Image

ലാജി തോമസ്  ഫൊക്കാന ന്യൂയോര്‍ക്ക് മെട്രോ റീജിയണല്‍ വൈസ് പ്രസിഡന്റ് (ആര്‍വിപി ) ആയി മത്സരിക്കുന്നു.

ഷാജി രാമപുരം Published on 16 February, 2024
 ലാജി തോമസ്  ഫൊക്കാന ന്യൂയോര്‍ക്ക് മെട്രോ റീജിയണല്‍ വൈസ് പ്രസിഡന്റ് (ആര്‍വിപി ) ആയി മത്സരിക്കുന്നു.

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും പഴക്കമുള്ളതും ഏറ്റവും വലിയ സംഘടനയുമായ ഫൊക്കാനയുടെ 2024-26 ഭരണ സമിതിയിലേക്ക് ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്റില്‍ കഴിഞ്ഞ 30 ല്‍ പരം വര്‍ഷമായി താമസിക്കുന്നതും, സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളില്‍ നിറസാന്നിധ്യവുമായ ലാജി തോമസ് ന്യൂയോര്‍ക്ക് മെട്രോ റീജിയണല്‍ വൈസ് പ്രസിഡന്റ് (RVP) ആയി  മത്സരിക്കുന്നു.

ജനുവരി 28 ന് നടന്ന ന്യൂയോര്‍ക്ക് മലയാളി അസോസിയേഷന്‍ (നൈമാ) വാര്‍ഷിക പൊതു യോഗത്തില്‍ ലാജി തോമസിനെ സംഘടനയില്‍ നിന്ന്  ആര്‍വിപി ആയി നാമനിര്‍ദ്ദേശം  ചെയ്യുകയും പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. അസോസിയേഷന്റെ സ്ഥാപക നേതാക്കളില്‍ പ്രധാനി കൂടിയാണ് ലാജി. കഴിഞ്ഞ രണ്ടു വര്‍ഷം പ്രസിഡണ്ടായിരുന്ന ലാജി തോമസ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, കള്‍ച്ചറല്‍ പ്രോഗ്രാം കണ്‍വീനര്‍, കമ്മിറ്റി മെംബര്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. 2024-26 വര്‍ഷത്തെ ബോര്‍ഡ് ചെയര്‍മാന്‍ കൂടിയാണ്. തന്റെ നേതൃത്വ മികവു മൂലം കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് സംഘടനയെ നോര്‍ത്ത് അമേരിക്കയില്‍ അറിയപ്പെടുന്ന ഒരു പ്രസ്ഥാനമാക്കി മാറ്റാന്‍ കഴിഞ്ഞു എന്നത് ഏറെ അഭിമാനം നല്‍കുന്നു.

ഫൊക്കാനയുടെ 2022-24 വര്‍ഷത്തെ നാഷണല്‍ കമ്മിറ്റി അംഗമായ ലാജി തോമസ് നിലവില്‍ ഫൊക്കാനയുടെ ന്യൂസ് ലെറ്റര്‍ ആയ ഫൊക്കാന ടുഡേ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവും, 2022 ല്‍ ഫ്‌ലോറിഡായില്‍ വച്ചു നടന്ന കണ്‍വെന്‍ഷന്റെ വിവിധ സെഷനുകളിലെ അധ്യക്ഷന്മാരില്‍ ഒരുവനും, സുവനീര്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവും ആയിരുന്നു. കൂടാതെ കഴിഞ്ഞ വര്‍ഷം നടന്ന ഫൊക്കാനയുടെ മെട്രോ റീജിയണല്‍ ഉത്ഘാടന സമ്മേളനത്തിന് നേതൃത്വം നല്‍കുവാനും സാധിച്ചിട്ടുണ്ട്.

ന്യൂയോര്‍ക്കിലെ ഏറ്റവും പഴക്കം ചെന്ന  എക്യൂമെനിക്കല്‍ പ്രസ്ഥാനമായ സെന്റ്. തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ സെക്രട്ടറി, ട്രഷറാര്‍, ജൂബിലി കണ്‍വീനര്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ , ക്വയര്‍ കോര്‍ഡിനേറ്റര്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ വിവിധ കാലയളവില്‍ നേതൃത്വം നല്‍കിയ ലാജി മലങ്കര മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസന അസംബ്ലി അംഗമായും, സഭയുടെ യുവജന പ്രസ്ഥാനമായ യുവജന സഖ്യത്തിന്റെ ശാഖാ, സെന്റര്‍ , റീജിയണ്‍, ഭദ്രാസന തലങ്ങളില്‍  സെക്രട്ടറി, ട്രഷറാര്‍, വൈസ്. പ്രസിഡന്റ്, അസംബ്ലി അംഗം തുടങ്ങിയ വിവിധ നിലകളില്‍ ചുമതലകള്‍ വഹിച്ചു. ഇപ്പോള്‍ മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്ക ഭദ്രാസന എക്യൂമെനിക്കല്‍ റിലേഷന്‍ കമ്മിറ്റി അംഗവുമാണ്.

ഒരു മികച്ച ഗായകന്‍ കൂടിയായ ലാജി തോമസ് കഴിഞ്ഞ ഇരുപത്തിയഞ്ചില്‍ പരം വര്‍ഷമായി ഡിവൈന്‍ മ്യൂസിക് എന്ന പേരില്‍ ഒരു മ്യൂസിക് ഗ്രൂപ്പ് ന്യൂയോര്‍ക്ക് കേന്ദ്രമാക്കി നടത്തുന്നു. കൂടാതെ അനേക സിഡികളും, മ്യൂസിക് ആല്‍ബങ്ങളും നിര്‍മ്മിക്കുകയും, അനവധി സ്റ്റേജ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. ഇപ്പോള്‍ പ്രവാസി ചാനലിന്റെ ന്യൂയോര്‍ക്ക് റീജിയണല്‍ ഡയറക്ടര്‍ ആന്‍ഡ് ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജര്‍ കൂടി ആണ്.

ഫൊക്കാനയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥികളായി മത്സരിക്കുന്ന സജിമോന്‍ ആന്റണി, ലീലാ മാരേട്ട്, ഡോ.കലാ ഷാഗി എന്നിവരുടെയും  ന്യൂയോര്‍ക്ക് റീജിയണലിലുള്ള പല അസോസിയേഷനുകളുടെയും  പിന്തുണ ലാജി തോമസിന്  പ്രഖ്യാപിച്ചതായി അറിയിച്ചു.  

മികച്ച നേതൃപാടവവും, സംഘാടക മികവും. പ്രവര്‍ത്തന പരിചയവും,  കൈമുതലായുള്ള ലാജി തോമസ്  ന്യൂയോര്‍ക്ക് മെട്രോ റീജിയണല്‍ വൈസ് പ്രസിഡന്റായി (RVP) തെരഞ്ഞെടുക്കപ്പെടുന്നത് ഫൊക്കാനക്ക് മുതല്‍ക്കുട്ടാകും എന്ന് വിജയാശംസകള്‍ നേര്‍ന്നുകൊണ്ട് വിവിധ അസോസിയേഷനുകളുടെ നേതാക്കള്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക