Image

അച്ചാമ്മച്ചേട്ടത്തിയുടെ ചിന്നൻ ( നർമ്മ കഥ : പി. സീമ )

Published on 04 March, 2024
അച്ചാമ്മച്ചേട്ടത്തിയുടെ ചിന്നൻ ( നർമ്മ കഥ : പി. സീമ )

അച്ചാമ്മ ചേട്ടത്തിക്കൊപ്പം ചിന്നൻ ഉണ്ടെന്നു  സരസു പറഞ്ഞു കേട്ടപ്പോൾ എന്തോ വല്ലാത്ത സന്തോഷം തോന്നി.എന്റെ പോമെറേനിയൻ നായക്കുട്ടിയുടെ പേര് തന്നെ ചേട്ടത്തിയുടേ നായക്ക് ഇട്ടത് എന്നോടുള്ള സ്നേഹം കൊണ്ടാകും എന്ന് പോലും ഞാൻ ധരിച്ചു.

"ഈ ഞൊറിവാൽ ഇല്ലാരുന്നേൽ നിന്റെ നായിന്റെ മോൻ എന്റെ കുണ്ടി കടിച്ചു കൊണ്ടോയേനെ "എന്ന് പറഞ്ഞു  ഒരു ദിവസം അച്ഛാമ്മ ചേട്ടത്തി പ്രാണനും കൊണ്ടു പാഞ്ഞ ത് ഇപ്പോഴും ഓർമ്മയിലുണ്ട് അന്നവൻ തുടല് പൊട്ടിച്ചു ഓടിയ ദിവസമായിരുന്നു....എന്റെ ചിന്നൻ ചത്തു കഴിഞ്ഞ് എന്ത് കൊണ്ടോ വേറൊന്നിനെ വളർത്താൻ എനിക്ക് ആഗ്രഹമേ ഇല്ലാതായിരുന്നു. ഇനിയൊരു വേർപാട് താങ്ങാൻ ആകില്ലെന്ന ചിന്ത.

പിന്നീട് കുറെ കാലം കൂടി ഒരു സുന്ദരൻ തൊപ്പിക്കാരൻ കുരുവി കിളിക്കൂട്ടിൽ ഒറ്റയ്ക്ക് തിന തിന്നു കൊത്തിക്കുറുകി  പല ഈണങ്ങളിൽ പാട്ടും പാടി എനിക്ക് കൂട്ടുണ്ടായിരുന്നു  ഒരു സുപ്രഭാതത്തിൽ മുന്നോട്ട് മുഞ്ഞു കുത്തി  പതിവ് പോലെ ചിറകു വിരിച്ചു സർക്കസ് കാണിച്ചു  നിന്ന അവൻ നൃത്തം ചെയ്യുകയാകും എന്നോർത്തു ഞാൻ പ്രഭാതഭക്ഷണം  ഒക്കെ ഉണ്ടാക്കി എങ്കിലും ഏറെ നേരം കഴിഞ്ഞും അവന്റെ ആ നൃത്തം പോസ് മാറാഞ്ഞപ്പോൾ ആണ് അവനും നിത്യതയിലേക്ക് പോയി മരവിച്ചു എന്ന് നൊമ്പരത്തോടെ ഞാൻ മനസ്സിലാക്കിയത്. പിന്നീട് ഇന്ന് വരെ വളർത്തു മൃഗങ്ങളെ ഒന്നിനെയും വാങ്ങിയില്ല.

അങ്ങനെ ഇരിക്കെയാണ് ഈ വിവരം കേട്ട് അച്ചാമ്മ ചേട്ടത്തിയെയും അവിടുത്തെ ചിന്നനെയും കാണണം എന്നൊരു പൂതിയിൽ  ഞാൻ അവിടേക്കു പുറപ്പെട്ടത്.  കുളിക്കാൻ പോയ ഓട്ടപ്പാച്ചിലിനിടയിൽ സരസു ചേച്ചിയാണ് വിവരം പറഞ്ഞത്. അവരുടെ അടുത്താണ് അച്ചാമ്മ ചേട്ടത്തി താമസിക്കുന്നത്.

ഞൊറിവാൽ പറത്തി താറാവിനെ പോലെ കുണുങ്ങി നടക്കുന്ന ചിരിക്കുമ്പോൾ കവിളാകെ ചോക്കുന്ന അച്ചാമ്മച്ചി.   ഇഷ്ടം പോലെ തമാശ പറയും.. "നിന്റെ മക്കൾ കഴുവേറികൾക്ക് എവിടെയാ പ്പോ ജോലി "എന്ന് കുട്ട്യോളെ തിരക്കും.. ദേഷ്യം വന്നാൽ മയിലും കുയിലും പൂവും മലരും നാവിൽ വിളയാടും..അപ്പോഴും ഉള്ളം നിറയെ സ്നേഹം വഴിയും.

ഇപ്പോൾ  അവശയാണ് എങ്കിലും മകനും മരുമോളും പൊന്നു  പോലെ നോക്കുന്നു. ഞാൻ ചെല്ലുമ്പോൾ ആദ്യം ചിന്നൻ ചാടി കുരച്ചു വരുന്ന രംഗം സങ്കല്പിച്ചാണ് പടി തുറന്നത്. എങ്കിലും മുറ്റത്തു ചിന്നൻ ഇല്ല. അകത്തേക്ക് നോക്കിയപ്പോൾ അച്ഛാമ്മച്ചി കുന്തിച്ചിരുന്നു  മുറിയിൽ അപ്പിയിടുന്നു.

"നിനക്കു ഇന്ത്യയുടെ ഭൂഭടം വരയ്ക്കാൻ അറിയാവോ...ഇല്ലേൽ വാ പഠിപ്പിക്കാം "

കണ്ണ് തള്ളി വായും പൊളിച്ചു നിന്ന എനിക്ക് മുന്നിൽ അച്ഛാമ്മച്ചി അപ്പി തോണ്ടി എടുത്ത്‌ ചുവരിൽ കളങ്ങൾ വരച്ചും മായ്ച്ചും....അങ്ങനെ 😲

"ന്റെ ചേച്ചീ ഇപ്പൊ കേറണ്ട അകത്തേക്ക്.. പുറത്ത് ഇരുന്നോ.. കസേര ഇട്ടു തരാം.."

ജോലി കഴിഞ്ഞു വന്ന മരുമകൾ സിസിലി പച്ചവെള്ളം പോലും കുടിയ്‌ക്കും മുന്നേ അച്ചാമ്മച്ചിയുടെ അപ്പി കഴുകാൻ തുടങ്ങിയിരുന്നു. അവളുടെ ചായ മേശപ്പുറത്തു ആറി തണുത്ത് ഇരിക്കുന്നു.  അച്ഛാമ്മച്ചി പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്ന കുഞ്ഞാകുന്നു...തോടകൾ കാതിൽ ഇളകിയാടുന്നു.

"ഓൾക്ക് ഞാൻ ഒരു പണി കൊടുത്തതാ... നിയ്ക്കു വേണേൽ കക്കൂസിൽ പോയ്‌ തൂറാൻ ഒക്കെ അറിയാം. അങ്ങനിപ്പോ സുകിക്കേണ്ട അവള്.. എന്നെ കഴുകീട്ടു മതി.."

കസേരയിൽ ഇരുന്ന എന്നെ നോക്കി അച്ഛാമ്മച്ചി കണ്ണിറുക്കി കാണിച്ചു. ചൂണ്ടു വിരൽ കൊണ്ടു അപ്പി കോരി  പിന്നെയും ഭിത്തിയിൽ വരച്ചു. നെറ്റിയിൽ   ഒരു പൊട്ടും കുത്തി.

" ദേ .ഇവിട്യാ കേരളം.. ഇവിടെ അറബിക്കടൽ.. സാമൂഗ്യഫാടം പഠിപ്പിക്കാം... വാ "  അച്ചാമ്മച്ചി എന്നെ ഭിത്തിയിലേക്ക് ചൂണ്ടി  മാടി വിളിച്ചു. 

"ന്റെ അമ്മച്ചീ ഈ നൈറ്റി തല വഴി ഊരിയാൽ അമ്മച്ചീടെ തല മുഴുവൻ അപ്പിയാകുമല്ലോ.ഞാൻ ഇതു കണ്ടിക്കട്ടെ.. പുതിയത് ഇട്ടു തരാം കുളിപ്പിച്ചിട്ട് .." മരുമകൾ കത്രിക കൊണ്ടു വന്നപ്പോൾ അച്ഛാമ്മച്ചി നെഞ്ചത്തടിച്ചു

"ദേ ഇവളെന്നെ കൊല്ലാൻ പോണേ ഓടി വായോ.. അപ്പി പറ്റിയാൽ കുളിക്കാൻ അല്ലേടീ ഈ ഫിത്തിയില്  ഞാൻ അറബിക്കഡലു വരച്ചേക്കുന്നെ" 

അച്ചാമ്മച്ചി കോപത്തോടെ ചുറ്റിനും നോക്കി. ചൂട് വെള്ളം എടുക്കാൻ പോയ മരുമകളെ തല്ലാൻ കുത്തിപ്പിടിക്കുന്ന വടിയെടുത്തു.
അതിവേഗത്തിൽ അടുക്കളവാതിൽക്കലേക്കു പാഞ്ഞു.

"നീ എവിടെയാടീ മലരേ... എന്നെ കുളിപ്പിക്കാതെ പോയേ"

അച്ചാമ്മച്ചിയുടെ ആക്രോശവും ഒപ്പം എന്തോ മറിഞ്ഞു വീഴുന്ന ശബ്ദവും കേട്ടു. ഞാൻ ഓടി വന്നപ്പോൾ അച്ഛാമ്മച്ചി വടി കുത്തി വീണത് അവിടിരുന്ന ട്രോളിയിലേക്ക്..

"ഇതെന്തോന്നാ ന്റെ അമ്മച്ചിയെ..ഈ തീട്ടവുമായി ട്രോളീൽ കേറി  ഇരുന്നു ഉരുളുവാണോ."

"പിന്നല്ലാണ്ട്... ഒന്ന് പാർക്കിൽ പോയിട്ടു എത്ര നാളായി.ഇതിൽ ഇരുന്നു ഉരുളുമ്പോ നല്ല സുകമാ" അച്ചാമ്മച്ചി ചിരിച്ചു   ഒപ്പം കാതിലെ തോടകളും ചിരിച്ചു...

"നമ്മക്ക് കുളിച്ചിട്ടു ഉരുളാം അമ്മച്ചിയെ... ഒന്നിങ്ങു വായോ.."അച്ചാമ്മച്ചിയുടെ ട്രോളി അപ്പി മണവുമായി മെല്ലെ കുളിമുറിയിലേക്ക് ഉരുളുന്നത് നോക്കി ഞാൻ നിസ്സഹായയായി നിന്നു.
കുറച്ച് കഴിഞ്ഞപ്പോൾ  ആണ് സരസു കുളിയും  കഴിഞ്ഞു വന്നത്.

"ന്റെ കുട്ട്യേ ഒന്നും പറയണ്ട ആ പെങ്കൊച്ചിന്റെ ഒരു കഷ്ടപ്പാട്.. വയസ്സായാല് ചിലർക്ക് ഇങ്ങനെയാ.. ചിന്നൻ ഇളകും...പിന്നെ ഓർമ്മയും ഇല്ല്യ.. ബോധോം ല്ല്യ.. നോക്കുന്നവരുടെ കഷ്ടപ്പാട്..."

"ഇതാരുന്നോ..ചേച്ചി പറഞ്ഞ അച്ചാമ്മച്ചീടെ ചിന്നൻ?."ഞാൻ അമ്പരപ്പോടെ ചോദിച്ചു.

"ഏത് മയിലാടീ നിക്ക് ചിന്നൻ ആന്നു പറഞ്ഞെ.. നിനക്കാടീ ചിന്നൻ.. എനിക്കല്ല..."

കുളിച്ചു വന്ന അച്ചാമ്മച്ചിയുടെ മുഖത്ത് അന്തി വെളിച്ചം.. ഒരു നേടുവീർപ്പോടെ മുറ്റത്തേക്കിറങ്ങുമ്പോൾ ഞാൻ കണ്ടു.. വൃത്തിയാക്കിയ വെറും തറയിൽ കുന്തിച്ചിരുന്നു   വീണ്ടും മൂത്രമൊഴിക്കുന്ന അച്ഛാമ്മച്ചി...

"വാടീ മരുമോളെ... പുന്നാരേ... പൂമോളെ...ദേ  ശ ർ...ശർ...ന്ന് ഭാരതപ്പൊഴ  ചാലിട്ട് ഒഴുകണത് കണ്ടോ.. നമുക്ക് നീന്താം..അങ്ങനിപ്പോ നീ സുകിക്കണ്ട.. തൊടയ്ക്കെടീ ഞാൻ മുള്ളിയത്.  നിയ്ക്കു വേണേൽ കുളിച്ചപ്പോ അവിടെ മുള്ളാരുന്നു... അങ്ങനെ നീ ഇപ്പൊ സുകിക്കണ്ട "

ആറി തണുത്ത ചായ ഗ്ലാസിൽ വീണു കിടന്ന ഈച്ചകളെ നോക്കി ഒരു നിശ്വാസത്തോടെ പടിയിറങ്ങുമ്പോൾ ഇങ്ങനെ ഒരു ചിന്നനെ വാർദ്ധക്യം ചിലർക്കൊക്കെ സമ്മാനിക്കും  എന്ന സത്യത്തിൽ ഞാൻ ഒന്ന് പിടഞ്ഞു.  അന്തിക്കാറ്റിനോപ്പം പിന്നിൽ ഒരു ചില്ല് ഗ്ലാസ് വീണുടയുന്ന  ശബ്ദം  കേട്ടു ഞാൻ തിരിഞ്ഞു നോക്കി 

"അങ്ങനെ നീ ഇപ്പൊ ചായ കുടി യ്ക്കണ്ട. എപ്പഴാടീ നീ എന്നെ   പാർക്കിൽ   ഊഞ്ഞാലാട്ടാൻ കൊണ്ടു പോവുക..?   ഇല്ലേൽ നിന്റെ നടു ഞാൻ തല്ലി ഒടിയ്ക്കും ട്ടൊ.. പറഞ്ഞില്ലെന്നു വേണ്ട."   അച്ചാമ്മച്ചി ചായ ഗ്ലാസ്സ് തല്ലി ഉടച്ചു മരുമോളെ നോക്കി ഉച്ചത്തിൽ അലറുന്നു..

"വേഗം ചായ തൊടയ്‌ക്കെടീ..%%₹%%%മോളേ... ഇല്ലേൽ മൂത്രത്തിന്റെ കൂടെ ചേർന്നാൽ മൂത്രച്ചായ നക്കി  ഞാൻ നിന്നെ കുടിപ്പിക്കും."

കണ്ണ് നിറഞ്ഞു വന്ന സിസിലിയെ നോക്കി പൊടുന്നനെ അച്ഛാമ്മച്ചി സ്വയം മറന്നു ചാരുതയാർന്ന ഒരു സ്നേഹപ്പൂവായി വിരിഞ്ഞു വിതുമ്പി കരഞ്ഞു 

"പാവം ന്റെ പൊന്നുമോള്... വായിൽ കോലിട്ട് കുത്തിയാലും മിണ്ടൂല്ല.. നീ ഈ പിണ്ടത്തെ എടുത്ത്‌ ആ പുഞ്ചപ്പാട ത്തെ തോട്ടിൽ എങ്ങാനും കൊണ്ടു പോയ്‌ കള . ഞാനും മടുത്തു ഓർമ്മേം ഇല്ല ബോധോം ഇല്ലാണ്ട് എത്ര നാളാ..കുട്ട്യോളെ ബുദ്ധിമുട്ടിച്ചു ഇങ്ങനെ."

ഓടി വന്നു അച്ചാമ്മച്ചിയെ ചേർത്തു പിടിച്ചു വിതുമ്പിയ സിസിലിയൂടെ കണ്ണുനീർ കണ്ടപ്പോൾ എനിക്കും  ഉറക്കെ കരയണമെന്ന് തോന്നി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക