Image

ചിരട്ട (കവിത: വേണുനമ്പ്യാർ)

Published on 04 March, 2024
ചിരട്ട (കവിത: വേണുനമ്പ്യാർ)

പെണ്മുറിയിൽ
പെണ്ണ് പെറ്റു
കൊച്ച് തേങ്ങാക്കുച്ച്

ആണ്മുറിയിൽ
പൂച്ച പെറ്റു
കൊച്ച് പൂങ്കുറിഞ്ഞി

ചക്കിലാട്ടിയാട്ടി കൊപ്ര 
നല്ല വെളിച്ചെണ്ണയായി
ബാക്കിയായ പിശിട്
തൈത്തടത്തിലിട്ട് മൂടി

ചതിക്കുമൊ ചോര-ചാരം-നീർ-
കൊടുത്തവനെ കേരവൃക്ഷം
കുല കുല കുലയായ് കുലച്ച്
തീർത്തിടും പൈദാഹം

ആണിനും പെണ്ണിനും
പുടമുറിക്കല്യാണം 
നിറപറയിൽ കുത്തുവാൻ
തരുവതാര് പൂക്കുല!

തെക്കോട്ടെടുക്കും
ഇരുട്ടിന്റെ സന്ധിയിൽ
കാൽക്കലും തലക്കലും
പരത്തും പ്രകാശം 

പെണ്മുറിയിലും
ആണ്മുറിയിലും 
പകരേണം എണ്ണ
തീരുമ്പോൾ 
വറ്റുമ്പോൾ 
പകരേണം എണ്ണ
ശേഷിക്കും അരുമകളെ
നെഞ്ചോട് ചേർക്കണം
കദനഹൃദയനെയ്ത്തിരികൾ
സുദീപ്തമാക്കണം

കത്തിയാളും ചൂട്ടായി 
കാണും ചുടലവരെ കൂട്ടിന്;
വിരിപ്പാൻ നിറപ്പാൻ
ഇടതിങ്ങുമാറ്,ചൂളയിൽ  
മുക്കണ്ണൻ ചിരട്ടകൾ
പകുത്തു തരുവതാര്!
ദയാപരൻ താരകളിൽ
തായ് വേർ പടർത്തുന്നോൻ!
 
നൽകും കുല ചെത്തുവോർക്കും
കുടം മധുരക്കള്ള്
പൊന്നമ്പിളിയെക്കണ്ടു
തൈത്തടത്തിൽ
വീണുറങ്ങാനോലത്തടുക്ക്!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക