Image

എന്നെങ്കിലും വരും അരിഹ.... കണ്ണീരോടെ അച്ഛനും അമ്മയും (രമ്യ മുകുന്ദൻ)

Published on 30 January, 2024
എന്നെങ്കിലും വരും അരിഹ.... കണ്ണീരോടെ അച്ഛനും അമ്മയും (രമ്യ മുകുന്ദൻ)

see also: https://mag.emalayalee.com/weekly/27-jan-2024/#page=7

ഏഴുമാസം പ്രായമായപ്പോഴാണ് അച്ഛന്റെയും അമ്മയുടെയും വിരലുകളിൽ നിന്നും കുഞ്ഞു അരിഹ ഊർന്നു പോയത്. ഇപ്പോഴവൾക്ക് മൂന്നുവയസുണ്ട്. ഗുജറാത്ത് സ്വദേശികളായ ഭാവേഷും ധാരാ ഷായും ഈ കാലമത്രയും അധികൃതരുടെ പിന്നാലെ തങ്ങളുടെ കുഞ്ഞിനെ വിട്ടുതരാനുള്ള അഭ്യർത്ഥനയുമായി അലയുകയാണ്. എന്നാൽ ആരും അവരോട് കനിവ് കാട്ടുന്നില്ല. ഇവരുടെ മകൾ അരീഹ ഷാ രണ്ടുവർഷമായി ജർമ്മനിയിലെ ശിശുക്ഷേമവിഭാഗത്തിന്റൈ സംരക്ഷണയിലാണ്. സഹായം തേടി മുട്ടാൻ ഇനി വാതിലുകളില്ല എന്നു തന്നെ പറയാം. സ്‌നേഹിച്ചും കൊഞ്ചിച്ചും ലാളിച്ചും കൊതിതീരും മുമ്പേയാണ് ഇവർക്ക് ഓമനക്കുഞ്ഞിനെ നഷ്ടപ്പെട്ടത്. അരിഹയുടെ പിറന്നാൾ ഒരുതവണ പോലും സന്തോഷത്തോടെ ആഘോഷിക്കാൻ കഴിഞ്ഞിട്ടു പോലുമില്ല ഈ കുടുംബത്തിന്.

നല്ലൊരു ജീവിതം സ്വപ്‌നം കണ്ടാണ് ഗുജറാത്തിൽ നിന്നും സോഫ്റ്റ് വെയർ എൻജിനിയറായ ഭാവേഷ് ഭാര്യ ധാരയ്‌ക്കൊപ്പം 2018 ൽ ജർമ്മനിയിലേക്ക് പോയത്. സ്വപ്‌നം കണ്ടതുപോലെ ഒരു ജീവിതം കയ്യെത്തിപ്പിടിക്കുന്നതിന്റെ സന്തോഷത്തിലായിരുന്നു ദമ്പതികൾ അവിടെ. നല്ലൊരു ജോലി ലഭിച്ചതോടെ ആ സന്തോഷം ഇരട്ടിയായി. അതിന് പിന്നാലെ 2021 ൽ ഒരു പെൺകുഞ്ഞ് കൂടി ജീവിതത്തിലെത്തി. അരീഹ എന്ന് അവൾക്ക് പേരിട്ടു. കുടുംബത്തിലെ ആദ്യത്തെ കൺമണി. സകലസൗഭാഗ്യങ്ങളോടെയും അവൾ ആ കുടുംബത്തിന്റെ കണ്ണിലുണ്ണിയായി. എന്നാൽ ആ സന്തോഷത്തിന് അധികം ആയുസുണ്ടായിരുന്നില്ല എന്നു പറയാം. കളിക്കുന്നതിനിടെ ഉണ്ടായ ചെറിയ പരിക്കിനെ തുടർന്ന് ആശുപത്രിയിലെത്തിയപ്പോഴായിരുന്നു ജീവിതം തന്നെ കീഴ്‌മേൽ മറിഞ്ഞുപോകുന്ന അനുഭങ്ങളുണ്ടായത്. കുഞ്ഞിനെ ശ്രദ്ധയോടെ പരിചരിച്ചില്ലെന്ന ഒറ്റക്കാരണത്തിൽ ജർമ്മനിയിലെ ശിശുപരിചരണ കേന്ദ്രം കുട്ടിയെ കൊണ്ടുപോയി.

അവിടെയുള്ള ശിശുപരിചരണ നിയമങ്ങൾ വളരെ കർശനമാണ്. ആവുന്നത്ര സത്യം ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും നിയമങ്ങളുടെ നൂലാമാല കീറിയെടുക്കുന്നത് വളരെ സങ്കീർണമായിരുന്നു എന്നു തന്നെ പറയാം. അന്നുമുതൽ ഈ നിമിഷം വരെ ആ ദമ്പതികൾ ഓടുകയാണ്. നഷ്ടപ്പെട്ട വർഷങ്ങൾക്ക് പകരമാവില്ല ഒന്നും എന്നറിയാമെങ്കിലും ഇനിയും വിട്ടു നിൽക്കാൻ ആവില്ല എന്നതു തന്നെയാണ് പ്രധാനകാരണം. കണ്ണീരിലാണ് ഓരോ ദിവസവും ഉറങ്ങുന്നതും ഉണരുന്നതും. എന്റെ കുഞ്ഞ് അവരുടെ കയ്യിലാണ്. ഇനി എന്തു ചെയ്യണമെന്നറിയില്ല, പക്ഷേ, ഞാൻ ഇനിയും ഓടിക്കൊണ്ടേയിരിക്കും. ധാരാ ഷാ കണ്ണീരോടെ പറയുന്നു. അരികിൽ എന്തു പറയണമെന്നറിയാതെ ഭാവേഷ്

ഡയപ്പറിലെ രക്തത്തുള്ളികൾ

ആറ്റുനോറ്റ് പിറന്ന കുഞ്ഞിനെ കാണാനായി  മുത്തശ്ശിയും ബന്ധുക്കളും ജർമനിയിലെത്തിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. കൊച്ചുമോളൊത്ത് കളിക്കുകയായിരുന്നു മുത്തശ്ശി. ഇടയ്‌ക്കൊന്ന് ശ്രദ്ധ മാറിയപ്പോഴാണ് കുഞ്ഞിന്റെ ഡയപ്പറിൽ ചോരത്തുള്ളികൾ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തി. പ്രാഥമിക ചികിത്സയ്ക്കായി ഇവർ ആശുപത്രിയിലെത്തി. ഡോക്ടറെ കണ്ടശേഷം തിരിച്ച് വീട്ടിലെത്തി. രണ്ടാമതും പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ജീവിതം തന്നെ മാറി മറിഞ്ഞത്. കുഞ്ഞിന് പ്രശ്‌നങ്ങളുമൊന്നുമില്ലെന്ന് തന്നെയായിരുന്നു അപ്പോഴും ഡോക്ടർമാർ പറഞ്ഞത്. പക്ഷേ, അവർ പരിക്കേറ്റ വിവരം ജർമ്മൻ ചൈൽഡ് സർവീസിനെ അറിയിച്ചു. പിന്നാലെയാണ് അവരെത്തി കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്നതും അവരുടെ ശിശുസംരക്ഷണ കേന്ദ്രത്തിലാക്കുന്നതും. അന്നുമുതൽ തുടങ്ങിയ പോരാട്ടമാണ്. കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണവുമായാണ് 2021 സെപ്റ്റംബർ 23നു  ശിശു ക്ഷേമ വകുപ്പ് കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തത്. അന്നുമുതൽ രണ്ടാഴ്ചയിൽ ഒരു തവണയാണ് കുഞ്ഞിനെ കാണാൻ അനുവദക്കുന്നത്. കേസിന്റെ ആദ്യഘട്ടത്തിൽ ദമ്പതികൾക്കെതിരെ ശിശുക്ഷേമ അധികൃതർ ലൈംഗിക അതിക്രമത്തിന് കേസെടുത്തിരുന്നു.

നീണ്ടുനീണ്ടു പോയ നിയമപോരാട്ടം, ഒടുവിൽ

അന്വേഷണത്തിനൊടുവിൽ ലൈംഗിക അതിക്രമ കുറ്റം ഒഴിവാക്കിയെങ്കിലും, ദമ്പതികളുടെ ആശ്രദ്ധയാണ് കുഞ്ഞിന്റെ പരിക്കിന് കാരണമായതെന്ന് ചൂണ്ടിക്കാട്ടി കേസുമായി മുന്നോട്ടു പോകുകയായിരുന്നു. 2022 ഫെബ്രുവരിയിൽ ദമ്പതികൾക്കെതിരായ എല്ലാ കേസുകളും പിൻവലിച്ചെങ്കിലും കുഞ്ഞിനെ രക്ഷിതാക്കൾക്ക് തിരികെ നൽകാൻ ശിശു വകുപ്പ് തയാറായില്ല. ഇതിനൊപ്പം  ദമ്പതികളുടെ കുഞ്ഞിന്റെ രക്ഷാകർതൃ അവകാശങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശിശുവകുപ്പ് കോടതിയിൽ ഒരു സിവിൽ കസ്റ്റഡി കേസ് ഫയൽ ചെയ്തു. അന്നുമുതൽ ദമ്പതികൾ കുഞ്ഞിനെ വിട്ടുകിട്ടാനുള്ള നിയമപോരാട്ടത്തിലാണ്. ഇതിനിടെ 2023 ജൂൺ 13ന് ദമ്പതികൾക്ക് കുഞ്ഞിന്മേലുള്ള രക്ഷാകർതൃ അവകാശം പൂർണമായും അവസാനിപ്പിച്ചു കൊണ്ട് കോടതി ഉത്തരവിടുകയും ജർമൻ ശിശു വകുപ്പിന് കുഞ്ഞിന്റെ  പൂർണ കസ്റ്റഡി അനുവദിക്കുകയും ചെയ്തു.

ആരോഗ്യപ്രശ്‌നം കണക്കിലെടുക്കുന്നില്ല

കുഞ്ഞിനെ ശാരീരികമായി പീഡിപ്പിക്കുകയും ജനനേന്ദ്രിയത്തിലും തലയിലും മുതുകിലും പരിക്കുണ്ടാക്കുകയും ചെയ്‌തെന്നാണ് കോടതിയുടെ കണ്ടെത്തൽ. എന്നാൽ ഈ ആരോപണങ്ങൾ തെറ്റാണെന്നാണ് ഷാ പറയുന്നത്.  ''അരിഹയുടേത് വളരെ സെൻസിറ്റീവ് ചർമ്മമാണ്, അലർജി കാരണം ശരീരത്തിൽ പാടുകളുണ്ടാകാറുണ്ട്. ജർമ്മനിയിലെയും ഇന്ത്യയിലെയും ഡോക്ടർമാരോട് ഞങ്ങൾ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ശിശുസംരക്ഷണ കേന്ദ്രത്തിൽ പോലും ഇതേ പ്രശ്നത്തിന് അവളെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകേണ്ടിവന്നു. കൂടാതെ, ഒരിക്കൽ ഞാൻ അവളെ മസാജ് ചെയ്ത് കുളിപ്പിക്കുമ്പോൾ, അവൾ തെന്നി മേശപ്പുറത്ത് വീണ് പരിക്കുണ്ടായി. സോഷ്യൽ വർക്കർമാർ ഇതെല്ലാം മനസിലാക്കിയാണ് റിപ്പോർട്ട് നൽകിയത്.  നൽകി. എന്നാൽ ഈ റിപ്പോർട്ട് അവഗണിച്ചും അവരുടെ തന്നെ വിദഗ്ധ സമിതിയുടെ നിർദേശങ്ങൾ തള്ളിയുമാണ് കോടതി ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്ന് ധാരാ ഷാ പറഞ്ഞു. ഇതിനിടെ അധികൃതരെ സത്യാവസ്ഥ പറഞ്ഞ് മനസ്സിലാക്കാൻ ദമ്പതികൾ ഏറെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കുഞ്ഞിന്റെ മുത്തശ്ശിയും തന്റെ വാദങ്ങൾ അധികൃതരോട് വ്യക്തമാക്കിയിരുന്നു. രക്ഷിതാക്കൾ മനഃപൂർവം കുഞ്ഞിന്റെ സ്വകാര്യ ഭാഗത്ത് മുറിവുണ്ടാക്കിയെന്ന നിഗമനത്തിലാണ് കോടതി എത്തിയത്.

ആരോപണവിധേയമായ ജനനേന്ദ്രിയ പരിക്കിനെക്കുറിച്ച് സംസാരിക്കുമ്പോൾ, ഷാ പറയുന്നത് ഇങ്ങനെയാണ്. ''ജർമ്മൻ ഹോസ്പിറ്റലിൽ നിന്നും ഇന്ത്യയിലും യു.എസിലുമുള്ള മറ്റ് മെഡിക്കൽ വിദഗ്ധരിൽ നിന്നുമുള്ള റിപ്പോർട്ടിൽ അവൾക്ക് ബാഹ്യ പെരിനൈൽ പരിക്ക് ഉണ്ടെന്നാണ് പറയുന്നത്. പക്ഷേ, അത് ആകസ്മികമാണെന്ന സത്യം അധികൃതർ മുഖവിലയ്‌ക്കെടുക്കുന്നില്ല.''

മിസിസ് ചാറ്റർജി  Vs നോർവേ
 
കസ്റ്റഡി വിധിക്കെതിരെ കുടുംബം ജർമ്മനിയിലെ ഹൈക്കോടതിയിൽ അപ്പീൽ നൽകി. അരിഹയെ നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ച് 19 രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 59 ഇന്ത്യൻ പാർലമെന്റംഗങ്ങൾ ജർമ്മൻ അംബാസഡർക്ക് കത്തയച്ചു.

റാണി മുഖർജി അഭിനയിച്ച മിസിസ് ചാറ്റർജി  നോർവേ എന്ന സിനിമയെ അടിസ്ഥാനമാക്കിയുള്ള സാഗരിക ചക്രവർത്തിയുടെ കേസുമായി ഏറെ സാമ്യമുള്ള സംഭവമാണിത്. രക്ഷിതാക്കളുടെ വാദത്തിന് ശക്തിപകരുന്ന കാരണങ്ങളൊന്നും  ബോധ്യപ്പെടുത്താനായില്ലെന്നു കോടതി പറഞ്ഞതായി ധാര കൂട്ടിച്ചേർത്തു. മാസത്തിൽ ആദ്യത്തെയും മൂന്നാമത്തെയും ചൊവ്വാഴ്ച ഒരു മണിക്കൂറാണ് കുഞ്ഞിനെ  കാണാൻ അനുവദിക്കുന്നത്. തങ്ങളുടെ മതവിശ്വാസ പ്രകാരവും ഇന്ത്യൻ സംസ്‌കാരം പിന്തുടർന്നും ജീവിക്കാനുള്ള അവകാശം കുഞ്ഞിന് നിഷേധിക്കുന്നതിൽ രക്ഷിതാക്കൾക്ക് വലിയ ആശങ്കയുണ്ട്. സ്വാതന്ത്ര്യദിനം മുതൽ ജൈനമത ഉത്സവമായ പര്യൂഷൻ, രക്ഷാബന്ധൻ, ജന്മാഷ്ടമി എന്നിവയ്ക്ക് ശേഷം ബെർലിനിലെ ഇന്ത്യൻ സമൂഹത്തോടൊപ്പം ഇന്ത്യൻ ഉത്സവങ്ങൾ ആഘോഷിക്കാൻ അരിഹയെ അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് ഷാ നിരവധി തവണ ജർമ്മൻ എംബസിക്ക് നിവേദനം നൽകി. കുഞ്ഞിനെ ഈ ആഘോഷങ്ങൾക്ക് കൊണ്ടുവരാനുള്ള ചെലവ് വഹിക്കാൻ തങ്ങൾ തയ്യാറാണെന്നും അരിഹ അവളുടെ സംസ്‌കാരവുമായി ബന്ധം നിലനിർത്തണമെന്ന് ആഗ്രഹിക്കുന്നതായും പറഞ്ഞിട്ടും അനുകൂല തീരുമാനമുണ്ടായിട്ടില്ല.

കാത്തിരിപ്പ്, പ്രതീക്ഷ

ജർമ്മൻ യുവജന സേവനവുമായി ബന്ധപ്പെട്ട സാമൂഹിക പ്രവർത്തകർ അരിഹയെ 15 ദിവസത്തിലൊരിക്കൽ ഒരു മണിക്കൂർ ദമ്പതികളെ കാണിക്കാനായി നേരത്തെ നിശ്ചയിച്ച ഒരു സ്ഥലത്തെത്തിക്കും. കാണാനായി ഒരു നിഷ്പക്ഷ സ്ഥലത്തേക്ക് കൊണ്ടുവരിക പതിവായിരുന്നു. പിന്നീട് ആ അവകാശം റദ്ദാക്കി.  മീറ്റിംഗ് സ്ഥലത്തേക്ക് കുഞ്ഞിനെ കൊണ്ടുവരാൻ ആരും ഇല്ലെന്ന് അവർ പറയുകയായിരുന്നെന്ന് ധാര ചൂണ്ടിക്കാട്ടുന്നു. വീഡിയോ കോളുകൾ പോലും അനുവദിക്കുന്നില്ല. ഇന്ത്യൻ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും നൽകിയപ്പോഴും തിരിച്ച് നൽകുകയായിരുന്നു. ഈ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും പരാതി നൽകിയെങ്കിലും ഇതുവരെ അനുകൂല നടപടിയുണ്ടായിട്ടില്ല. ദിനംപ്രതി കുഞ്ഞിനെ കാണാനുള്ള രക്ഷിതാക്കളുടെ ആവശ്യവും കോടതി തള്ളി. മാസത്തിൽ രണ്ടു തവണ കുഞ്ഞിനെ കാണാൻ അനുവദിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദമ്പതികളുടെ ആവശ്യം കോടതി തള്ളിയത്. എന്നെങ്കിലുമൊരിക്കൽ കുഞ്ഞുമോൾ തങ്ങൾക്ക് അരികിലെത്തുമെന്ന പ്രതീക്ഷയിലാണ് ഇവരുടെ കാത്തിരിപ്പ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക