Image

വഴിയില്‍ വീണ സത്യങ്ങള്‍-(കവിത: രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 26 February, 2024
വഴിയില്‍ വീണ സത്യങ്ങള്‍-(കവിത: രാജന്‍ കിണറ്റിങ്കര)

ഞാനാരോടും
സന്തോഷങ്ങള്‍
പങ്കു വക്കാറില്ല
കാരണം
ആരും വിഷമിച്ച്
കാണുന്നത്
എനിക്കിഷ്ടമല്ല..

ഞാനെന്റെ
ദു:ഖങ്ങള്‍
പറയാറുണ്ട്
ചിലരെങ്കിലും
സന്തോഷിച്ചു
കാണാനാണത് 

ഞാന്‍
മുന്‍ ബഞ്ചില്‍
ഇരിക്കാറില്ല
പിന്‍ബഞ്ചുകാരന് 
മറയാവാതിരിക്കാനാണ് 

എന്റെ നടത്തങ്ങളെല്ലാം
ഓട്ടങ്ങളാണ്
നടക്കാനറിയാഞ്ഞിട്ടല്ല
ഓടുന്നവന്റെ
തളര്‍ച്ചയറിയാനാണ് 

കണ്ണാടിയേക്കാള്‍
എനിക്കിഷ്ടം
ജലത്തിലെ
പ്രതിബിംബമാണ്
വീഴില്ലെന്നും തകരില്ലെന്നുമുള്ള
വിശ്വാസമാണത് 

ദുഃഖം സഹിക്കാതെ
കരയുന്നവരുണ്ട്
ചിരിച്ച് ചിരിച്ച്
കരയുന്നവരുണ്ട്
എനിക്ക് ചിരിച്ച്
കരയാനാണിഷ്ടം
ആ കണ്ണീരിന്
ഔഷധ ഗുണമുണ്ടത്രെ 

ചില രോഗങ്ങള്‍
വരുന്നത്
നടപ്പു ദോഷം കൊണ്ടല്ല
തീരെ നടക്കാത്തതിന്റെ
ദോഷമാണ് 

മരണം
ഒരു പ്രതികാരമാണ്
ജീവിച്ചിരിക്കുമ്പോള്‍
കരയിച്ചവരെയൊക്കെ
കരയിക്കുന്ന
മധുര പ്രതികാരം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക