Image

'ന്യൂസ് ക്ലിക്കി'ലെ റെയ്ഡും അറസ്റ്റും മാധ്യമങ്ങള്‍ക്കുള്ള മുന്നറിയിപ്പോ?- (ഡല്‍ഹികത്ത്- പി.വി.തോമസ്)

പി.വി.തോമസ് Published on 14 October, 2023
'ന്യൂസ് ക്ലിക്കി'ലെ റെയ്ഡും അറസ്റ്റും മാധ്യമങ്ങള്‍ക്കുള്ള മുന്നറിയിപ്പോ?- (ഡല്‍ഹികത്ത്- പി.വി.തോമസ്)

ജനാധിപത്യത്തിന്റെ മാതാവ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ച ഇന്ത്യയില്‍ ഒരു മാധ്യമ നായാട്ട് നടക്കുകയാണ്. ഏറ്റവും ഒടുവിലത്തെ ഇര 'ന്യൂസ് ക്ലിക്ക്' എന്ന ന്യൂസ് പോട്ടല്‍ ആണ്. ഒക്ടോബര്‍ മൂന്നിന് വെളുപ്പിന് രണ്ടുമണിക്ക് ക്ലിക്കിന്റെ ദല്‍ഹി ഓഫീസും മറ്റ് 100 ഓഫീസുകളും റെയ്ഡ് ചെയ്തു ദല്‍ഹി പോലീസ്. ന്യൂസ് ക്ലിക്കിനെതിരായ ആരോപണം അത് ചൈനയുടെ നയങ്ങളുടെയും  ആശയങ്ങളുടെയും പ്രചരണത്തിനായി ആ രാജ്യത്തുനിന്നും കോടിക്കണക്കിന് ഫണ്ടു സ്വീകരിച്ചുവെന്നാണ്. ദല്‍ഹിയില്‍ നിന്നും ക്ലിക്കിന്റെ സ്ഥാപകനും എഡിറ്റര്‍-ഇന്‍-ചീഫും ആയ പ്രബീര്‍ പുരക്കായസ്തയെയും മാനേജ് അമിത് ചക്രവര്‍ത്തിയെയും അറസ്റ്റുചെയ്തു. അവരെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കുന്ന നിയമപ്രകാരം (യു.പി.എ.) ആണ് അറസ്റ്റു ചെയ്തത്. ഭീകരപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജാമ്യം നല്‍കാതെ ജയിലില്‍ അടയ്ക്കുന്ന ഒരു കര്‍ശനനിയമം ആണ് ഇത്. ദല്‍ഹി, ഗുഡ്ഗാവന്‍, നോയ്ഡ, മുംബൈ, തെലുങ്കാന തുടങ്ങിയ 100 സ്ഥലങ്ങളിലായി റെയ്ഡു നടത്തിയ 450-ലേറെ വരുന്ന പോലീസ് സേന ഓഫീസുകള്‍ സീലു ചെയ്യുകയും ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയ സാമഗ്രികള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 46 മാധ്യമ പ്രവര്‍ത്തകരെയാണ് ചോദ്യം ചെയ്യലിനായി മണിക്കൂറുകളോളം തടഞ്ഞു വച്ചത്. ഇതില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ പരജ്ജോയ് ഗുഹ തര്‍ക്കുത്തയും ഊര്‍മിളേഷും അഭിസര്‍ ശര്‍മ്മയും ഉള്‍പ്പെടുന്നു. ഇവരെ അറസ്റ്റ് ചെയ്തില്ല. പക്ഷേ, ഇവരും കേസിന്റെ ഭാഗം ആണ്. ന്യൂസ് ക്ലിക്ക് ചൈനയുടെ ഫണ്ട് സ്വീകരിച്ചത് ഭീകര പ്രവര്‍ത്തനത്തെ സഹായിക്കുവാനായിട്ടും ഇതിനായി ഇവര്‍ ഒരു ഗൂഢാലോചനയില്‍ എര്‍പ്പിട്ടിരുന്നെന്നും ആരോപണം ഉണ്ട്. ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും ന്യായീകരണവും ഉടനടി ഉണ്ടായി. അത് മാധ്യമ സ്വാതന്ത്ര്യത്തെ തകര്‍ക്കുവാനല്ല ശ്രമിക്കുന്നത് മറിച്ച് പോലീസ് അതിന്റെ ജോലിയാണ് നിര്‍വ്വഹിക്കുന്നെതന്ന് ഇന്‍ഫര്‍മേഷന് ആന്റ് ബ്രോഡ്കാസ്റ്റിംങ്ങ് മന്ത്രി അനുരാഗ് ഠാക്കൂര്‍ സമര്‍ത്ഥിച്ചു. കേന്ദ്രഗവണ്‍മെന്റ് മാധ്യമങ്ങളെ നിശബ്ദമാക്കുവാനാണ് ശ്രമിക്കുന്നതെന്ന് ഇന്‍ഡ്യ സഖ്യവും ആരോപിച്ചു. ഗവണ്‍മെന്റ് അതിനും ഇന്‍ഡ്യന്‍ ജനാധിപത്യത്തിനും ദുഷ്‌പേരുണ്ടാക്കിയെന്ന് എം.പി.യും കോണ്‍ഗ്രസ്പ്രവര്‍ത്തക സമിതി അംഗവും ആയ ശശിതരൂര്‍ പറഞ്ഞു.

ഇന്‍ഡ്യയിലെ എല്ലാ മാധ്യമപ്രവര്‍ത്തക സംഘടനകളും റെയ്ഡിനെയും യു.എ.പി.എ. പ്രകാരമുള്ള അറസ്റ്റിനേയും ശക്തമായ ഭാഷയില്‍ അപലപിച്ചു. അടിയന്തിരാവസ്ഥ കാലത്തെ ആണ് ഇതെല്ലാം ഓര്‍മ്മിപ്പിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ഇവര്‍ കുറ്റക്കാരാണെന്ന് പോലീസിനു ബോദ്ധ്യപ്പെട്ടാല്‍ നിയമാനുസൃതമുള്ള നടപടി അവര്‍ക്കെതിരെ എടുക്കണം. പക്ഷേ, പോലീസ് പൊതുവെ ഭീതിയുടെ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയോ മാധ്യമങ്ങളെ ഭയത്തിന്റെയും സംശയത്തിന്റെയും നിഴലില്‍ നിര്‍ത്തരുതെന്നും സംഘടനകള്‍ പറഞ്ഞു. ഗവണ്‍മെന്റ് അഭിപ്രായ സ്വാതന്ത്ര്യത്തെയും മാധ്യമങ്ങളുടെ ചോദ്യം ചെയ്യലിനെയും അടിച്ചമര്‍ത്തരുത്, മാധ്യമസംഘടനകള്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. ന്യൂസ് ക്ലിക്കിന്റെ ദല്‍ഹികലാപത്തിന്റെയും കര്‍ഷക സമരത്തിന്റെയും കവറേജിനെയാണ് ഗവണ്‍മെന്റ് ഉന്നംവച്ചത്. ന്യൂസ്‌ക്ലിക്കിനുമുമ്പ് ബി.ബി.സി.യും(2002 ഗുജജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയും ന്യൂസ് ലോണ്ടറിയും ദൈനീക് ഭാസ്‌കറും-ഭാരത് സമാചാറും കാശ്മീര്‍ വാലയും ദ പയറും ഗവണ്‍മെന്റിന്റെ ഇരയായിട്ടുണ്ട്. പോലീസ് ന്യൂസ് ക്ലിക്കിലെ മാധ്യമപ്രവര്‍ത്തകരോട് പ്രധാനമായും ചോദിച്ചത്. പൗരത്വഭേദഗതി നിയമത്തെക്കുറിച്ചും 2019-20 ലെ ദല്‍ഹി കലാപത്തെക്കുറിച്ചും കര്‍ഷകസമരത്തെക്കുറിച്ചും ആണ്. ഓഗസ്റ്റ് അഞ്ചാം തീയതിയിലെ ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന ലേഖനത്തില്‍ വന്ന ഒരു ചെറു പരാമര്‍ശത്തിലാണ് ന്യൂസ് ക്ലിക്ക് നിയമത്തിന്റെ പിടിയിലായത്. ഇതില്‍ ന്യൂസ് ക്ലിക്കും ചെനയുടെ ഫണ്ടുകള്‍ സ്വീകരിക്കുന്നവരില്‍ ഉള്‍പ്പെട്ടിരിക്കാമെന്ന് ന്യൂയോര്‍ക്ക് ടൈംസ് ആര്‍ട്ടിക്കിള്‍ പറഞ്ഞു. 'എ ഗ്ലോബല്‍ വെബ് ഓഫ് ചൈനീസ് പ്രൊപഗാന്റാ ലീഡ്‌സ് റ്റു എ ടെക്ക് മൊഗള്‍' എന്നതായിരുന്നു ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന ആര്‍ട്ടിക്കിളിന്റെ പേര്. ഇതിലെ പരാമര്‍ശ പ്രകാരം നെവില്‍ റോയ് സിങ്കം എന്ന ശതകോടീശ്വരന്‍ ആണ് ഈ ഫണ്ടിങ്ങ് ശൃംഖല നടത്തിയത്. ഇദ്ദേഹം ചൈനീസ് ഗവണ്‍മെന്റുമായി വളരെ അടുത്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്. ന്യൂസ് ക്ലിക്ക് പറയുന്നത് അത് ചൈനയുടെ ഒരു പെന്നിപോലും സ്വീകരിച്ചിട്ടില്ല. ദല്‍ഹി പോലീസിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും വസ്തുതകള്‍ക്ക് നിരക്കാത്തതും നിയമവിരുദ്ധവും ആണെന്നും ന്യൂസ് ക്ലിക്ക് പറയുന്നു. സിങ്കം എന്ന ശതകോടീശ്വരന്റെ ഒരു കമ്പനി നടത്തുന്ന ജാസന്‍ ഫെച്ചര്‍ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് പറഞ്ഞു. ചൈനീസ് ഫണ്ടിംങ്ങ് തിയറിയെയും ഇവര്‍ നിരാകരിച്ചു. ജാസന്‍ ഫെച്ചറുടെ വേള്‍ഡ് വൈസ് മീഡിയ ഹോര്‍ഡിങ്ങ്‌സ് വിറ്റുകിട്ടിയ 785 മില്ല്യണ്‍ ഡോളറിന്റെ ഒരു ഭാഗം ആണ് ന്യൂസ് ക്ലിക്കിനു നല്‍കിയത്. ഈ കമ്പനിയുടെ ഉടമസ്തത സിംങ്കത്തിനാണ്. ഫണ്ട് നല്‍കുവാന്‍ കാരണം ന്യൂസ് ക്ലിക്കിന്റെ ഉദ്ദേശവും അതിന്റെ ശുദ്ധിയും മനസിലാക്കിയിട്ടാണെന്നും ഇവര്‍ പറയുന്നു. ന്യൂസ്‌ക്ലിക്ക് സംഭവം ഇന്‍ഡ്യയിലെ മാധ്യമ സ്വാതന്ത്ര്യത്തിനേറ്റ കനത്ത പ്രഹരം ആണ്. ഇന്‍ഡ്യ മാധ്യമസ്വാതന്ത്ര്യരംഗത്ത് ആഗോളതലത്തില്‍ 180 രാജ്യങ്ങളില്‍ 161ലാണ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ 44 മാധ്യമപ്രവര്‍ത്തകരും സ്ഥാപനങ്ങളും അന്വേഷണ ഏജന്‍സികളുടെയും നികുതി ഡിപ്പാര്‍ട്ടുമെന്റിന്റെയും കര്‍ശന നിരീക്ഷണത്തിനിരയായി. പോലീസ് നടപടി ന്യൂസ് ക്ലിക്കിനെതിരായിട്ടുള്ളത് ഇവിടെ തീര്‍ന്നിട്ടില്ല. ഒക്ടോബര്‍ പതിനൊന്നിനാണ് സി.ബി.ഐ. വിദേശഫണ്ട് സ്വീകരിച്ചതിന്റെ പേരില്‍ കേസെടുത്തത്. എന്താണ് ഈ മാധ്യമ വേട്ടയുടെ അര്‍ത്ഥം? ഒപ്പം നില്‍ക്കാത്തും ഗവണ്‍മെന്റിന്റെ നയങ്ങളെയും നടപടികളെയും ചോദ്യം ചെയ്യുന്നവരെയും നിശബ്ദരാക്കുക എന്നതാണോ? സ്വതന്ത്രമാധ്യമപ്രവര്‍ത്തനം ജനാധിപത്യത്തിന്റെ സുഗമമായ നടത്തിപ്പിന് അനിവാര്യമാണ് എന്നൊക്കെ അന്താരാഷ്ട്ര വേദികളില്‍ ഗവണ്‍മെന്റ് പ്രസംഗിക്കുമ്പോഴും ഇവിടത്തെ യഥാര്‍ത്ഥത്തിലുള്ള അവസ്ഥ ഇതൊക്കെയാണെന്നും മനസിലാക്കുക. മാധ്യമസ്വാതന്ത്ര്യം പൗരസ്വാതന്ത്ര്യം ആണ്. ജനാധിപത്യത്തിന്റെ നാഡീസ്പന്ദനം ആണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക