Image

ദീപാവലി സന്ധ്യ- 8 ( ജീവിതം ; അനുഭവം : സന )

Published on 04 February, 2024
ദീപാവലി സന്ധ്യ- 8 ( ജീവിതം ; അനുഭവം : സന )

 ഡോക്ടർ പറഞ്ഞ മണിക്കൂറുകൾ കടന്നുപോയിട്ടും ആശങ്ക ഒഴിഞ്ഞില്ല.
"വളരെ വിഷമുള്ള ഇനമാണ് കുത്തിയത്. ബ്ലഡിൽ പോയ്സൺ ഇറങ്ങിയാൽ സ്റ്റേബിൾ ആവാൻ സമയമെടുക്കും" ഡോക്ടർ വീണ്ടും പറഞ്ഞു.
മുൾമുനയിലായ ജീവിതം തിരിച്ചുപിടിക്കാൻ എല്ലാവരുംകൂടിയുള്ള ശ്രമമായിരുന്നു പിന്നീട്.
പലരും പറഞ്ഞു "അവന്റെ ആയുസ്സിന്റെ ബലം കൊണ്ടാണ് രക്ഷപ്പെട്ടത്"' എന്ന്.
അതു ശരിയാണ്.
ആയുസ്സിന്റെ ബലമോ, അവന്റെ കുടുംബത്തിന്റെ മഹാഭാഗ്യമോ കുഞ്ഞുങ്ങളുടെ നിഷ്കളങ്കസ്നേഹമോ... അതോ എന്റെ ഭാഗ്യമോ എന്നറിയില്ല സമയം പോകെപ്പോകെ  നോർമൽ ആയിതുടങ്ങി.

"നിന്റെ നല്ല മനസ്സും ഭാഗ്യവും തന്നെയാണ് റുബി...." എന്ന് മറ്റുള്ളവർ വെറുതെ പറയുന്നതല്ല എന്നെനിക്ക് ബോധ്യമുണ്ടായി. കാരണം ആ രണ്ടു രാത്രികളിൽ ഞാൻ അനുഭവിച്ച വേദനയും ആശങ്കയും വിഷമവും എന്റെ ആയുസ്സിന്റെയും ആരോഗ്യത്തിന്റെയും പത്തുവർഷങ്ങളെങ്കിലും കവർന്നെടുത്തിരുന്നു.

മറ്റൊരാളുടെ ആയുസ് തുലാസിൽ ആടുന്നത് നോക്കിനിൽക്കുക എളുപ്പമല്ല.
ആറുമാസത്തോളമെങ്കിലും ജൈഫർ ഈ കടന്നൽകുത്തിന്റെ ആഘാതവും അതിന്റെ സൈഡ്എഫക്ടുകളും ആരോഗ്യപ്രശ്‌നങ്ങളും അനുഭവിച്ചിട്ടുണ്ട്.
എങ്കിലും അവൻ പതുക്കെ പതുക്കെ റിക്കവർ ചെയ്തു.

കുഞ്ഞേ.... നിനക്ക് ആയുരാരോഗ്യങ്ങൾ നേരുന്നു 💞 എല്ലാ സൗഭാഗ്യങ്ങളും ജീവിതത്തിൽ ഉടനീളം ഉണ്ടാവട്ടെ 💞

ആ എപ്പിസോഡ് അങ്ങനെ കഴിഞ്ഞു.

പൊതുവെ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലാത്ത ഉപ്പ ഒരുദിവസം പറയുന്നു.
"എന്താണെന്നറിയില്ല... വല്ലാതെ പുറം വേദനിക്കുന്നു."

 മുൻപ് ഉപ്പയ്ക്ക്  ഒരു ബൈക്ക് ആക്‌സിഡന്റിൽ  മുറിവും ഷോൾഡർപൊട്ടലും ഉണ്ടായിട്ടുണ്ട്.  അപ്പുറത്തെ മുറിയിൽ ഞാൻ കാലുവേദനയുമായി കിടപ്പുണ്ടല്ലോ. ഞാൻ പറഞ്ഞു "പഴയ വീഴ്ചയുടേതായിരിക്കും. എന്തായാലും ഡോക്ടറെ കണ്ടേക്ക്."

എന്റെ സിസ്റ്ററുടെ മക്കളെ രാവിലെയും വൈകുന്നേരവും സ്കൂളിൽ കൊണ്ടുപോകുകയും കൊണ്ടുവരികയും ചെയ്യുന്നതും ഉപ്പയാണ്. അടുത്താണ് സ്കൂൾ. "എന്തോ ചെറിയ ദൂരം നടക്കുമ്പോൾ തന്നെ കിതയ്ക്കുന്നു. എന്താണെന്നു മനസ്സിലാവുന്നില്ല " ഉപ്പ ഇടയ്ക്കു പറയാറുണ്ട്.

"നമ്മുടെ വീട്ടിൽ  അത്യപൂർവരോഗങ്ങൾ വരുന്ന സീസൺ ആണല്ലോ. അതുകൊണ്ട് വേഗം കാണിച്ചേക്കാം..." എല്ലാവരും ചേർന്നു പറഞ്ഞു.
ഉപ്പതന്നെയാണ് ടെസ്റ്റുകൾ ചെയ്യാനായി പോയത്.  ഉപ്പയും നവാസും കൂടി പോയി ഡോക്ടറെ കണ്ടു.
"റിസൾട്ട്‌ എല്ലാം ഞാൻ താത്താക്ക് അയച്ചിട്ടുണ്ട്. നോക്കിയേക്കണം കേട്ടോ"
നവാസ് പറഞ്ഞു.
സത്യത്തിൽ ഞാനപ്പോൾ അലോപ്പതിയിലും ആയുർവേദത്തിലും PhD എടുത്തതുപോലെ ആയിട്ടുണ്ട്. വീട്ടുകാരും നാട്ടുകാരും ഈയിടെയായി എന്തു ടെസ്റ്റ്‌ ചെയ്താലും അതുംകൊണ്ട് വീട്ടിലേക്കാണ് ഓടിക്കിതച്ചു വരുന്നത്. "സനാ ഇതൊന്ന് നോക്കിയാട്ടെ... ഈ മരുന്നു എന്തിനുള്ളതാ.. ഇതു ചുമയുടെ മരുന്നാണോ... വയറ്റീന്നു പോകാനാണോ...എന്നൊക്കെ ചോദിച്ചു നമ്മൾ ഡോക്ടർ ആണെന്നും കരുതിയാണ് വരവെന്നു തോന്നും.

റിസൾട്ട്‌ എന്റെ സിസ്റ്റത്തിൽ വരുന്ന ദിവസം ഞാൻ AVM ൽ ആയിരുന്നു. മാലിഗ്നെറ്റ് ട്യൂമർ എന്ന വാക്കിൽ എന്റെ മിഴികൾ ഒട്ടിനിന്നു.
കുറേനേരത്തേക്ക് എല്ലാം ശൂന്യം....

പൗലോസ് സാറിനോടാണ്  റിസൾട്ട്‌ കാണിച്ചു നേരാണോ എന്ന് നോക്കാൻ പറഞ്ഞത്. സർ റിസൾട്ട്‌ വായിച്ചു കുറേനേരം എന്റെ മുഖത്തേക്കുതന്നെ നോക്കി. പതുക്കെ തല കുലുക്കി.

മനസ്സ് ഒട്ടിപ്പോയി എന്ന് പറഞ്ഞാൽ അതാണ്‌ ശരി.
ഒട്ടിയത് അടർത്തുമ്പോൾ പൊട്ടുമല്ലോ... അങ്ങനെ പൊട്ടി പൊട്ടി കുടുംബത്തിന്റെ മനസ്സ്  മുഴുവനായും അടർന്നു താഴെ വീണു.

"എന്താണിനി ചെയ്യുക?" ഉപ്പയോടുതന്നെ ചോദിച്ചു.

"എന്തു ചെയ്യാൻ? ചികിൽസിക്കാം... മാറും..." ഉപ്പ പറഞ്ഞു.
എന്റെ രോഗത്തേക്കുറിച്ചും ഉപ്പയ്ക്ക് മാറുമെന്ന് ശുഭാപ്തി വിശ്വാസമുണ്ടല്ലോ. ശരിയാണ്. ചികിൽസിക്കാം... മാറും.

ഇതിൽ ഏറെ ചിന്തിക്കാനുള്ള വിഷയം ഉപ്പ തന്നെയാണ് ഈ രോഗം കണ്ടുപിടിക്കാൻ പോയതെന്നാണ്. ഡോക്ടർമാർ ഉപ്പയോടു ഇതേക്കുറിച്ചു സംസാരിച്ചിരിക്കുമല്ലോ. നമ്മുടെ കുടുംബത്തിലെ ഏതുരോഗിയുടെയും കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് ഉപ്പയാണ്. 
"കടന്നു പോകുന്നു സ്റ്റേജ് വളരെ ടഫ് ആണ് സന...." ഡോക്ടർമാർ എന്നോടും പറഞ്ഞു.

പൗലോസ് സാറിന്റെ അടുക്കൽനിന്നും ചികിത്സ കഴിഞ്ഞുവരുന്ന ഇടവേളകളിൽ ഞാൻ ഉപ്പയുമായി ആശുപത്രിയിൽപോയി കൂടെ താമസിച്ചു.
ആ കാര്യത്തിലും എനിക്കു സാറിനോട് നന്ദിയും കടപ്പാടും ഉണ്ട്. മാസങ്ങൾക്കുമുൻപുള്ള ഞാനായിരുന്നെങ്കിൽ എന്റെ മുറിയുടെ വാസരപ്പടി കടക്കാൻകഴിയാതെ  ഇതെല്ലാം നോക്കി കിടക്കേണ്ടിവന്നേനേം.
എണീറ്റു നടക്കാനുള്ള ആരോഗ്യം ഉണ്ടായതിനാൽ ഉപ്പ  വിളിക്കുമ്പോൾ ഓടിച്ചെല്ലാൻ കഴിഞ്ഞു.

ശൂന്യമായ ആകാശമാണ് മുന്നിൽ. നമുക്കു തണൽ നൽകുന്ന വൃക്ഷമാണ് ആടിയുലയുന്നത്. വളരെ ദേഷ്യവും കടുത്ത പകയും തോന്നി ജീവിതത്തോട്.

ഞാൻ ഈ അവസ്ഥയിൽ ഉള്ളപ്പോൾ വേറൊരു ബോംബ്സ്ഫോടനം എന്റെ കുടുംബത്തിനകത്തുതന്നെ സംഭവിക്കണമായിരുന്നുവോ?

കുറെക്കുറെ ആഗ്രഹങ്ങൾ എല്ലാ മനുഷ്യർക്കും ഉണ്ടാവുമല്ലോ... പക്ഷേ എല്ലാത്തിനും മീതെ തീ ആളിപ്പടർന്നു.

ഡോക്ടർമാരിൽനിന്നും  തനിക്കുള്ള ഈ രോഗത്തേക്കുറിച്ച് ആദ്യം കേട്ടപ്പോൾ ഉപ്പ എന്തായിരിക്കും ചിന്തിച്ചിരിക്കുക...

പഴയ ബോംബെ കലാപം ഉണ്ടായപ്പോൾ ഉപ്പ ബോംബയിൽ തന്നെ ആയിരുന്നു. മുപ്പതു വർഷത്തിലധികം ഉപ്പ മുംബൈവാസി ആയിരുന്നു. ഉപ്പാക്ക് അന്നവിടെ നല്ല കച്ചവടവും ബിസിനസും ഉള്ള കാലമാണ്. ബോംബെ കലാപത്തിൽ ശിവസേനയും മറ്റു കലാപകാരികളും കടയും ജീവിതവും തകർത്തപ്പോൾ  ഒളിവിൽ കഴിഞ്ഞ കാലം പലപ്പോഴും ഞങ്ങളോട് പറയാറുണ്ട്. ഒരു കാര്യത്തിനും തകർത്തുകളയാൻ പറ്റാത്ത ആളാണ് ഞാൻ കണ്ട എന്റെ ഉപ്പ.

എല്ലാം ഉപ്പയുടെ കൈകളിലൂടെ കടന്നുപോകുന്നു പ്രപഞ്ചമാണ് നമ്മുടെ വീട്.

കറന്റ്‌ ബില്ല് വന്നോ ഉപ്പാ....പൈസ അടച്ചോ....

പാല് വന്നൂ... എന്ന പുറത്തു പേപ്പർ വായിക്കുമ്പോഴുള്ള അറിയിപ്പ്.

മോളെ സ്കൂളിന്ന് വിളിക്കണ്ടേ...

ഇന്ന് എന്താ മൽസ്യം വാങ്ങുന്നേ....

ഉപ്പ ഇന്നയാളുടെ കല്യാണത്തിന് പോകുന്നില്ലേ....

നമ്മുടെ മോട്ടോർ കേടായി ഉപ്പാ... ആളെ വിളിക്കണം ഇപ്പൊ തന്നെ...

കറന്റ്‌ ഇല്ലല്ലോ... KSEB യിലേക്കു ഒന്ന്‌ വിളിച്ചോളൂ....

പേപ്പറിനു കാശു കൊടുക്കണം... കഴിഞ്ഞ മാസം അയാള് വന്നപ്പോ ഉപ്പ ഇവിടെ ഇല്ലായിരുന്നു....

'ഇന്ന് പാർട്ടിയുടെ മീറ്റിംഗ് ആണല്ലോ... ഞാൻ പോയിട്ട് വരാം....' പറഞ്ഞിട്ട് വെളുത്ത ചുളിവ് വീഴാത്ത വെള്ള ഖദർ മുണ്ടും ഷർട്ടും ധരിച്ചു കൈകൾ കുടഞ്ഞു വീശി നടന്നുപോകുന്നു ഉപ്പ.

ഉപ്പാ.... തേങ്ങ തീരാറായി.. അയാളോട് തെങ്ങ് കേറാൻ പറയുന്നില്ലേ....

ഉപ്പ വൈകീട്ട് വരുമ്പോൾ ഈ മരുന്നു വാങ്ങണം....

"മാവേലി സ്റ്റോറിൽ പോയിട്ടു കിട്ടിയില്ല കേട്ടോ മക്കളെ... നിങ്ങൾ ആരെങ്കിലും പുറത്തൂന്ന് വരുമ്പോൾ  ഈ സാധനങ്ങൾ വാങ്ങിച്ചേക്ക്..." 

"ഉപ്പ എങ്ങോട്ടാ ഈ രാത്രിയിൽ?"

"മോൾക്ക് വരക്കാൻ ക്രയോൺ വേണമെന്ന്.... വാങ്ങിയിട്ട് വരാം..."

"ഏഴുമണി കഴിഞ്ഞു. കട അടച്ചുകാണും..."

"സാരമില്ല. മോൾ കരയും. നോക്കട്ടെ..."

അങ്ങനെ വണ്ടിയുമെടുത്തു പോകുന്ന ഉപ്പ....

"എന്താണ് ചെയ്യുക?" മനസ്സ് തേക്കം മുട്ടി ഞാൻ വീണ്ടും ഉപ്പയോടുതന്നെ ചോദിച്ചു.
"എല്ലാവരും മരിക്കും. എല്ലാവർക്കും ഒരു ദിവസം പോയെ പറ്റൂ. ആർക്കും ആരെയും തടഞ്ഞുവെക്കാൻ പറ്റില്ല. നിനക്കറിയില്ലേ...." ഉപ്പ ചോദിച്ചു.

അറിയാം... പക്ഷേ ചില അറിവുകൾ താങ്ങാനാവുകയില്ല.

വയലാറിന്റെ ആത്മാവിൽ ഒരു ചിത "കവിത വായിച്ചിട്ടില്ലെ?"
എന്റെ ഒരു ഫ്രണ്ട് ചോദിക്കുന്നു.

"നീ ഇത്രയും ദിവസം നിന്റെ കാലിനു പുറകെ ആയിരുന്നില്ലേ? ചന്ദനപമ്പരം കളഞ്ഞുപോയത് തേടി നടക്കുമ്പോൾ അച്ഛനവിടെ മരിച്ചുകിടക്കുന്നു!"

(തുടരും)

see also: https://emalayalee.com/writer/176

ദീപാവലി സന്ധ്യ- 8 ( ജീവിതം ; അനുഭവം : സന )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക