Image

വീടിൻ്റെ ചിരി ( കവിത : കുമാരി എൻ . കൊട്ടാരം )

Published on 02 March, 2024
വീടിൻ്റെ ചിരി ( കവിത : കുമാരി എൻ . കൊട്ടാരം )

ജീവിതം മടുത്തു എന്ന്
തോന്നിയപ്പോഴൊക്കെ
അവൾ ആത്മഹത്യയ്ക്കൊരുങ്ങി .
അപ്പോഴെല്ലാം
അവൾ ഭാർഗ്ഗവീ നിലയം
എന്ന് വിശേഷിപ്പിക്കുന്ന
വീട് പൊട്ടിച്ചിരിച്ചു കൊണ്ട് പറയും

ഇവിടേക്ക് വരണ്ട എന്നു നീ വിലക്കിയവരെല്ലാം
മരിച്ച നിന്നെ കാണാൻ
നിൻ്റെ അനുവാദമില്ലാതെ വരും
നിന്നേപ്പോലൊരുവൾ
ഇത്രനാളും താമസിച്ച ഇടം കണ്ട്
അവർ മൂക്കത്തു വിരൽ വയ്ക്കും
പിന്നെ ഊറിച്ചിരിക്കും.

ഇത് കേട്ട് മടുത്ത അവൾ
പലിശയ്ക്ക് പണമെടുത്ത്
വീട് മോടിപിടിപ്പിച്ചു . 
പിന്നെ
മരിക്കണ്ട എന്ന് തീരുമാനിച്ചുറച്ചു.
അപ്പോഴും വീട് ചിരിച്ചു.

പലിശക്കാരൻ പല പ്രാവശ്യം
പടി കയറി വരികയും 
വെറുത്ത്  വെറുംകയ്യോടെ
ഇറങ്ങിപ്പോവുകയും ചെയ്തു.
അപ്പോഴും വീട് ചിരിച്ചു.

മുതലും പലിശയും കിട്ടാഞ്ഞ്
പലിശക്കാരൻ ഗുണ്ടകളെ വിട്ടനാൾ
അപമാനം സഹിക്കവയ്യാതെ
അവൾ ആത്മഹത്യ ചെയ്തു.
അപ്പോഴും വീട് ചിരിച്ചു.

ചത്ത് കിടന്നാലും ചമഞ്ഞു
കിടക്കണമെന്ന പഴമൊഴി
ആരോ പറഞ്ഞു .
തൂങ്ങിച്ചാകാനുള്ള കയറും
കടം പറ്റിയതാണെന്ന്
അടക്കം പറഞ്ഞു രസിച്ചു ചിലർ.
അപ്പോഴും വീട് ചിരിച്ചു.

വീടിനൊപ്പം
ശവപ്പെട്ടിയിൽ കിടന്ന്
അവളും ചിരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക