Image

ഒരു ‘ഡാഷ്’ കഥ ( നർമ്മം : തങ്കച്ചൻ പതിയാമൂല )

Published on 28 February, 2024
 ഒരു ‘ഡാഷ്’ കഥ ( നർമ്മം : തങ്കച്ചൻ പതിയാമൂല )

‘മൈ** ഡിയർ’ ട്രോളുകൾ അവസാനിക്കുന്നില്ല…

ഈ വാക്ക് ഇടയ്ക്കിടയ്ക്ക് ചേർത്ത ഒരു പാട്ടാണ് ഞാൻ ആദ്യം പഠിച്ചത്!

കള്ളുകുടി കഴിഞ്ഞ് വല്ലകം പാലത്തിനു മുകളിൽ നിന്ന് ഉറക്കെ പാടിയിരുന്ന ഒരു കൊമ്പൻ മീശക്കാരനെ ഞാൻ ഓർക്കുന്നു.

അത് തെറിപ്പാട്ട് ആണെന്നും ഞാൻ  അതു കേട്ട് നിൽക്കരുതെന്നും പതിവില്ലാത്ത ഗൗരവത്തിൽ അമ്മ പറഞ്ഞു തന്നു.

പിന്നീട് വൈക്കം ഗവൺമെന്റ് ബോയ്സ് ഹൈസ്കൂളിൽ എത്തിയപ്പോൾ കുട്ടി രാഷ്ട്രീയക്കാരുടെ തല്ലുകൂടലിനിടയിൽ ഈ വാക്ക് എപ്പോഴും കേട്ടിരുന്നു.

അങ്ങനെ കൂട്ടുകാരുമായി വഴക്കടിക്കുമ്പോൾ ഞാനും ഈ വാക്ക് ഉപയോഗിക്കാൻ തുടങ്ങി.

എന്റെ സഹപാഠി കൂടി ആയ ജോസ്ജോണിനോട് അച്ഛൻ എന്നെപ്പറ്റി അന്വേഷിച്ചപ്പോൾ അവൻ പറഞ്ഞു: “കുഴപ്പമൊന്നുമില്ല. പക്ഷേ അവൻ എപ്പോഴും തെറിപറച്ചിലാണ്…”

വൈകുന്നേരം ഞാൻ വീട്ടിലെത്തിയപ്പോൾ അച്ഛൻ എന്നെ വിളിച്ചിട്ട് പറഞ്ഞു: “ നിനക്കറിയാവുന്ന തെറി വാക്കുകളെല്ലാം ഒരു വെള്ളക്കടലാസിൽ എഴുതി കൊണ്ടുവരുക.”

ഞാൻ ഒന്നും എഴുതിയില്ലെങ്കിലും അധ്യാപകനായ അച്ഛൻ അരമണിക്കൂർ എന്നെ മുട്ടിൽ നിർത്തി ശിക്ഷിച്ചു.

പിന്നീട് ഒരിക്കലും ഞാൻ ഒരു തെറി വാക്ക് പോലും ഉച്ചരിച്ചിട്ടില്ല.

വർഷങ്ങൾക്കു ശേഷം  ഞാൻ ജോലിയിൽ ആയപ്പോൾ തമിഴ്നാട്കാരനായ ശിവകുമാർ എന്ന സഹപ്രവർത്തകൻ പഴനിയിൽ പോയി തല മുട്ടയടിച്ച്  വന്നപ്പോൾ പറഞ്ഞതു കേട്ടു ഞാൻ ഞെട്ടി:
“ ഉയിരു കൊടുത്ത കടവുളുക്ക് മൈരു കൊടുത്തു.”

ദൈവദോഷം പറയുന്നതല്ലെന്നും തമിഴ്നാട്ടിൽ ഭൂരിപക്ഷം സ്ഥലത്തും മുടി എന്നതിന് ഈ വാക്കാണ് ഉപയോഗിക്കുന്നതെന്നും അവൻ പറഞ്ഞു.

പിന്നീട് സർവ്വസാധാരണമായി ഈ വാക്ക് കേട്ടിരുന്നെങ്കിലും ഞാൻ ഒരിക്കലും പറഞ്ഞിരുന്നില്ല.

എങ്കിലും അടിച്ചമർത്തപ്പെട്ട ദേഷ്യത്തിന്റെ പ്രതികരണമായി മനസ്സിലെങ്കിലും ചിലപ്പോൾ ഈ വാക്ക് കടന്നു വരുമായിരുന്നു!

ഇതുപോലെ തന്നെ പുതിയ തലമുറ f**k എന്ന വാക്ക് സാധാരണമായി ഉപയോഗിക്കുന്നതു കേട്ടപ്പോൾ വിഷമമായിരുന്നു.

എന്നാൽ ഇംഗ്ലീഷ് സിനിമകളിലും നോവലുകളിലും മറ്റും അത് സാധാരണമാവുകയും ഇപ്പോൾ വാക്യാർത്ഥത്തിന് ഉപരി അധികമായ ദേഷ്യത്തിന്റെ ഒരു പ്രകടന സ്വരം മാത്രമായി മാറുകയും ചെയ്തു.

‘ചുരുളി’ എന്ന സിനിമയിലൂടെ മലയാളത്തിലും പൊതുസമൂഹത്തിലും ഇവയൊക്കെ കുറേശ്ശെ അംഗീകരിക്കപ്പെടാൻ തുടങ്ങി.

എങ്കിലും എന്റെ സുഹൃത്തുക്കൾ പലരും പകരമായി ‘ഡാഷ്’ എന്ന വാക്ക് ഉപയോഗിക്കുന്നു!

“ആ ‘ഡാഷ്’  അങ്ങനെ പറഞ്ഞു…”
“നിന്റെ ‘ഡാഷ്’ കഥയൊന്നും ഇനി വേണ്ട”.
“നീ എന്ത് പറഞ്ഞാലും എനിക്കൊരു ഡാഷും ഇല്ല!”

ടിപ്സ് : ഇപ്പോൾ ഡോണാമോള്‍  വിളിച്ചുപറഞ്ഞു മലേഷ്യയിലെ കറൻസി MYR ആണെന്ന്! (1 MYR = 17.35 INR).
അവിടുത്തെ സാധനങ്ങളുടെ വില ഞാൻ ചോദിക്കുന്നില്ല!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക