Image

വിട പറയും മുൻപ് ( കഥ : ലാലു കോനാടിൽ )

Published on 27 February, 2024
വിട പറയും മുൻപ് ( കഥ : ലാലു കോനാടിൽ )

ഗുരുതരമായ അസുഖം ബാധിച്ച അവർ
രണ്ടുപേരും ആശുപത്രിയിൽ ഒരേ
മുറിയിലാണു കഴിയുന്നത്... 

ഒരാൾ ജനാലയ്‌ക്കരികിലുള്ള കിടക്കയിലും,
മറ്റെയാൾ ഭിത്തിയോടു ചേർന്നും... 

വൈകുന്നേരങ്ങളിൽ കുറെനേരം
രണ്ടുപേരും എഴുന്നേറ്റിരിക്കും... 

ജനാലയ്ക്ക് അരികിലുള്ളയാൾ പുറത്തെ
കാഴ്‌ചകൾ മുഴുവൻ വിവരിക്കും – തടാകം,
ഇടതൂർന്നു നിൽക്കുന്ന വൃക്ഷങ്ങൾ, ആ വഴി
കടന്നുപോയ വാഹനങ്ങൾ – അങ്ങനെ
എല്ലാം... 

ഒരു ദിവസം അയാൾ മരിച്ചു...

തന്നെ ജനാലയ്‌ക്കരികിലേക്കു മാറ്റണമെന്ന്
മറ്റെയാൾ ആവശ്യപ്പെട്ടു... ജനാലയിലൂടെ
പുറത്തേക്കു നോക്കിയപ്പോൾ അയാൾക്കു
കാണാനായത് ഒരു ഭിത്തി മാത്രം...
പിന്നെങ്ങനെയാണ് മറ്റെയാൾ തനിക്കു
വിവരണം നൽകിയത്.... 

നഴ്‌സ് പറഞ്ഞു : അയാൾ
അന്ധനുമായിരുന്നു.. ആ ഭിത്തിപോലും
അയാൾ കണ്ടിട്ടില്ല... ഒരുപക്ഷേ, അയാൾ
നിങ്ങളുടെ ഉള്ളിലെ സന്തോഷം
നിലനിർത്താൻ ശ്രമിച്ചതാകാം...

നഷ്‌ടങ്ങളല്ല, നഷ്‌ടങ്ങൾക്കു മുന്നിൽ
കീഴടങ്ങുന്നതാണ് ദുരന്തം... 

കൈവിട്ടുപോകുന്നതെല്ലാം പിന്നാലെ ഓടി
തിരിച്ചുപിടിക്കാൻ കഴിഞ്ഞെന്നു വരില്ല...
മുറിച്ചുകളയേണ്ടിവന്ന കാലുകൾ വീണ്ടും
യോജിപ്പിക്കാനാവില്ല... അവ
പുനഃക്രമീകരിക്കാനുള്ള ഓട്ടത്തെക്കാൾ
പ്രായോഗികത, കാലുകളുടെ നഷ്‌ടം
അതിജീവിച്ചുകൊണ്ട്
പുതുജന്മത്തിലേക്കുള്ള
ഓട്ടത്തിനായിരിക്കും... 

കൈകൾ നഷ്‌ടപ്പെട്ടിട്ടും വിമാനം
പറത്തുന്നവരും കാലുകൾ നഷ്‌ടപ്പെട്ടിട്ടും
ട്രാക്കിൽ കുതിക്കുന്നവരുമാണ് പൂർണ
ആരോഗ്യവാൻമാരായ പലർക്കും
പ്രതീക്ഷ നൽകുന്നത്... 

പ്രതിരോധിക്കാനാകാത്തവയെ
ഉൾക്കൊള്ളാനും, മാറ്റംവരുത്താൻ
പറ്റാത്തവയെ മനസ്സാ അംഗീകരിക്കാനും
കഴിയുമ്പോഴാണ് സംതൃപ്‌തിയും
സന്തോഷവും ഉടലെടുക്കുന്നത്... 

സ്വയം സന്തോഷിക്കുന്നതിനെക്കാൾ
ശ്രേഷ്‌ഠമാണ് മറ്റുള്ളവരുടെ
സന്തോഷമാകാൻ കഴിയുക എന്നത്... 

കൂടെ നിൽക്കുന്നവർക്ക് ആത്മവിശ്വാസവും
പോരാട്ടവീര്യവും പകർന്നുനൽകി
വിടപറയാൻ കഴിയുന്നതാണ്
ഏറ്റവും വലിയ സൗഭാഗ്യവും..

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക