Image

രൂപവും സ്വരൂപവും(കവിത: തൊടുപുഴ കെ ശങ്കര്‍ മുംബൈ)

തൊടുപുഴ കെ ശങ്കര്‍ മുംബൈ Published on 02 September, 2023
രൂപവും സ്വരൂപവും(കവിത: തൊടുപുഴ കെ ശങ്കര്‍ മുംബൈ)

''രൂപവും സ്വരൂപവും'', ഈ രണ്ടും പരസ്പരം 
ഉപമിക്കുവാനാവാ വൈരുദ്ധ്യ ഘടകങ്ങള്‍!
ദൃഷ്ടി ഗോചരം രൂപമെങ്കിലും,   സ്വരൂപമോ
ദൃശ്യമല്ലന്തര്യാമിയായ് സദാ വര്‍ത്തിക്കുന്നു!

കാഴ്ചയിലനുകൂല ഭാവമായ തോന്നാം പക്ഷെ, 
വീഴ്ച പറ്റിടും നമുക്കടുത്തറിയുന്നേരം!
ബാഹ്യസൗന്ദര്യത്തിനു കളങ്കം ചാര്‍ത്തും പോലെ 
ഗുഹ്യമാം സ്വരൂപം നാം കാണുവാനിടയാകും!

എത്ര നാം അഭിനയിച്ചൊളിച്ചു വച്ചെന്നാലും 
മാത്രയിലൊരു ദിനം സ്വരൂപം വെളിപ്പെടും!
മാമ്പഴം മധുരിതം, മാംസളം, രുചികരം 
അമ്പരപ്പിക്കും പുളി, അണ്ടിയോടടുക്കുമ്പോള്‍!

ഒരു നാണയത്തിന്റെ ഇരു പാര്‍ശ്വങ്ങളിലും 
ഒരുപോലാവില്ലല്ലോ ചിത്രങ്ങള്‍ വ്യത്യസ്തം താന്‍!
അതുപോലല്ലോ ഒരു വ്യക്തി തന്‍ കാര്യത്തിലും 
ഒരുപോലാവില്ലതിന്‍ പൊരുത്തം അസാദ്ധ്യവും!

ബഹിര്‍മുഖം രൂപമാ, ണെന്നാകില്‍  സ്വരൂപമോ 
ബൃഹത്താമന്തര്‍മുഖം സത്യത്തിന്‍ പ്രതിബിംബം!
കടലും കായലും പോല്‍ വേറിട്ടു നില്‍ക്കും സദാ, 
കടന്നു പോകില്ലതു വരച്ച വര താണ്ടി!

ചേരുകില്ലൊരിക്കലും ചേര്‍ക്കാനുമാവില്ലാര്‍ക്കും 
ചേരുവാന്‍ കഴിയാത്ത ഗൂഢമാം രസതന്ത്രം!
രൂപവും സ്വരൂപവും ആയുസ്സു കാലം വരെ 
ഇരവും പകലും പോല്‍  ഭിന്നമായ് നിലകൊള്ളും!
                                ----------------

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക