Image

ദേശത്തിന്റെയും ഭാഷയുടെയും ഗന്ധം അറിയുന്നവർക്ക് വഴി തെറ്റില്ല; മാവേലിക്കും (ശ്രീകുമാർ ഉണ്ണിത്താൻ)

Published on 27 August, 2023
ദേശത്തിന്റെയും ഭാഷയുടെയും ഗന്ധം അറിയുന്നവർക്ക് വഴി തെറ്റില്ല; മാവേലിക്കും (ശ്രീകുമാർ ഉണ്ണിത്താൻ)

ഓണക്കാലത്ത് എല്ലാവരും എഴുതുന്നത് ഓണത്തെക്കുറിച്ചാണ്. കാരണം    ഓരോരുത്തർക്കുമുണ്ടാകും ഓണത്തെക്കുറിച്ച്  ഒരായിരം ഓർമ്മകൾ. പ്രത്യേകിച്ചും  ബാല്യകാലസ്മരണകളിൽ നമുക്ക് ഏവർക്കുമുണ്ട്  ഏറെ മിഴിവുറ്റ ഓണക്കാലം.  മലയാളികളുടെ മനസിൽ ഗൃഹാതുരത്വം ഉണർത്തുന്ന ഓണം പോലെ ഒരു ഉത്സവം  ലോകത്തു വേറെ എവിടെയും ഉണ്ടെന്ന്    തോന്നുന്നില്ല. .കേരളത്തിൽ ആയാലും  പ്രവാസലോകത്ത്‌ ആയാലും ഓണത്തെ വരവേൽക്കാൻ മലയാളിമനസ്സ് എന്നും വെമ്പൽ കൊള്ളും.

അടർന്നുവീണ ഇന്നലകളുടെ, പൊലിഞ്ഞു പോയ ഓർമ്മകളായി  വീണ്ടും ഒരു ഓണം കുടി വരവായി. മണ്ണിലലിഞ്ഞ ഓർമ്മകൾക്ക് നഷ്‌ടസുഗന്ധം. ചിന്തകളിൽ ഓണം   ഒരു കൊടുകാറ്റായി വരുമെങ്കിലും ഓർമ്മകളിൽ  അത് കണ്ണുനീർ പുഷ്പങ്ങളായി വിരിയും.   എന്നും മനസ്സിൽ താലോലിക്കുവാനായി എന്റെ പ്രണയത്താൽ ജീവിതം എഴുതിച്ചേർത്ത ചില നല്ല ഓർമ്മകളാൽ ഓരോ  ഓണവും  എനിക്കും പ്രിയപ്പെട്ടതാണ്. അത് എന്നിൽ ഓർമ്മകളുടെ  ഒരു പൂക്കാലം തന്നെ തീർക്കുന്നു . ഓരോരുത്തർക്കുമുണ്ടാകും ഓണത്തെക്കുറിച്ച്  ഇതുപോലെ ഒരായിരം   കഥകൾ.  ഓണം എന്നാൽ ഒരു ഓർമ്മ പുതുക്കൽ കൂടി.

മാവേലി നാടും വാണീടും കാലം മാലോകരെല്ലാും ഒന്നു പോലെ എന്ന് ഊഞ്ഞാലില്‍ ഇരുന്ന് പാടിയിരുന്ന ഒരു കാലം ഓർമ്മവരുന്നു . അതൊരു സങ്കൽപ്പ കഥ ആയിരിക്കാം .  എല്ലാ മനുഷ്യരും തുല്യരായിരുന്നു   എന്ന  സങ്കല്പം . ഒരുകാലത്തും  ഒരു ദേശത്തും നടന്നിട്ടില്ലാത്ത,  എങ്കിലും  നടക്കുവാൻ ആഗ്രഹിക്കുന്ന ഒരുകാര്യം .  അതാണ് മാലയാളിയുടെ  അന്നും ഇന്നുമുള്ള വികാരം.

ഒരുപാട് ഓർമകൾ മാത്രം ബാക്കിയാക്കി ജീവിതത്തിൽ തനിയെ മുന്നേറുബോൾ, ഓരോ ആഘോഷവും  നിത്യദുഃഖങ്ങളൊക്കെയും മറന്ന് തെളിഞ്ഞുചിരിക്കുവാൻ  ഒരു വേദിയാവുന്നു . ചിതറിവീണ ചില്ലുകൾ അടുക്കിപ്പെറുക്കി വീണ്ടും കുട്ടിയോജിപ്പിക്കാനുള്ള  തത്രപ്പാടിനിടയിൽ എന്റെ ആഘോഷ സങ്കൽപങ്ങൾക്ക് മാറ്റം  വന്നിരിക്കുന്നു .  എന്ത് ഓണം, എന്തു വിഷു, എന്തു ദീപാവലി ? (നാട്ടിൽ പറയാറുള്ളത് പോലെ കാട്ടുകോഴിക്ക് എന്ത് ഓണം, എന്ത് വിഷു?)  ഇങ്ങനെയൊക്കെ ചിന്തിക്കുമ്പോഴും മക്കൾ കൂടെയുണ്ടല്ലോ. അവർക്ക് ഇതെല്ലാം വേണമല്ലോ. അങ്ങനെ ആർക്കെക്കെയോ  വേണ്ടി ഞാൻ ഓരോ ഉത്സവങ്ങളും ഒരുങ്ങുന്നു.

എന്റെ വീട്ടിലും  എന്നും സുഖവും സംതൃപ്തിയും കളിയാടിയിരുന്ന ഒരു കാലമുണ്ടായിരുന്നു . മാവേലി നാടുവാണിരുന്ന ഒരു കാലം എന്നത്  എന്റെ പഴയ ജീവിതമായിരുന്നോ എന്ന് പലപ്പോഴും ഞാൻ ചിന്തിച്ചു പോകാറുണ്ട് .  മക്കൾക്കു വേണ്ടി മാത്രം ജീവിച്ചിരുന്ന ഒരു  അമ്മ. അമ്മയെ നന്നായി മനസ്സിലാക്കുന്ന മക്കൾ. അങ്ങനെ എല്ലാ ആഘോഷങ്ങളും  ആർഭാടങ്ങളും ബഹളങ്ങളും ഇല്ലാതെ വളരെ ലളിതമായി  ഉത്സവങ്ങളായി  കൊണ്ടാടുക എന്നതായിരുന്നു എന്റെ വീട്ടിലെ  രീതി. അങ്ങനെ എല്ലാ ഉത്സവങ്ങളും ഞങ്ങൾക്ക് പ്രിയപെട്ടതിയിരുന്നു. എല്ലാ ആഘോഷങ്ങളും ഞങ്ങൾ ഒരു ഉത്സവമാക്കിയിരുന്നു.

മൂടല്‍മഞ്ഞിലെന്നപൊലെ അവ്യക്തമായി തെളിയുന്ന ഓർമ്മകൾ  പൂക്കാലവുമായി എന്നരികിലെത്തുബോള്‍ ചിറകടിച്ചുയരുന്ന മോഹങ്ങള്‍ക്ക്‌ തൂവല്‍ സ്പര്‍ശമേകി ഓർമ്മകൾ  എന്റെ ഹൃദയത്തില്‍ ഇന്നും കൂടുകള്‍ കൂട്ടുന്നു.  പുലരിയുടെ നേര്‍ത്തവെളിച്ചത്തില്‍ മഞ്ഞുതുള്ളികള്‍ തിളങ്ങുബോള്‍ കുസൃതിയോടെ  പുഞ്ചിരിക്കുന്ന  നിന്റെ മുഖം ഞാനതില്‍ കാണാറുണ്ട് .അകലങ്ങളുടെ വിത്യാസത്തിലും എന്നിൽ  നിന്നുയരുന്ന നിന്റെ നിശ്വാസത്തില്‍ എത്ര എത്ര ഓണങ്ങളുടെ ഓർമ്മകൾ എന്നിലേക്ക്‌ ഓടി എത്തുന്നു.

ഈ ധന്യവേളയിൽ നമുക്ക് നമ്മുടെ കഷ്ടപ്പാടുകളും വിഷമങ്ങളും മാറ്റിവെച്ചു, ഇല്ലായ്മകളും വല്ലായ്മകൾക്കും വിട നൽകി പരാതികൾക്കും പരിഭ്രമങ്ങൾക്കും അവധി കൊടുത്തു, നന്മയുടെ ഈ ഉത്സവം ഒരേ  മനസോടെ, സന്തോഷത്തോടെ ആഘോഷിച്ചീടാം.

ഓണം എന്നത് ഒരു  ദേശത്തിന്റെ  കഥയാണ്; അവിടെ ജീവിച്ചിരുന്ന മനുഷ്യരുടെ കഥയാണ്. ഗതകാലത്തിന്‍റെ ചരിത്രത്തിലേക്കൂം സാമൂഹിക ജീവിതത്തിലേക്കും രാഷ്ട്രീയത്തിലേക്കും വെളിച്ചം പായിക്കുന്ന കഥയാണ്. ഒരു ഭരണാധികാരി എങ്ങനെ ആയിരിക്കണം  എന്ന് നുറ്റാണ്ടുകൾക്കു മുൻപേ രചിച്ച ഒരു കഥയാണ് .

സൂര്യനെയും കാറ്റിനെയും വിശ്വസിച്ച ദേശാടനപ്പക്ഷികൾക്ക് ഒരിക്കലെങ്കിലും വഴിതെറ്റി കാണും . അനുഭവ സമ്പത്തും വടക്കുനോക്കിയന്ത്രവും നക്ഷത്രഭൂപടവും  ഉണ്ടായിരുന്നിട്ടും കൊളംബസ് ഇന്ത്യയ്ക്കു പകരം വഴി തെറ്റി അമേരിക്കയിലെത്തി. ഗൂഗിൾ മാപ്പിനെ വിശ്വസിച്ചു യാത്ര ചെയ്ത നമുക്ക്  എത്രയോ  തവണ വഴിതെറ്റി മറ്റു പല സ്ഥലങ്ങളിലുംഎത്തപ്പെട്ടിട്ടുണ്ട് .  എന്നാൽ, മാവേലിക്കു മാത്രം ഒരിക്കൽപോലും പാതാളത്തിൽനിന്നു കേരളത്തിലേക്കുള്ള വഴിതെറ്റിയിട്ടില്ല.  ദേശത്തിന്റെയും ഭാഷയുടെയും മണം അറിയാവുന്നവർക്ക് വഴി പിഴയ്ക്കില്ല എന്നതാണ് സത്യം .  അതാണ് മാവേലി കഥകൾ  നമുക്ക് നൽകുന്ന പാഠം .

സ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശങ്ങള്‍ ആഴത്തില്‍ നല്‍കിയ ആഘോഷങ്ങളില്‍ ഓണം കഴിഞ്ഞേ മറ്റൊരാഘോഷവും എണ്ണപ്പെടുന്നുള്ളൂ. അതുകൊണ്ട് തന്നെ  ഓണം ആഘോഷിക്കുന്ന  ഏവർക്കും എന്റെ ഓണാശംസകൾ.

Read more: https://emalayalee.com/writer/187

Join WhatsApp News
Anil 2023-08-27 13:40:55
ആർട്ടിക്കിൾ വളരെ നന്നായിട്ടുണ്ട് ,വായിക്കാൻ വേറിട്ട് ഒരുഅനുഭവം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക