Image

അയാള് അതുകൊണ്ട് കഞ്ഞിയോ കള്ളോ കുടിച്ചോട്ടെ. നമുക്കെന്തു ചേതം : ആൻസി സാജൻ

Published on 04 February, 2024
അയാള് അതുകൊണ്ട് കഞ്ഞിയോ കള്ളോ കുടിച്ചോട്ടെ. നമുക്കെന്തു ചേതം : ആൻസി സാജൻ

ഇന്നലെ സന്ധ്യ കഴിഞ്ഞു ശാന്തി വിളിച്ചപ്പോൾ
ഞാനൊരു ഫോട്ടോ വാട്സ് ആപ്പിൽ അയച്ചിട്ടുണ്ട്. നോക്കണേ..

എന്തായിരുന്നു ശാന്തീ..?

എന്റെ ആൻസിച്ചേച്ചീ..ഞാനിന്നു കോട്ടയത്ത് പോയി. നമ്മടെ പൊളിച്ചിട്ടിരിക്കുന്ന ബസ്റ്റാൻഡില്ലേ.. അവിടൊരു ഭിത്തിയിൽ ഒരാളിരുന്ന് പടം വരയ്ക്കുന്നു. അതിന്റെ പടമാ.

ഫോട്ടോ എവിടുന്ന് കിട്ടി?

അതിന്റെ എടേക്കൂടെ കേറിപ്പോയി ഞാനെടുത്തതാ..

ആഹാ..മിടുക്കി..

പിന്നേം

എന്റെ ആൻസിച്ചേച്ചീ ഒന്നു കാണണ്ട പടമാ..
എല്ലാരും പൈസ കൊടുക്കുന്നുണ്ട്. ഞാൻ ഫോട്ടോയെടുത്തു. പിന്നെ 20 രൂപയും കൊടുത്തു.

കയ്യിലൊരു പൈസയില്ലെന്നും പറഞ്ഞ് 500 രൂപയും വാങ്ങിച്ചോണ്ട് പോയ ആളാണ് 20 രൂപ ആ തെരുവ് ചിത്രകാരന് കൊടുത്തത്.

ഞാൻ മനസ്സിൽ ശാന്തിക്കൊരു ബഹുമാന നമസ്കാരം കൊടുത്തു.

പിന്നേ ആ പടം എവിടേലും ഒന്നിടണേ...

ശാന്തിയുടെ ആനന്ദം അതിർത്തിയും കടന്ന് പോകുന്നു.

അതിനെന്താ.. നമ്മടെ ഫേസ്ബുക്കല്ലേ കടാപ്പൊറം പോലെ കെടക്കുന്നത്..
നമുക്കാ കടാപ്പുറന്നാലുകടാപ്പുറമാക്കാം.

അതു പറഞ്ഞിട്ട് ശാന്തിയുടെ ഫോട്ടോ അരികൊക്കെ മുറിച്ച് തിരികെ അയച്ചു കൊടുത്തു.

രാവിലെയാണ് ടപ്പേന്നൊരു ചിന്ത വിളിച്ചത്.

രണ്ടു ദിവസമായിട്ട് എന്തോരു ബഹളമാണീ നാട്ടിൽ.

കോഴിക്കോട് കടപ്പുറത്തൂന്ന് തൃശൂര് പോയി തിരുവനന്തപുരത്ത് ശാന്തമായി അവസാനിക്കേണ്ട അന്തർദ്ദേശീയ സാഹിത്യോൽസവം
തൃശൂര് കതിന പൊട്ടിച്ചു.

അല്ലേലും വല്യ പൂരം വിളയാടുന്ന ശക്തന്റെ നഗരത്തിൽ ഇടയ്ക്കിടെ ചെറുപൂരങ്ങൾ വേണ്ടതല്ലേ..!

പത്രോം ടീവീം എല്ലാം പതം പെറുക്കലുകൾ കൊണ്ട് നിറഞ്ഞു.

പുറത്തും അകത്തും വസിക്കുന്ന ആഗോള മലയാളി സാഹിത്യ അഭ്യൂദയകാംക്ഷികൾ പങ്കെടുക്കുന്ന ഉൽസവമല്ലേ..
വെടിക്കെട്ട് വേണ്ടതു തന്നെ.

വിഷയം പറയാതറിയാം ഏവർക്കും.

സാഹിത്യ അക്കാദമിയിലെ  സാഹിത്യോൽസവത്തിൽ പ്രഭാഷണം നടത്തിയ തനിക്ക് ലഭിച്ച പ്രതിഫലം വണ്ടിക്കൂലിക്ക് പോലും തികഞ്ഞില്ലെന്നു തുറന്നടിച്ച് പൂര നഗരിയെ സ്തബ്ധമാക്കി ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാട്.

വിഷയം ആഗോളവുമായി.

നന്നായെന്നു പറയാം.

കടപ്പുറത്തെ മണൽത്തരികൾ പോലെ എഴുത്തുകാർ പെരുകിയെങ്കിലും കൈവിരലിൽ എണ്ണിത്തീർക്കാവുന്നവർക്കേ പ്രതിഫലം കിട്ടുന്നുള്ളെന്നതല്ലേ സത്യം. 

വായനക്കാരെക്കാൾ എഴുത്തുകാരുണ്ടായതു കൊണ്ടാണോ ഇതെന്നറിയില്ല.

പിന്നെ സാഹിത്യമെഴുത്ത് ഒരു വശവ്യവഹാരമാണ് മിക്കവർക്കും. എങ്ങനേലും വരുമാനം കിട്ടുന്ന ഒരു പണിയും കൂടെ വേണം. എഴുത്തിൽ നിന്നു കിട്ടുന്ന സ്നേഹ ബഹുമാനങ്ങൾ മാത്രം പ്രതീക്ഷിക്കുന്നുള്ളു ഭൂരിഭാഗവും.

അല്ലാത്തവരുടെ ഗതിയെന്താവുമെന്ന് ഊഹിക്കാം.

പ്രതിഫലമില്ലാത്ത എഴുത്തു ജോലി ചൂണ്ടിക്കാട്ടാനാവും ബാലചന്ദ്രൻ ചുള്ളിക്കാട്  സമയം നോക്കി പ്രതികരിച്ചത്. അത് ഏറെപ്പേർക്കും ഗുണപ്പെടുകയേ ഉള്ളു. അല്ലാതെ പത്തു രണ്ടായിരം രൂപ കൂട്ടിക്കിട്ടാനൊന്നുമാവില്ല അദ്ദേഹം അങ്ങനെ പറഞ്ഞത്.

ഇനി ശാന്തിയുടെ ചിത്രകാരനിലേയ്ക്ക് വരാം.

അയാളാണ് ജീവിക്കാൻ പഠിച്ചവൻ.
ഇല്ലാത്ത കാശും മൊടക്കി ചിത്രങ്ങൾ വരച്ച് പ്രദർശനത്തിന് വച്ചാലോ കൊണ്ടു നടന്ന് വിൽക്കാൻ ശ്രമിച്ചാലോ അയാൾക്ക് അഞ്ചു പൈസ കിട്ടില്ല. ഇത് പടം വര തുടങ്ങുമ്പോൾ മുതൽ കാശ് വീണു തുടങ്ങും. കേട്ടും കണ്ടു മെത്തുന്ന സാധാരണക്കാർ കയ്യിലുള്ള പോലെ പത്തോ ഇരുപതോ കൂടുതലോ കൊടുക്കും.

അന്തിയോടെ ചിത്രകാരൻ പടമവിടിട്ട്  കിട്ടിയ പൈസയും കിഴികെട്ടി ഒറ്റ നടവെച്ചു കൊടുക്കും.

അയാള് അതുകൊണ്ട് കഞ്ഞിയോ കള്ളോ കുടിച്ചോട്ടെ.
നമുക്കെന്തു ചേതം..?

ജീവിക്കാൻ പഠിച്ച ബുദ്ധിമാനായ പടം വരക്കാരാ
നിങ്ങൾ നന്നായി വരും.!

ഒരു വരി കൂടി..

വൃത്തിയില്ലെന്നും ഭിക്ഷക്കാരനെന്നും നമ്മൾ കണക്കാക്കുന്ന ഇയാൾ ഒരു സായിപ്പായിരുന്നെങ്കിലോ..

യാത്രകളുടെ രാജകുമാരൻ കുളങ്ങര ഏതേലും വിദേശ കാഴ്ചയായി ഇതു കാണിച്ചിരുന്നെങ്കിലോ ?

ഫോട്ടോ -  ശാന്തി പ്രസന്നരാജ്

അയാള് അതുകൊണ്ട് കഞ്ഞിയോ കള്ളോ കുടിച്ചോട്ടെ. നമുക്കെന്തു ചേതം : ആൻസി സാജൻ
Join WhatsApp News
Mini Antony 2024-02-04 08:02:34
അതെ. കല കൊണ്ട് ജീവിക്കുന്നവനാണെന്ന് അയാൾക്കഭിമാനിക്കാം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക