Image

പട്ടിയുടെ വില പോലുമില്ലാത്ത മനുഷ്യർ (മാത്യു ജോയിസ്)

Published on 13 February, 2024
പട്ടിയുടെ വില പോലുമില്ലാത്ത മനുഷ്യർ (മാത്യു ജോയിസ്)

ആറു പതിറ്റാണ്ടു വർഷങ്ങൾക്കു മുമ്പ് കാനം സി എം എസ്  എൽ പി സ്കൂൾ എന്ന പ്രശസ്തമായ വിദ്യാലയത്തിൽ നടന്ന ഒരു സംഭവം. ഉച്ചകഴിഞ്ഞുള്ള രണ്ടാം പീരിയഡ് നടക്കുന്നു. സ്‌കൂളിന്റെ  പുറകുവശം  ഒരാൾ താഴ്ചയിലുള്ള കളിസ്ഥലമാണ്. അതിലേ  ഓടി വരുന്ന ഒരു ആൾക്കൂട്ടത്തിന്റെ ബഹളം കേൾക്കുന്നു. നാലാം ക്ലാസിന്റെ വാതിൽപ്പടിയിൽ ഒരു വലിയ പട്ടി  അണച്ച് നാക്കുംനീട്ടി കിതച്ചു ഓടിക്കയറി വന്നിരിക്കുന്നു.

"ഠോ" ഒരു വെടി പൊട്ടിയ ശബ്ദം, പട്ടി ചത്തു മലച്ചു ക്ലാസ്സ്മുറിയുടെ നടുവിലേക്ക് വീഴുന്നു. പകച്ചിരുന്ന കുട്ടികൾ പലരും കാറി വിളിച്ചു. ഇതെല്ലാം ഒരു മിനിറ്റിനുള്ളിൽ നടന്ന മഹാസംഭവമാണ്. ആ ക്ലാസ്സിൽ അന്ന് ഇരുന്ന എന്റെ നടുക്കം, ഇന്നും വിട്ടു മാറിയിട്ടില്ല.  ഒരു പേപ്പട്ടിയെ ആയിരുന്നു നാട്ടുകാർ ഓടിച്ചുകൊണ്ടുവന്നതും, കൂട്ടത്തിലുണ്ടായിരുന്ന ഷാർപ് ഷൂട്ടർ കൃത്യമായി അതിനെ വെടിവെച്ചുകൊന്നതും. അതാണ് നാട്ടുകാരുടെ ഐക്യം, നാടിന്റെ പരിരക്ഷക്കു മറ്റൊന്നും ചിന്തിക്കാതെ നാശം വിതക്കുന്ന പേപ്പട്ടിയെ ഉടനടി വെടി വെച്ചതും കർത്തവ്യബോധത്തിന്റെ ഉത്തമ ഉദാഹരണവും, മനുഷ്യജീവനാണ് ഏറ്റവും പ്രാധാന്യമുള്ളതെന്നും തെളിയിച്ച സംഭവമായിരുന്നുവെന്നും ഓർക്കണം.

അന്ന് ഭാഗ്യവശാൽ മേനക ഗാന്ധിമാരും ഹരിദാസുമാരും  മറ്റു മൃഗ സ്നേഹികളും ജനിച്ചുപോലും കാണില്ലായിരിക്കാം. ഉണ്ടായിരുന്നെങ്കില്, പട്ടിയെ ഓടിച്ച നാട്ടുകാരും , വെടിവെച്ച  വാവാച്ചനും ഇന്നും ഗോതമ്പുണ്ട തിന്നു കിടന്നേനെ. പക്ഷേ ആർക്കും ഒരു പരുക്കും, പറ്റാതെ കുട്ടികളെ രക്ഷിച്ച നാട്ടുകാരുടെ അന്നത്തെ ആത്മാർത്ഥമായ അർപ്പണബോധത്തിനു മുമ്പിൽ ഇന്ന് എന്റെ നമോവാകം.

മനുഷ്യൻ മൃഗങ്ങളെ സ്നേഹിക്കുന്നതിൽ യാതൊരു തെറ്റുമില്ല. പക്ഷേ, മനുഷ്യന് ആപൽക്കരവും  അവന്റെ ജീവന് വെല്ലുവിളിയും ഉയർത്തുന്ന മനുഷ്യനായാലും മൃഗമായാലും തളക്കണം, അതിലും ശല്യമെന്നു തോന്നിയാൽ വെറുതേ തീറ്റിപ്പോറ്റി പരിപാലിച്ചു കോടികൾ തുലക്കാതെ, കൊന്നുകളയണം , അത് പേപ്പട്ടി ആയാലും, പാമ്പായാലും ഒറ്റയാൻ ആയാലും , ഉടനടി തീരുമാനം കൈക്കൊള്ളണം. ഞാൻ സ്വയം രക്ഷക്ക് ആണെങ്കില്പോലും ഒരാളെ ഓടിച്ചിട്ട് കുത്തിക്കൊന്നാൽ, എന്നെ വധശിക്ഷക്ക് വിധിക്കാൻ നിങ്ങൾ എല്ലാവരും മുറവിളി കൂട്ടും.അത് ന്യായം. പക്ഷേ ആക്രമിച്ചത് പട്ടിയൊ പാമ്പോ പുലിയൊ ആനയോ ആണെങ്കിൽ അവയെ പിടിച്ചു ലക്ഷങ്ങൾ മുടക്കി പരിരക്ഷിച്ചു വീണ്ടും കാട്ടിലെത്തിക്കും. ഇതിന്റെ ന്യായമാണ് ഒട്ടും മനസ്സിലാകാത്തത്. അപ്പോൾ മനുഷ്യന് തീരെ വിലയില്ലാതായൊ ഈ യുഗത്തിൽ !

അതിന് പകരം ഇന്ന് കേരളത്തിൽ എന്താണ് നാം കാണുന്നത് ? വഴിയിലിറങ്ങിയാൽ പട്ടികൾ ഓടിച്ചിട്ട് കടിക്കും. വന്യജീവികൾ കാടിറങ്ങി വന്ന് മനുഷ്യനെ ആക്രമിക്കുന്നു, വീടും കൃഷികളും നിഷ്കരുണം നശിപ്പിക്കുന്നു. ഇതെല്ലാം നിത്യ സംഭവങ്ങളായി മാറി ക്കഴിഞിരിക്കുന്നു.

രണ്ടു ദിവസം മുമ്പ് മലയാളം വാർത്താ ചാനലുകളില് നിറഞ്ഞുനിന്ന ഒരു ദാരുണ സംഭവം തികച്ചും ദയനീയമായിരുന്നു. മാനന്തവാടിയിൽ വഴിയേ പോകുന്ന ഒരു 47 കാരനായ അജീഷ് എന്ന ഗൃഹനാഥനെ ഒരു കാട്ടാന ഓടിച്ചുകൊണ്ട് വരുന്നു. ജീവന്മരണ  പോരാട്ടത്തിൽ അയാൾ ഒരു വീടിന്റെ മതിൽ ചാടി വീഴുന്നു, പക്ഷേ ആ കാട്ടാന പത്തു സ്റ്റെപ്പുകൾ ചാടിക്കയറി വന്ന് ഗേറ്റ്‌ തകർത്ത്  ആ മനുഷ്യനെ ചവുട്ടിക്കൊന്നു.

രണ്ടു ദിവസ്സമായിട്ടും മൃഗ സ്നേഹത്തിന്റെ അതിപ്രസരമോ  നിയമത്തിന്റെ പിടിപ്പു കേടോ എന്നറിയില്ല, കാട്ടാന വിഹരിച്ചു നടക്കുന്നു, ആ പ്രദേശമാകെ ഭീതിയില് വിറങ്ങലിച്ചു നിൽക്കയാണ്.
കൂട്ടത്തിൽ മാധ്യമങ്ങളിൽ വന്ന  വാർത്തയോ , "വയനാട് ചാലിഗദ്ദയില്‍ 47-കാരനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാനയുടെ സാന്നിധ്യം നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. റേഡിയോ കോളറിൽ നിന്ന് കൃത്യമായി സിഗ്നൽ കേരള വനംവകുപ്പിനും ലഭിച്ചിരുന്നെങ്കിൽ ആന ജനവാസ മേഖലയിൽ ഇറങ്ങുന്ന സമയത്ത് ജനങ്ങളെ അറിയിക്കാമായിരുന്നു" എന്നൊക്കെയുള്ള പ്രസ്താവനകൾ ഇപ്പോൾ ഇറക്കിയിട്ട് മന്ത്രിയും ലക്ഷങ്ങൾ വാങ്ങുന്ന വനം വകുപ്പ് ഉദ്യോഗസ്ഥരും രക്ഷപെട്ടു നിൽക്കുന്നു. ഇങ്ങനെ ഒരു വകുപ്പ് ഇല്ലാ എന്ന് ചിന്തിക്കുന്നതാവും ശരി. ജനങ്ങളുടെ ജീവനും പരിരക്ഷ നൽകാതെ അവർ ഒരു പക്ഷേ കള്ളത്തടി വെട്ടു മാഫിയായുടെയോ ചന്ദനക്കടത്തു കാര്ക്കൊ സേവനം ചെയ്യുന്നുണ്ടാവാം! 

അല്ലെങ്കില് പിന്നെ എട്ടു വർഷത്തിനുള്ളിൽ വന്യജീവികളാൽ, 904 മനുഷ്യരുടെ ജീവൻ അപഹരിക്കപ്പെടുകയും 7406 ലധികം പേർ മാരകമായ പരുക്കുകൾ ഏറ്റു കിടക്കുന്നുവെന്നുമുള്ള  കണക്കുകൾ ഭീതി പരത്തുന്നവയാണ്. വനമേഖലയ്ക്ക് അടുത്ത് താമസിക്കുന്നവരും മനുഷ്യരാണ് , അവർക്കും പരിരക്ഷ നൽകാൻ സാധിക്കുന്നില്ലെങ്കിൽ, നമ്മുടെ മാനുഷികത എവിടെപ്പോയി? അതോ പേപ്പട്ടിയെ വന്ധീകരിക്കാനായി കോടികൾ പൊടിക്കുന്നതും, മനുഷ്യനെ കുത്തിക്കൊന്ന ആനയെ പരിരക്ഷിക്കാൻ, മയക്കുവിദഗ്ധരും കുങ്കി ആനകളും ഇന്റർ സ്റ്റേറ്റ് കമ്മറ്റികളും സൈനികരും പോലീസും ഉൾപ്പെടെ ഇസഡ് കാറ്റഗറി പരിരക്ഷയും നൽകി ആനയെ വീണ്ടും കാട്ടിലേക്ക് അയക്കാൻ എത്ര കോടികൾ കൂടി മുടിപ്പിച്ചു കയ്യിട്ടു വാരിയാലും, ഒരു മനുഷ്യജീവന്റെ വിലയ്ക്ക് മറുപടി ആകില്ല എന്ന് വകുപ്പ് മന്ത്രിയെങ്കിലും അറിഞ്ഞിരുന്നാൽ നന്ന്. അല്ലാതെ " എന്നോട് ചോദിച്ചിട്ടാണോ കാട്ടാന കാടിറങ്ങി വരുന്നത്‌ " എന്ന് പ്രസ്താവന ഇറക്കുന്ന ധാര്മികത പൊറുക്കാനാവില്ല.
വീരപ്പൻ എത്രയോ ഭേദമായിരുന്നു! 

കാടുകൾ ചുരുങ്ങുകയും, വന്യജീവികൾ പെരുകുകയും ചെയ്യുന്ന പ്രക്രീയ ഇനിയും ശക്തമാകും. വന്യജീവികൾ ദിനംപ്രതി നാട്ടിലിറങ്ങി, ജനങ്ങളെ ആക്രമിക്കും, അതിനുശേഷം നമ്മുടെ സർക്കാർ ആഘോഷമായി അവയെ പ്രത്യേക വണ്ടികളിൽ കയറ്റി സുഖമായി വീണ്ടും കാട്ടിലെത്തിക്കും. ഒത്താൽ അവയൊക്കെ വീണ്ടും ടൂറിസ്റ്റുകളായി സുഖചികിത്സക്ക് വീണ്ടും മാനന്തവാടിയിലും  വയനാട്ടിലും, മുത്തങ്ങയിലും ഹൈവേകളിലും സ്വൈര്യവിഹാരം നടത്തും, തമാശിനു കുറെ കൃഷി നശിപ്പിക്കും, കുറെ വീടു തകർക്കും, കിട്ടിയാൽ മനുഷ്യരെ ഓടിച്ചു കുത്തി മലർത്തുകയും ചെയ്യും!

" ആന ചത്താൽ ജുഡീഷ്യൽ എൻക്വയറി മനുഷ്യൻ ചത്താൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് അങ്ങോട്ട് വരിക പോലുമില്ല". വന്യജീവികളില് നിന്നും മനുഷ്യന്റെ കൃഷിയും വീടും മനുഷ്യജീവനുകളും സംരക്ഷിക്കാൻ കഴിയാത്ത ഭരണാധികാരികൾ, ജനങ്ങളെ വഞ്ചിക്കുകയാണ്. ഇത് ജനം മനസിലാക്കും, മാറ്റങ്ങൾ അവർ കൊണ്ട് വരും.

ഇക്കൂട്ടത്തിൽ ഒരു കാര്യം ചോദിക്കട്ടേ. എന്തിനായിരുന്നു കോടികൾ മുടക്കി റേഡിയോ കോളറുകൾ വന്യ മൃഗങളിൽ  ഫിറ്റ് ചെയ്യിച്ചത്, അത് നിരീക്ഷിക്കാനും നാട്ടിലെക്കു കടന്നുകയറാൻ ശ്രമിക്കുമ്പോൾ, നാട്ടുകാര്‍ക്കു  മൂന്നറിയിപ്പ് നല്കാനുമല്ലെ? അതിന് കഴിയുന്നില്ലെങ്കില് , വന അതിർത്തികളിലൂടെ ഇൻവിസിബിൾ ഫെന്സിങ്  തീർക്കാൻ അത്ര ചിലവ് വരില്ല , റേഡിയോ കോളർ ഉള്ളവ അതിർത്തികളിൽ വരുമ്പോൾ അപകടസൂചന മുഴക്കാൻ പ്രോഗ്രാം ചെയ്താൽ, എത്രയോ ഭേദമായിരിക്കും ഈ വ്യവസ്ഥ.

അല്ല ഇങനൊയൊക്കെ മതി എന്നൊരു കൂട്ടം അങ്ങ് തലസ്ഥാനത്തിരുന്നു ചിന്തിച്ചു കൊണ്ടിരുന്നാല്, മനുഷ്യർ മൃഗങലായി മാറാൻ കൊതിക്കുന്ന കാലം അത്ര വിദൂരത്തിലായിരിക്കില്ല. മനുഷ്യന്റെ വില ആയിരിക്കട്ടെ ഏറ്റവും ഉയര്ന്നത്. മനുഷ്യരെ ആദ്യം സ്നേഹിച്ചു തുടങ്ങട്ടെ, മൃഗ സ്നേഹികൾ അവരുടെ വീട്ടുവളപ്പിനുള്ളിൽ മൃഗങ്ങളോടൊപ്പം കഴിഞ്ഞോട്ടെ.
വന്യ ജീവികളാൽ ജീവൻ പൊലിഞ്ഞ സകല മനുഷ്യര്ക്കും ആദരാഞ്ജലികൾ .

Join WhatsApp News
CG Daniel 2024-02-13 02:27:10
I have some reservation about your writing. Do you recommend to shot dead a human if he is mentally unstable and danger to general public. I know you won’t, instead he would have been taken to a mental hospital with help of local authorities. The same way, my suggestion is to adopt the same procedure to animals also. You have mentioned in the article that you still remember the scene the dog was shot dead when you are a little child. That was a shock to you and a nightmare for you till today. Anyhow good to read the story. Thanks CG Daniel
Prof. Joy Pallattumadom 2024-02-13 05:21:15
Prof. Joy Pallattumadom, Dallas. I agree with you Dr Mathew Joys, all what you said on behalf of our brothers and sisters who live in fear and frustration even in the cities and villages adjacent to the forest areas. The authorities should take action to avoid repeating the events similar events. At the same time, we the people are bound to talk and act on behalf of these wild animals too. Please bring to our mind the reasons why these poor animals like the elephants, tigers, bears, lions etc. are frequently encroaching human neighborhoods and even towns and cities ? This wasn’t a common phenomenon earlier! They had a habitat and ecosystem of their own where they lived happily without encroaching human settlements! Now what happened to their ecosystem? Why don’t they have their natural food, water and peaceful pristine atmosphere even in the interior dense forest areas? You could see humans there as poachers, drug plant cultivators, sandal wood cutting workers and similar mafia groups supported by politicians and bureaucrat groups. They are the ones responsible for this type of situations. Some other natural reasons due to climate change, lack of enough food and other needs also aggravates the situation. So naturally, some of these animals are encroaching their own lost habitat just like some humans fighting and recapturing their forefather’s lost abodes even by demolishing the existing mosques and building churches or temples in its place and vice versa! So better let’s have a broader outlook on this matter and do some treatment to confront the real reasons, before it’s too late!
Thomas Kozhenchery 2024-02-13 20:00:31
Dr. Joys, Wow!! What a powerful article. Street dogs should be eradicated at any cost no matter what.
JohnsonmKakkayam 2024-02-17 05:10:38
ഓസ്ട്രേലിയ ദേശീയ മൃഗമായ കങ്കാരുവിനെ കൊന്ന് നിയന്ത്രിക്കുന്നു. അമേരിക്കയും കാനഡയുമൊക്കെ എല്ലാ മൃഗങ്ങളെയും ഒരു കാലയളവിൽ വേട്ടയാടാൻ അനുവദിക്കുന്നു. ചൈനയും ഇൻഡോനേഷ്യയും, തായ് വാനും കൊറിയയുമൊക്കെ എല്ലാ ജീവികളെയും ഭക്ഷണമാക്കുന്നു. ഇവിടെ മാത്രം കുറെ കോപ്പൻമാർ വന്യമൃഗങ്ങളെ സംരക്ഷിച്ച് മനുഷ്യനെ കൊല്ലാൻ കോടികൾ ചിലവിടുകയും, തലയ്ക്ക് വെളിവില്ലാത്ത നിയമങ്ങൾ ഉണ്ടാക്കുകയും. ! മനുഷ്യന് കുടുംബാസുത്രണം നടത്തിയ നാടാണ്. കാട്ടുമൃഗങ്ങൾ എണ്ണം പെരുകുമ്പോൾ അവയ്ക്ക് അഴിഞ്ഞാടാൻ നാട് കാടാക്കണമെന്ന് കണ്ടെത്തുന്ന നിയമവും നീതിപീഠങ്ങളും . കൂടാതെ കാട്ടാന പ്രേമി, കടുവ പ്രേമി പേപ്പട്ടി പ്രേമി. തുടങ്ങിയ ഞരമ്പുകളും ! വിശക്കുമ്പോൾ വിഴുങ്ങുണമെങ്കിൽ കർഷകനും കൃഷിയും വേണം.! തെറ്റു ചെയ്യുന്ന മനുഷ്യനെ തൂക്കി കൊല്ലാം തുറുങ്കിലടയ്ക്കാം! നരഭോജി ജന്തുക്കൾക്ക് സുഖചികിത്സ ! വന്യമൃഗങ്ങളെ നിയന്ത്രിക്കാൻ ഒരു പരിപാടിയും കൈയ്യിലിലാത്ത സ്റ്റേഷൻ നഷ്ടപ്പെട്ട മന്ത്രിയും, തലയിൽ ആൾത്താമസമില്ലാത്ത വനം വകുപ്പും! കേരളത്തിലെ കർഷകർ ഒരുമിച്ചിറങ്ങിയാൽ ഒരാഴ്ച കൊണ്ട് തീരുന്ന പ്രശ്നമേയുളളു കാട്ടുമൃഗ ശല്യം! പക്ഷേ, പോലീസും കോടതികളും അൽപം കൂടി മാനുഷികമായി ചിന്തിക്കാൻ തുടങ്ങണം. കാർബൺ ഫണ്ട് വാങ്ങി മൂഞ്ചിയിട്ട്, കേരളം കാടാക്കി കൊടുക്കാമെന്ന് വാക്കു കൊടുത്തവരെ തിരിച്ചറിയണം. പന്നിയെ കൊന്ന് മണ്ണെണ്ണ ഒഴിച്ച് കുഴിച്ച് മൂടുന്ന പൊട്ടത്തരം കാണുമ്പോൾ ഇതൊക്കെ ചെയ്യിക്കുന്നവൻ നടപ്പിലാക്കുന്ന പരിസ്ഥിതി സംരക്ഷണത്തിന് മുന്നിൽ നമസ്കരിക്കണം. കാട്ടുമൃഗങ്ങളെ ലോക്കേറ്റ് ചെയ്യാൻ ലക്ഷങ്ങൾ മുടക്കി കെട്ടുന്ന റേഡിയോ കോളറിന് പകരം പത്തോ നൂറോ മുടക്കി ഒരോ മണി കെട്ടിവിട്ടാൽ ഇതിലും ഗുണം ചെയ്യും! ജനങ്ങളെ ഉപദ്രവി ക്കാൻ മാത്രം ഒരു വകുപ്പ് ! കേരളത്തിലെ നാറിയ വനം നിയമങ്ങൾ പരിഷ്കരിക്കാൻ സ്വബോധമുള്ള നേതാക്കൾ വേണം. ഫ്ലാറ്റിലും വില്ലയിലുമിരുന്ന് ചൊറി കുത്തുന്ന ഉദ്യോഗസ്ഥൻമാർ പറയുന്ന പിച്ചും പേയും കേട്ട്, വിഷ പാമ്പിനെയും ക്ഷുദ്രജീവികളെയും പട്ടിക തിരിച്ച് കർഷകൻ്റെ ചിലവിൽ വളർത്താമെന്ന് ഇനി ഒരുത്തനും കരുതേണ്ട ! ഞങ്ങളുടെ പൂർവ്വികർ ചെയ്ത പണിഞങ്ങൾ ചെയ്തു തുടങ്ങണമെന്ന് മാനന്തവാടിയിലെ അജിയുടെ രക്തസാഷ്യം ഓർമിപ്പിക്കുകയാണ്! ജോൺസൺ കക്കയം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക