Image

ആന (കവിത: വേണു നമ്പ്യാർ)

Published on 27 February, 2024
ആന (കവിത: വേണു നമ്പ്യാർ)

ആനകേറാമലയ്ക്കിപ്പുറം
ഓണംകേറാമൂലയിൽ
അന്ധരാറുപേരു ചെന്നു
ആനപ്പന്തിയിലൊരുപകൽ.

ആനക്കാലിൽ കൈ വെച്ചു മെല്ലെ
വിസ്തരിച്ചു പറഞ്ഞൊരാൾ:
"സംശയിക്കാനൊന്നുമില്ലഹോ
ഗജം ഈട്ടിത്തൂണ് തന്നെ;
കൊള്ളാം വട്ടപ്പന്തൽ നാട്ടാൻ 
നാട്ടിലെ കുംഭവേലയ്ക്ക്!"

"ആന ഒന്നാന്തരം കയർ 
ഉതകും ആത്മഹനനവേലയ്ക്ക്!"
ആനവാലിൽ തൊട്ടു നോക്കി
യൊരുനിരാശനോതിനാൻ.

"ആന ചേതോഹരം വിശറി
വീശിയാൽ കുളിർ കാറ്റടിക്കും."
ഇളകുമാനക്കാതു തടവി ഒരു 
ധീരപുരുഷനുരിയാടിയങ്ങനെ.

"മകൻ സഹ്യന്റെ, ഗജശ്രേഷ്ഠൻ !
തേച്ചിടാ ചുവര് തന്നെ, തിട്ടം!"
മൂലക്കുരുവിന്റെയൊറ്റമൂലിതൻ
പരസ്യംപതിക്കാനതിയുത്തമം."
തപ്പിയും കളഭത്തിൻ വൻപള്ളയിൽ 
തടവിയും ചൊല്ലി,യവ്വിധം ഒരാൾ.

"ഹെന്തിതു, മൂർച്ചയേറിയ കുന്തം 
അസംശയം നമ്മുടെ ഹസ്തിവീരൻ!"
കൂർത്തതാം കൊമ്പിൽ വെച്ച 
കൈ പിറകോട്ട് വെക്കം വലിച്ചിട്ടോതി
അന്ധരിൽ ഭീരുവാ,മഞ്ചാമനും.

ചവിട്ടിയാനപ്പിണ്ടത്തിൽ ഛെ!
പൃഷ്ഠഭാഗത്തുള്ളൊരാറാമൻ
വെക്കം കാൽ പിന്നോട്ടടിച്ചു ചൊല്ലി:
"കരി ബഹുവണ്ടർ മഹാശ്ചര്യം  
അണ്ഡം തുലോം ഭീമം ബ്രഹ്മാണ്ഡം!
നമുക്കും വേഗം കിട്ടണം മോക്ഷം 
കൂറ്റാകൂരിരുട്ടിന്റെ കൂട്ടിൽ നിന്നും;
ചൊല്ലാം ഭാഷയിൽ ആനമുട്ട!
കഴിക്കാം കോഴിമുട്ട പോൽ നിത്യവും
കുക്കറിൽ പുഴുങ്ങിയൊ; യുടച്ചു
ദോശ പോൽ കല്ലിൽ പരത്തി  
ചെറുതീയിൽ ചെറുതായ് മൊരിച്ചൊ!"

അന്ധരെല്ലാമൊന്നുപോലെ
മന്തരാ,യാനവിഷയത്തിൽ 
തട്ടി വിട്ടേൻ വ്യർത്ഥം സാര-
ഹീനമാം ചേനച്ചിരിക്കാര്യം.
എന്തിനവരെ പഴിക്കേണം,
ജന്മനായിരുകണ്ണിലും
കുരുടില്ലാത്തവർക്കുപോലും
കഴിയുമൊ കാണുവാനിവിടെ
മാറാഋതത്തിൻ പരിരശ്മികൾ!

അണുവായണുവിലൊ-
രാനയിലാനയുമായ്,,
വിരാജിക്കുന്നു, വദൃശ്യനാം 
നമ്മുടെ വിരാട് പുരുഷൻ!
അപൗരുഷേയം അവനെ
നിർവ്വചിക്കാതെ വിഭജിക്കാതെ
പൂർണ്ണമായ് ഭജിപ്പതേ സുഖം
പൗരുഷലക്ഷണം!!

Join WhatsApp News
Sudhir Panikkaveetil 2024-02-29 02:26:19
ഹിന്ദുയിസവും സനാതന ധർമ്മവും രണ്ടാണ്. ഹിന്ദുക്കൾ വിഗ്രഹങ്ങളെ ആരാധിക്കുന്നു. വേദങ്ങൾ അത് നിരോധിക്കുന്നു. യജുർവ്വേദം പറയുന്നത് ഈശ്വരൻ പരമപ്രധാനമായ ചൈതന്യമാണ് അവനു പ്രതിമകൾ ഇല്ലെന്നാണ്. അഹം ബ്രഹ്മാസ്മി ഉപനിഷത്തുക്കളിലെ നാലു മഹാവാക്യങ്ങളിൽ ഒന്നാണിത്. ഞാനാണ് ബ്രഹ്‌മാൻ . അതായത് ചൈതന്യം എന്നിലാണ്. അപ്പോൾ പിന്നെ അന്ധന്മാർ ആനയെ തപ്പൻപോയപോലെ മനുഷ്യർ ദൈവത്തെ തേടി അലയുന്നത് അജ്‌ഞതകൊണ്ടാണ്. .നമ്മൾ ജീവിക്കുന്ന ലോകം ദൈവത്തെ മറയ്ക്കുന്നു എന്നാണു. യഥാർത്ഥ ദൈവത്തെ കാണാൻ ആത്മാനുഭൂതിയിലൂടെ കഴിയും. ദൈവത്തെ കണ്ടുവെന്നൊക്കെ പറഞ്ഞു ആളുകളെ പറ്റിക്കുന്നവർക്ക് മതിഭ്രമമാണ്. ഒരാൾക്ക് മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു ദൈവമില്ല. അവൻ സകല ചരാചരങ്ങളിലും നിറഞ്ഞുനിൽക്കുന്നു. ശ്രീ നമ്പ്യാർ വായനക്കാർക്ക് അറിവ് പകരുകയും അവരെ ചിന്തിപ്പിക്കുകയും ചെയ്യുന്നു.
വേണുനമ്പ്യാർ 2024-03-01 02:11:45
കവിതയുടെ ധർമ്മവും മർമ്മവും ഹൃദിസ്ഥമാക്കുകയും അതു ഇ മലയാളിയുടെ വായനക്കാരുമായി പങ്കിടുകയും ചെയ്ത ശ്രീ സുധീർ പണിക്കവീട്ടിലിനോട് ഞാൻ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക