Image

ക്ഷോണീന്ദ്രപത്നിയുടെ വാണിം നിശമ്യ...  മാഞ്ഞുപോയ സ്‌കൂൾ കാലം  (മിനി വിശ്വനാഥൻ)

Published on 30 January, 2024
ക്ഷോണീന്ദ്രപത്നിയുടെ വാണിം നിശമ്യ...  മാഞ്ഞുപോയ സ്‌കൂൾ കാലം  (മിനി വിശ്വനാഥൻ)

ഞങ്ങൾ പതിനഞ്ച് വയസുകാരായ പഴയ പത്താം ക്ലാസുകാരായി  ഇന്നലെ വീണ്ടും ചുണ്ടങ്ങാപ്പൊയിൽ സ്കൂളിൽ പോയി.

അന്നത്തെ പൊടിമീശക്കാരും പാവാടക്കാരികളും കാലം രൂപത്തിൽ വരുത്തിയ മാറ്റങ്ങൾ മായ്ച് കളഞ്ഞു പേരുകൾ ഓർത്ത് വിളിച്ചു. പഴയ കുറുമ്പുകൾ പരസ്പരം പറഞ്ഞ് ആർത്തു ചിരിച്ചു.

ഓർമ്മയുണ്ടോ..
എന്നെ ഓർമ്മയുണ്ടോ..
പണ്ട് ഇൻ്റർവെല്ലിന് തൊടാം പാച്ചൽ കളിച്ചത് ഓർമ്മയുണ്ടോ? 
കബഡി കളിച്ച് ഉരുണ്ട് വീണത് ഓർമ്മയുണ്ടോ? എന്ന് ചോദിച്ച് കൊണ്ട് ഓരോരുത്തരും കുട്ടികളായി സ്കൂൾ മുറ്റത്ത് ഓടിപ്പാഞ്ഞു.

ഇൻ്റർവെല്ലിന് സ്കൂൾ മുറ്റത്ത് ഉപ്പും സോഡി കളിച്ചതും, നാണു ഏട്ടൻ്റെ പീടികയിൽ നിന്ന് ചെത്തൈസ് വാങ്ങിത്തിന്നതും, അണിയേരി വാസു ഏട്ടൻ്റെ പീടികയിൽ നിന്ന് പ്രൈസ് പറിച്ച് പൈസ പോയതും ബാക്ക് ബഞ്ചിലിരുന്ന് പാട്ടുപാടിയതും ഓർത്തെടുത്തുകൊണ്ട് ഞങ്ങൾ ഭൂതകാലത്തിലേക്ക് പരസ്പരം കൈകൾ ചേർത്ത് പിടിച്ചു കൊണ്ട് ഓടിപ്പോയി! കാലം ഒറ്റയടിക്ക് മുപ്പത്തിമൂന്ന് വർഷം പിറകിലേക്ക് ഓടി ഒറ്റ നിൽപ്പു നിന്നു. 

അതിനിടയിലാണ് അഖില എന്നോട് 
"ക്ഷോണീന്ദ്രപത്നിയുടെ വാണീം നിശമ്യ പുനരേണീ വിലോചന നടുങ്ങീ, മിഴിയിണ കലങ്ങീ, വിവശതയിൽ മുങ്ങീ, പലതടവുമതിനു പുനരവളൊടു പറഞ്ഞളവു പരുഷമൊഴി കേട്ടുടനടങ്ങീ;
എന്ന് മലയാളം ക്ലാസിൽ ബൈഹാർട്ട് പഠിച്ചത് ഇപ്പോഴും മറന്നിട്ടില്ല എന്ന് പറഞ്ഞ് ഉറക്കെ ചൊല്ലിയത്.

ഒൻപതാം ക്ലാസ് എയിയിലെ ഉച്ചച്ചൂടിൽ ക്ഷോണീന്ദ്രപത്നി എനിക്ക് പിടി തരാതെ ഓടി ഓടി അജിതേച്ചിയുടെ അച്ഛൻ ചെണ്ട വരിയാനായി ഉണക്കാനിട്ട തോലിനുള്ളിൽ പോയി ഒളിച്ചതും ഞാൻ നിർമ്മല ടീച്ചറുടെ പരുഷ മൊഴിയിൽ വീണുടഞ്ഞതും മിഴിയിണ കലങ്ങിയതും എങ്ങിനെ മറക്കാനാണ്? പഠനകാലത്ത് എന്നെ ഏറ്റവും കുഴപ്പിച്ച മലയാള പദ്യഭാഗമായിരുന്നു അത്. ഇത് കവിതയല്ല ചമ്പുവാണ് എന്ന് നിർമ്മല ടീച്ചർ ക്ലാസിൽ പറഞ്ഞപ്പോൾ "ചന്തു" വോ എന്ന് ബേബി കാഞ്ചനയുടെ ചെവിയിൽ ചോദിച്ചതിന് ടീച്ചർ ക്ലാസിന് പിറകിൽ നിറുത്തിയതും എങ്ങിനെ മറക്കാനാണ്. ഇന്ദുലേഖയുടെ സൗന്ദര്യം വർണ്ണിക്കുമ്പോൾ "ഇമ്മാതിരിപ്പെണ്ണുങ്ങൾ ഭൂമീലുണ്ടോ" എന്ന് പരിഹസിച്ച് ചിരിച്ചപ്പോൾ ടീച്ചർ വടിയോങ്ങി "വേണ്ട , നിന്നെയൊക്കെ തല്ലിയാൽ വടിക്ക് വേദനിക്കും" എന്ന് പരിഹസിച്ചതും മറക്കാനാവുമോ?

അവൾ പിന്നെയും മനോഹരൻ മാഷുടെ ഹിന്ദി പദ്യങ്ങൾ ചൊല്ലിത്തുടങ്ങി. പത്താം ക്ലാസ് കഴിഞ്ഞാൽ അന്ന് നിൽക്കും എൻ്റെ ജീവിതത്തിൽ ഹിന്ദിയെന്ന് പ്രതിജ്ഞയെടുത്ത ഫിബ്രവരിയിലെ ഒരു രണ്ടാം പിരീഡ് എന്നെ പരിഹസിച്ച് ചിരിച്ചു കൊണ്ട് ഞങ്ങൾക്ക് മുന്നിൽ നിറഞ്ഞു നിന്നു. 

ആരോടും പരിഭവങ്ങളില്ലാക്കാലമായിരുന്നു അത്. ഷെയറിങ്ങിൻ്റെ മഹത്വത്തെക്കുറിച്ച് ആരും പഠിപ്പിക്കാതെ തന്നെ ഞങ്ങൾ നാരങ്ങ മുട്ടായി മുതൽ എല്ലാം പരസ്പരം പങ്കു വെച്ചു. അറിയുന്നവർ അറിയാത്തവർക്ക് പറഞ്ഞു കൊടുത്തു. 

ഞാനും ബേബി കാഞ്ചനയും ഡസ്കിൽ തലചായ്ച് കിടന്ന് ഭാവി സ്വപ്നം കാണുമായിരുന്നു. നമുക്ക് പഠിച്ച് പഠിച്ച് ആരാവണം എന്ന ചർച്ച എവിടെയുമെത്താതെ വഴി പിരിയും. ക്ലാസിൽ മിണ്ടിയാൽ പേരെഴുതുന്ന ക്ലാസ് ലീഡറോട് തർക്കിച്ച് ഒരു പ്രാവശ്യം മിണ്ടിയാൽ കുഴപ്പമില്ലെന്ന് ഉറക്കെ തർക്കിക്കും...

ഓർമ്മകൾ പരക്കം പായുന്നതിനിടെ ഞങ്ങൾ വീണ്ടും പഴയ ഒമ്പതാം ക്ലാസിൽ പോയി. ഒപ്പന പ്രാക്ടീസ് ചെയ്തു. പുതുപ്പെണ്ണിൻ്റെ മുഖത്ത് നാണം പോരാ എന്ന് ശാസിക്കുന്ന അമ്മായിമാരായി. അദ്ധ്യാപകർക്കൊപ്പം നിലത്ത് ചടഞ്ഞിരുന്ന് ഫോട്ടോ എടുത്തു. പാട്ടുകൾ പാടി. സഭാകമ്പമില്ലാതെ സംസാരിച്ചു. റീനയും ഷീലയും പ്രജിനയും പ്രാർത്ഥന ആലപിച്ചു. 
"അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി" എന്ന പ്രാർത്ഥനയുടെ വരികൾ മനസ്സിൽ നിറഞ്ഞു. സഹിതയും കുഞ്ഞിഷീനയും റീനയും പ്രാർത്ഥന കഴിഞ്ഞ് ക്ലാസിൽ ഗമയോടെ വരുന്നത്  ഓർത്തപ്പോൾ എന്തിനെന്നറിയാതെ സങ്കടം വന്നു.

മൊയ്തുവും സമീറും ബഷീറും ചേർന്ന ഒരു ഗ്രൂപ്പിൻ്റെ മനസ്സിലുണ്ടായ ഒരു തോന്നലാണ് എല്ലാ കൂട്ടുകാരെയും ഒന്നിച്ച് കാണാൻ ഒരു വേദിയൊരുക്കണം എന്നത്. കഴിഞ്ഞ ആറേഴ് മാസങ്ങളായി അവർ നിരന്തരം അന്വേഷിക്കുകയായിരുന്നു. പെൺകുട്ടികൾ പലരും വിവാഹത്തോടെ പല വഴിക്ക് പിരിഞ്ഞു. ജീവിത സാഹചര്യങ്ങൾ മാറി. പലർക്കും അമ്മമാരിൽ നിന്ന് അമ്മൂമ്മ മാരായി പ്രമോഷൻ കിട്ടി. എന്നാലും ക്ഷമയോടെ വാട്സാപ്പിൽ എല്ലാവരെയും കോർത്തിണക്കി അവർ പരിപാടി ആസൂത്രണം ചെയ്തു. സാമ്പത്തിക ഭാരം പോലും അവർ ഏറ്റെടുത്തു. പഴയ കൂട്ടുകാർ ഒന്നിച്ച് കൂടി സന്തോഷിക്കാൻ തങ്ങൾ നിമിത്തമാവുക എന്ന നന്മമാത്രമായിരുന്നു അവർ പ്രതീക്ഷിച്ചത്. പണ്ട് പഠിപ്പിച്ച അദ്ധ്യാപകരെ കണ്ടുപിടിച്ചു ഞങ്ങൾക്കൊപ്പം ഇരുത്തി. അവരുടെ ഓർമ്മകളിൽ ഞങ്ങളുണ്ടായിരുന്നു എന്ന തിരിച്ചറിവിൽ സന്തോഷിച്ചു. മലയാളം പഠിപ്പിച്ച സതിടീച്ചർ വാത്സല്യം കൊണ്ടു ഞങ്ങളെ മൂടി. വിജയൻ മാഷുടെ ഓർമ്മകൾക്ക് മുന്നിൽ നിശബ്ദയായി.

ഏറ്റവും നല്ല ഭക്ഷണം വിളമ്പി ആൺകുട്ടികൾ വീണ്ടും ഞങ്ങളെ അതിശയിപ്പിച്ചു. 
ഉണ്ണിയപ്പത്തിൻ്റെ മധുരത്തിൽ ഞങ്ങൾ അലിഞ്ഞു. എല്ലാം സമൃദ്ധമായിരുന്നു. ജ്യൂസും സ്നാക്സും ബിരിയാണിയും ചൂട്പഴം പൊരിയും ഗ്രീൻപീസ് പരിപ്പുവടയും ചായയും തന്ന് അവർ ഞങ്ങളെ സത്കരിച്ചു വീർപ്പു മുട്ടിച്ചു. 
എൻ്റെ ചരിത്രമുറങ്ങുന്ന നേപ്പാൾ സ്കൂൾ ലൈബ്രററിക്ക് കൊടുക്കാനും അവർ വേദി ഒരുക്കിത്തന്നു. 

ജീവിതം പല വഴിക്ക് നടത്തിയ ഞങ്ങൾക്ക് വീണ്ടും ഒന്നാം ക്ലാസു മുതൽ പത്താം ക്ലാസ് വരെ മാറി മാറിയിരിക്കാനും ഓർക്കാനും അവസരം തന്ന പ്രിയപ്പെട്ട ആൺകുട്ടികളോട് എങ്ങിനെ നന്ദി പറയുമെന്നറിയില്ല. ഒരിക്കലും പരസ്പരം കാണില്ലെന്ന് സങ്കടപ്പെട്ട കൂട്ടുകാരികളെ കണ്ണ് നിറയെ കണ്ടു. റസിയയും ഞാനും പഴയതുപോലെ ചെവിയിൽ സ്വകാര്യം പറഞ്ഞു. പ്രജിന തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ചു. ശ്രീജ എൻ്റെ വികൃതികൾക്ക് നേരെ കണ്ണുമിഴിച്ചു. ഗീതുവിൻ്റെയും പുഷ്പവല്ലിയുടെയും മക്കളോട് അമ്മമാരുടെ പഴയ കുറുമ്പുകൾ പങ്കു വെയ്യു.
രേഷ്മ പഴയ ഓർമ്മകളാൽ നിശബ്ദയായി. ഞങ്ങൾ ആരും ഒട്ടും മാറിയിട്ടില്ലെന്ന് പരസ്പരം സമ്മതിച്ചു.

പഴയത് പോലെ നടന്ന് സ്കൂളിൽ പോവാമെന്ന പ്ലാൻ നടന്നില്ലെങ്കിലും ഞാനും ശ്രീജയും ഒന്നിച്ച് സ്കൂളിലേക്ക് പോയി. പ്രതിഭയും രേഷ്മയും ശ്രീ്ജയുമൊത്ത് പഴയ കഥകൾ ഓർത്ത് തിരിച്ച് വരികയും ചെയ്തു. എന്നും തിരിച്ച് വീട്ടിലേക്ക് പോവുമ്പോൾ ശ്രീജയുടെ വീടെത്തുമ്പോൾ ദാഹിക്കും. അവളുടെ അമ്മയുടെ സ്നേഹം ഞാനും പങ്കിട്ടിരുന്നു. ആ അമ്മയെ ഓർത്ത് സങ്കടം വന്നു. അവളുടെ അച്ഛനും അമ്മക്കും എന്നെയും വലിയ ഇഷ്ടമായിരുന്നു. അവരുടെ വാത്സല്യ ച്ചിരിയുടെ ഓർമ്മയിൽ കണ്ണു നനഞ്ഞു !

ജീവിതം എത്ര മനോഹരമാണ് എന്ന് വീണ്ടും തോന്നിപ്പിച്ച ഒരു ദിവസം സമ്മാനിച്ച എല്ലാ കൂട്ടുകാർക്കും നന്ദി... ഹൃദയം നിറഞ്ഞ നന്ദി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക