ആദ്യം കോഴിമുട്ട
പിന്നെ മുട്ടക്കോഴി
ഇടയ്ക്കൊരു
ഏകകാല ഉൽപ്പത്തി ന്യായം
ആദ്യം ഇരുട്ട്
പിന്നെ ഇരുട്ടടി
ഇടയ്ക്കൊരു മധുരചുംബനം
ആദ്യം പൊള്ള
പിന്നെയും പൊള്ള
ഇടയ്ക്കൊരു പൊള്ളാച്ചി
ആദ്യം വെളിച്ചം
പിന്നെ തൃക്കണ്ണും തൃക്കാഴ്ചയും
ഇടയ്ക്കൊരു തിമിരം
ആദ്യം സംസ്കാരം
പിന്നെ ശവസംസ്കാരം
ഇടയ്ക്കൊരു നാലുനാൾ
ചമത്ക്കാരം
ആദ്യം പാതി ദൈവം നീ
പിന്നെ പൂർണ്ണദൈവം നീ
ഇടയ്ക്കൊരു അപൂർണ്ണനാം ഞാൻ
ആദ്യം ഇന്ന്
പിന്നെ നാളെ
ഇടയ്ക്കൊരു ചോരയുണങ്ങാത്ത
മരക്കുരിശ്
ഇന്ന് ഞാൻ
നാളെ നീ!