Image

കുറ്റവും ശിക്ഷയും മുക്തിയും(ദല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 08 August, 2023
കുറ്റവും ശിക്ഷയും മുക്തിയും(ദല്‍ഹികത്ത് : പി.വി.തോമസ്)

രാഹുല്‍ഗാന്ധിയുടെ കുറ്റവും ശിക്ഷയും അയോഗ്യതയും മുക്തിയും വീണ്ടും എം.പി. സ്ഥാനത്തേയ്ക്കുള്ള തിരിച്ചു വരവും ഇതിനൊക്കെ  ആധാരമായ നിയമവും പ്രസംഗവും തീര്‍ച്ചയായും തലനാരിഴ കീറി പരിശോധിക്കപ്പെടും. ഓഗസ്ത് നാലാം തീയതിയാണ് സുപ്രീം കോടതി സൂററ്റ് (ഗുജറാത്ത്) കോടതിയുടെ വിധി സ്‌റ്റേ ചെയ്തു കൊണ്ടുള്ള വിധി പുറപ്പെടുവിച്ചത്. ഇതോടെ രാഹുലിന് പാര്‍ലിമെന്റ് അംഗത്വത്തില്‍ നിന്നും അയോഗ്യത കല്‍പിച്ചു കൊണ്ടുള്ള വിലക്ക് നീങ്ങി. അദ്ദേഹത്തിന് 2024-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാനും അയോഗ്യത ഇല്ല ഇനി. 2023 മാര്‍ച്ച് 23-ന് ആണ് സൂററ്റിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ കോടതി രാഹുലിന്റെ പ്രസംഗത്തിലെ മോദി എന്ന കുലനാമത്തെ പരാമര്‍ശിച്ചുകൊണ്ടുള്ള വിവാദത്തില്‍ ക്രിമിനല്‍ അപകീര്‍ത്തി നിയമപ്രകാരം രണ്ടുവര്‍ഷത്തേക്ക് കഠിനതടവിന് ശിക്ഷിച്ചത്. 2019-ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകയിലെ കോളാറില്‍ വച്ച് ഏപ്രില്‍ 13നാണ് രാഹുല്‍ വിവാദമായ പ്രസ്താവന നടത്തിയത്. അതിശയിച്ചുപോകും എന്തുകൊണ്ടാണ് എല്ലാ കള്ളന്മാരുടെയും പേരുകള്‍ മോദി, മോദി, മോദി എന്നായിരിക്കുന്നത്. നീരവ് മോദി, ലളിത് മോദി, നരേന്ദ്രമോദി'. ഇതിനെതിരെയാണ് പൂര്‍ണ്ണേഷ് മോദി എന്ന ഗുജറാത്തിലെ ഒരു എം.എല്‍.എ. ക്രിമിനല്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. വിചാരണകോടതി രാഹുലിനെ രണ്ടു വര്‍ഷത്തേയ്ക്ക് ശിക്ഷിക്കുകയും ചെയ്തു. രാഹുലിന് എം.പി.സ്ഥാനം നഷ്ടമാവുക മാത്രമല്ല അടുത്ത എട്ടു വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാനും സാദ്ധ്യമല്ലെന്നായി. സൂററ്റ് വിചാരണ കോടതിയുടെ ശിക്ഷ സ്‌റ്റേ ചെയ്തുകൊണ്ടു സുപ്രീം കോടതി പറഞ്ഞ രണ്ടു പ്രധാനകാര്യങ്ങള്‍ ഒന്ന് എന്തുകൊണ്ടാണ് രാഹുലിന് പരമാവധി ശിക്ഷ നല്‍കുന്നതെന്ന് കീഴ്‌ക്കോടതി വെളിപ്പെടുത്തിയിട്ടില്ല, രണ്ട് വിധി രാഹുലിനെ തെരഞ്ഞെടുത്തയച്ച സമ്മതിദായകരുടെ അവകാശത്തെ ഹനിക്കുന്ന ഒന്നാണത്. സുപ്രീം കോടതി മറ്റൊരു പ്രധാന നിരീക്ഷണവും രാഹുലിനെ സംബന്ധിച്ചു നടത്തി. അദ്ദേഹത്തിന്റെ ആരോപണങ്ങള്‍ രീതിയിലുള്ളതല്ല. പൊതുപ്രവര്‍ത്തകര്‍ പ്രസംഗങ്ങള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണം. രാഹുല്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. സുപ്രീം കോടതി മുമ്പാകെയും രാഹുല്‍ അദ്ദേഹത്തിന്റെ മുന്‍ നിലപാട് ആവര്‍ത്തിച്ചു. അദ്ദേഹം ഈ പ്രസ്താവനയുടെ പേരില്‍ മാപ്പ് പറയുകയില്ല. ഇതിനു മുമ്പ് ഒരു പ്രസ് കോണ്‍ഫ്രന്‍സിലും ചോദ്യത്തിനും മറുപടിയായി പറഞ്ഞു, മാപ്പു പറയുകയില്ല. മാപ്പു പറയുവാന്‍ ഞാന്‍ സവര്‍ക്കര്‍ അല്ല. സെല്ലുലാര്‍ ജയിലില്‍ നിന്നു മോചിപ്പിക്കപ്പെടുവാന്‍ ബ്രിട്ടീഷുകാരോട് പലവട്ടം മാപ്പു പറഞ്ഞ സവര്‍ക്കറെ ഉദ്ദേശിച്ചാണ് രാഹുല്‍ പറഞ്ഞത്. ഇതിന്റെ പേരില്‍ സവര്‍ക്കറുടെ ബന്ധുക്കള്‍ ആരോ രാഹുലിനെതിരെ അപകീര്‍ത്തികേസ് കൊടുത്തിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 8(3) അനുസരിച്ചാണ് രാഹുലിനെ അയോഗ്യനാക്കിയത്. രണ്ടു വര്‍ഷമോ അതിലേറെ കാലമോ ശിക്ഷിക്ക്പപെട്ടാല്‍ ജനപ്രതിനിധികള്‍ക്ക് അയോഗ്യത കല്പിക്കും. ശിക്ഷക്കുശേഷം പുറത്തിറങ്ങിയാല്‍ പിന്നെയും ആറ് വര്‍ഷത്തേക്കു തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ സാധിക്കുകയില്ല. അയോഗ്യത വിധി പുറപ്പെടുവിച്ചാല്‍ ഉടന്‍ തന്നെ പ്രാബല്ല്യത്തില്‍ വരും. നേരത്തെ ഇതില്‍ വ്യത്യാസം ഉണ്ടായിരുന്നു. ശിക്ഷിക്കപ്പെട്ടയാള്‍ മേല്‍ക്കോടതിയില്‍ അപ്പീലിനു പോയാല്‍ വിധി വരുന്നതുവരെ അയോഗ്യത നിലവില്‍ വരുകയില്ല. ഇതിന്റെ മറവില്‍ ഒട്ടേറെ ജനപ്രതിനിധികള്‍ ശിക്ഷിക്കപ്പെട്ടു കഴിഞ്ഞാലും പദവിയില്‍ തുടര്‍ന്നിരുന്നു. ഇന്‍ഡ്യന്‍ കോടതികളില്‍ അപ്പീലുകള്‍ അന്തിമതീരുമാനം ആകുവാന്‍ വര്‍ഷങ്ങളോളം എടുക്കും. ജനപ്രാതിനിധ്യനിയമം 8(3)യിലെ ഈ പഴുത് പരിഹരിച്ച് ശിക്ഷവിധിക്കപ്പെട്ടാല്‍ ഉടനടി അയോഗ്യത കല്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലില്ലിതോമസ് എന്ന ഒരു ആക്ടിവിസ്റ്റ് സുപ്രീം കോടതിയെ സമീപിച്ചതും അനുകൂലമായ വിധി ലഭിച്ചതും മന്‍മോഹന്‍സിംങ്ങിന്റെ ഭരണകാലത്താണ്. ഇതിനെ മറികടക്കുവാനായി യു.പി.എ. ഗവണ്‍മെന്റ് ഒരു ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. ഈ ഓര്‍ഡിനന്‍സ് അനുസരിച്ച് ശിക്ഷിക്കപ്പെട്ട ജനപ്രതിനിധി അപ്പീല്‍ നല്‍കിയാല്‍ അയോഗ്യത അവസാന വിധി വരെ ഇല്ല. ഈ ഓര്‍ഡിനന്‍സിനെതിരെയാണ് രാലുല്‍ഗാന്ധി പരസ്യമായി പ്രക്ഷോഭിച്ചതും എന്ത് അസംബന്ധം ആണ് ഇത് എന്നു ചോദിച്ചു കൊണ്ടു അതിന്റെ കോപ്പി കീറികളഞ്ഞതും. കോണ്‍ഗ്രസ് എം.പി.യായ റഷീദ് അല്‍വിയും ആര്‍.ജെ.ഡി.യുടെ എം.പി. ലാലുപ്രസാദ് യാദവും ഇതുപ്രകാരം അയോഗ്യതയുടെ വക്കത്തായിരുന്നു. അപ്പോഴാണ് ഓര്‍ഡിനന്‍സിന്റെ പുറപ്പാടും രാഹുല്‍ അത് വലിച്ചുകീറി എറിഞ്ഞതും പ്രസ് ക്ലബ് ഇന്‍ഡ്യയില്‍ നടന്ന ഒരു പത്രസമ്മേളനത്തില്‍ വച്ച്. ഇന്നിപ്പോള്‍ രാഹുല്‍ അദ്ദേഹത്തിന്റെ തന്നെ കര്‍മ്മത്തിന് ഇരയായി. സുപ്രീം കോടതിയുടെ വിധി വന്നപ്പോള്‍ രാഹുല്‍ പറഞ്ഞത് സത്യം വിജയിക്കുമെന്നാണ്. എന്തുതന്നെ ആയാലും അദ്ദേഹത്തിന് സ്വന്തം പാത നിശ്ചയമുണ്ടെന്നും അതിലെ മുമ്പോട്ടു പോകുമെന്നും പറഞ്ഞു. 134 ദിവസത്തെ അയോഗ്യതയ്ക്കു ശേഷം ആണ് ഓഗസ്ത് ഏഴിന് ലോക്‌സഭ സെക്രട്ടറിയേറ്റ് രാഹുലിന്റെ വിലക്ക് നീക്കിയത്. ക്രിമിനല്‍ അപകീര്‍ത്തി കേസില്‍ ആദ്യമായിട്ടാണ് ഒരു പ്രതിക്ക്(ജനപ്രതിനിധിക്ക്) രണ്ടു വര്‍ഷത്തെ ശിക്ഷ വിധിക്കുന്നതെന്ന് രാഹുലിന്റെ അഭിഭാഷകന്‍ മനു അഭിഷേക് സിംങ്ങ് വി വാദിക്കുകയുണ്ടായി. രണ്ടു വര്‍ഷത്തെ തടവ് ആണ് അയോഗ്യതക്കുള്ള ചുരുങ്ങിയ കാലാവധി. ശിക്ഷ ഒരു ദിവസം കുറഞ്ഞിരുന്നെങ്കില്‍ പോലും അയോഗ്യത ഉണ്ടാകുമായിരുന്നില്ല. രാഹുല്‍ തല്‍ക്കാലത്തേക്ക് രക്ഷപ്പെട്ടുവെന്ന് ബി.ജെ.പി.യും പ്രതികരിച്ചു. രാഹുലിനെ ലോകസഭ സെക്രട്ടറിയേറ്റ് സൂററ്റ് കോടതിയുടെ വിധി വന്നതിന്റെ പിറ്റെ ദിവസം (മാര്‍ച്ച് 24)അയോഗ്യനായി പ്രഖ്യാപിച്ചെങ്കിലും ഇലക്ഷന്‍ കമ്മീഷന്‍ വയനാട്ടില്‍(കേരളം) ഒരു ഉപതെരഞ്ഞെടുപ്പ് നിശ്ചയിച്ചിരുന്നില്ല. ഇതിനുകാരണം ലക്ഷദ്വീപ് എം.പി. മൊഹമ്മദ് ഫൈസലിന്റെ(എന്‍.സി.പി.)കഥയാണ്. ഫൈസലിനെ ഒരു വധോദ്യമ കേസില്‍ 10 വര്‍ഷത്തേക്കാണ് ശിക്ഷിച്ചത്. അയോഗ്യത ഉടനടി വന്നു. കമ്മീഷന്‍ യഥാസമയം ഉപതെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു. എന്നാല്‍ കേരള ഹൈക്കോടതി ഫെസലിന്റെ ശിക്ഷ റദ്ദാക്കി. കമ്മീഷന്റെ ഉപതെരഞ്ഞെടുപ്പ് വെള്ളത്തിലും ആയി, അത് പിന്‍വലിക്കുകയും ചെയ്തു. രാഹുലിന്റെ കാര്യത്തില്‍ കമ്മീഷന്‍ വളരെ സീക്ഷിച്ച് ആണ് അതിനാല്‍ നീങ്ങിയത്. ക്രിമിനല്‍ അപകീര്‍ത്തികേസ് ഒരു കോളോണിയല്‍ നിയമം ആണ്. 1860 ല്‍ തോമസ് മാക്കുലെ ആണ്. ഈ സെക്ഷന്‍ 499, 500 ഇന്‍ഡ്യന്‍ ശിക്ഷാനിയമത്തില്‍ ഉള്‍പ്പെടുത്തിയത്. ബ്രിട്ടീഷ് രാജിന് അനുയോഗ്യമായി ഇന്‍ഡ്യന്‍ പ്രജകളെ അടക്കിനിര്‍ത്തുവാനാണ് ഇത്, ദേശദ്രോഹനിയമം പോലെ, നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന്റെ ദുരുപയോഗം വ്യാപകമാണ്, അന്നും ഇന്നും. ഇത് ഡീക്രിമിനലൈസ് ചെയ്യാന്‍ ശക്തമായ ആവശ്യം ഉണ്ട്. ക്രിമിനല്‍ അപകീര്‍ത്തി നിയമത്തെ സായുധീകരിക്കുമ്പോഴാണ് പിശക്. രാഷ്ട്രീയ വേദിയില്‍ നിന്നും മറ്റും ഫലിതവും ആക്ഷേപഹാസ്യവും മാറ്റും തുടച്ചുനീക്കുന്നത് ശരിയല്ല. രാഷ്ട്രീയ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ ഭാഗം ആണ് അത്. അതിനാല്‍ തന്നെ ജനാധിപത്യ അവകാശത്തിന്റെയും. രാഷ്ട്രീയ നേതാക്കന്മാര്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതും ചിലപ്പോള്‍ സഭ്യതയുടെ പരിധിവിട്ട് എതിരാളികളെ ആക്രമിക്കുന്നതും ഇന്‍ഡ്യയില്‍ സാധാരണമാണ്. ഇതിനെല്ലാം ജയില്‍ ശിക്ഷയാണ് പരിഹാരമെങ്കില്‍ അത് പൗരസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതാണ്. എതിരാളികളെ വിമര്‍ശിക്കുന്നതും ചോദ്യം ചെയ്യുന്നതും അധിക്ഷേപിക്കുന്നതും ഇന്‍ഡ്യയില്‍ വിരളമല്ല. എന്നാല്‍ 2016-ല്‍ ക്രിമിനല്‍ അപകീര്‍ത്തി നിയമത്തിന്റെ സാധുത ശരിവച്ചുകൊണ്ട് സുപ്രീം കോടതി പറഞ്ഞത് സ്വന്തം യശസ് സംരക്ഷിക്കുകയെന്നത് ഒരാളുടെ മൗലീകാവകാശം ആണ്, ജീവനുള്ള അവകാശം പോലെ തന്നെ. അതുകൊണ്ട് സുപ്രീം കോടതി ഈ നിയമം നിയമപുസ്തകത്തില്‍ നിന്നും എടുത്തുകളഞ്ഞില്ല. എന്നാല്‍ ഇന്നും അതിനുള്ള ആവസ്യം നാനാഭാഗത്തുനിന്നും ഉയരുന്നുണ്ട്. ഒരു ക്രിമിനല്‍ അപകീര്‍ത്തി കേസ്ഫയല്‍ ചെയ്യുവാനും അത് രാഷ്ട്രീയമായി ദുരുപയോഗിക്കുവാനും എളുപ്പം ആണ്. കോളാറില്‍ നടത്തിയ പരാമര്‍ശത്തിന് ശിക്ഷ വര്‍ഷങ്ങള്‍ക്കുശേഷം സൂററ്റില്‍ ആണ്. ആര്‍ക്കാണ് ഒരു ക്രിമിനല്‍ അപകീര്‍ത്തികേസ് ഫയല്‍ ചെയ്യുവാന്‍ നിയമപരമായ അര്‍ഹത ഉള്ളത്? എന്താണ് ക്രിമിനല്‍ അപകീര്‍ത്തി കേസിന്റെ നിയമപരമായ സാധുത? രാഹുല്‍ഗാന്ധിക്കു നല്‍കിയ ശിക്ഷ ഈ കേസില്‍ അദ്ദേഹം അര്‍ഹിക്കുന്നുണ്ടോ? ഇന്‍ഡ്യ എന്തുകൊണ്ട് ക്രിമിനല്‍ അപകീര്‍ത്തി നിയമം ഡീക്രിമിനലൈസ് ചെയ്യുന്നില്ല. ശിക്ഷ ഇവിടെ കൊണ്ടു വന്ന ബ്രിട്ടന്‍ അതുചെയ്തു കഴിഞ്ഞു. അമേരിക്കയും ശ്രീലങ്കയും ഇതുതന്നെ ചെയ്തു. ഈ നിയമത്തിന്  അഭിപ്രായസ്വാതന്ത്ര്യത്തെ ഹനിക്കുവാനും ഭീഷണിപ്പെടുത്തുവാനും സാധിക്കും. രാഹുല്‍ ആരോപിച്ച മോദി നാമം ഒരു വിഭാഗത്തെമാത്രം അല്ല ഉള്‍ക്കൊള്ളുന്നത്. മോദി എന്നത് ദളിത് വിഭാഗം മാത്രം അല്ല. ഹിന്ദു, മുസ്ലീം, പാഴ്‌സി മതവിഭാത്തില്‍ മോദി ഉണ്ട്. ഇന്‍ഡ്യയില്‍ മോദി ഗുജറാത്തിലും രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും ബീഹാറിലും ഉണ്ട്. 13 കോടി ആണ് മോദി ജനസംഖ്യ ഇന്‍ഡ്യയില്‍. ക്രിമിനല്‍ അപകീര്‍ത്തി നിയമം കാലഹരണപ്പെട്ട ഒരു കൊളോണിയല്‍ അവശിഷ്ടം ആണ്. അത് നിയമപുസ്തകത്തില്‍ നിന്നും തുടച്ചുമാറ്റണം. രാഹുല്‍ഗാന്ധിയുടെ ശിക്ഷ വളരെ അതിരുകടന്നതും. അദ്ദേഹത്തിന്റെ വിചാരണ ഇനി കീഴ്‌ക്കോടതിയില്‍ തുടങ്ങുവാന്‍ ഇരിക്കുന്നതേയുള്ളൂ. അത് വീണ്ടും സുപ്രീംകോടതി വരെ എത്തുമായിരിക്കും. ഏതായാലും സുപ്രീം കോടതി വിധി 2024 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഒരു ഉത്തേജനം നല്‍കും. ഇന്‍ഡ്യസഖ്യത്തിനും. അതോ സഖ്യത്തില്‍ നേതൃപ്രശ്‌നങ്ങള്‍ ഉണ്ടാകുമോ?

Crime, Punishment, Redemption.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക