Image

ഡോ. കല ഷഹി - ഫൊക്കാനയ്ക്ക് സാംസ്‌കാരിക മുഖം നല്‍കിയ സംഘാടക

ജോര്‍ജ് പണിക്കര്‍, ചിക്കാഗോ  Published on 01 March, 2024
 ഡോ. കല ഷഹി - ഫൊക്കാനയ്ക്ക് സാംസ്‌കാരിക മുഖം നല്‍കിയ സംഘാടക

ഫൊക്കാന ജനറല്‍ സെക്രട്ടറിയും 2024 - 2026 കാലയളവില്‍ ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ ഡോ. കല ഷഹി ഫൊക്കാനയുടെ സാംസ്‌കാരിക മുഖമായി മാറിക്കഴിഞ്ഞ സംഘാടകയാണ്. ഏവര്‍ക്കും മാതൃകയായ സാമൂഹ്യ പ്രവര്‍ത്തക. ഫൊക്കാനയുടെ തുടക്കം മുതല്‍ ഫൊക്കാനയ്‌ക്കൊപ്പം നിലകൊണ്ട നേതാവ്. സംഘടനയുടെ നിരവധി പദവികള്‍ വഹിച്ച് 2020-2022 കാലയളവില്‍ വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണായി പ്രവര്‍ത്തിക്കാന്‍ ലഭിച്ച കാലയളവ് ഫൊക്കാനയുടെ വഴിത്തിരിവുകള്‍ക്ക് തുടക്കമായി. ഫൊക്കാനയെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പുതിയ പ്രവര്‍ത്തന മുഖത്തേക്ക് പിടിച്ചുകയറ്റിയ ' കരിസ്മ ' പ്രോജക്ടിന് നേതൃത്വം നല്‍കിയ ഡോ. ഷഹി ഡോ. ഗോപിനാഥ് മുതുകാടിന്റെ നൂറ് ഭിന്ന ശേഷിക്കാരായ കുട്ടികളുടെ ജീവിതത്തിന് കൈത്താങ്ങ് ആവുകയായിരുന്നു.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുഞ്ഞുങ്ങള്‍ക്കും, അവരുടെ അമ്മമാര്‍ക്കും കരുത്തായ കരിസ്മയില്‍ നിന്നുള്ള കരുത്തായിരുന്നു ആ കുട്ടികളുടെ പിന്നീടുള്ള വളര്‍ച്ചയുടെ തുടക്കം.പദ്ധതി വിജയമായി എന്ന് മാത്രമല്ല സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന നിരവധി അമ്മമാരും, കുട്ടികളും സ്വയം തൊഴില്‍ നേടാന്‍ പ്രാപ്തരാവുകയും ചെയ്തു. ഒരു ഭിന്ന ശേഷിയുള്ള കുട്ടിയുണ്ടായാല്‍ അവനാല്‍ ഏറ്റവുമധികം ബുദ്ധിമുട്ടേണ്ടി വരുന്നത് അമ്മയാണെന്നും, അതുകൊണ്ട് അമ്മമാരെ സ്വയം പര്യാപ്തരാക്കണമെന്നും അവര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കണമെന്നും മനസ്സിലുറച്ചാണ് കല ഷഹി ഈ പ്രവര്‍ത്തനം ഏറ്റെടുത്തത്. കോവിഡ് കാലമാണെങ്കിലും ഓണ്‍ലൈനില്‍ നിരവധി പരിപാടികളിലൂടെ അമേരിക്കന്‍ മലയാളി കുടുംബങ്ങളെ ലൈവാക്കി നിര്‍ത്തുകയും ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കുകയും ചെയ്തു.

ഫൊക്കാനയുടെ അക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്താകുവാന്‍ വിമന്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു എന്നതില്‍ അതിശയോക്തിയില്ല. ഡോ.കല ഷാഹിയുടെ യുടെ നേതൃത്വ പാടവത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു അക്കാലത്ത് ഫൊക്കാന വിമന്‍സ് ഫോറം നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍.

കോവിഡ് മഹാമാരി കാലത്ത് ഡിജിറ്റല്‍ സാധ്യതകളെ പരീക്ഷിക്കുകയും വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുവാനും ഡോ. കല ഷഹിക്ക് കഴിഞ്ഞു. കോവിഡ് കാലമാണെങ്കിലും ഓണ്‍ലൈനില്‍ നിരവധി പരിപാടികളിലൂടെ അമേരിക്കന്‍ മലയാളി കുടുംബങ്ങളെ ഡിജിറ്റല്‍ പ്ലാറ്റ് ഫോമില്‍ അണിനിരത്തുവാനും മെഗാ വിമന്‍സ് ഫോറത്തിന് തുടക്കം കുറയ്ക്കുവാനും സാധിച്ചു. നൂറ്റി അന്‍പതില്‍ അധികം അംഗങ്ങളെ ഉള്‍പ്പെടുത്തി ഫൊക്കാന വിമന്‍സ് ഫോറം ഒരു മെഗാ കമ്മറ്റിയായി വിപുലീകരിച്ചു. ഫൊക്കാനയുടെ 2020 - 2022 ഫ്‌ലോറിഡ നാഷണല്‍ കണ്‍വന്‍ഷന്റെ തുടക്കം മുതല്‍ അവസാനം വരെ കലാപരിപാടികള്‍ കോര്‍ഡിനേറ്റ് ചെയ്യുവാന്‍ ഡോ.കല ഷഹിക്ക് കഴിഞ്ഞത് തന്റെ പ്രതിഭയുടെയും സംഘടനാപ്രവീണ്യത്തിന്റെയും മേന്മ കൊണ്ട് മാത്രമാണ്.

2022 -2024 വര്‍ഷത്തില്‍ ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തില്‍ ഫൊക്കാനയ്ക്ക് പുതിയ നേതൃത്വം ഉണ്ടായപ്പോള്‍ ജനറല്‍ സെക്രട്ടറിയായി മാറിയ ഡോ. കല ഷഹി തന്റെ പ്രവര്‍ത്തനം കൊണ്ട് ഫൊക്കാനയ്ക്ക് ഒരു അടുക്കും ചിട്ടയും കൊണ്ടു വന്നു എന്ന് മാത്രമല്ല നിരവധി പരിപാടികള്‍ സമര്‍ത്ഥമായി കോര്‍ഡിനേറ്റ് ചെയ്യുകയും ചെയ്തു. അതില്‍ ഏറ്റവും പ്രധാനം ഫൊക്കാനയുടെ 2023 ലെ ഓണാഘോഷ പരിപാടികളുടെ സംഘാടനമാണ് . വാഷിംഗ്ടണില്‍ സംഘടിപ്പിച്ച ഓണാഘോഷത്തിന്റെ മാസ്റ്റര്‍ ബ്രയിന്‍ കല ഷഹി ആയിരുന്നു. ഫൊക്കാനയുടെ ചരിത്രത്തില്‍ എഴുതപ്പെടേണ്ട ഓണാഘോഷ പരിപാടികളായിരുന്നു വാഷിംഗ്ടണ്‍ ഡി സിയില്‍ അരങ്ങേറിയത്.

അമേരിക്കന്‍ മലയാളി യുവ സമൂഹത്തെ രാഷ്ട്രീയ രംഗത്തേക്ക് അവതരിപ്പിക്കുന്ന വൈറ്റ് ഹൗസ് സ്‌കോളര്‍ഷിപ്പ് പദ്ധതി, സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ പിന്നിലെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതും ഡോ.കല ഷഹി തന്നെ.

ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്റെ പിന്തുണയും ഫൊക്കാനയുടെ തുടക്കം മുതലുള്ള മുതിര്‍ന്ന നേതാക്കളുടെ പിന്തുണ, ഫൊക്കാന യുവ സമൂഹത്തിന്റെ പിന്തുണയുമായി തന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുമ്പോള്‍ ഫൊക്കാന എന്ന അന്തര്‍ദ്ദേശീയ സംഘടന കൂടുതല്‍ കരുത്താവുകയാണ്. എന്നും ഫൊക്കാനയ്ക്ക് ഒപ്പം നില്‍ക്കുന്നവര്‍ക്ക് വേദികളും അവസരങ്ങളും നല്‍കുന്നതില്‍ എന്നും മുന്‍പന്തിയിലാണ് ഡോ.കല ഷഹി.

1993 ല്‍ അമേരിക്കയിലെത്തിയ ഡോ. കല ഷഹി ആരോഗ്യരംഗം ജീവിതോപാധിയായി തിരഞ്ഞെടുക്കുകയും അതോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനരംഗത്തും മികച്ച സേവനം കാഴ്ച വയ്ക്കുകയും ചെയ്തു. ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സില്‍ നിന്ന് ബിരുദമെടുത്ത ഡോ.കല ഷഹി വാഷിംഗ്ടണ്‍ ഡി.സി, മെരിലാന്‍ഡ് മേഖലകളില്‍ ഫാമിലി പ്രാക്ടിസില്‍ പ്രൈവറ്റ് പ്രാക്ടീസ് നടത്തുന്നുണ്ട്. ജോലിയ്ക്കൊപ്പം തന്നെ പബ്ളിക്ക് ഹെല്‍ത്തിലും ഹെല്‍ത്ത് കെയര്‍ അഡ്മിനിസ്‌ട്രേഷനിലും ഡോക്ടറേറ്റ് നേടാനും, അതോടൊപ്പം തന്റെ നൃത്തത്തെ നിലനിര്‍ത്തിക്കൊണ്ടുപോകാനും ഡോ.കല ഷഹിയ്ക്ക് കഴിയുന്നു.

വാഷിംഗ്ടണ്‍ ഡി.സി. മേഖലകളിലെ നിരവധി നര്‍ത്തകരെ കലാഞ്ജലി സ്‌കൂള്‍ ഓഫ് ഡാന്‍സ് വഴി ഡോ.കല ഷഹി നൃത്തം അഭ്യസിപ്പിച്ചിട്ടുണ്ട്. ഈ സ്‌കൂളിന്റെ ഡയറക്ടറും ഡോ.കല ഷഹി തന്നെ . വാഷിംഗ്ടണ്‍ ഡി.സി.യിലെ ഫസ്റ്റ് ക്ലിനിക് അര്ജന്റ് കെയര്‍ സിസ്റ്റം മെഡിക്കല്‍ ഡയറക്ടര്‍ , സെക്കന്‍ഡ് ചാന്‍സ് അഡിക്ഷന്‍ സെന്ററിന്റെ (Second chance addiction center) മെഡിക്കല്‍ ഡയറക്ടര്‍, മെരിലാന്‍ഡ്- വാഷിംഗ്ടണ്‍ ഡി.സി മേഖലയിലുള്ള സെന്റര്‍ ഫോര്‍ ബിഹേവിയറല്‍ ഹെല്‍ത്തിന്റെ ( Center for Behavior Health) റിസര്‍ച്ച് കോര്‍ഡിനേറ്റര്‍ തുടങ്ങിയ പദവികളും കല അലങ്കരിക്കുന്നു. ഡ്രഗ് അഡിക്ഷന്‍ മാനേജ്‌മെന്റില്‍ പ്രത്യേക പരിശീലനം നേടിയിട്ടുള്ള ഡോ.കല ഷഹി ഈ മേഖലയില്‍ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്. കോസ്മറ്റോളജി ശാഖയിലും പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്.

മറ്റുള്ളവരെ സഹായിക്കുക എന്നുള്ളത് ഒരു ജീവകാരുണ്യ പ്രവര്‍ത്തനമായിട്ടാണ് ഡോ.കല ഷഹി കാണുന്നത്. 'താങ്ങും തണലും' എന്ന പദ്ധതി, സൊലസ് (SOLACE) സംഘടനകള്‍ക്ക് വേണ്ടി നടത്തുന്ന നിരവധി ധനസമാഹാര പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം അതിന്റെ ഉദാഹരണമാണ്. അനാഥാലയങ്ങള്‍ക്ക് സഹായം, വീടില്ലാത്തവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുവാന്‍ സഹായം തുടങ്ങി നിരവധി പ്രവര്‍ത്തങ്ങളില്‍ സജീവമാണ്. സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സമൂഹത്തിന്റെ അംഗീകാരവും ഡോ.കല ഷഹിക്ക് ലഭിച്ചിട്ടുണ്ട്. ഭാരത് യു.എസ്. എ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ വുമണ്‍ ഐക്കണ്‍ പുരസ്‌ക്കാരം ഈയിടെ കലയെ തേടി എത്തിയിരുന്നു. കലാ -സാംസ്‌കാരിക- ആതുരസേവന രംഗങ്ങളില്‍ നല്‍കിയ സമഗ്ര സംഭാവനകള്‍ മാനിച്ചായിരുന്നു ഈ അവാര്‍ഡ്. കൂടാതെ മറ്റു നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുള്ള കല നൃത്തത്തിനു പുറമെ സംഗീതം, നാടകം, പെന്‍സില്‍ സ്‌കെച്ച്, പെയിന്റിംഗ്, ക്ലേ മോഡലിംഗ്, ആങ്കറിംഗ്, വീഡിയോഗ്രാഫി,ഫോട്ടോഗ്രാഫി,കഥാരചന,കവിതാ രചന തുടങ്ങിയ വിവിധ മേഖലകളിലും മികവ് തെളിയിച്ചിട്ടുണ്ട്.

കുട്ടിക്കാലം മുതല്‍ക്കേ നൃത്തത്തില്‍ താല്‍പ്പര്യം കാണിച്ച കല ഷഹി മൂന്നാം വയസ്സില്‍ പ്രമുഖ കലാകാരനായ സ്വന്തം പിതാവ് കേരളാ സംഗീതനാടക അക്കാദമി പുരസ്‌കാര ജേതാവ് ഗുരു ഇടപ്പള്ളി അശോക് രാജില്‍ നിന്നും നൃത്തമഭ്യസിച്ചു. നര്‍ത്തകന്‍, എഴുത്തുകാരന്‍, കവി, സംവിധായകന്‍ നാടക നടന്‍ എന്നീ നിലകളിലെല്ലാം ശോഭിച്ചിരുന്ന പിതാവ് ഇടപ്പള്ളി അശോക് രാജ് 2019 ല്‍ അന്തരിച്ചു. തഹസീല്‍ദാര്‍ ആയിരുന്ന അമ്മ ശുഭ അശോക് രാജ് ഈയിടെ അന്തരിച്ചു. പ്രശസ്ത ഗുരുക്കന്മാരായ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ, സേലം രാജരത്നം പിള്ള എന്നിവരില്‍ നിന്നും മോഹിനിയാട്ടം, കഥക്, ഭരതനാട്യം,കുച്ചുപ്പുടി തുടങ്ങിയവ അഭ്യസിച്ചു. കൂടാതെ നാടോടി നൃത്തത്തെ അങ്ങേയറ്റം പ്രണയിച്ച കല വിവിധ വേദികളില്‍ വ്യത്യസ്തമായ നാടോടി നൃത്തങ്ങള്‍ കൊറിയോഗ്രാഫി ചെയ്ത് അവതരിപ്പിക്കുയും ചെയ്തു. അഖിലേന്ത്യാ തലത്തില്‍ നൃത്ത പര്യടനവും നടത്തി.അമേരിക്കയിലെത്തി ജീവിതം പിന്നീട് മെഡിക്കല്‍ രംഗത്തേക്ക് മൊഴിമാറ്റിയെങ്കിലും കലയോടും കലാരംഗത്തോടും ഒപ്പം തന്നെ നില്‍ക്കുകയാണ് ഡോ. കല ഷഹി.

ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷന്‍ 2024 ജൂലൈ ആദ്യവാരത്തില്‍ വാഷിംഗ്ടണില്‍ വെച്ച് നടക്കുമ്പോള്‍ അതിന്റെ മുന്നൊരുക്കങ്ങളുമായി പ്രസിഡന്റ് ഡോ . ബാബു സ്റ്റീഫന്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ തങ്കച്ചന്‍ എന്നിവര്‍ക്കൊപ്പം സജീവമാവുകയാണ് ഡോ കല ഷഹി. 2024- 26 കാലയളവില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്ത് ഉണ്ടെങ്കിലും ഫൊക്കാനയുടെ നിലവിലുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് ജനറല്‍ സെക്രട്ടറി. ഏല്‍പ്പിച്ച ദൗത്യങ്ങള്‍ ഏറ്റവും ഭംഗിയായി നിര്‍വ്വഹിക്കുമ്പോഴാണ് ഒരു സംഘടനാ നേതൃത്വം എന്ന നിലയില്‍ അഭിമാനം ഉണ്ടാകുന്നതെന്ന് ഡോ. കല ഷഹി പറയുന്നു. തന്റെ പ്രവര്‍ത്തനമാണ് തന്റെ മുതല്‍ കൂട്ട് എന്ന് വിശ്വസിക്കുന്ന അവര്‍ കല, സംഘാടനം, ആരോഗ്യ രംഗം തുടങ്ങി താന്‍ കൈവെയ്ക്കുന്ന മേഖലകളിലെല്ലാം നൂറുമേനി വിളവുമായി ഫൊക്കാനയുടെ ജനറല്‍ സെക്രട്ടറിയായി തന്റെ പ്രവര്‍ത്തനങ്ങള്‍ തുടരുമ്പോള്‍ ഡോ. കല ഷഹി ഒരു പ്രതീക്ഷയാണ്. ഫൊക്കാനയുടെ വരും കാലങ്ങള്‍ എല്ലാ തരത്തിലും ഭദ്രമാകാന്‍ ഡോ. കല ഷഹിയുടെ നേതൃത്വത്തിന് കഴിയും എന്ന ഉറപ്പാണ് അവരുടെ നേതൃത്വ മികവ് നമുക്ക് കാണിച്ചു തരുന്നത്.

Join WhatsApp News
നാടൻ പ്രവാസി 2024-03-01 15:32:26
ഫൊക്കാനയ്ക്കു ഇങ്ങനെ ഒരു മുഖം ഉണ്ടെന്ന്‌ ഞാൻ ഇപ്പഴാ അറിയുന്നത്‌ . സാംസ്കാരിക മുഖം . എന്തെല്ലാം അറിവാണാവോ ഇവർ ഓരോ ദിവസവും നമ്മൾക്ക് തരുന്നത്‌ .
Anil Kumar 2024-03-01 15:38:43
അയ്യോ ഒരു കുഞ്ഞു ഓണം നടത്തിയതാണ് പ്രസിഡന്റ് ആവാൻ യോഗ്യത എങ്കിൽ .... മന്ദബുദ്ധികളുടെ കാലത്താണ് നാം ജീവിക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക