Image

തമിഴർ ചോദിക്കുന്ന  സാപ്പിട്ടിങ്ക്ലാ...(ഷുക്കൂർ ഉഗ്രപുരം)

Published on 11 February, 2024
തമിഴർ ചോദിക്കുന്ന  സാപ്പിട്ടിങ്ക്ലാ...(ഷുക്കൂർ ഉഗ്രപുരം)

"സാപ്പിട്ടിങ്ക്ലാ...?" ഏത് സമയത്ത് കണ്ടാലും ഞങ്ങളുടെ ക്യാമ്പസിലെ തമിഴർ ചോദിക്കുന്ന ഒരു ചോദ്യമാണിത്, ഒരു തരത്തിലുള്ള അവരുടെ അഭിസംബോധന രീതി എന്ന് തന്നെ വേണമെങ്കിൽ പറയാം - നിങ്ങൾ ഭക്ഷണം കഴിച്ചോ എന്നാണ് അതിനർത്ഥം. ഏത് സംസാരം ആരംഭിക്കുന്നതിന് മുമ്പും അവർ അങ്ങനെ ചോദിക്കുന്നത് പതിവാണ്. ഞാനും എന്റെ മല്ലുസുഹൃത്തുക്കളും തീറ്റപ്പണ്ടാരങ്ങൾ എന്ന് പറഞ്ഞ് അവരെ നന്നായി കളിയാക്കാറുണ്ട്! രാവിലെ ക്ലാസിലെത്തുമ്പോൾ ഗുഡ്മോണിംഗ് എന്ന് പറഞ്ഞിട്ടില്ലെങ്കിലും വണക്കം എന്നെങ്കിലും സൊല്ലരുതോ നിങ്ങൾക്ക് എന്ന് അവരോട് ഞങ്ങൾ പുച്ഛത്തോടെ ചോദിക്കാറുണ്ട്. അത് കൊണ്ടാണെന്ന് തോന്നുന്നു ക്ലാസിലെ ആരും ഇപ്പോൾ ആ പഴയ "സാപ്പിട്ടിങ്കിലാ?" എന്ന ചോദ്യം ചോദിക്കാറില്ല. 

കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും രാത്രി 7.30 നാണ് ഞാൻ കോയിമ്പത്തൂരിലേക്ക് യെശ്വന്ത്പുർ എക്സ്പ്രസ് കയറിയത്. ഏതാണ്ട് മൂന്ന് വർഷത്തിന് ശേഷമുള്ള മടക്കയാത്രയാണിത്. അതും റിസർവ്വേഷനില്ലാതെ ലോക്കൽ ക്ലാസ്സിൽ. ട്രെയിനിൽ നല്ല തിരക്കായിരുന്നു. കോയിമ്പത്തൂരിൽ എത്തുന്നത് വരെ നിൽക്കേണ്ടി വന്നു. റിസർവ്വേഷൻ ഉണ്ടായിരുന്നെങ്കിൽ കഷ്ടപ്പെടേണ്ടി വരില്ലായിരുന്നു. ബാപ്പ മരിച്ചതിന് ശേഷമുള്ള ആദ്യ യാത്രയാണ്. ഓർമ്മകൾ ഓരോന്നും ഒഴുകിയൊഴുകി അവസാനിക്കുന്നത് പള്ളിക്കാട്ടിലെ ഉപ്പയുടെ പേര് കൊത്തിയ മീസാൻ കല്ലിലാണ്. അവർ ഉണ്ടായിരുന്നപ്പോഴെല്ലാം റിസർവ്വേഷനിൽ മാത്രമെ പറഞ്ഞയച്ചൊള്ളൂ. ഗവേഷണ പഠനം മൂന്ന് വർഷം കൊണ്ട് തീർക്കണം എന്നായിരുന്നു എന്റെ പ്ലാൻ. രണ്ടാം വർഷം തന്നെ സെക്കന്റ് ഡോക്ടറൽ കമ്മിറ്റി മീറ്റിംഗ് തീർത്തിരുന്നു. അത് കഴിഞ്ഞ് ഒരാഴ്ച്ച കഴിയുന്നതിന് മുമ്പേ പടച്ചോന്റെ വിളിക്കുത്തരമേകി ബാപ്പ യാത്രയായി. 

പതിനഞ്ച് വർഷത്തിലേറെയുള്ള ആ പാവം മനുഷ്യന്റെ പ്രവാസ ജീവിതം അവസാനിക്കുന്നത് അങ്ങനെയാണ്! ഒരു വെള്ളിയാഴ്ച്ച രാവിൽ നാളെ ലീവാണല്ലൊ എന്ന സമാധാനത്തോടെ ഉറങ്ങാൻ കിടന്നതാണ്, പിന്നെ ആര് വിളിച്ചിട്ടും ബാപ്പ ഉണർന്നിട്ടില്ല. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി. ഈ പാതിരാവിൽ ആളുകൾ ഈ കമ്പാർട്ട്മെന്റിൽ കിടന്നും ഇരുന്നും നിന്നും തൂങ്ങിപ്പിടിച്ചും ഉറങ്ങുകയാണ്. ഈ തീവണ്ടിയുടെ കറുത്ത ധൂമങ്ങളത്രയും വമിക്കുന്നത് എന്റെ വിഷാദ നോവിൽ നിന്നുമാണെന്ന് തോന്നി. വണ്ടി പോത്തന്നൂരിൽ എത്തിയതേ ഓർമ്മയുള്ളൂ, മനസ്സ് ഓർമ്മയുടെ വർണ്ണത്തൂവൽ തേടി അതിവേഗം ഓടുകയായിരുന്നു. പിന്നിട്ട ദൂരം അറിഞ്ഞതേയില്ല.

കോയിമ്പത്തൂരിലെത്തി മൂന്നാമത്തെ പ്ലാറ്റ്ഫോമിലാണ് വണ്ടി നിന്നത്. നല്ല വിശപ്പുണ്ട്, ഉച്ചയ്ക്ക് ഒരു പിടി ചോറ് മാത്രമാണ് കഴിച്ചത്. പ്ലാറ്റ്ഫോമിന്റെ അറ്റത്ത് ബൾബ് കത്തുന്നില്ല, കനത്ത ഇരുട്ട്. മണി പതിനൊന്നര ആയിട്ടുണ്ട്. ഭക്ഷണ സാധങ്ങൾ വിൽക്കുന്ന ആളിൽ നിന്നും ഒരു ബിരിയാണി വാങ്ങി. 

 "അണ്ണെയ്, ചെമ്മൊളി എക്സ്പ്രസ് ഏത് പ്ലാറ്റ് ഫോമിൽ ഇറിക്കും?" - ഞാൻ ചോദിച്ചു

"നേരെ മുമ്പിലേക്ക് നോക്ക്, ആ കാണുന്നതാണ് ചെമ്മൊഴി. 12.30 ന് എടുക്കും" - എന്ന് മലയാളത്തിൽ മറുപടി പറഞ്ഞു കൊണ്ട് അയാൾ ഭക്ഷണ സാധനങ്ങളുമായി നടന്നു പോയി. നാലാമത്തെ പ്ലാറ്റ്ഫോമിലാണ് ചെമ്മൊഴി എക്സ്പ്രസ് നിൽക്കുന്നത്. ഞാൻ അതിൽ കയറി. ലൈറ്റും ഫാനും ഒന്നും ഓണാക്കിയിട്ടില്ല ഉദ്യോഗസ്ഥൻ. ആ ട്രെയിൻ കോയിമ്പത്തൂരിൽ നിന്നുമാണ് സ്റ്റാർട്ടിംഗ്. ഒരു മണിക്കൂറിലേറെ സമയം ഇനിയുമുണ്ടല്ലോ, അതാവും. ഭക്ഷണം കഴിക്കാൻ കൈ കഴുകാനായി ഞാൻ ട്രെയിനിലെ വാഷ്റൂമിന്റെ അടുത്തുള്ള വാഷ്ബെയ്സിനടുത്തേക്ക് നടന്നു. പുറത്തെ പ്ലാറ്റ്ഫോമിലെ ലൈറ്റ് ചെറിയ രീതിയിൽ തീവണ്ടിയിലെ വാഷ് ബെയ്സിനടുത്തേക്ക് വെളിച്ചം വിതറുന്നുണ്ട്, എങ്കിലും ഞാൻ എന്റെ മൊബൈൽ ഫോണിലെ ടോർച്ച് ഓൺ ചെയ്തിരുന്നു. ടാപ്പിനടുത്ത് ഒരു സ്വാമിജിയാണെന്ന് തോന്നുന്നു കയ്യും വായും മുഖവും വൃത്തിയാക്കുന്നുണ്ട്. കൈ കഴുകാൻ കാത്തുനിൽക്കുന്ന എന്നെ കണ്ടപ്പോൾ കാഷായം ധരിച്ച ആ മനുഷ്യൻ ഇങ്ങനെ ചോദിച്ചു - "ഹേയ്... മുറുകാ... കൈ കളുകണമാ? പാര്...  പാര്..." 

മോനെ... കൈ കഴുകണോ? ഇരുട്ടാണ് ശ്രദ്ധിക്ക്... ശ്രദ്ധിക്ക്... 

എന്ന് അതിന്റെ ഭാഷന്തരം ഞാൻ മനസ്സിലാക്കി.

 "ആമ്മ സ്വാമിജീ... കൈ കളുകണം" - ഞാൻ മറുപടി പറഞ്ഞു. അയാൾ മന്ദഹസിച്ചു.

പാതിരാത്രിയുടെ ഉറക്കച്ചടവിനെ കുടഞ്ഞെറിയാൻ ശ്രമിച്ച് കൊണ്ട് ആ മനുഷ്യൻ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നടന്നടുത്തു. ഭക്ഷണം കഴിക്കാൻ ഒഴിഞ്ഞ സീറ്റ് തേടി ഞാൻ കമ്പാർട്ട്മെന്റിലൂടെ നടന്നു. മിക്ക സീറ്റുകളിലും തമിഴർ കിടന്നുറങ്ങിയിട്ടുണ്ട്. കൊതുകിന്റെ മൂളലും കുത്തലും അവർ കാര്യമാക്കുന്നേയില്ല. ഒരു ഒഴിഞ്ഞ സീറ്റ് കണ്ടപ്പോൾ ഞാൻ അവിടെയിരുന്ന് മൊബൈൽ ഫോൺ വെളിച്ചത്തിൽ ഭക്ഷണം കഴിച്ചു. കുറച്ചു കഴിഞ്ഞപ്പോഴേക്കും ആളുകൾ കൂടിത്തുടങ്ങി. ലൈറ്റും ഫാനും ഓൺ ചെയ്തു. എഞ്ചിൻ ഓണായപ്പോൾ അത് ഗാംഭീര്യമുള്ള ഒരു തീവണ്ടിയായി മാറി.

പുലർച്ചെ അത് തൃഷിയിൽ ചെന്ന് നിന്നപ്പോൾ പുറത്തിറങ്ങി. പുറത്തെ ചെറിയ വേനൽ മഴയുടെ കുളിർമ അതീവ ഹൃദ്യമായി തോന്നി. അവിടെ സർവ്വകലാശാല ക്യാമ്പസിലാണ് പഠിക്കുന്നതെങ്കിലും ഇത്തവണ ഹോസ്റ്റൽ അഡ്മിഷൻ ലഭിച്ചിട്ടില്ല. ഹോസ്റ്റൽ റിന്യൂവൽ ഫോമിൽ എച്ച്.ഒ.ഡി സൈൻ തന്നില്ല. അങ്ങനെ ഹോസ്റ്റൽ അഡ്മിഷൻ കിട്ടാതെ പോയി. അയാൾ അങ്ങനെ സൈൻ തരാതിരിക്കാൻ പ്രത്യേകിച്ച് കാരണമൊന്നുമില്ല. എന്റെ റിസർച്ച് ഗൈഡിനോടുള്ള അങ്ങേരുടെ ഈർഷ്യത മാത്രമാണ് വിഷയം. ഗൈഡ് റിട്ടയർ ചെയ്തതിനു ശേഷം നല്ല മുട്ടൻ പണികളാണ് എച്ച്.ഒ.ഡി എനിക്കിട്ട് തന്നു കൊണ്ടിരിക്കുന്നത്. ഏതായാലും ഹോസ്റ്റലിൽ കയറി കുളിക്കാനും പ്രാതൽ കഴിക്കാനും മാറ്റിയൊരുങ്ങാനും പറ്റില്ല. പുറത്ത് ഒരിടം തേടണം. നാലോ അഞ്ചോ ദിവസം കഴിഞ്ഞാൽ റമദാൻ മാസം തുടങ്ങുകയായി, അതിന് മുമ്പ് ഇവിടുന്ന് പേപ്പർ വർക്ക് തീർത്ത് നാട്ടിലേക്ക് വണ്ടി കയറണം. മാർച്ചിലെ പൊള്ളുന്ന ചൂടാണിപ്പോൾ, വല്ല സ്ഥലത്തും അപ്സ്റ്റയർ റൂം തിരയുന്നതൊന്നും ഒട്ടും ബുദ്ധിയല്ല. 

ക്യാമ്പസ് മെയിൻ എൻട്രൻസിന് നേരെ എതിർ ഭാഗത്താണ് മസ്ജിദെ ഖദീജ. ഞങ്ങൾ വിദ്യർത്ഥികൾ ആ മസ്ജിദിനെ ഖാൻഖാഹ് എന്നാണ് വിളിക്കാറുള്ളത്. ശരിക്കും അതൊരു സൂഫി പർണ്ണശാല തന്നെയാണ്. അവിടെ മനോഹരമായി ബാങ്ക് വിളിക്കലും ഖുർആൻ പാരായണം ചെയ്ത് നമസ്ക്കാരത്തിന് നേതൃത്വം നൽകലുമൊക്കെ ഞങ്ങൾ മലയാളി പയ്യൻസിന്റെ സ്ഥിരം പ്രവർത്തനങ്ങളാണ്. പള്ളി ഇമാം മാലാനാ ഹാഫിളിന് ഞങ്ങൾ മലബാറിലെ വിദ്യാർത്ഥികളോട് പ്രത്യേക ഇഷ്ടമാണ്. അവർ അവിടെ ഹനഫി ചിന്താധാരയാണ് പിന്തുടരുന്നത്. എങ്കിലും ഞങ്ങളുടെ ഷാഫി ചിന്താധാരയെ വളരെ ബഹുമാനത്തോട് കൂടിയാണ് അവർ ഉൾക്കൊള്ളുന്നത്. ഞങ്ങൾ പലപ്പോഴും തലമറക്കാതെയാണ് നമസ്ക്കരിക്കുന്നത്, മാത്രമല്ല വിത്റ് നമസ്ക്കരിക്കാറുമില്ല. അത് രണ്ടും അവരുടെ ചിന്താധാരയിൽ നിർബന്ധത്തോടെ ചെയ്യുന്ന അനുഷ്ടാനങ്ങളാണ്. എന്നാൽ ഷാഫി ചിന്താധാരയിൽ ആ കാര്യങ്ങൾ അത്ര നിർബന്ധമല്ല എന്നതിനാൽ ഞങ്ങളതിനെ കണിശബുദ്ധ്യാ പിന്തുടരാറില്ല. എങ്കിലും ഞങ്ങളോട് അവർക്ക് ഒട്ടും അസഹിഷ്ണുത ഇല്ല. ഉൾക്കൊള്ളലിന്റേയും ഉൾച്ചേരലിന്റേയും നബി തിരുമേനിയുടെ അധ്യാപനങ്ങളെയാണ് അവിടെ കണ്ടത്. അല്ലങ്കിലും വിവരവും വിദ്യാഭ്യാസവുമുള്ള വിശ്വാസിയുടെ കർമ്മങ്ങൾക്ക് സുഗന്ധം കൂടുതലാണ്.

പുറത്ത് റൂമൊന്നും തിരയാതെ ഞാൻ ആ ഖാൻഖാഹിലെ ഒരു അതിഥിയായി അവിടെ തങ്ങാൻ ആഗ്രഹിച്ചു. എല്ലാകാലത്തും മുസാഫിറുകൾക്കുള്ള ഒരിടം ഖാൻഖാഹുകളിലുണ്ട്. ഡോ. അക്ബർഷാ ആലം ആണ് ഞങ്ങളുടെ ഖാൻഖാഹിന്റെ മുഖ്യ രക്ഷാധികാരി. നമ്മുടെ നാട്ടിലെ പോലെ മഹല്ല് സംവിധാനമൊന്നും അവിടെ ഇല്ല. അതിനാൽ ഖാൻഖാഹിന് വരുമാന മാർഗ്ഗങ്ങളൊന്നുമില്ല. 

ബയോടെക്നോളജിയിൽ ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് സൈന്റിസ്റ്റുകളിൽ ഒരാളാണ് പ്രഫസർ അക്ബർ ഷാ ആലം. അദ്ദേഹത്തെ പോലുള്ള നല്ല വരുമാനമുള്ള അഞ്ചാറ് പേരുടെ ഔദാര്യത്തിലാണ് പള്ളി ആഢ്യത്വത്തോടെ നടന്നു പോകുന്നത്. സ്റ്റുഡന്റ്സ് ഓറിയന്റഡ് ആണ് ആ മസ്ജിദ്. വിദ്യാർത്ഥികൾക്ക് ഏത് സമത്ത് വന്ന് കുളിക്കാനും പ്രാർത്ഥിക്കാനും കിടന്നുറങ്ങാനും ഭക്ഷണം കഴിക്കാനും പഠിക്കാനുമൊക്കെ അവിടെ സംവിധാനമുണ്ട്. ലൈറ്റും ഫാനും യഥേഷ്ടം ഉപയോഗിക്കാം. ഖാൻഖാഹ് എന്ന് കേൾക്കുമ്പോൾ മുസ്ലിം വിശ്വാസികൾക്ക് മാത്രമാണെന്ന് വിചാരിക്കരുത് - മുസ്ലിംകൾക്ക് മാത്രമുള്ള ഒരു സംവിധാനമല്ല അത്. പരീക്ഷക്കാലത്ത് ഖാൻഖാഹിനകത്തെ ഏകാഗ്രത ഉപയോഗപ്പെടുത്തി പഠിക്കാനായി വ്യത്യസ്ത മതങ്ങളിലെ വിദ്യാർത്ഥികൾ അവിടെ വരാറുണ്ട്. പി.ജി പഠന കാലം മുഴുവൻ പള്ളിയിൽ അന്തേവാസിയായിരുന്ന മൂന്ന് ഹിന്ദു മത വിശ്വാസികളായ സഹോദരൻമാരെ എനിക്കറിയാം. തമിഴനായ മുത്തു സെൽവം പണമില്ലാത്തത് കാരണം അവന്റെ പി.ജിക്കാലം മുഴുവൻ ചിലവഴിച്ചത് പള്ളിയിലായിരുന്നു. അവസാന റിസൾട്ട് വന്നപ്പോൾ അവന്റെ അധ്വാനത്തിന് മീതെ പടച്ചോന്റെ റഹ്മത്തിന്റെ കാലിഗ്രഫി പതിഞ്ഞിരുന്നു. ഫിസിക്സിൽ രണ്ടാം റാങ്കോടെയാണ് അവൻ എം.എസ്.സി പൂർത്തീകരിച്ചത്. 

ട്രെയിനിറങ്ങി സുബ്ഹ് സമയത്താണ് ഞാൻ പള്ളിയിലെത്തിയത്. ഹാഫിളിനെ പുറത്ത് കണ്ടു. "അസ്സലാമു അലൈക്കും മൗലാനാ, നീങ്കെ സൗഖ്യായിരിക്കാ... "

"വഅലൈക്കുമുസ്സലാം... അൽഹംദുലില്ലാഹ് സൗഖ്യം, നീങ്കെ എപ്പിടി ഇരിക്ക്... തീസിസ് സബ്മിറ്റ് പണ്ണിയാച്ചാ?" 

"സൗഖ്യമായിരിക്ക്, അള്ളാവുക്ക് സ്ഥുതി... തീസിസ് സബ്മിഷൻക്ക് കൊഞ്ചം കൂടി വർക്ക് ബാക്കി ഇരിക്ക്. ഇൻഷാ അള്ളാഹ് സീക്രം മുടിക്കണം. മൗലാന… ഒരു നാല് നാള് ഇങ്കെ പള്ളിവാസലിൽ തങ്ങട്ടെയാ? കൊഞ്ചം പേപ്പർ വർക്ക് സെഞ്ച് മുടിക്കാനിറിക്ക്"

"നീങ്കെ എവള് നാള് വേണേലും ഇങ്കെ സ്റ്റെ പണ്ണുങ്കോ, ഉങ്കൾടെ മസ്ജിദ് താനെ?" 

അള്ളാഹുവിന് നന്ദി പറഞ്ഞു കൊണ്ട് ഞാൻ എന്റെ ബാഗും വസ്ത്രങ്ങളും പള്ളിക്കകത്തെ മുസാഫിറുകളുടെ മുറിക്കകത്ത് വെച്ചു.

"ഭായ്, നമ്മ പള്ളിവാസൽ കൊഞ്ചം ഡെവലപ്മെന്റ് വർക്ക് മുടിച്ചിരിക്ക്. അന്ത ഓൾഡ് ടാപ്പ്ക്ക് പക്കത്തിരുന്ത് ഉങ്കൾക്ക് ഡ്രസ്സ് തൊവച്ചിടാം. അത് മാതിരി അന്ത ഓൾഡ് അബ്ലൂഷൻ ഷെഡിൽ ഇറുന്ത് ഉങ്കൾക്ക് കുളിക്കാൻ മുടിയും. ബാത്ത് റൂം വന്ത് ഇന്ത്യൻ ക്ലോസറ്റ്ക്ക് അപ്പുറം യൂറോപ്യനും ഇറിക്ക്. ഏത് വേണാലും യൂസ് പണ്ണ്ങ്കോ". 

"ചെരി മൗലാന" - ഞാൻ പറഞ്ഞു

 നമ്മുടെ നാട്ടിൽ താഴിട്ട് പൂട്ടാത്ത എത്ര പള്ളി ടോയ്ലറ്റുകൾ ഉണ്ട് എന്നറിയില്ല. ഞാൻ ഏതായാലും രണ്ടിലേറെ പള്ളികൾ കണ്ടിട്ടില്ല. ഇവിടെ പ്രധാന സർവ്വകലാശാലക്ക് തൊട്ടുമുമ്പിലെ പള്ളിയാണിത്. മനുഷ്യർക്ക് മാന്യമായി ഉപയോഗിക്കാനായ് വാതിലുകൾ ഒന്നും കൊട്ടിയടക്കപ്പെടാതെ മസ്ജിദുകളും സൗകര്യങ്ങളും മലർക്കെ തുറന്നിട്ടിരിക്കുന്നു. പേരു കൊണ്ടും പ്രവർത്തനം കൊണ്ടും പ്രവാചക പത്നി ഖദീജ ഉമ്മയുടെ മസ്ജിദ്. കാരുണ്യത്തിന്റെ ചിറക് വിടർത്തി നിൽക്കുന്ന പടച്ചോന്റെ ഖാൻഖാഹ്. പുറത്ത് മരം കരിയും ചൂടാണെങ്കിലും പള്ളിക്കകത്ത് കുളിർമ്മയുണ്ട്. 

ഇവിടെ പുറമെ നിന്നും ഭക്ഷണം കഴിക്കുന്നത് വളരെ ചിലവേറിയതാണ്. ഫക്കീറായി ജീവിക്കുന്നത് അത്യധികം ദുഷ്ക്കരമാണ്. രാവിലെ ഇപ്പോൾ കാലിച്ചായ കുടിക്കാറില്ല. പതിനഞ്ച് രൂപയാണ് ചിലവ്. സംഗതി സൂപ്പറാണെങ്കിലും പണമില്ലാത്തവന് അതൊരു നീറ്റലാണ്. ഏറ്റവും ചുരുങ്ങിയ കാശിന് പ്രാതൽ കഴിക്കണമെങ്കിൽ പൊങ്കൽ കഴിക്കുന്നതാണ് നല്ലത് എന്ന് രണ്ട് ദിവസം കൊണ്ട് ഞാൻ മനസ്സിലാക്കി. ചോറ് നെയ്യും കടുകും കുരുമുളകും ഉണക്കമുളകും ചേർത്ത് വേവിച്ചതാണ് പൊങ്കൽ. സാമ്പാറും ചട്നിയും അവർ ഒഴിച്ചു തരും. ക്യാമ്പസിലെ മല്ലൂസ് പറയുന്നത് അത് കഴിക്കരുത്, തലെ ദിവസത്തെ ബാക്കിയുളള ചോറ് വേവിക്കുന്നതാണ് അതെന്നാണ്. പക്ഷേ ഞാൻ എല്ലാ ദിവസവും അതാണ് കഴിച്ചത്. മറ്റൊന്നും കൊണ്ടല്ല 35 രൂപ ഉണ്ടെങ്കിൽ ഒരു ദിവസത്തെ പ്രാതൽ കഴിഞ്ഞ് കിട്ടും. അതല്ലെങ്കിൽ ഒരു മൂന്ന് ദോശയെങ്കിലും കഴിക്കണം. അതിന് 105 രൂപയാണ് വില. ചോറായത് കൊണ്ട് രാവിലെത്തന്നെ ശരീരത്തിന് ആവശ്യത്തിനുള്ള ഗ്ലൂക്കോസും അന്നജവുമൊക്കെ കിട്ടും. മൂന്ന് ദിവസം തുടർച്ചയായി കഴിച്ചപ്പോൾ നാലാം ദിവസം ഞാൻ കടയിൽ ചെല്ലാൻ വൈകിയിട്ട് പോലും സപ്ലെയർ എനിക്ക് വേണ്ടി പൊങ്കൽ മാറ്റി വെച്ചിട്ടുണ്ട്, ഒരു നല്ല മനിതൻ. യഥാർത്ഥം പറഞ്ഞാൽ ആ പൊങ്കൽ കഴിച്ചാൽ വയർ നിറയുകയൊന്നുമില്ല. കഴിച്ചു എന്ന് തോന്നും അത്ര തന്നെ. പൈസയില്ലാത്തവന് അത്രയെ അർഹതയൊള്ളൂ എന്ന് ഒരു അപകർഷതാ ബോധത്തോടെ ഞാൻ വിചാരിക്കും. 

ആ കൊടിയ വെയിലിൽ ഏതാണ്ട് രണ്ട് മണിക്കൂർ കഴിഞ്ഞാൽ പിന്നെയും വിശക്കാൻ തുടങ്ങും. നല്ല കഠിന വിശപ്പ് തന്നെയാണത്. ഉച്ചയൂൺ അവർ നിറയെ വിളമ്പിത്തരും. സാമ്പാറും പപ്പടവും ഉപ്പേരിയും തൈരും എല്ലാമുണ്ടാകും, മീനും ചിക്കനും ഒന്നും ഉണ്ടാവില്ല എങ്കിലും വിശപ്പ് മാറും. ചോറിന്റെ വില 80 രൂപയാണ്. പണമില്ലാത്തവന്റെ കയ്യിൽ നിന്നും അത്രയും കാശ് പോകുമ്പോൾ കഴിച്ചത് മുഴുവൻ അപ്പോൾ തന്നെ ദഹിക്കുമല്ലൊ. രാത്രിയും വിശപ്പിന്റെ ഇരുൾ മൂടുന്നതിനാൽ ഏറ്റവും ചുരുങ്ങിയത് രണ്ട് ചെപ്പാത്തിയെങ്കിലും കഴിക്കണം. ഒരു 50 രൂപയെങ്കിലും അതിന് വേണം. അതായത് ഒരു ദിവസം ഒരു ഗ്ലാസ് ചായയോ കാപ്പിയോ മുറുക്കാനോ ബീഡിയോ ഒന്നുമില്ലാതെ ഒരു ദിവസം അവിടെ കഴിഞ്ഞു കൂടണമെങ്കിലും വേണം ചുരുങ്ങിയത് 165 രൂപ. പത്ത് ദിവസം നിൽക്കാൻ 1650 രൂപ വേണം. ഒരു രൂപ പോലും വരുമാനമില്ലാത്ത ഒരാളെ സംബന്ധിച്ചിടത്തോളം അതൊരു വലിയ തുകയാണ്. എത്ര ആലോചിച്ചിട്ടും പണമുണ്ടാക്കാനുള്ള ഒരു മാർഗ്ഗവും തെളിയുന്നില്ല. അവസാനം രാത്രി ചിലവഴിക്കുന്ന 50 രൂപ ലാഭിക്കാൻ ഒരു വഴി കണ്ടെത്തി. ഉച്ചയൂണ് ആ കടയിൽ നിന്നും പാഴ്സൽ വാങ്ങും, എന്നിട്ട് അതിൽ നിന്നും പകുതി കഴിച്ച് ബാക്കി ഭാഗം എടുത്ത് വെക്കും. അത് രാത്രിയും കഴിക്കും, അങ്ങിനെ ഒരു ദിവസം ചിലവ് കഴിയാൻ 115 രൂപയാക്കി ചുരുക്കി. പത്ത് ദിവസത്തിന് 1150 രൂപ. വിശപ്പിന്റെ തീക്ഷ്ണതയെയും മനസ്സിനേൽക്കുന്ന പോറലുകളേയും ചിലപ്പോൾ നമുക്ക് ചുരുക്കാൻ കഴിഞ്ഞെന്ന് വരില്ല! 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക