Image

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യത്തെ ഒടിടി 'സി സ്പേസ്' വരുന്നു

Published on 05 March, 2024
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യത്തെ ഒടിടി 'സി സ്പേസ്' വരുന്നു

രാജ്യത്ത് ആദ്യമായി ഒരു സംസ്ഥാന സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ഒടിടി (ഓവര്‍-ദ-ടോപ്) പ്ലാറ്റ് ഫോം അവതരിപ്പിക്കാനൊരുങ്ങി കേരളം.

സംസ്ഥാന സര്‍ക്കാരിന്‍റെ ഒടിടി പ്ലാറ്റ് ഫോം ആയ 'സി സ്പേസ്' മാര്‍ച്ച്‌ 7 ന് രാവിലെ 9.30 ന് തിരുവനന്തപുരം കൈരളി തിയേറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും.

ഉള്ളടക്കത്തിലും പ്രചാരണത്തിലും ഒടിടി മേഖലയിലെ വര്‍ധിച്ചുവരുന്ന അസന്തുലിതാവസ്ഥകളോടും വെല്ലുവിളികളോടുമുള്ള പ്രതികരണമാണ് സി സ്പേസിലൂടെ സാധ്യമാക്കുന്നതെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകനും കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ (കെഎസ്‌എഫ് ഡിസി) ചെയര്‍മാനുമായ ഷാജി എന്‍ കരുണ്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കെഎസ്‌എഫ് ഡിസിക്കാണ് സി സ്പേസിന്‍റെ നിര്‍വ്വഹണച്ചുമതല. സി സ്പേസിലേക്കുള്ള സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനും അംഗീകരിക്കുന്നതിനുമായി ചലച്ചിത്രപ്രവര്‍ത്തകരായ സന്തോഷ് ശിവന്‍, ശ്യാമപ്രസാദ്, സണ്ണി ജോസഫ്, ജിയോ ബേബി, എഴുത്തുകാരായ ഒ.വി ഉഷ, ബെന്യാമിന്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള 60 അംഗ ക്യൂറേറ്റര്‍ സമിതി കെഎസ്‌എഫ് ഡിസി രൂപീകരിച്ചിട്ടുണ്ട്.

സി സ്പേസിലേക്ക് സമര്‍പ്പിക്കുന്ന ഉള്ളടക്കങ്ങളുടെ കലാപരവും സാംസ്കാരികവുമായ മൂല്യം സമിതി അംഗങ്ങള്‍ വിലയിരുത്തും. ഇവര്‍ ശുപാര്‍ശ ചെയ്യുന്ന സിനിമകള്‍ മാത്രമേ പ്ലാറ്റ് ഫോമില്‍ പ്രദര്‍ശിപ്പിക്കുകയുള്ളൂ. അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചവയും ദേശീയ-സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയതുമായ സിനിമകള്‍ ക്യൂറേറ്റ് ചെയ്യാതെ തന്നെ പ്രദര്‍ശിപ്പിക്കും.

സി സ്പേസിന്‍റെ ആദ്യ ഘട്ടത്തിലേക്ക് 42 സിനിമകള്‍ ക്യൂറേറ്റര്‍മാര്‍ തെരഞ്ഞെടുത്തതായി ഷാജി എന്‍ കരുണ്‍ പറഞ്ഞു. ഇതില്‍ 35 ഫീച്ചര്‍ ഫിലിമുകളും 6 ഡോക്യുമെന്‍ററികളും ഒരു ഹ്രസ്വചിത്രവുമാണുള്ളത്. നിരവധി പുരസ്കാരങ്ങള്‍ നേടിയ 'നിഷിദ്ധോ', 'ബി 32 മുതല്‍ 44 വരെ' എന്നീ സിനിമകള്‍ സി സ്പേസ് വഴി പ്രീമിയര്‍ ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക