Image

അന്തസ്സുള്ള മൃതശരീരങ്ങൾ ( കവിത : താഹാ ജമാൽ )

Published on 05 March, 2024
അന്തസ്സുള്ള മൃതശരീരങ്ങൾ ( കവിത : താഹാ ജമാൽ )

ചുമ്മാ 
ഇളിച്ചുകൊണ്ട് നടക്കരുത് 
നെറ്റിയിൽ എഴുതി വച്ചതാണ് അന്തസ്സുള്ള,കുലമഹിമയുള്ള ഗോത്രമുള്ള 
ഒരു മുതിർന്ന പൗരനാണെന്ന്
എന്നിട്ടും?

"അദ്ദേഹം "
എന്നാണ് സാർ മറ്റുള്ളവരോട് എന്നെക്കുറിച്ച് എന്റെ ഭാര്യ പോലും സംബോധന ചെയ്യുന്നത് 
സ്വന്തമായി ഭൂമിയുണ്ട്
കെട്ടിടമുണ്ട് 
സഞ്ചരിയ്ക്കാൻ മൂന്നാല് 
വണ്ടിയുണ്ട് സർ.

നാട്ടിൽ ഞാൻ 
പലതിന്റെയും പ്രസിഡൻ്റാണ്,
സെക്രട്ടറിയാണ്
ഖജാൻജിയാണ്
വീട്ടുമുറ്റത്ത് പൂക്കളും ചെടികളും പട്ടികളുണ്ട്
വരാന്തയിലിരിയ്ക്കാൻ ബെഞ്ചും,
കൈവരികളുമുണ്ട് സാർ

ഒരിയ്ക്കലും മരിക്കാൻ 
കാത്തിരുന്നിട്ടില്ല
ജീവിച്ചിരിക്കുമ്പോൾ
അന്തസ്സിലായിരുന്നു സാർ
ജാതകം എഴുതിയിട്ടുണ്ട്
അൻപതു കഴിഞ്ഞാൽ രാജയോഗമാണ് .
നാട്ടിലാകെ പ്രമാണിയാണ് സാർ
നല്ലവർക്കിടയിലെ നല്ലവനാണ് സാർ
അന്തസ്സുള്ള മൃതുദ്ദേഹമാണ് സാർ.

മരിച്ചവരെപ്പോലെ
ജീവിച്ചിരിക്കുമ്പോൾ
മരണം വരില്ലെന്ന അന്ധവിശ്വാസം
എന്നെ പിൻതുടരുന്നതിൽ
ലജ്ജയില്ല സാർ

അന്തസ്സുള്ളവനാണ്
അന്തസായി ചിരിയ്ക്കാറുമുണ്ട്
എന്നിട്ടും
എന്തിനാണ് സാർ നിങ്ങൾ
കവിതയിലെന്നെ വാഴ്ത്തി വാഴ്ത്തി
വാനോളമുയർത്തുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക