Image

ടോം സുവോസി എന്ന മനുഷ്യസ്നേഹി; നന്ദിയോടെ സ്റ്റാൻലി ജോസഫ്

Published on 09 February, 2024
ടോം സുവോസി എന്ന മനുഷ്യസ്നേഹി; നന്ദിയോടെ സ്റ്റാൻലി ജോസഫ്

ന്യു യോർക്ക്: ചൊവ്വാഴ്ച നടക്കുന്ന സ്‌പെഷൽ ഇലക്ഷനിൽ ന്യു യോർക്ക് മൂന്നാം ഡിസ്ട്രിക്ടിൽ നിന്ന്  കോൺഗ്രസിലേക്ക് മൽസരിക്കുന്ന  ടോം സുവോസിയോടൊപ്പമുള്ള ഹൃദയം തൊടുന്ന അനുഭവം പങ്കിടുകയാണ് ആൽബർട്ട്സണിലെ മലയാളിയായ സ്റ്റാൻലി ജോസഫ്. 

ആരുടെയും മനസിനെ സ്പർശിക്കുന്ന നന്മയുള്ള ഹൃദയത്തിന്റെ ഇടപെടലായാണ് സ്റ്റാൻലി ആ അനുഭവം ഓർത്തെടുക്കുന്നത്. 2020 ഏപ്രിൽ മാസം തുടങ്ങിയത്  വേർപാടുകളുടെ വേദനയോടെയാണ്.  അപ്രതീക്ഷിതമായി കടന്നു വന്ന കൊവിഡിൽ സ്റാൻലിയുടെ  പിതാവും  അമ്മാവനും മരിച്ചു. അതിന് ശേഷം മുപ്പതുകളിലുള്ള  സ്റ്റാൻലിയും വിൻത്രോപ്പ് ആശുപത്രിയിലായി. വൈകാതെ അമ്മ മരിച്ചു. രണ്ട് മുറികൾക്കപ്പുറം പോയി ആ മൃതദേഹം കാണാൻ പോലും  കഴിഞ്ഞില്ല.

കൊവിഡ് ബാധിച്ച് സ്റ്റാൻലി  മാസങ്ങളോളം വെന്റിലേറ്ററിൽ  വിൻത്രോപ്പ് ആസ്‌പത്രിയിൽ  കിടന്നു. പിന്നീടങ്ങോട്ട് ജീവൻ നിലനിറുത്താനുള്ള പരിശ്രമമായിരുന്നു.  ആശുപത്രിയിൽ നിന്ന് മാറ്റണമെന്നായിരുന്നു അധികൃത നിലപാട്. തുടർന്ന് സ്റ്റാൻലിയുടെ കുടുംബത്തിന്റെ അഭ്യർത്ഥനപ്രകാരം കോൺഗ്രസംഗമായിരുന്ന ടോം സുവോസി ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടു .  അവിടെ തന്നെ തുടരാനും  ഏറ്റവും മികച്ച വൈദ്യസഹായം ലഭിക്കുമെന്ന് ഉറപ്പാക്കുവാനും അദ്ദേഹം നിരന്തരം ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടു . കുടുംബത്തിൽ നിന്നും സഹായാഭ്യർത്ഥനയ്ക്കുള്ള കത്ത് ലഭിച്ചതുശേഷം പിറ്റേന്ന് രാവിലെ എട്ടുമണിക്ക് തന്നെ അദ്ദേഹത്തിന്റെ ഇടപെടലുണ്ടായി.

വാഷിംഗ്ടൺ ഡിസിയിലേക്കുള്ള തിരക്കിട്ട യാത്രയ്ക്ക് മുമ്പായിരുന്നു സമയം കണ്ടെത്തിയുള്ള മാനുഷികപരമായ ഇടപെടൽ.  NYU വിൻട്രോപ്പിന്റെ അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ്, മെഡിക്കൽ ടീം, സ്റ്റാൻലിയുടെ കുടുംബം എന്നിവരുമായി അദ്ദേഹം ചർച്ച വിളിച്ചു. അതിനു ശേഷം   ഇടയ്ക്കിടെ ബന്ധപ്പെട്ട് ആരോഗ്യ പരിരക്ഷ ഉറപ്പാക്കി.  

മാസങ്ങൾക്കു ശേഷം സ്റ്റാൻലി ജീവിതത്തിലേക്ക് തിരിച്ചു വന്നു. തന്റെ പൂർണ്ണമായ വീണ്ടെടുക്കലിനും തിരികെ കിട്ടിയ ജീവിതത്തിനും സുവോസിയോടും വിൻത്രോപ്പിലെ മെഡിക്കൽ സ്റ്റാഫിനോടും കടപ്പെട്ടിരിക്കുന്നു-സ്റ്റാൻലിയുടെ ഹൃദയം തൊടുന്ന ഓർമ്മ ഇങ്ങനെ അവസാനിക്കുന്നു.

ഇതേ സമയം സുവോസിക്കു പിന്തുണയുമായി ഇല്ലിനോയിയിലെ കോൺഗ്രസ്മാൻ  രാജാ കൃഷ്ണമൂർത്തി ന്യു യോർക്കിലെത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ലോംഗ് ഐലൻഡിലെ മിന്റ് റെസ്റ്റോറന്റിൽ ചേർന്ന സമ്മേളനത്തിൽ ഒട്ടേറെ  പ്രമുഖരായ ഇന്ത്യൻ കമ്യുണിറ്റി നേതാക്കൾ പങ്കെടുത്തു. ഡമോക്രാറ്റിക് വൈസ് ചെയർ കളത്തിൽ വർഗീസ്, ബാലചന്ദ്ര പണിക്കർ, വർഗീസ് കെ. ജോസഫ്, സ്റ്റാൻലി ജോസഫ്, എറിക്ക് കുമാർ, ഡോ രാജ് ഭയാനി, ഗാരി സിക്ക തുടങ്ങിയവർ പങ്കെടുത്തു.

 ഫെബ്രുവരി 13നു നടക്കുന്ന പ്രത്യേക തിരഞ്ഞെടുപ്പിൽ സുവോസി വിജയിച്ചാൽ ഹൗസിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷം 7 സീറ്റായി കുറയും. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക