Image

ഈ ലോകം  ജയിച്ചവർക്കു മാത്രമാകരുത്,  പൊരുതുന്നവരെയും നാം ഓർക്കണം (ശ്രീകുമാർ ഉണ്ണിത്താൻ)

Published on 25 February, 2024
ഈ ലോകം  ജയിച്ചവർക്കു മാത്രമാകരുത്,  പൊരുതുന്നവരെയും നാം ഓർക്കണം (ശ്രീകുമാർ ഉണ്ണിത്താൻ)

അർബുദം എന്ന രോഗവുമായുള്ള പോരാട്ടത്തിൽ ഏവരെയും അത്ഭുതപ്പെടുത്തുന്ന വ്യക്തിത്വമാണ് അനിതയുടേത്‌ .  അവളിൽ  ബാധിച്ച അർബുദം ഒടുവിൽ ശരീരത്തെ മൊത്തമായി  കാർന്നു തിന്നാൻ തുടങ്ങിയിട്ടും തോറ്റുകൊടുക്കാൻ തയാർ ആവാതെ   അവൾ അതിനെ പൊരുതി തോൽപിക്കാൻ തന്നെ തീരുമാനിച്ചു. കാൻസറിന്റെ നാലാമത്തെ  സ്റ്റേജിലായിരുന്നു   രോഗം തിരിച്ചറിഞ്ഞത്. ഉടൻതന്നെ ചികിത്സകൾ ആരംഭിച്ചു.  പ്രതീക്ഷ കൈവിടരുതെന്ന്   ഡോക്ടർമാർ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ  അവൾ ക്യാൻസറുമായുള്ള  പോരാട്ടം തുടർന്നു.  ക്യാന്‍സര്‍ ഈ കാലഘട്ടത്തിലെ മാരകമായ ഒരു അസുഖമാണ്. അത് നമുക്കിടയിൽ ഇന്ന് സുപരിചിതമാണ്.

അനിത വളരെ ധൈര്യമുള്ള വനിതയായിരുന്നു. അവൾക്ക് ശരി എന്ന് തോന്നുത്‌ മാത്രമേ  അവൾ ചെയ്യുകയുള്ളൂ.  നല്ല  ആരോഗ്യമുള്ള സ്ത്രീകളില്‍ ഒരാളായിരുന്നു അവൾ  . വെളുപ്പിന് നാല് മണിക്ക് എഴുനേറ്റ്  ജോലിക്ക് പോകുവാൻ തുടങ്ങുന്നത്  മുതൽ രാത്രി ഉറങ്ങാൻ പോകുന്നത് വരെ
അവൾ  വളരെ ആക്റ്റീവ് ആയിരിക്കും. വെറുതെ ഇരിക്കുക എന്നൊരു ശീലം  അവൾക്ക് ഉണ്ടായിരുന്നില്ല. ഭക്ഷണം, ടി വി കാണൽ , വായന, സംഗീതം എന്നിവയൊക്കെ ഉള്‍ക്കൊണ്ട ലളിതമായ ജീവിതം ആയിരുന്നു അവളുടേത്‌ . അങ്ങനെ സന്തോഷകരമായ ഒരു ജീവിതം നയിച്ചുകൊണ്ടിരിക്കെ ആണ് നിനച്ചിരിക്കാത്ത സമയത്തു അവളുടെ ജീവിത്തൽ ഒരു വില്ലൻ അവതരിക്കുന്നത്.

അങ്ങനെയിരിക്കെ  ഒരു ദിവസം  അവൾക്ക് കഠിനമായ വയറുവേദന അനുഭവപെട്ടു. അതിനുശേഷമുള്ള  ചെക്കപ്പിന്റെ  റിസൾട്ട് കാത്തിരിക്കെ ഒരു വെള്ളിയാഴ്ച വൈകിട്ട് ഡോക്ടറുടെ വിളിയെത്തുന്നു. പരിചയം ഉള്ള ഡോക്ടർ ആയതിനാൽ ചിരിച്ചുകൊണ്ട് സംസാരിക്കവെ ഡോക്ടർ ഒരു കാര്യം വെളിപ്പെടുത്തുന്നു.  അനിത, നിനക്ക് കാൻസർ ആണ്. ഞാൻ ഇനിയും പറയുന്ന കാര്യം ശ്രദ്ധിച്ചു കേൾക്കണം. നിന്റെ കാൻസർ വളരെ  പടർന്നിരിക്കുന്നു . അവൾക്കത് വിശ്വസിക്കാനേ  കഴിഞ്ഞില്ല. അവൾ പിന്നെയും പിന്നെയും പറഞ്ഞു, ഇത്   ഞാൻ സ്വപ്നം കാണുന്നതാണ്. ഞാൻ കഴിഞ്ഞ മാസവും എല്ലാ ടെസ്റ്റുകളും നടത്തിയതാണ്. അതിന്‌ ശേഷം ആ ഡോക്ടർ റിസൾട്ടുകൾ റിവ്യൂ ചെയ്തതും  എല്ലാം ഒക്കെ ആണ് എന്ന് പറഞ്ഞതും ആണ് .

അന്ന് അവൾക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. അല്ലെങ്കിലും  ഇങ്ങനെ ഒരു കാര്യം കേട്ടാൽ  ആർക്കാണ്‌ ഉറങ്ങുവാൻ പറ്റുക?

മെഡിക്കൽ പ്രോഫഷനിൽ ജോലിചെയ്യുന്ന അനിതക്ക് കാന്‍സര്‍ എന്തെന്നതും   അത് ജീവിതത്തിൽ ഉണ്ടാക്കാവുന്ന ബുദ്ധിമുട്ടുകളും   നല്ലവണ്ണം അറിയാമായിരുന്നു.  ജീവിതത്തെ പാതിവഴിയില്‍ തളര്‍ത്തിയിടുന്ന മഹാവ്യാധി, അതിനേയും അതിജീവിച്ച് തിരിച്ചുവന്ന നിരവധി പേരുടെ ജീവിതകഥ നാം കേട്ടിട്ടുണ്ട്, അറിഞ്ഞിട്ടുണ്ട്. അവരിൽ ഒരാളാവാൻ അവൾ തിരുമാനിച്ചു . ശാരീരികമായും മാനസികമായും തളര്‍ന്ന ഈ  അവസ്ഥയില്‍ നിന്നും തിരിച്ചു ജീവിതത്തിലേക്ക് വരുന്നവർക്ക്  പറയാന്‍ അനുഭവങ്ങളുടെ  ഒരുപാട് ഒരുപാട്  കഥകൾ ഉണ്ടാകും, അവൾ ഓർത്തുപോയി ....

കാന്‍സറുമായി തീരാത്ത യുദ്ധം നയിക്കുന്ന ഒരു പോരാളി ആയി അവൾ മാറി . പലപ്പോഴും  ദേഹവും കാന്‍സറും തമ്മിലുള്ള ചെസ്സ് കളി ആയി അത്.  ആനയെയും കുതിരയെയും ഒക്കെ പണയപ്പെടുത്തി  കളിക്കുന്നതുപോലെ  അവളുടെ ഓരോ അവയവങ്ങളെ വിട്ട് കൊടുത്ത് പൊരുതി നിൽക്കുമ്പോഴും  ഞാൻ ജയിച്ചു തിരിച്ചു വരും എന്ന നിശ്ചയം ഉണ്ടായിരുന്നു. കിമോയുടെ പ്രവർത്തനം അവളെ മറ്റൊരു വ്യക്തിയാക്കി മാറ്റി. കണ്ണാടിയിൽ നോക്കിയാൽ അത് തന്റെ  രൂപമാണോ എന്ന് സംശയം തോന്നിക്കുന്ന തരത്തിൽ അവളെ കിമോ  വികൃതമാക്കി കഴിഞ്ഞിരുന്നു.  എങ്കിലും അവൾ പിടിച്ചു നിന്നത്  ജീവിക്കാൻ ഉള്ള ആഗ്രഹം ഒന്നുകൊണ്ട് മാത്രമാണ്.

കാന്‍സര്‍, റോഡില്‍ കണ്ട് , കുശല പ്രശനം നടത്തി പിരിഞ്ഞു പോകുന്ന ഒരു സുഹൃത്തല്ല.  എങ്ങിനെ ഒക്കെ ശ്രമിച്ചാലും, അത് വന്ന പലരും മരിച്ചു പോകുന്നുമുണ്ട്. ക്യാന്‍സറിനെ അതിജീവിക്കുവാൻ വേണ്ടി ഓരോരുത്തരും മരുന്നിനോടൊപ്പം   വിശ്വാസത്തിന്റെയോ ഭക്തിയുടെയോ, പ്രാര്‍ത്ഥനകളുടെയോ അതിശയ രോഗശാന്തിയുടെയോ വഴികളിലൂടെയൊക്കെ സഞ്ചരിച്ചായിരിക്കും അതിജീവനത്തിന് വേണ്ടി ശ്രമിക്കുന്നത്. ചിലതൊന്നും പറയുക എളുപ്പമല്ല, മറ്റു ചിലത് കേള്‍ക്കുക അതിലുമധികം വിഷമകരവും. അത്ര ഭയങ്കര അനുഭവങ്ങളിലൂടെയാണ്  ഓരോ കാൻസർ രോഗിയും അവരുടെ രോഗാവസ്ഥയിൽ  കടന്നു പോകുന്നത്.

കാൻസറെന്ന വേദനനിറഞ്ഞ ജീവിതത്തിൽ  അവർ ആഗ്രഹിക്കുന്നത് സഹനത്തിന്റെ എല്ലാ മതിൽകെട്ടുകളും ഭേദിച്ചുകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവരണം എന്നുള്ള പ്രാർത്ഥന മാത്രമായിരിക്കും..അവർക്കും പ്രതീക്ഷയുടെ  ഒരു ലോകമുണ്ട് , സ്വപ്നങ്ങളുടെ ലോകം.. ഭാവിയിലെ പ്രതീക്ഷയുടെ നല്ലജീവിതം കൊതിക്കുന്നൊരു മനസുണ്ട്.  കുട്ടികളോടും കുടുംബത്തോടും ഒപ്പം  ജീവിക്കണം  എന്ന് ആഗ്രഹിച്ചു പോകുന്ന അതിയായ ആഗ്രഹം  അവരെ തളരാതെ പിടിച്ചു നിർത്താൻ പ്രേരിപ്പിക്കും. അതുകൊണ്ട് തന്നെ ജീവിക്കാനുള്ള അവരുടെ മോഹം മറ്റാരെക്കാളിലും കൂടുതൽ ആയിരിക്കും.

മരണത്തെ മുഖാമുഖം നോക്കി നില്‍ക്കുന്ന ഒരാള്‍ക്ക് ജീവിക്കണം എന്ന ആഗ്രഹം തോന്നുക സ്വാഭാവികമാണ്.  നമ്മൾ ഈ  ലോകത്തുനിന്നും നാളെ  ഇല്ലാതാവും  എന്ന് തോന്നിയാൽ നമുക്ക്  ജീവിക്കാൻ അതിയായ  ആഗ്രഹം വരും. ആ ആഗ്രഹങ്ങൾ നമ്മെ  ഒരു യുദ്ധം നയിക്കാൻ തയാർ എടുപ്പിക്കും.  മരണത്തിനും ജീവിതത്തിനും ഇടയിൽ ഉള്ള യുദ്ധം.  അത് അനുഭവിക്കുന്നവർക്കും കണ്ട് നിൽക്കുന്നവർക്കും  മാത്രം മനസിലാവുന്ന അവസ്ഥയാണ്.   യാതനയും വേദനയും,  അതാണ്  കാൻസർ.  അത് മാത്രമാണ് അവർക്ക് കാൻസർ  നൽകുന്നത് . അതെ കാൻസർ വന്നു   മനുഷ്യര്‍ മരിക്കും. പക്ഷെ  അതിജീവിക്കുന്നവർ അതിലധികമാണ്.  അതുകൊണ്ടു തന്നെ പ്രതീക്ഷ കൈവിടാതെ നാം യുദ്ധംചെയ്യണം.

പക്ഷേ   അനിതയുടെ കാര്യം അങ്ങനെ ആയിരുന്നില്ല. അവസാന ദിവസം വരെ തീരാത്ത യുദ്ധം നയിച്ച ഒരു യോദ്ധാവിനെ പോലെ   അവൾ പിടിച്ചു നിന്നു. നിങ്ങൾ ഇനിയും ഒരുമാസത്തിൽ അധികം ജീവിക്കില്ല എന്ന് അവളുടെ ഡോക്ടർ അളവളോട് പറയുബോഴും ഡോക്ടറുടെ മുഖത്തു നോക്കി പുഞ്ചിരിച്ച ആ മുഖത്തെ കനലുകൾ നമുക്ക് വായിച്ചെടുക്കുമായിരുന്നു. തൂക്കികൊല്ലാൻ പോകുന്ന  ഒരു പ്രതിയുടെ മനസ്സ് എന്താണോ അതായിരിക്കും അവളുടെ മനസ്സിലും. ഒരു പ്രതി കുറ്റം ചെയ്തത് കൊണ്ടാണ് ശിക്ഷ കിട്ടുന്നത്. പക്ഷേ അവളുടെ കാര്യത്തിൽ നാം അതിനെ വിധി എന്ന് വിളിക്കും . ഈ  ലോകത്തു ജനിച്ച ഒരാൾക്കും സ്വമനസാലെ ഈ ലോകം വിട്ടുപോകുവാൻ മനസ്സ്  വരില്ല. ചുരുക്കം ചിലരുടെ ആന്മഹത്യകൾ ഒഴിച്ച് കഴിഞ്ഞാൽ.   പക്ഷേ ക്യാൻസർ  പിടിക്കുന്ന ഒരു രോഗിയുടെ  മനസ്സ് അതിൽകുടെ  കന്നുപോകുന്നവർ അല്ലാത്തവർക്ക്   മനസിലാകില്ല.

ഭൂമിയിൽ ജീവിക്കുന്ന ആരും ഇവിടുത്തെ ജീവിതം ജീവിച്ചു മതിയായല്ല തിരിച്ചുപോകുന്നത്. അപ്പോൾ പകുതിവഴിയിൽ തിരിച്ചു നടക്കുന്നവരുടെ കാര്യം പ്രേത്യേകം പറയേണ്ടുന്നതില്ലല്ലോ?

കാന്‍സറിന്റെ ലോകം വല്ലാത്തൊരു ലോകമാണ്. ജീവിത്തിൽ  ഒരിക്കൽ എങ്കിലും നിങ്ങൾ ഒരു കാൻസർ വാർഡ് സന്ദർശിക്കണം.  ഒരു തുള്ളി കണ്ണുനീർ വീഴ്ത്താതെ   നിങ്ങൾക്ക്  ആ  വാർഡിൽ നിന്നും പുറത്തിറങ്ങാൻ കഴിയില്ല .  പുരികം ഇല്ലാത്ത, കണ്‍പ്പീലികളില്ലാത്ത, മുടി കൊഴിഞ്ഞ മുഖങ്ങള്‍, കുട്ടികള്‍, ഹതാശമായ നോട്ടങ്ങള്‍, അടക്കിയകണ്ണുനീര്‍ ...  കാന്‍സര്‍ വന്നവരേക്കാള്‍ അവരെ സ്‌നേഹിക്കുന്നവരുടെ സങ്കടം ആണ് നമ്മളെ  കൂടുതല്‍ ദുഃഖത്തിൽ ആക്കുക. പ്രതിക്ഷയോടെ  ജീവിക്കുന്ന അവരിലൂടെ നമ്മൾ ഈ  ലോകത്തെ നോക്കിയാൽ നമ്മൾ ഒരിക്കലും പിന്നെ അഹങ്കാരികൾ ആകില്ല.

ജീവിതത്തിൽ ചെറുകാറ്റുകൾ വരുമ്പോഴേ തളരുന്ന പലർക്കും കൊടുംകാറ്റുകളെ നേരിടാൻ ധൈര്യവും ഊർജവും നൽകുന്ന ഒരു പോരാട്ടമാണ് അനിത ക്യാൻസറിന് എതിരെ നയിച്ചത്. ഈ ലോകം ജയിച്ചവർക്ക് മാത്രം അവകാശപ്പെട്ടതാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്  പക്ഷേ അത് പൊരുതി ജയിക്കാൻ ശ്രമിക്കുന്നവർക്കും പിന്നെ പൊരുതി തോറ്റവർക്കും കുടി അവകാശപ്പെട്ടതാണ്  അത് എന്ന് അനിതയുടെ ജീവിതകഥ നമ്മളെ പഠിപ്പിക്കുന്നു.

വർദ്ധിച്ചു വരുന്ന കാൻസർ രോഗികളുടെ എണ്ണം ലോക  സമൂഹത്തെ  ഭയപ്പെടുത്തി കൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിലാണ് കാൻസറിനെതിരെ പൊരുതി തോറ്റ അനിതയുടെ ജീവിതം ഒരു പാഠം ആകുന്നത്.  ജീവിതത്തിനോടും മരണത്തോടുമൊക്കെയുള്ള വേറിട്ട കാഴ്ചപ്പാടുകളുമായി  ജീവിക്കുന്ന
 ഇത്തരത്തിലുള്ള ആയിരക്കണക്കിന് ആളുകളിൽ ആരെയെങ്കിലുമെക്കെ നമുക്ക് സഹായിക്കാൻ കഴിഞ്ഞാൽ   അതിൽ പരം  ഒരു പുണ്യപ്രവർത്തി കാണില്ല എന്നാണ് വിശ്വാസം. 

Join WhatsApp News
Satheesh Pillai 2024-02-25 15:20:00
ജീവിതത്തില്‍ പ്രതിസന്ധികളും ദുരന്തങ്ങളും അതിജീവിക്കാന്‍ പ്രേരണ നല്‍കുന്നത് ലക്ഷ്യങ്ങളാണ് , അത് നല്ലരീതിയിൽ വിവരിക്കാൻ ഉണ്ണിത്താന് കഴിഞ്ഞു.
Anil Radhakrishnan 2024-02-25 15:23:33
ഓർമ്മകളുടെ ഉടഞ്ഞ് വീണ കണ്ണാടിയിൽ ഇടക്കൊക്കെ കണ്ണുടക്കാറുണ്ട്...ചിതറിയ കണ്ണാടികഷ്ണങ്ങളിൽ ചില മുഖങ്ങൾ തെളിഞ്ഞ് കാണാറുമുണ്ട്..."
Abdul Punnayurkulam 2024-02-25 16:00:31
It's really a touchy story, Sree Kumar. I had also some similar closed ones experience. Educate people if any symptoms exhibit, without ignore it.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക