Image

സ്നേഹവെയിൽ (മിനി വിശ്വനാഥന്‍)

Published on 01 February, 2024
സ്നേഹവെയിൽ (മിനി വിശ്വനാഥന്‍)

ദൂരെയെവിടെയോ ഉള്ള പള്ളിയിൽ നിന്ന് വാങ്ക് വിളിക്കുന്ന ശബ്ദം കേട്ടപ്പോഴാണ് ആ രാത്രി താൻ ഉറങ്ങിയിട്ടേയില്ലെന്ന് റീത്ത തിരിച്ചറിഞ്ഞത്. കനം പിടിച്ച കണ്ണുകൾ വലിച്ച് തുറന്ന് കുഞ്ഞിനെ ചരിച്ചു കിടത്തി ഒന്നുകൂടി തട്ടിയുറക്കി തലയണ കൊണ്ട് ഒരു തടയുണ്ടാക്കി സാവധാനം കട്ടിലിൽ നിന്നെഴുന്നേറ്റു. ഒഴിഞ്ഞു കിടക്കുന്ന കട്ടിലിന്റെ മറുപാതി കണ്ടപ്പോഴാണ് അനിൽ ഇന്നലെ ഒന്ന് വിളിച്ചു പോലുമില്ലെന്ന് ഓർമ്മ വന്നത്. ആ തിരിച്ചറിവിൽ അവളുടെ ഉള്ളിൽ നിന്ന് തീയാളി. കുറച്ച് വെള്ളം കുടിക്കണമെന്ന് തോന്നിയെങ്കിലും പാതി ഒഴിഞ്ഞ വെള്ളക്കുപ്പി കണ്ടപ്പോൾ ദാഹം ആവിയായിപ്പോയി. 

ഉണർന്നതു കൊണ്ട് മാത്രം കാര്യമായില്ല , അടുക്കളയുടെ ഊഴമെത്താൻ കാത്തു നില്ക്കണം. മൂന്ന് കുടുംബങ്ങൾക്കുമായി ഉള്ളതാണ് ആ ഫ്ലാറ്റിലെ അടുക്കളയും അതിനോടു ചേർന്ന ബാല്ക്കണിയും. 

സുബ്ഹി നിസ്കാരം കഴിഞ്ഞ ഉടനെ അടുക്കള ഫ്ലാറ്റിന്റെ ഓണറായ നഫീസത്ത ഏറ്റെടുക്കും. രാവിലെ കുട്ടികളെ സ്കൂളിലയക്കുന്ന തിരക്കിനിടയിൽ മറ്റാരും കിച്ചനിൽ കയറുന്നത് അവർക്കിഷ്ടമല്ല. ശബ്ദമുണ്ടാക്കുന്ന പാത്രങ്ങളോടും പല്ലു തേക്കാൻ മടിക്കുന്ന കുഞ്ഞുങ്ങളോടും ഒരുപോലെ ശബ്ദമുയർത്തിക്കൊണ്ട് അവർ അടുക്കളയിൽ നിറയും. പക്ഷേ അര മണിക്കൂറു കൊണ്ട് അടുക്കളയിലും തൊട്ടടുത്ത മുറികളിലും കൊതിപ്പിക്കുന്ന രുചി ഗന്ധങ്ങൾ ബാക്കിയാക്കി പെരുമാറിയതിന്റെ ശേഷിപ്പുകൾ ഒന്നും അവസാനിപ്പിക്കാതെ വൃത്തിയാക്കി അവിടെ നിന്ന് പുറത്തുകടക്കുകയും ചെയ്യും.

പിന്നെയാണ് ഭാഗ്യച്ചേച്ചിയുടെ ഊഴം. ഭാഗ്യച്ചേച്ചി ഉണ്ടാക്കുന്ന ചായയുടെ ഗന്ധത്തിന്റെ ഉണർവ്വിലാണ് സാധാരണയായി ദിവസം തുടങ്ങാറ്. അപ്പോഴേക്കും നഫീസത്ത കുഞ്ഞുങ്ങളുടെ കൈ പിടിച്ച് ബസ് സ്റ്റോപ്പിലെത്തിയിട്ടുണ്ടാവും. അത് കഴിഞ്ഞ് തിരിച്ച് വന്ന് അവർക്ക് ഓഫീസിലും പോവാനുള്ളതാണ്. 

മോനുണരുന്നതിന് മുൻപ് വല്ലതും ഉണ്ടാക്കിയില്ലെങ്കിൽ അനിയുടെ ശകാരം കേൾക്കുമെന്നറിയുന്നത് കൊണ്ട് ഭാഗ്യച്ചേച്ചി ഗ്യാസടുപ്പിന്റെ ഒരു ഭാഗം വിട്ടു തരും. ചേച്ചി കാര്യമായി ബ്രേക്ഫാസ്റ്റ് ഉണ്ടാക്കില്ല. തലേന്നത്തെ ബാക്കി കറികളും ചപ്പാത്തിയും ഓഫീസിലെത്തി ചൂടാക്കിക്കഴിക്കുകയേ ഉള്ളൂ. ചായയുടെ കൂടെ ഒരു ബ്രഡ് ടോസ്റ്റ് ചെയ്തു അടുപ്പ് വിട്ടു തന്നതിനു ശേഷവും ചേച്ചി നാട്ടുവിശേഷം പറഞ്ഞ് കൂടെ നിൽക്കും. ലുലുവിലെ പുതിയ ഓഫറുകളെക്കുറിച്ചോ മെട്രോയിലെ തിരക്കിനെക്കുറിച്ചോ പറഞ്ഞു കൊണ്ട് അടുക്കളയിൽ നിന്ന് തുറക്കുന്ന ചെറിയ ബാല്കണിയിൽ ചാരി നിന്ന് ചായ കുടിക്കും. ശുദ്ധവായുവിലേക്കുള്ള മുങ്ങാങ്കുഴിയിടലാണെന്ന് പറഞ്ഞ്  കറിവേപ്പിലച്ചെടിക്ക് നേരെ മുഖമാഴ്തും. നഫീസത്തയുടെ സ്വകാര്യശേഖരത്തിൽപ്പെട്ടതാണ് ആ കറിവേപ്പിലയും രണ്ട് തണ്ടിനപ്പുറം വളരാത്ത കറ്റാർവാഴയും. ഒരില പോലും നുള്ളാതെ ഓമനിച്ചു വളർത്തുന്ന ആ കറിവേപ്പില ഇത്തക്ക് ഇവിടെ നിന്ന് ശ്വാസം മുട്ടുമ്പോൾ നാട്ടിലേക്കോടി പോവാനുള്ള പാലമാണ്. ഉമ്മയുടെ മണമാണ് ആ കറിവേപ്പിലച്ചെടിക്ക് എന്ന് എപ്പോഴും പറയാറുള്ളത് കൊണ്ട് ഫ്ലാറ്റിലെ എല്ലാ അംഗങ്ങൾക്കും അതിനോട് പ്രത്യേകിച്ച് ഒരു ഇഷ്ടവും ഉണ്ട്.  എല്ലാവരുടെയും വാത്സല്യം ചായച്ചണ്ടിയും മുട്ടത്തോടുമായി അതിന്റെ ചട്ടിയിൽ കിടക്കുകയും ചെയ്യും.

ഭാഗ്യച്ചേച്ചിയുടെ ഭർത്താവിന്റെ ജോലി അബുദാബിയിലാണ്. ചേച്ചി ദുബായിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിലും. മക്കൾ നാട്ടിൽ അമ്മയുടെ കൂടെ നിന്ന് പഠിക്കുന്നു. ഭർത്താവിനും മക്കൾക്കുമൊപ്പം എന്നെങ്കിലുമൊരിക്കൽ  സ്വന്തമായി റെന്റ് കൊടുക്കുന്ന ഒരു ഫ്ലാറ്റിൽ താമസിക്കുക എന്നതാണ് അവരുടെ ഏറ്റവും വലിയ സ്വപ്നം എന്ന് തോന്നാറുണ്ട്. കുടുംബ ജീവിതം വട്ടപ്പൂജ്യമാണെന്ന് അവർ എപ്പഴും നെടുവീർപ്പിടും.
പണ്ടൊക്കെ എല്ലാ വീക്കെൻഡുകളിലും ചേട്ടന് വരാൻ പറ്റുമായിരുന്നു. പുതിയ മാനേജ്മെന്റ് വന്നതോടെ ശനിയാഴ്ചയും ജോലിയുണ്ട്. അതുകൊണ്ടിപ്പോൾ കൂടിക്കാഴ്ചകളുടെ ഇടവേളകൾ കൂടി. ലുലു പാർക്കിലെ മരബെഞ്ചിന് തങ്ങളുടെ എല്ലാ സങ്കടങ്ങളുമറിയാമെന്ന് പറഞ്ഞ് ചേച്ചി നെടുവീർപ്പിടും.

പുറത്ത് അടുക്കളയിലെ തട്ടലുകൾ അവസാനിച്ചിരിക്കുന്നു. നഫീസത്ത കുഞ്ഞുങ്ങളെയും കൊണ്ട് പുറത്തിറങ്ങിക്കഴിഞ്ഞിട്ടുണ്ടാവും. ഭാഗ്യചേച്ചി അടുക്കളയിൽ  ശബ്ദമുണ്ടാക്കില്ല. ഗന്ധങ്ങൾ കൊണ്ടാണ് അവർ അടുക്കളയെ ഉണർത്താറ്. കരഞ്ഞു കലങ്ങിയ കണ്ണുകൾക്ക് മീതെ ഒരു പിടി തണുത്ത വെള്ളം വാരിയെറിഞ്ഞ് മുഖമൊന്ന് കഴുകി പുറത്തിറങ്ങി. ഭാഗ്യച്ചേച്ചി നല്ലൊരു കേൾവിക്കാരിയാണ്. പ്രതിവിധികളൊന്നുമില്ലാത്ത സങ്കടങ്ങൾ പറഞ്ഞു തീർക്കാനെങ്കിലുമൊരാൾ ഉണ്ടാവുന്നത്  നല്ലതല്ലേ !

അനിലിനെ ഒന്ന് ശ്രദ്ധിക്കണമെന്ന് ഭാഗ്യചേച്ചി മുന്നറിയിപ്പ് തന്നതാണ്. അന്യരാജ്യക്കാരിയായ പുതിയ  പെൺകൂട്ടുകാരിയുമായുള്ള അതിരുകൾ കടക്കുന്നു എന്നും അവർ പറഞ്ഞിരുന്നു. ഈ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് കാണുന്ന ലോകത്തിനപ്പുറം ദുബായ്ക്ക് മറ്റൊരു മുഖമുണ്ടെന്നും അവർ പറയാറുണ്ട്. തന്നെ സ്വന്തമാക്കാൻ വേണ്ടി മരിക്കാൻ പോലും തയ്യാറായ അനിലിനെ തെല്ലും സംശയിച്ചില്ല, ഇന്നലെ വരെ എന്നതാണ് സത്യം. എന്നും വിശ്വാസവും സ്നേഹവും ചേർന്ന അന്ധമായ ഒരാരാധനയായിരുന്നു അനിലിനോട്. വീട്ടുകാരുടെ മുഴുവൻ ഉപദേശവും എതിർപ്പുകളും അവഗണിച്ച്
ദുബായിലെ ഒരു ഷെയറിങ്ങ് ഫ്ലാറ്റിലെ ഇടുങ്ങിയ ഒറ്റ മുറിയിൽ ജീവിതം തുടങ്ങിയപ്പോൾ ലോകം പിടിച്ചടക്കിയ അഹങ്കാരമായിരുന്നു. നാട്ടിൽ തെണ്ടി നടക്കുമെന്ന് അനുഗ്രഹിച്ച ബന്ധുക്കൾക്ക് മുന്നിൽ തലയുയർത്തി നിൽക്കാനുള്ള പഴുതായിരുന്നു ദുബായിലെ ജീവിതം.

ചുവന്നിരുണ്ട കണ്ണുകൾ നോക്കി എന്തുപറ്റി എന്ന ഭാഗ്യച്ചേച്ചിയുടെ ചോദ്യത്തിന് ഉത്തരമൊന്നും പറഞ്ഞില്ല. കുഞ്ഞിന്റെ സെറിലാക്ക് ടിന്ന് തുറന്ന് നോക്കി പാതിയിലധികമുണ്ടെന്ന് കണ്ട് സമാധാനിച്ചു. അതിനിടെ ഭാഗ്യച്ചേച്ചി ഇന്ന് ഓഫീസിൽ ലഞ്ചുണ്ടെന്നും ഫ്രിഡ്ജിലെ ചപ്പാത്തിയും കറിയും എടുത്തോളൂ എന്നു പറഞ്ഞ് ഒരു കപ്പ് ചായയും നീട്ടി. ഉണ്ടാക്കിവെച്ച ചായ അധികമായിപ്പോയി എന്ന് ഒരു ന്യായീകരണം പറഞ്ഞ് ചേച്ചി ബാൽക്കണിയിലേക്കിറങ്ങി. ആ ചൂടു ചായയുടെ സ്നേഹത്തണുപ്പിൽ ഒന്നും ചെയ്യാനില്ലാത്തവളായി അവളും ഭാഗ്യക്കൊപ്പം താഴെ തെരുവിലേക്ക് കണ്ണുകൾ പായിച്ചു.

അവിടെ സ്കൂൾ ബസുകളുടെ തിരക്ക് തുടങ്ങിയിരുന്നു. എതിർ നിരയിലുള്ള ഗ്രൗണ്ട് ഫ്ലോറിലെ ഒരു വീട്ടിൽ ഡേ കെയർ ഉണ്ട്. അവിടത്തെ സ്ത്രീ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ ജനലിലൂടെ തല പുറത്തേക്ക് നീട്ടി ബസ് കാത്തു നിൽക്കുന്ന വലിയ കുട്ടികളുമായി സംസാരിക്കുകയും കൂട്ടത്തിൽ ചെറിയവൾക്ക് ഭക്ഷണം വാരിക്കൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ആ വീട് നിറയെ പല പ്രായത്തിലുള്ള കുട്ടികളാണ്. രാവിലെ ഓഫീസിൽ പോവുന്ന അമ്മമാർ കുഞ്ഞുങ്ങളെ ഏല്പിക്കുന്ന ഇടമാണത് എന്ന് ക്ലീനിങ്ങിന് വരുന്ന ചേച്ചി പറഞ്ഞറിയാം. നല്ല കർമ്മങ്ങൾ ചെയ്യുന്ന ചില മനുഷ്യരിൽ ചിലർ എന്ന് അവിടത്തെ അമ്മയെ വിശേഷമിപ്പിക്കുമവർ ! 

ഞങ്ങളിരുവരും ആ ചേച്ചിയെ ശ്രദ്ധിക്കുന്നതിനിടയിലാണ് ഭാഗ്യച്ചേച്ചിയിൽ നിന്ന് " നിനക്കൊരു ജോലിക്ക് ശ്രമിച്ചൂടെ" എന്ന ചോദ്യമുയർന്നത്. കുഞ്ഞിനെ നോക്കാൻ ഇവരൊക്കെ ഉണ്ടാവും. ഇവിടെ എല്ലാ അമ്മമാരും അങ്ങിനെയൊക്കെയല്ലേ ജീവിക്കുന്നത് എന്ന് വളരെ സ്വഭാവികമായി പറഞ്ഞു കൊണ്ട് അനിലിലെ ഞാനിന്നലെ ലുലുവിൽ വെച്ച് കണ്ടിരുന്നു എന്ന് കൂട്ടിച്ചേർത്തു. കൂടെ അവന്റെ ഓഫീസിലെ ഫിലിപ്പൈനി സ്വദേശിയായ സ്ത്രീയും എന്ന് പറഞ്ഞവസാനിപ്പിക്കാതെ എന്റെ മുഖത്ത് നോക്കി. 

ഭാഗ്യച്ചേച്ചിക്ക് എല്ലാമറിയാമെന്ന് മനസ്സിലായപ്പോൾ പറഞ്ഞൊഴിക്കാൻ ഒരു കൈത്താങ്ങ് കിട്ടിയത് പോലെ തോന്നി. ഈ ഇടുങ്ങിയ പഴയ ഫ്ലാറ്റിൽ താമസിക്കുന്ന ഞങ്ങൾ മൂന്ന് പേരും ഒരേ പോലെ നിസ്സഹായതയുടെ ആഴക്കടലിൽ മുങ്ങിക്കിടക്കുന്നവരാണിപ്പോൾ. നഫീസത്ത തന്റെ കുടുംബം പോറ്റുന്നതും കുട്ടികളെ പഠിപ്പിക്കുന്നതും റിയൽ എസ്റ്റേറ്റ് കമ്പനിയിലെ തുച്ഛമായ ശമ്പളത്തോടൊപ്പം ഈ ഫ്ളാറ്റിന്റെ ഷെയറിങ്ങ് വാടക  കൊണ്ട് കൂടിയാണ്. ഭർത്താവ് ഉപേക്ഷിച്ചു പോയതിനു ശേഷമാണ് ജീവിതം പഠിച്ചതെന്ന് അവർ പറയാറുണ്ട്. ഭാഗ്യച്ചേച്ചിയാണെങ്കിൽ സങ്കടത്തിന്റെ മറ്റേയറ്റത്താണ്. കിട്ടുന്ന ശമ്പളം വട്ടമൊപ്പിക്കാൻ തന്നെ അവർ പാടുപെടുന്നത് നേരിട്ടു കാണുന്നതാണ്. 

പക്ഷേ വാടക കൊടുക്കാൻ പണമില്ലാതെ ഈ ഫ്ലാറ്റ് ഒഴിയേണ്ടിവന്നാൽ എന്നൊക്കെ ചിന്തകൾ കാട് കയറുമ്പോഴാണ് 
നിന്റെ വിസയുള്ള പാസ്പോർട്ട് ഒന്ന് എടുത്തു നോക്കൂ എന്ന് പറഞ്ഞ് ചേച്ചി മുറിക്കുള്ളിലേക്ക് കടന്നത്. 
ഉറങ്ങുന്ന കുഞ്ഞിനെ മൃദുവായി ഒന്ന് തലോടി ചേച്ചി പാസ്പോർട്ടുകൾ പരിശോധിച്ചു.
തന്റെയും കുഞ്ഞിന്റെയും വിസ അടങ്ങുന്ന പാസ്പോർട്ട് കണ്ടപ്പോൾ വെറുതെ അനിയോടുള്ള വെറുപ്പിന് ശക്തി കുറഞ്ഞത് പോലെ തോന്നി. അവൻ പാസ്പോർട്ട് കൊണ്ടുപോയിരുന്നെങ്കിൽ എന്താവുമായേനേ അവസ്ഥ. പാസ്പോർട്ട് വെച്ച കവറിൽ ഒരു നൂറ് ദിർഹം കൂടി ഉണ്ടായിരുന്നത് ഭാഗ്യച്ചേച്ചി കണ്ടുപിടിച്ചു. 
സർട്ട്ഫിക്കറ്റുകളുടെ ഒറിജിനലുകൾ മറിച്ച് നോക്കി എക്സ്പീരിയൻസ് ആവശ്യമില്ലാത്ത ജോലികളും ഉണ്ടാവുമെന്ന് ആത്മഗതമുതിർത്തു.

നീ ടെൻഷനാവാതിരിക്ക്, നമുക്കൊരു വഴിയുണ്ടാക്കാം എന്ന ഭാഗ്യച്ചേച്ചിയുടെ സമാധാനിപ്പിക്കൽ ഒട്ടും ആശ്വസിപ്പിച്ചില്ലെങ്കിലും മുന്നോട്ട് നീങ്ങിയേ പറ്റൂ എന്ന് ഉറപ്പിച്ചു കൈയിലും കാലിലും കിടക്കുന്ന സ്വർണ്ണാഭരണങ്ങളുടെ കണക്ക് മനസ്സിലൊന്നു കൂട്ടി നോക്കി. 

ഓഫീസിൽ  പോവാനൊരുങ്ങിയ വേഷത്തിൽ നഫീസത്തയും മുറിയിലേക്ക് കടന്നുവന്നു. അനിലിന് എന്തെങ്കിലും പറ്റിയോ എന്ന ചോദ്യത്തിന് , പറ്റിയത് ഇവൾക്കാണ് എന്ന് പറഞ്ഞ് ഭാഗ്യച്ചേച്ചി കാര്യങ്ങൾ വിശദീകരിച്ചു. ഒരു നിമിഷം നിശബ്ദയായ ഇത്ത ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ ഒന്നു നോക്കി. താൻ കടന്ന് വന്ന മുൾവഴികൾ ഒരു നിമിഷം ഓർത്തതിനാലാവണം അവരുടെ കണ്ണുകൾ ഇടുങ്ങി. 

താഴെ ഡേ കെയർ വീട്ടിൽ നിന്ന് കുഞ്ഞുങ്ങളുടെ കരച്ചിലും ചിരിയും കലർന്ന ബഹളം പുറത്തേക്ക് വ്യാപിച്ചു. നഫീസത്ത ആ ശബ്ദത്തിന് നേരെ മിഴികൾ നീട്ടി നമ്മൾ പെണ്ണുങ്ങൾ തോറ്റു പോവാൻ പടച്ചവൻ വഴി ഉണ്ടാക്കില്ലെന്ന് മന്ത്രിച്ച് , ഇന്നു മുതൽ തന്റെ കുട്ടികൾ സ്കൂൾ വിട്ടു വന്നാൽ ട്യൂഷൻ എടുക്കണമെന്ന് നിർദ്ദേശിച്ചു. 

"നിങ്ങള് തരുന്ന വാടക ഞാൻ കുട്ടികളുടെ ട്യൂഷന് ആണ് കൊടുത്തു കൊണ്ടിരുന്നത് , അതിനി ഇവിടെത്തന്നെയാവട്ടെ എന്ന് കരുതി" അത്രയേ കണക്കാക്കേണ്ടു, എന്ന് പറഞ്ഞ് ഇത്ത ഓഫീസ് ബസ് പോയാൽ പ്രശ്നമാണെന്ന് പറഞ്ഞ് തിടുക്കത്തിൽ ഇറങ്ങി.

ആരെയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല, ഒരു പാട് ജീവിതം ഈ കാലത്തിനുള്ളിൽ കണ്ട അനുഭവം വെച്ച് പറയുകയാണെന്ന് പറഞ്ഞ് ഭാഗ്യച്ചേച്ചി ബാൽക്കണിയിലേക്ക് തുറക്കുന്ന കണ്ണാടി വാതിൽ വലിച്ചു തുറന്നു. പുറത്ത് വീട്ടുജോലിക്കാരായ സ്ത്രീകൾ തിടുക്കപ്പെട്ട് തങ്ങളുടെ തൊഴിലിടങ്ങൾ ലക്ഷ്യമാക്കി നടക്കുന്നത് കാണാമായിരുന്നു.
ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ആരെയും കൈവിട്ടുകളയില്ല ഈ നാട് എന്ന് പറഞ്ഞ് അവർ സമാധാനിപ്പിച്ചു. തത്കാലം ഇത് വീട്ടിലൊന്നും പറയണ്ട, എന്ത് ചെയ്യാൻ പറ്റുമെന്ന് നോക്കാം എന്ന് പറഞ്ഞ് കർട്ടനുകൾ പൂർണ്ണമായും വകഞ്ഞു മാറ്റി. മുറിയിലേക്ക് വെളിച്ചവും
ഡേ കെയർ നടത്തുന്നവീട്ടിൽ നിന്നുളള നേഴ്സറിപ്പാട്ടുകളും ഇങ്ങോട്ടേക്ക് പാറി വീണു. 

ഇന്നത്തെ ദിവസം നിന്നെ ഒറ്റയ്ക്ക് വിടാൻ തോന്നുന്നില്ല, പക്ഷേ ഓഫീസിൽ ഒരു മീറ്റിങ്ങ് ഉണ്ട്. ഞാൻ കമലാന്റിയെ ഇങ്ങോട്ട് വിടാം എന്ന് പറഞ്ഞ് ഭാഗ്യച്ചേച്ചി പുറത്തിറങ്ങി. അപ്പോഴേക്കും മോൻ ഉണർന്ന് അച്ഛനെ ചോദിച്ച് ചിനുങ്ങിത്തുടങ്ങി. തന്റെ അടുക്കളത്തിരക്കിനിടെ രാവിലെ അവന്റെ കാര്യങ്ങൾ സാധാരണ ചെയ്യാറുള്ളത് അനിയാണ്. അനി കുഞ്ഞിനെ ഓർക്കുന്നുണ്ടാവുമോ എന്ന് ഓർത്തപ്പോൾ തന്നെ ഉള്ളിൽ സങ്കടം ആഞ്ഞടിച്ചു. നഫീസത്തയും ഭാഗ്യച്ചേച്ചിയും പറയുന്നത് പോലെ ജീവിച്ച് കാണിച്ചേ പറ്റൂ. പുതിയ കരുത്ത് ഉള്ളിലുണരുന്നത് പോലെ തോന്നിയപ്പോൾ ഒരു ശക്തി തോന്നി.

നഫീസത്തയുടെ മക്കൾ അഞ്ചാം തരത്തിലും ആറാം തരത്തിലുമാണ്. പഴയ പാഠങ്ങൾ ഒന്ന് തേച്ച് മിനുക്കിയെടുത്താൽ നന്നായി പഠിപ്പിക്കാൻ പറ്റും. മാത്സും സയൻസും ഇന്നും കൈ വെള്ളയിലെ നെല്ലിക്കയാണെന്ന് അതിനിടെ അവൾ അഭിമാനത്തോടെ ഓർത്തു.
ട്യൂഷൻ ഒരു താത്കാലികാശ്വാസമാണെങ്കിലും അതൊരു സമാധാനമാണ്. ആദ്യം റെന്റിന്റെ കടമ്പ ചാടിക്കടക്കാനായാൽ രക്ഷപ്പെട്ടു. 

അപ്പോഴേക്കും ക്ലീനിങ്ങിന് വരുന്ന കമലാന്റി എത്തി.   ഒരു ജന്മത്തിൽ അനുഭവിക്കാവുന്നതിന്റെ പരമാവധി ദുരിതങ്ങൾ അനുഭവിച്ച ആ തെലുഗ് സ്ത്രീക്ക് ഒരു കൈത്താങ്ങിന് വേണ്ടി മാത്രമാണ് നഫീസത്ത അവരെ ജോലിക്ക് വച്ചിരിക്കുന്നത്.  

വിടർന്ന് ചിരിച്ച് അടുത്തു വരുന്ന അവരെക്കണ്ടപ്പോൾ പെട്ടെന്ന് അമ്മയെ ഓർമ്മ വന്നു. തന്റെ വാശികൾ അമ്മയെ എത്രമാത്രം സങ്കടപ്പെടുത്തി എന്ന ഓർമ്മയിൽ അവളൊന്നു ചൂളി.

കമലാന്റി ഒന്നും ചോദിക്കാതെ മുറി നന്നായി ഒതുക്കി അടിച്ചു. ഉറക്കമുണർന്ന് താഴെയിറങ്ങിയ കുഞ്ഞിന് താഴെക്കിടന്ന ഹെലികോപ്റ്റർ ടോയ് കൈയിൽ കൊടുത്ത് അവനെ വശത്താക്കി. അതിനിടെ അവർ അടുക്കളയിൽ നിന്ന് അവന്റെ കുപ്പിയിൽ പാല് നിറച്ചു കൊണ്ടുവന്നിരുന്നു.

മുറി വൃത്തിയായതോടെ ജീവിതത്തിന് തന്നെ അടുക്കും ചിട്ടയും വന്നത് പോലെ ഒരു തോന്നലുണ്ടായി അവൾക്ക്. അതിനിടെ ആരെയൊക്കെയോ മുറി ഹിന്ദിയിൽ വിളിച്ച് "ഇധർ അച്ഛാ ട്യൂഷൻ മിൽത്താ ഹേ" എന്ന് അവർ പറയുന്നുണ്ടായിരുന്നു.

താഴെ ഡേ കെയർ ആന്റിയും സഹായിക്കാമെന്ന് പറഞ്ഞിട്ടു ണെന്നും മാത്സ് ട്യൂഷന് ഇവിടെ നല്ല ഡിമാന്റാണെന്നും പറഞ്ഞ് അവർ മനസ്സിലെ ഉഷ്ണം ആറ്റിയിറക്കി. ഇവിടെ ട്യൂഷൻ സമയത്ത് കുത്തിനെ ആന്റി നോക്കിക്കോളാമെന്നും ഒന്നും പേടിക്കേണ്ടെന്നും അവർ ഒന്നുകൂടി പൊതിഞ്ഞു പിടിച്ചു.

ജയിച്ച് തീർക്കാനുളളതാണ് ജീവിതമെന്ന് മനസ്സിലുറപ്പിക്കാൻ ഇതിലധികം കാരണങ്ങൾ എന്തിനെന്നോർത്ത് അവൾ 
നെടുവീർപ്പിട്ടു. ഒന്നുകൂടി ആലോചിച്ചതിന് ശേഷം അനിയുടെ നമ്പർ കോൺടാക്ട് ലിസ്റ്റിൽ നിന്ന് പതിയെ മാറ്റി. 

പുറത്ത് സൂര്യൻ ചിരിച്ചുയർന്നു ! 
കൂടെയുണ്ടെന്ന് പറയുന്ന കൂട്ടുകാരനെപ്പോലെ !

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക