Image

അവൾ ഉറങ്ങി തുടങ്ങുമ്പോൾ (കവിത:വിശാഖ് കടമ്പാട്ട്)

Published on 27 February, 2024
അവൾ ഉറങ്ങി തുടങ്ങുമ്പോൾ (കവിത:വിശാഖ് കടമ്പാട്ട്)

ഞാൻ അവളെയും അവൾ എന്നെയും
ഉറക്കം വരും വരെ പ്രണയിച്ചു.
എന്റെ കണ്ണുകൾക്ക് വേണ്ടി അവളൊരു
താരാട്ടിന്റെ ഈരടികൾ പാടി തന്നു.
ഭാവിയിലേക്ക് കണ്ണുകൾ തുറന്ന
ഒരു ചോരക്കുഞ്ഞിന്റെ മണം ഞങ്ങളുടെ
മുറിയിലേക്ക് ഇരച്ചു കയറി.
ഭിത്തിയിൽ തളയ്ക്കപ്പെട്ട ഈരടികൾ
ഞങ്ങളോടൊപ്പം മയങ്ങി തുടങ്ങി.

പുതപ്പിനടിയിലേക്ക് കാലുകൾ
വലിക്കുമ്പോൾ ഒരു ശ്വാസം മാത്രം
ഞങ്ങൾക്കായി ഉറക്കമൊഴിഞ്ഞിരുന്നു.
നിശബ്ദമായ ശ്വാസം ഒരു കൊടുങ്കാറ്റിന്റെ
വേഗതയിൽ അവളുടെ മുടിക്കെട്ട്
ഇരുട്ട് മൂടിയ നിലത്തേക്കഴിച്ചിട്ടു.
ഈ രാത്രിയിൽ അവൾ കൂടുതൽ
സുന്ദരിയായിരിക്കുന്നു.

നുറുങ്ങ് വെളിച്ചത്തിൽ ചേർന്ന്
കിടന്നപ്പോൾ അവളുടെ ചുണ്ട്
പൊട്ടിയിരിക്കുന്നതായി കണ്ടു.
കട്ടിക്കറുപ്പുള്ള ഒരു തുള്ളി രക്തം
ഒരു സ്വപ്നത്തിലേക്ക് ഒഴുകി തുടങ്ങി.
ആ പ്രണയത്തിന്റെ അടയാളമായി
അവളുടെ ഇടത് മുലയിൽ
ചെറുവിരൽ കൊണ്ട് ഞാനൊരു
പ്രണയലേഖനം കോറിയിട്ടു.

ഞങ്ങൾ ഭൂമിയുടെ അറ്റത്ത് ഒരു
ചെറിയ വീട് പണിതു.
വിഷക്കനികൾ കഴിച്ച് വിശപ്പടക്കി.
ഉടലുകൾ കീറിമുറിക്കാൻ ശക്തിയുള്ള
നാരകമുള്ള് കൊണ്ട് അവളുടെ
മാംസം തുളച്ച് മേഘക്കീറിലേക്കൊളിച്ച
ഒരു കുഞ്ഞ് നക്ഷത്രത്തെ ഞാനവൾക്ക്
മൂക്കുത്തിയായി ചാർത്തി കൊടുത്തു.

അവളുടെ നഗ്നമായ അടിവയറ്റിൽ
മുഖം ചേർത്ത് കിടന്നപ്പോൾ
വലത് കണ്ണ് കൊണ്ട് ഞാനവളുടെ
കാലുകളിലേക്ക് നോക്കി.
കാൽവിരലുകൾ വെള്ളത്തുണിയാൽ
കൂട്ടിക്കെട്ടിയിരിക്കുന്നു.
വിലക്കപ്പെട്ട ഒരു ശ്വാസത്തെ
രണ്ട് പഞ്ഞിക്കീറുകൾ അവളുടെ
മൂക്കിനുള്ളിൽ തടഞ്ഞു വെച്ചിട്ടുണ്ട്.

പണ്ടെന്നോ ഞങ്ങളുടെ മുറിയിൽ
പെയ്തു തുടങ്ങിയ മഴ
ഈ നിമിഷം തോർന്നിരിക്കുന്നു.
അവളുടെ ഉറക്കം ഇനി നിലയ്ക്കില്ല.
ഞാൻ തലയുയർത്തി നോക്കിയപ്പോൾ
മരിച്ചു പോയ ഞങ്ങളുടെ പ്രണയം
അവളുടെ നെറ്റിത്തടങ്ങളിൽ രണ്ട്
വിയർപ്പ് തുള്ളികളായി പറ്റിപ്പിടിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക