രഷറിയിൽ നല്ല തിരക്കായിരുന്നു. ക്യൂവിലുണ്ടായിരുന്ന
അവസാനത്തെ ആൾക്കും പെൻഷൻ കൊടുത്തു കഴിഞ്ഞപ്പോൾ സമയം ഒന്നരയായി.
രാവിലെ ഒന്നും കഴിക്കാതെ പോന്നതാണ് വിശന്നിട്ടു കണ്ണു കാണാൻ വയ്യ. എന്നിട്ടും പെൻഷൻ വാങ്ങാൻ നിൽക്കുന്നവരുടെ ക്യൂവിനെ അവശേഷിപ്പിച്ചു കൊണ്ട് ഊണു കഴിക്കാൻ പോകാൻ തോന്നിയില്ല. കാരണം അവരും രാവിലെ തന്നെ വീട്ടിൽ നിന്നു പോന്നവരും 56 വയസ്സിൽ കൂടുതൽ പ്രായമുള്ളവരുമാണല്ലോ .മാത്രമല്ല ഓരോരോ രോഗങ്ങളുള്ളവരും നേരത്ത് ഭക്ഷണം കഴിക്കേണ്ടവരും എത്രയും വേഗം വീട്ടിലെത്തിപ്പെടേണ്ട ആവശ്യമുള്ളവരും ആയിരിക്കും.

കുറച്ച് മുമ്പാണ് പ്രശാന്ത് വിളിച്ചത്. മോളുടെ ഓപ്പൺ ഹൗസിന് പൊയ്ക്കോളാമെന്ന് ഏറ്റതാണ്.ഒന്നാം തീയതിയായതുകൊണ്ട് ലീവെടുക്കാൻ ബുദ്ധിമുട്ടാണെന്ന് പറയുകയും ചെയ്തതാണ്.
എന്നിട്ടും...
 പെട്ടെന്നെന്തോ അത്യാവശ്യം വന്നത്രെ!
ഒന്നൂണ്ടാവില്ല. മോൾക്ക് മാർക്ക് കുറവാണ് അത് തന്നെ കാര്യം. പഠിക്കാൻ ലേശം പുറകോട്ടാണെങ്കിലും മറ്റെല്ലാത്തിനും അവൾ ഒന്നാമതാണ്.അത് കൊണ്ട് തന്നെ അധ്യാപകർക്കെല്ലാം അവളെ ഇഷ്ടമാണ്. അവൾ അവിടെ പഠിക്കാൻ തുടങ്ങിയതിൽ പിന്നെയാണ് യുവജനോത്സവത്തിൽ അവരുടെ സ്ക്കൂൾ സംസ്ഥാനതലം വരെ എത്തിയതും ഒന്നാം സ്ഥാനവും എ ഗ്രേഡുമൊക്കെ കിട്ടിത്തുടങ്ങിയതും.
തുള്ളി നടക്കാതെ പഠിക്കാൻ നോക്ക്. എന്ന് പ്രശാന്ത് പറയും.
എനിക്ക് സമ്മാനം കിട്ടുന്നതിൻ്റെ അസൂയയാ അച്ഛന് എന്ന് പറയും മോൾ.
"കലകൾ കൊണ്ടൊന്നും ജീവിക്കാൻ പറ്റില്ല മോളേ.കേട്ടിട്ടില്ലേ കല കലക്കുവേണ്ടി എന്ന്. കല ജീവിക്കാൻ വേണ്ടി എന്നാരും പറഞ്ഞിട്ടില്ല. നന്നായി ജീവിക്കണമെങ്കിൽ നന്നായി പഠിച്ച് നല്ല ജോലി സമ്പാദിക്കണം അച്ഛനേപ്പോലെ. അല്ലാതെ അമ്മയേപ്പോലെ വെറും ഒരു ക്ലാർക്കായിട്ടൊന്നും കാര്യമില്ല."
"ഞാൻ എട്ടാം ക്ലാസ്സല്ലേ ആയുള്ളു അച്ഛാ " എന്ന് മോൾ
"കതിരേക്കൊണ്ട് വളം വച്ചിട്ട് കാര്യമില്ല."

" കഴിഞ്ഞില്ലേ പ്രിയേ പോയി ഊണ് കഴിക്ക് "
ശശാങ്കനാണ് .
"ഞാൻ പോയി ചിട്ടിപ്പൈസ അടച്ചിട്ട് ഇപ്പ വരാം
 കേട്ടോ "
ചിട്ടിപ്പൈസ അടയ്ക്കാനൊന്നുമല്ല കെ.എസ്.എഫ്.ഇ യിലൊരു പുതിയ സ്റ്റാഫ്
ജോയിൻ ചെയ്തു എന്നാരോ പറഞ്ഞു. ശശാങ്കനിതുവരെ പറ്റിയ പെണ്ണിനെ കിട്ടിയില്ല വിവാഹം കഴിക്കാൻ . ഓഫീസുകളിൽ പുതിയ സ്റ്റാഫ് ജോയിൻ ചെയ്തു എന്നറിഞ്ഞാൽ ശശാങ്കൻ
അവിടെ ചുറ്റിത്തിരിഞ്ഞ് അവരുടെ ഡീറ്റെയിൽസ് കളക്ററു ചെയ്യും. ചിലപ്പോൾ എല്ലാം ചോദിച്ചറിഞ്ഞിട്ട് ലാസ്റ്റാവും മാരീഡാണെന്നറിയുന്നത്.
ഇപ്പോഴത്തെ പിള്ളേർക്ക് സീമന്തരേഖയിൽ സിന്ദൂരമോ ഉടമസ്ഥനുണ്ടെന്നറിയിക്കാൻ താലി പ്രദർശനമോ ഒന്നുമില്ലല്ലോ .

ഞാൻ സിസ്റ്റം ഓഫാക്കി എണീക്കുമ്പോഴാണ് ഒരു ചെക്കൻ  പത്തോ പന്ത്രണ്ടോ  വയസ്സ് കാണും പരിഭ്രമത്തോടെ ഓടി വാതിൽ കടന്നു വരുന്നതു കണ്ടത്. ചുറ്റുപാടും കണ്ണോടിച്ച അവൻ
എന്നെ കണ്ടതും ഒന്ന് സംശയിച്ചു നിന്നിട്ട്  എൻ്റടുത്തേയ്ക്ക് വന്നു.
"എന്താ ?" 
ഞാൻ ചോദിച്ചു.
ഓടി വന്നതിനാലാവാം അവനെ കിതയ്ക്കുന്നുണ്ടായിരുന്നു. വെയിലുകൊണ്ട് മുഖം ചുവന്നിരുന്ന .ഇരു ചെന്നിയിൽ നിന്നും വിയർപ്പു ചാലുകൾ ചെവിയ്ക്കരുകിലൂടെ താഴേയ്ക്കൊഴുക്കുന്നു. മുടിപ്പാറിപ്പറന്നിരുന്നു. ഷർട്ടിൻ്റെ അറ്റമുയർത്തി അവൻ വിയർപ്പു തുടച്ചു.
"നീ ആരെ തിരക്കി വന്നതാ ?
" ആരെയും തിരക്കി വന്നതല്ല "
"പിന്നെ... ?" 
"ഇത് രൂപ കൊടുക്കുന്ന സ്ഥലമല്ലേ
എനിക്ക് കുറച്ചു രൂപ വേണം"
"രൂപയോ ?"
" ങ്ഹാ."
"ഇവിടുന്ന് രൂപ കിട്ടുമെന്ന് നിന്നോടാരാ പറഞ്ഞത്?
"ഇവിടെ വന്ന് ആൾക്കാര് കാശും വാങ്ങി പോണണ്ടല്ലോ."
"അതിന്?"
"എനിക്കും കൊറച്ച് രൂപ വേണം.
ദിനുവേട്ടൻ പറഞ്ഞല്ലോ നമ്മുടെ സർക്കാരിൻ്റെ കാശെല്ലാം ഇവിടെയാ സൂക്ഷിയ്ക്കുന്നെ  എന്ന് .

"ആരാ നിൻ്റെ ദിനുവേട്ടൻ?"

" ദിനുവേട്ടൻ അപ്പുറത്തെ വീട്ടിലെ രാധേച്ചിയുടെ മകൻ .ദിനുവേട്ടന് എല്ലാക്കാര്യങ്ങളും അറിയാം."
"നീ ഏത് ക്ലാസ്സിലാ പഠിക്കുന്നെ?
ഏത് സ്കൂളിലാ ?.
ഇന്ന് സ്ക്കൂളില്ലേ?
എവിടെയാ നിൻ്റെ വീട്?
" ഇങ്ങനെ ചോദ്യങ്ങൾ ചോദിച്ചോണ്ടിരിക്കാതെ എനിക്ക് കുറച്ച് രൂപ തരൂ. സമയം പോണൂ "
"എന്തിനാ നിനക്കിപ്പോൾ രൂപാ? "
"അത്     ......
അത് പിന്നെ.
അത്രേം സമയം ചൊടിയോടെ ധ്രുതിയിൽ സംസാരിച്ചുകൊണ്ടിരുന്ന അവൻ്റെ മുഖം വാടി കണ്ണു നിറഞ്ഞു.ഒരു ഏങ്ങലടി അവൻ്റെ നെഞ്ചിൻ കൂട്ടിൽ ചുറ്റിത്തിരിഞ്ഞ് പുറത്തു കടക്കും മുമ്പ് ഞാൻ എണീറ്റ് അവനരുകിലെത്തി.
അവനെ ചേർത്ത് പിടിച്ച്
കൗണ്ടറുകൾക്ക് പുറത്തിട്ടിരിക്കുന്ന കസേരയിലിരുത്തി ഞാനും അടുത്തിരുന്നു.
"കരയണ്ട. പറയൂ എന്തിനാ കാശ് ?
" അമ്മ.. അമ്മ
ആശുപത്രീലാ.കുത്തിവയ്പിനുള്ള മരുന്ന് ആശുപത്രീലില്ല. വാങ്ങിച്ചു കൊടുക്കണം. കാശില്ല"
"മോൻ്റച്ഛൻ?
" അറിയില്ല "
"മോന് വേറെ ആരാ ഉള്ളത്?
" ചേച്ചി. അമ്മേടെയടുത്തുണ്ട്.
പക്ഷേ ചേച്ചി ഊമച്ചിയാ"
"ഊമച്ചിയോ !"
 "ഉം .ചേച്ചി സംസാരിക്കില്ല. അതു കൊണ്ടാ ചേച്ചീടച്ഛൻ ഇട്ടിട്ടുപോയേ "
" ചേച്ചീടെ അച്ഛനല്ലേ നിൻ്റെ അച്ഛൻ ?.
" അല്ല. എൻ്റെ അച്ഛനെ ഞാൻ കണ്ടിട്ടില്ല. വലുതാവുമ്പോ ഞാങ്കണ്ടു പിടിക്കും അച്ഛനെ ".
അവൻ്റെ കണ്ണിൽ നിശ്ചയദാർഢ്യം.
"നീ വല്ലതും കഴിച്ചോ "
" കഴിച്ചു "
"എന്താ നിൻ്റെ പേര് ?.
"എൻ്റെ പേരല്ല കാര്യം.
എൻ്റെ അമ്മയ്ക്ക് ശ്വാസംമുട്ടൽ വല്ലാതെ കൂടിയിരിക്കയാണ്.
സർക്കാര് നിറയെ കാശ് എല്ലാർക്കും കൊടുക്കുന്നുണ്ടല്ലോ .
ഞാനിതുവരെ കാശിന് വന്നിട്ടില്ലല്ലോ. ആദ്യായിട്ടല്ലേ .അതും അമ്മയ്ക്കു വേണ്ടിയല്ലേ.
നിങ്ങൾക്ക് കാശെടുത്തു തരാൻ പറ്റില്ലെങ്കിൽ ഞാൻ ആ ആളോടു ചോദിച്ചോളാം."
ലഞ്ചു കഴിഞ്ഞ് വന്ന് സീറ്റിൽ ചാരി കണ്ണടച്ചിരിക്കുന്ന ട്രഷറി ഓഫീസർ ബ്രഹ്മാനന്ദൻ സാറിനെ ചൂണ്ടി അവൻ പറഞ്ഞു 
രൂപക്കൂട്ടിലിരിക്കുന്ന യേശുവിനെപ്പോലെ
.പ്രത്യേകം ചില്ലുകൂട്ടിൽ ഇരിക്കുന്ന അദ്ദേഹത്തിന് എളുപ്പത്തിൽ അത് സാധ്യമാകുമെന്ന് അവൻ വിചാരിക്കുന്നുണ്ടാവാം.
'' വേണ്ട. വേണ്ട. ഞാൻ തരാം .നീ ഇവിടെ അഞ്ച് മിനിട്ടിരിക്ക്.ഞാൻ വേഗം ഭക്ഷണം കഴിച്ചു വരാം.പിന്നെ കാശിൻ്റെ കാര്യം ആരോടും പറയരുത്. ഇന്ന് കാശ് വിതരണം ചെയ്യുന്നത് ഞാനാണ്. നിനക്ക് വേണ്ട കാശ് ഞാനെടുത്തു 
തരാം ട്ടൊ "
അവൻ മന്ദഹസിച്ചു.
തലയാട്ടി.

ഞാനങ്ങനെ പറഞ്ഞെങ്കിലും എൻ്റെ പക്കൽ മുന്നൂറ് രൂപയോളമേ കാണൂ.
ശമ്പളം വന്നിട്ടുമില്ല.
ഗോപുവിനോട് ചോദിക്കാം. ശമ്പളം കിട്ടിയില്ലെങ്കിലും അവൻ്റെ അക്കൗണ്ടിൽ കാശുണ്ടാകും. ശമ്പളം കൊണ്ട് എണ്ണിപ്പെറുക്കി ജീവിക്കുന്നവനല്ല.
രണ്ടായിരം രൂപ അവനേക്കൊണ്ട് ഗൂഗിൾ പേ ചെയ്യിച്ചു.
ലഞ്ച് ബ്രേക്ക് കഴിഞ്ഞ് എല്ലാവരും തന്നെ സീറ്റിലെത്തിയിട്ടുണ്ട്.
ഞാൻ ബാഗുമെടുത്ത് ഇറങ്ങാൻ തുടങ്ങുകയായിരുന്നു.
പെട്ടെന്നാണ് കുറേ പോലീസുകാർ ഓടിക്കയറി വന്നത് പോലീസ് നായയുമുണ്ട്.
ഒരാൾ നേരെ ഓഫീസറുടെ അടുത്തേയ്ക്ക് പോയി.
ആ കുട്ടി തൂണിന് പിന്നിൽ ഒളിക്കുന്നത് കണ്ടു.
എല്ലാവരും എത്രയും വേഗം പുറത്തിറങ്ങൂ.
മിനി സിവിൽ സ്റ്റേഷനിൽ ബോംബു വച്ചിട്ടുണ്ട് എന്ന് ഒരു അനോനിമസ് കോള് വന്നു. പാനിക്കാകാതെ എല്ലാവരും പുറത്തു പോകൂ.
കേട്ടതും എല്ലാവരും സിസ്റ്റം ഓഫാക്കി. ചോറ്റുപാത്രങ്ങളൊന്നും എടുക്കാൻ നിൽക്കാതെ പുറത്തു കടന്നു .കൗണ്ടറുകൾക്ക് മുന്നിൽ നിന്നവരേയും കസേരയിൽ അവിടവിടെയായി ഇരുന്നവരേയും ധ്രുതി കൂട്ടി ഭയപ്പെടുത്താതെ പോലീസുകാർ പുറത്തേക്ക് വിട്ടു.
ഞാൻ അവൻ്റെയടുത്തേക്ക് ചെല്ലുമ്പോഴേതും തൂണിനപ്പുറം പതുങ്ങി നില്ക്കുന്ന അവനെ ഒരു പൊലീസുകാരൻ കണ്ടു.
"നീ ആരുടെ കൂടെ വന്നതാ " 
"ആരുടേം കൂടെയല്ല."
"നീ എന്തിന് വന്നു? ഇങ്ങോട്ട് മാറിനിൽക്കെടാ.'
എന്ന് പറഞ്ഞ് മറ്റൊരു പോലീസ് അവനെ തൂണിൻ്റെ മറവിൽ നിന്ന് പിടിച്ച് മാറ്റി അടിമുടി നോക്കി. അവൻ പേടിച്ച് കരയുമെന്ന് ഞാൻ കരുതി.
പക്ഷേ പേടിയില്ലെന്ന് മാത്രമല്ല ഒരു കൂസലില്ലായ്മയാണ് അവൻ്റെ മുഖത്തു അപ്പോൾ കണ്ടത് .
"ട്രഷറിയിൽ നിനക്കെന്തു കാര്യം ? 
അവൻ ആ പൊലീസുകാരനെ തുറിച്ചു നോക്കി. ഒരു കുട്ടിയ്ക്ക് കണ്ണുകളിൽ  ഇത്രയും തീക്ഷ്ണത നിറയ്ക്കാൻ കഴിയുമോ. ഞാനമ്പരന്നു.
" അവൻ്റെ നോട്ടം 
കണ്ടില്ലേ .ഏതോ കൂടിയ ഇനമാണ് "
" ഇവനെ ആ പെറുക്കിപ്പിള്ളേരൊടൊപ്പം കാണാറുള്ളതല്ലേ?
" ഞാൻ പെറുക്കിയല്ല."
"പെറുക്കിയല്ലെങ്കിൽ പിന്നെ നീ എന്തിനാ അവരുടെ കൂടെ നടക്കുന്നെ?"
"സാറമ്മാര് കള്ളമ്മാരുടെ കൂടെ നടക്കാറില്ലേ.അത് കള്ളനായതുകൊണ്ടാ?"
ആ ചെക്കനെ വിട്ടു കള എന്നു പറഞ്ഞ് ഒരാൾ പോയി .പിന്നാലെ മറ്റെയാളും. 
ഞാൻ വേഗം അവൻ്റെയടുത്തെത്തി.അവൻ്റെ കൈപിടിച്ച്  പുറത്തേയ്ക്ക് നടക്കുമ്പോൾ അത് കണ്ട് ആ പോലീസുകാരൻ വീണ്ടുമെത്തി എന്നോട് ചോദിച്ചു: "നിങ്ങൾ ട്രഷറി സ്റ്റാഫല്ലേ.ഈ കുട്ടിയെ നിങ്ങൾക്കറിയാമോ?"
" അറിയാം. വീടിനടുത്തുള്ള കുട്ടിയാണ് . എൻ്റെ അമ്മ ഒന്നു തല ചുറ്റി വീണു. താലൂക്ക് ഹോസ്പിറ്റലിൽ കൊണ്ടു വന്നിട്ടുണ്ട്. ആ വിവരം എന്നോട് പറയാൻ ഓടി വന്നതാ "
ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞു നിർത്തി.
 എത്ര പെട്ടെന്നാ ഒരു സാഹചര്യം മനുഷ്യനെ കള്ളത്തരത്തിൽ പൊതിഞ്ഞെടുക്കുന്നത്. "
"ആണോടാ ?"
"അതേ "

 "ഉം ശരി". 
അവർക്കെന്തോ കുട്ടിയെ സംശയമുള്ളതുപോലെ. മനസ്സുനിർമ്മിതമായ ബോംബുകളുടെ കാലമാണല്ലോ. ഒരു നായയ്ക്കോ ബോംബു സ്ക്കാഡിനോ കണ്ടു പിടിക്കാൻ കഴിയില്ല.

"നിനക്ക് മറ്റേ പോലീസുകാരനെ അറിയാമോ? 
നീ എന്തിനാ അയാളെ തുറിച്ചു നോക്കി പേടിപ്പിച്ചത്?"  
" അയാൾ രാധേച്ചിയുടെ വീട്ടിൽ ഇടയ്ക്ക് വരാറുണ്ട് ഞാൻ കണ്ടിട്ടുണ്ട് "
"അതെന്തിന്  "
"രാധേച്ചിയുടെ ഭർത്താവ് കള്ളനാ. അയാളെ തിരക്കി വരുന്നതാ. അയാളില്ലാത്തപ്പോ .
 പക്ഷേ ആ പോലീസുകാരൻ വീട്ടി വരുന്നത്. ദിനുവേട്ടനിഷ്ടമല്ല .ഒരു ദിവസം പാത്തിരുന്ന് അയാളെ കുത്തിമലർത്തുമെന്ന് ദിനുവേട്ടൻ പറഞ്ഞു.ജയിലിൽ പോകാനൊനം ദിനുവേട്ടന് പേടിയില്ലാന്നും പറഞ്ഞു. "
" നിൻ്റെ ദിനുവേട്ടൻ അയാളെ കൊല്ലുന്നതെന്തിന്?"
 "അയാൾ ചീത്തയാ."

ഞങ്ങൾ പുറത്തേയ്ക്കുള്ള സ്റ്റെപ്പിറങ്ങി ഗേറ്റിങ്കലേക്ക് നടക്കുമ്പോൾ രണ്ടാമത്തെ പൊലീസുകാരൻ  ഓടി വന്ന് ഞങ്ങളുടെ മുന്നിലെത്തി വഴിതടഞ്ഞു.
"നിൽക്കൂ   നിൽക്കൂ.
എന്താടാ നിൻ്റെ നിക്കറിൻ്റെ പോക്കറ്റ് വീർത്തിരിക്കുന്നെ?

അവൻ പോക്കറ്റിൽ മുറുകെ പിടിച്ചു .
"എന്താടാ നോക്കട്ടെ."
അവൻ പോക്കറ്റിൽ നിന്നും കയ്യെടുക്കാതെ എൻ്റെ പിന്നിലേക്ക് മാറി.
അയാളും എൻ്റെ പിന്നിലേക്ക് മാറിയതും അവൻ പെട്ടെന്ന് എൻ്റെ കൈവിടുവിച്ച് മുന്നിലേക്ക് വന്ന് ഗേറ്റിങ്കലേയ്ക്കോടി.
 നില്ക്കടാ അവിടെ എന്ന് പറഞ്ഞ് അയാൾ പിന്നാലെ ഓടിയതും അവൻ ഗേറ്റു കടന്ന് വഴിയിലേക്കിറങ്ങിയതും ഒരു കാറ് അവനെ തട്ടിത്തെറിപ്പിച്ച് പാഞ്ഞു പോയതും ഒപ്പം കഴിഞ്ഞു .

ട്രഷറിയിൽ നിന്നും സിവിൽ സ്റ്റേഷനിലെ മറ്റ് ഓഫീസുകളിൽ നിന്നിറങ്ങി പുറത്തു നിന്നവരും കാര്യമെന്തെറിയാൻ സിവിൽ സ്റ്റേഷൻ്റെ മെയിൻ ഗേറ്റിങ്കൽ കൂടിയവരും അടുത്ത കടകളിൽ നിന്നെത്തിയ ആൾക്കാരും എല്ലാം അവിടേക്ക് ഒഴുകിയെത്തി പെട്ടെന്ന് അവിടം ഒരാൾക്കടലായി.

ഒരടി മുന്നോട്ടുവയ്ക്കാനാകാതെ ഉൾക്കിടിലത്തോടെ നിന്നു പോയി ഞാൻ. എന്നെ തട്ടി ആൾക്കാർ റോഡിലേയ്ക്ക് പിന്നെയും പൊയ്ക്കൊണ്ടിരുന്നു.
ഫോൺ ബെല്ലടിച്ചു .ഞാൻ യാന്ത്രികമായി ഫോണെടുത്തു .
മോളാണ്. " അമ്മേ ഓപ്പൺ ഹൗസിനു വരില്ലേ? പേരൻ സൊക്കെ വന്നു തുടങ്ങി. "
" വരാംമോളേ വരാം"

ആൾക്കൂട്ടത്തിനിടയിലൂടെ അപകടസ്ഥലത്തെത്താൻ തുനിഞ്ഞില്ല ഞാൻ. എനിക്കത് കാണാൻ വയ്യ.
അവൻ്റെ കൈയ്യിൽ കോർത്തു പിടിച്ചിരുന്ന എൻ്റെ വിരലുകളുടെ ശൂന്യതയിലേക്ക് ഞാൻ വെറുതെ നോക്കി.  
ട്രഷറിയുടെ വരാന്തയിലെ കസേരയിൽ തളർന്നിരുന്നു ഞാൻ.
എത്ര സമയം ഞാനങ്ങനെ യിരുന്നു എന്നറിയില്ല.
പരിശോധനയ്ക്ക് ശേഷം ബോംബ് സ്ക്ക്വാഡും പോലീസുകാരും തിരിയെ പോയി.
എവിടെയും സംശയാസ്പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.
ഇന്നിനി ഓഫീസുകളൊന്നും പ്രവർത്തിക്കേണ്ട എന്ന് കളക്ടർ ഉത്തരവിട്ടത്രെ!
ഞാൻ മെല്ലെ എഴുന്നേറ്റു.
"പ്രിയ പോയില്ലാരുന്നോ. എനിക്ക് കുറി വീണു കേട്ടോ " ശശാങ്കനാണ്.

 ആൾക്കടൽ വറ്റി. ഞാൻ റോഡിലേയ്ക്കിറങ്ങി. എല്ലാം പഴയപടി തന്നെ.. കുറച്ച് മുമ്പ് ഒരു ജീവൻ അപകടത്തിൽ പെട്ടതിൻ്റെ ഒരു സൂചനയും അന്തരീക്ഷത്തിലില്ല. മനുഷ്യരിലില്ല.
അവൻ തെറിച്ചു വീണിടത്ത്  ആരോ വരച്ച മോഡേൺ ആർട്ടു പോലെ ചോര പരന്നു കിടന്നു.
വീണ്ടും ഫോണടിക്കുന്നു.
പ്രശാന്താണ്. "നീ എന്താ മോളുടെ സ്ക്കൂളിൽ പോയില്ലേ?"
"ഇല്ല. ലീവ് കിട്ടിയില്ല."
" നിനക്കതൊന്നു വിളിച്ചു പറഞ്ഞു കൂടാരുന്നോ ...പ്രശാന്ത് ചൂടാകും മുമ്പ് ഞാൻ ഫോൺ കട്ട് ചെയ്തു.
 അത് വഴി വന്ന ഓട്ടോയ്ക്ക് കൈ കാണിച്ചു.
"എങ്ങോട്ടാ ?"
"താലൂക്ക് ഹോസ്പിറ്റൽ "
"ചേട്ടാ വേഗം വിട്ടോ. അമ്മ ശ്വാസം കിട്ടാതെ പിടയുകയാ. ...."
ഓട്ടോയിൽ എനിക്കരുകിൽ പരിഭ്രാന്തിയോടെ അവൻ. 
ഞാൻ അവൻ്റെ കയ്യിൽ മുറുകെ പിടിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക