Image

ചിരി ( കവിത : നീല നിലാവ് )

Published on 28 February, 2024
ചിരി ( കവിത : നീല നിലാവ് )

" ഒന്നു ചിരിച്ചൂടേ " ശലഭം ചോദിക്കുന്നൂ
കണ്ടീലേ എന്നുള്ളിലേ വർണ്ണോത്സവ മേളം  മധുനുകരുമ്പോഴുമെന്നോടു കൂട്ടുകൂടാൻ
ശൃംഗാരമിയലുന്ന കൺകളാലുഴിയുന്നു

കാറ്റിലാടുന്നോരിലകളും ചോദിപ്പൂ
എൻ ലാസ്യമകതാരിലുന്മാദ മുണർത്തീലേ

സ്നിഗ്ദ്ധ സുഗന്ധിയാം പുഷ്പങ്ങൾ വിളിക്കുന്നു
ഈ മധുരാനുഭൂതിയിൽ സ്വയം മറന്നാനന്ദിപ്പൂ

നിലാവും ചോദിക്കുന്നു പ്രേമോദാരയായി, എൻ
നിലാക്കുളിരിൽ നിൻ ചിരിയോർമ്മകളില്ലേ

ഗഗനചാരിയാം പക്ഷികൾക്കുൽക്ക ണ്ഠയായ്
ഞങ്ങൾ തൻ ഗാനാമൃതധാരയിലലിഞ്ഞൂടേ

കവിതയിലുടനീളം ഭാവന പറയുന്നു
ഞാൻ തരും സ്വാതന്ത്ര്യം നിൻ ജീവനിലമൃതല്ലേ

പാട്ടിലൂടൊഴുകുന്ന രാത്രിയും രാഗാർദ്രയായ്
" വരൂ, വരൂ, രാധികേ രാവിതു മോഹനം"

കുഞ്ഞിളം ചുണ്ടിലൂറും പൈതലിൻ ചിരിയിലും
" അന്നത്തെയപ്പം പോരേ നിനക്കു സന്തോഷിപ്പാൻ" 

പ്രകൃതിയൊന്നായ് മുത്തിച്ചുവപ്പിച്ചാശ്ളേഷിപ്പൂ
ഞങ്ങൾ കൂടെയില്ലേ, ആ മിഴി നിറയല്ലേ ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക