Image

ഓക്കെ , പീക്കെ : മിനി ആന്റണി

Published on 07 February, 2024
ഓക്കെ , പീക്കെ : മിനി ആന്റണി

അടുത്തിടെ നടന്ന ഒരു സംഭവമാണ്. 

ഞാനെൻ്റെ പുതുതായി തുടങ്ങിയ സംരംഭമായ  ഫാസ്റ്റ്ഫുഡ് കടയുടെ അടുത്ത്  മതിലിനോട് ചേർന്ന് റോഡിലേക്കും നോക്കി നിൽക്കുകയായിരുന്നു. 

സമയം രാത്രി എട്ട് മണി. ആ സമയത്ത് റോഡിലൂടെ ഹെഡ് ലൈറ്റിട്ടവാഹനങ്ങൾ പോകുന്നതും നോക്കി നിൽക്കാൻ നല്ല രസമാണ്. വലിയ തിരക്കില്ല. ചില ദിവസങ്ങളിൽ അങ്ങനെയാണ്. റോഡിൽ തിരക്ക് തീരെ കുറവായിരിക്കും.  ചില ദിവസങ്ങളിൽ തിരക്ക് കാരണം അതി ഭയങ്കരമായ ബ്ലോക്കും. സെൻററിലെ കടളൊഴിപ്പിച്ച് റോഡ് വീതി കൂട്ടാനുള്ള ശ്രമം കോർപ്പറേഷൻ തുടങ്ങിയിട്ട് നാളേറെയായി. സെൻ്റർ ഏകദേശം കുപ്പി ക്കഴുത്ത് പോലെ ഇടുങ്ങിയാണ് ഇരിക്കുന്നത്.

ചെറിയ കാലയളവിലെ എക്സ്പീരിയൻസ് വെച്ച് ഞാൻ മനസ്സിലാക്കി വെച്ചിരിക്കുന്നത് റോഡിൽ തിരക്ക് കുറവാണെങ്കിൽ കടയിൽ കസ്റ്റമേഴ്സും കുറവായിരിക്കും എന്നാണ്.
ഇന്നിപ്പോൾ സമയം എട്ടുമണിയായി. എന്നിട്ടും പകുതിയിലധികം ഭക്ഷണവും ബാക്കിയാണ്.

 ഫുഡ് എടുത്തു കൊടുക്കുന്ന പയ്യൻ ഇയർ ഫോണും ചെവിയിൽ തിരുകി താളം ചവിട്ടി നിൽക്കുന്നു. 
"അവന് കൊടുക്കേണ്ട ശമ്പളത്തിൽ ഇന്നത്തേത് എനിക്ക് നഷ്ടം തന്നെ " എന്ന് ഞാൻ മനസ്സിൽ കരുതി. റോഡിൽ നിന്ന് കണ്ണ് പറിച്ച് കൈ മുട്ടുകൾ രണ്ടും പുറകിലേക്ക് കുത്തി ഞാൻ മതിലിൽ പുറം ചാരി നിന്നു. ഈ വിധത്തിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ എന്തായിരിക്കും ഈ കടയുടെയും എൻ്റെയും ഭാവി എന്ന് ചിന്തിച്ചു കൊണ്ട് നിൽക്കുമ്പോഴാണ്  മുകളിൽ പറഞ്ഞ സംഭവം അരങ്ങേറുന്നത്.

"ലേഡി ഷെഫ്..." എന്ന് ബോർഡിൽ നോക്കി  വായിച്ച് കൊണ്ടാണ് ആ സമയത്ത് അയാൾ കടയിലേക്ക് കയറി വന്നത്. 

" ലേഡി ഷെഫ് എന്ന് പേര് വെച്ചിട്ട് ഷെഫ്
ബോയ് ആണല്ലോ? " എന്നൊരു ചോദ്യവും.

സംഗതി ശരിയാണല്ലോ. ചോദിച്ചതിൽ ഒരു തെറ്റും പറയാനില്ല. ഞങ്ങൾ കുറച്ച് ലേഡീസ് ഒരുമിച്ചാണ് ഒരു കാറ്ററിംഗ് യൂണീറ്റ് തുടങ്ങിയത്. തുടങ്ങിയ ഉൽസാഹം  പോകെ പോകെ പലർക്കും നഷ്ടപ്പെട്ടു.
തുടങ്ങിയതൊന്നും പെട്ടെന്ന് നിർത്തുന്ന ശീലമില്ലാത്തത് കൊണ്ട് രണ്ടും കൽപ്പിച്ച് ഞാനിത് നടത്തുകയാണ്. കുക്കിംഗ് ഒക്കെ ലേഡീസ് ആണെങ്കിലും ആറ് മണിക്ക് ശേഷം നിൽക്കാൻ സത്രീരത്നങ്ങളൊന്നും തയ്യാറായില്ല. അവർക്ക് ആഗ്രഹം കാണും. വീട്ടിൽ നിന്ന് അനുവാദം കിട്ടണ്ടേ? രാത്രിസഞ്ചാരത്തിന് അനുവദിക്കാൻ മാത്രം വിശാലമനസ്കത അവരുടെ ഭർത്താക്കൻമാർക്കായിട്ടില്ല. അങ്ങനെ സത്രീ മുന്നേറ്റത്തിൽ  മഹത്തായ പങ്ക് വഹിക്കും എന്നൊക്കെ സ്വപ്നം കണ്ട് തുടങ്ങിയ സംരംഭം തുടക്കത്തിലെ കുതിപ്പിന് ശേഷം കിതച്ചോടാൻ തുടങ്ങി.
  
അങ്ങനെയുള്ള അവസരത്തിലാണ് ഒരു പയ്യനെ നിർത്തി ഞാൻ വൈകും വരെ കടയിലിരിക്കാൻ തുടങ്ങിയത്. രാത്രി വീട്ടിലിരുന്ന് ടി.വിയിൽ  വല്ല പരിപാടീം കണ്ട് സ്വസ്ഥമായി ഇരിക്കാൻ പറ്റാത്തതിൻ്റെ ഈർഷ്യ പറ്റും വിധമൊക്കെ പ്രകടിപ്പിച്ചാലും, ഒരു ഏഴ് മണിയാവുമ്പോൾ എൻ്റെ ഭർത്താവും അവിടെ സന്നിഹിതനാവും.  " ഒരു വെളിവും വെള്ളിയാഴ്ച്ചയും ഇല്ലാതെ ഓരോന്ന് കാട്ടിക്കൂട്ടും. ഒന്നുമില്ലെങ്കിലും നാട്ടാരെയെങ്കിലും പേടിക്കണ്ടേ..... " എന്നാണ് അദ്ദേഹത്തിൻ്റെ എന്നോടുള്ള മനസ്സിലിരുപ്പ്. "

പുറമേ കാണിച്ചില്ലെങ്കിലും "എന്തായാലും വരുന്നുണ്ടല്ലോ. അത് തന്നെ വലിയ കാര്യം..."എന്ന്  ഞാൻ ഉള്ളിൽ സന്തോഷിച്ചു. 

" ലേഡിക്ക് പകരം ബോയാണല്ലോ " എന്ന് അയാൾ ചോദിച്ചതിൽ തെറ്റൊന്നുമില്ല എന്നാണല്ലോ പറഞ്ഞ് വന്നത്.

എടുത്ത് കൊടുക്കുന്ന പയ്യൻ ഫോൺ താഴെ വച്ചു. ആ സമയത്ത് സ്ഥിരം കസ്റ്റമറായ, ഞങ്ങൾ "മാമൻ" എന്ന് വിളിക്കുന്ന ഒരാളും കയറി വന്നു. മാമൻ വന്നയുടനെ സ്വന്തം തറവാട്ടിലേക്ക് കയറി വന്ന പോലെ നേരേ പുറകിലേക്ക് നടന്ന്  മേശക്കരികിൽ പോയിരിന്നു. മാമന് ചെല്ലുന്നിടം മുഴുവൻ സ്വന്തം സ്ഥലവും കാണുന്നവരെല്ലാം ബന്ധുക്കളുമാണ്. മാമൻ മാമനായത് എങ്ങനെയാണെന്ന് ഇപ്പോൾ മനസിലായിക്കാണുമല്ലോ.

 നേരത്തേ വന്നയാൾ അവിടെ സൈഡിലൊരു കസേരയിൽ ഇരിക്കുന്ന  എൻ്റെ ഭർത്താവിനോട് ചോദിച്ചു. 

" കഴിക്കാനെന്താ ഉള്ളെ?"

 ആളത് കേട്ടതും ഉടനെ പറഞ്ഞു.

" ഒന്നും ഇല്ല. എല്ലാം കഴിഞ്ഞു. "

ഞാൻ ആദ്യം നിരന്നിരിക്കുന്ന പാത്രങ്ങളിലേക്കും ഒന്നുമില്ല എന്ന് പറഞ്ഞ മഹാൻ്റെ മുഖത്തേക്കും ഒന്ന് നോക്കി. അവിടെ ഒരു ഭാവഭേദവും ഇല്ല." ഇല്ല എന്ന് പറഞ്ഞാൽ ഇല്ല എന്ന് തന്നെ " എന്ന മട്ടിൽ ആ മുഖം കല്ലിച്ചിരിക്കുന്നു.

അടുത്തതായി ഞാൻ കഴിക്കാൻ ചോദിച്ച ആളെ നോക്കി.  വന്നപ്പോൾ കണ്ടെങ്കിലും അപ്പോഴാണ് ഞാനയാളെ വിശദമായി നോക്കിയത്. ഒരു പാവത്താൻ്റെ മുഖഭാവം.  ഉയരം തീരെ കുറവാണ്. കൂടാതെ ചെറിയ ഒരാട്ടവും.
ചെറുതല്ല വലുതായി തന്നെ ആടുന്നുണ്ട്.
കുറച്ചപ്പുറത്ത് ഒരു ബാറുണ്ട്. അവിടെ നിന്നുള്ള വരവായിരിക്കും. ഞാൻ മനസ്സിൽ കരുതി. വെറുതയല്ല... എൻ്റെ ഭർത്താവ് "ഒന്നും ഇല്ല. എല്ലാം കഴിഞ്ഞു. "എന്ന് പറയാൻ കാരണം . ആൾ കുറച്ച് നാളായി ഗാന്ധിമാർഗത്തിൽ സഞ്ചരിച്ച് കൊണ്ടിരിക്കുകയാണല്ലോ. സമ്പൂർണ്ണ മദ്യവിരോധി. പറഞ്ഞതിൽ അൽഭുതം തോന്നേണ്ട കാര്യമില്ല.

കാല് നിലത്തുറക്കാൻ കഴിയാത്ത വിധം ഇയാളെന്തിനാണ് കുടിച്ചത്. എന്തെങ്കിലും മനോവിഷമം കാണും.ഇനി ആരെങ്കിലും കുടിപ്പിച്ചതാവുമോ? ഈ വിധത്തിൽ ഇയാൾ വീട്ടിലെത്തുന്നതെങ്ങനെ? ഇവ്വിധം പല ചിന്തകൾ ആ സമയം കൊണ്ട് എൻ്റെ മനസിലൂടെ കടന്ന് പോയി.

നോക്കി നിൽക്കെ അയാൾ ഉയരത്തിലുള്ള തട്ടിന് മുകളിൽ കൂടി നിരത്തി വച്ചിരിക്കുന്ന പാത്രങ്ങളിലേക്ക്  എത്തിവലിഞ്ഞ് നോക്കി . അയാൾ പിടിച്ചതിൻ്റെ ശക്തിയിൽ  അയാൾക്കൊപ്പം തട്ടാകെയൊന്ന് ആടി.

പിന്നെയാണ്  പൊടിപൂരം....

" ഞാനീ അങ്ങാടീടെ പുത്രനാട്ടാ.... വിശന്നിരിക്കുന്നവർക്ക് അഞ്ചപ്പം വീതിച്ച് വിശപ്പ് മാറ്റിയവൻ്റെ അനുയായി. എൻ്റെടുത്ത് കളിക്കണ്ട." ഇങ്ങനെ തുടങ്ങി എന്തൊക്കെയോ വെടിക്കെട്ട് പൊട്ടിച്ചു അയാൾ. 
എന്തൊക്കെ പറഞ്ഞാലും അസഭ്യ വാക്കുകൾ ഒന്നും പറയുന്നില്ല എന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.

ഇതൊക്കെ കേട്ട് ഇതൊന്നും തന്നോടല്ല എന്ന ഭാവത്തിൽ കസേരയിൽ ഒരാൾ.
അപ്പുറത്ത് മേശക്കരികിൽ എന്നും ലേശം അടിച്ച് വരുന്ന ശീലക്കാരനായ മാമൻ"ഞാനൊക്കെ എത്ര ഡീസൻ്റ് " എന്ന ഭാവത്തിലിരിക്കുന്നു.

രംഗം വഷളാവുമോ? ഇത്തരം ഒരനുഭവം ആദ്യമായത് കൊണ്ട് "ഇതിൻ്റെ വല്ല കാര്യവുമുണ്ടായിരുന്നോ " എന്ന ഭാവത്തിൽ ഞാൻ ഊമയായി ഇരിക്കുന്നവനെ രൂക്ഷമായും, "ചേട്ടാ..... പ്രശ്നമൊന്നും ഉണ്ടാക്കല്ലേ " എന്ന ഭാവത്തിൽ ദയനീയമായി പ്രശ്നക്കാരനേയും നോക്കി.
    
ഒരു സൈഡിൽ ഒതുങ്ങി നിൽക്കുന്ന ഞാൻ ഇപ്പോഴാണ് അയാളുടെ കണ്ണിൽ പെട്ടത് എന്ന് തോന്നുന്നു. 

" പെങ്ങളേ.... ഞാൻ കഴിക്കാൻ എന്തെലും ഉണ്ടോ? എന്നല്ലേ ചോദിച്ചുള്ളൂ.... അതിലെന്താ തെറ്റ് . പെങ്ങള് പറ."

ആങ്ങളമാരില്ലാത്തോണ്ട് "പെങ്ങളേ "
എന്നാരേലും വിളിച്ചാൽ മനസലിഞ്ഞ് പോകുന്ന ഒരു സ്വഭാവത്തിന് അടിമയായിരുന്നു ഞാൻ. അപ്പോ പിന്നെ പറയാനുണ്ടോ? 

ഞാൻ വേഗം ചെന്ന് സ്നേഹത്തോടെ ചോദിച്ചു.

" ചേട്ടനെന്താ വേണ്ടെ ? "

"രണ്ട് പൊറോട്ടേം ഒരു ചിക്കൻ കറീം.... അത് തന്നാ ഞാനങ്ങ് പോകും. പിന്നെ അയാള് ശരിയല്ലാട്ടോ.... പെങ്ങളെ കരുതിയാ ഞാൻ..... ലേഡീസിനോട് റെസ്പക്ട് ഉള്ള ആളാ ഞാൻ "

ഞാൻ ഇതിനിടയിൽ കണ്ണ് കൊണ്ട് ആംഗ്യം കാട്ടിയതനുസരിച്ച്  പയ്യൻ പാഴ്സൽ പെട്ടെന്ന് റെഡിയാക്കി. 

 പാഴ്സലും വാങ്ങി പോകാൻ നേരത്ത്.....

" പെങ്ങളേ.... ഓകെപിക്കെ."

എന്താ ഈ ഓക്കെപിക്കെ എന്ന് ഞാൻ അന്തം വിട്ട് നിൽക്കുമ്പോൾ.....

വീണ്ടും അയാൾ...." ഓക്കെ പിക്കെ.... എന്ന് പറഞ്ഞ് കൈ കൊണ്ടൊരു സലാം തന്ന് തിരിഞ്ഞു നടന്നു. പോകും വഴി മുന്നിലെ "കോർപ്പറേഷൻ സ്ലാബിട്ട് മൂടാൻ മറന്ന കുഴിയിൽ വീഴാൻ പോയി എങ്കിലും
സ്ലാബിനോടും "ഓക്കെപിക്കെ " പറഞ്ഞ് അയാൾ മുന്നോട്ട് നടക്കുന്നത് ഞാൻ ചിരിയടക്കി നോക്കി നിന്നു.

ഇതെല്ലാം കേട്ട് അതുവരെ മിണ്ടാതെ മുക്കിലിരുന്ന മാമൻ എന്നീറ്റ് ചെറിയൊരു ആട്ടത്തോടെ ഒന്നും മിണ്ടാതെ പുറത്തേക്ക് കടന്ന് അയാളുടെ പോക്കും നോക്കി കഷ്ടം വച്ച് നിന്നു.

ഊമയെ പോലിരുന്നവൻ അപ്പോഴും ശ്രീരാമചന്ദ്രനെപോലെ കസേരയിൽ മിണ്ടാതിരുന്ന് സീതയെ അഗ്നിശുദ്ധി വരുത്തേണ്ടതിനെ കുറിച്ചാണോ എന്തോ...ഗഹനമായ ആലോചനയിലായിരുന്നു.

 പുതിയ വാക്ക്  കൊള്ളാലോ എന്നാലോചിച്ച്  ഞാൻ മനസിൽ "ഓക്കെ പിക്കെ, ഓക്കെ പിക്കെ " എന്നുരുവിട്ടു. അപ്പോ നമ്മുടെ എടുത്ത് കൊടുക്കുന്ന പയ്യനുണ്ടല്ലോ അവനും അപ്പുറത്ത് നിന്ന് " ഓക്കെ പിക്കെ " എന്ന് തെല്ലുറക്കെ പറയുന്നു. ഞങ്ങൾ രണ്ട് പേരും  പരസ്പരം നോക്കി  "ഒക്കെ പിക്കെ " എന്ന് പറഞ്ഞ് ചിരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക