Image

യുകെ മുട്ടുചിറ സംഗമത്തിന് തുടക്കം

Published on 24 July, 2023
 യുകെ മുട്ടുചിറ സംഗമത്തിന് തുടക്കം

 

ലണ്ടന്‍: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പുണ്യ പാദസ്പര്‍ശത്താല്‍ അനുഗ്രഹീതമായ മുട്ടുചിറയിലെ യുകെ നിവാസികളുടെ 14-ാമത് സംഗമത്തിന് തുടക്കമായി.

വെള്ളി മുതല്‍ ഞായര്‍ വരെ (ജൂലൈ 21 ,22,23) ഷ്രൂസ്‌ബെറിയില്‍ വച്ചാണ് പരിപാടി നടക്കുന്നത്. ആഘോഷ പെരുമ കൊണ്ടും ജനപങ്കാളിത്തം കൊണ്ടും പ്രശസ്തമായ സംഗമത്തില്‍ മുട്ടുചിറയിലെ ഏകദേശം നൂറ്റമ്പതിലധികം കുടുംബങ്ങള്‍ യുകെയുടെ വിവിധ ഭാഗങ്ങളിലുണ്ട്.

സംഗമത്തിന് എത്തിച്ചേരുമെന്ന് മുന്‍കൂട്ടി അറിയിച്ച എല്ലാവര്‍ക്കും കുറഞ്ഞ ചിലവില്‍ താമസവും ഭക്ഷണവും ഒരുക്കി സംഗമം ഒരു വന്‍ ജനപങ്കാളിത്തമാക്കാനാണ് ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു.

പ്രധാന സംഗമ ദിവസമായ ശനിയാഴ്ച യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഏകദേശം നാനൂറോളം ആളുകള്‍ സംഗമത്തില്‍ പങ്കെടുക്കും.

ജോസ് കെ മാണി എംപി, തോമസ് ചാഴികാടന്‍ എംപി, മോന്‍സ് ജോസഫ് എംഎല്‍എ, മുട്ടുച്ചിറ ഫൊറോനാ വികാരി റവ .ഫാ എബ്രഹാം കൊല്ലിത്താനത്തുമലയില്‍, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.സുനില്‍, പാലാ പള്ളി -പ്ലേ ബാക് സിംഗര്‍ അനില്‍ നാറുകര,

കടുത്തുരുത്തി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സൈനമ്മ ഷാജു, കടുത്തുരുത്തി സഹകരണ ബാങ്ക് പ്രെസിഡന്റ് ജയകൃഷ്ണന്‍ കെ. നായര്‍, പഞ്ചായത്ത് മെമ്പര്‍ ജിന്‍സി എലിസബത്ത് തുടങ്ങി നിരവധി മത സാമൂഹിക രാഷ്ട്രീയ നേതാക്കന്മാര്‍ സംഗമത്തിന് വീഡിയോ കോണ്‍ഫറന്‍സിലൂടെ ആശംസകളര്‍പ്പിക്കും.

കൂടാതെ നാട്ടില്‍ നിന്നുള്ള നിരവധി മാതാപിതാക്കളും സംഗമത്തിന് ആശംസകളര്‍പ്പിക്കും. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇടവക വികാരിയും മുട്ടുചിറ വാലച്ചിറ നടയ്ക്കല്‍ കുടുംബാംഗവുമായ ബഹുമാനപ്പെട്ട റവ.ഫാ.വര്‍ഗീസ് നടക്കല്‍ മുട്ടുചിറ സംഗമത്തിന്റെ രക്ഷാധികാരിയായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്.


എല്ലാ വര്‍ഷവും അദ്ദേഹമര്‍പ്പിക്കുന്ന വി.കുര്‍ബാനയോടെയാണ് സംഗമ പരിപാടികള്‍ ആരംഭിക്കുന്നത്. കൂടാതെ ഈ വര്‍ഷം റവ. ഫാ. ജോസ് പാലത്തിങ്കലും സഹകാര്‍മികനാകും.

വിവിധ തരം കലാകായിക പരിപാടികളും മത്സരങ്ങളും സംഗമം വര്‍ണശബളമാക്കും. നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ആരംഭിച്ച സംഗമം അവരുടെ ഒരു ആദര വേദിയായി കൂടിയാണ്.

ഈ വര്‍ഷത്തെ സംഗമത്തില്‍ വച്ച് ആദ്യമായി മുട്ടുചിറ നിവാസികളുടെ വാശിയേറിയ വടംവലി മത്സരങ്ങളും മറ്റ് മത്സരങ്ങളും അരങ്ങേറും. കഴിഞ്ഞ ഫുട്‌ബോള്‍ ലോകകപ്പ് പ്രവചന മത്സര വിജയികള്‍ക്കും പ്രസ്തുത സംഗമത്തില്‍ വച്ച് സമ്മാനം വിതരണം ചെയ്യുന്നതാണ്.

ജോണി കണിവേലില്‍ പ്രധാന കണ്‍വിനറായി, ജോബി മാളിയേക്കല്‍, സിറില്‍ മാഞ്ഞൂരാന്‍, മോളി രാജു പള്ളി നീരാക്കല്‍, യൂത്ത് കോര്‍ഡിനേറ്റര്‍ ലിയാ സണ്ണി തുടങ്ങിയവരുടെ മേല്‍നോട്ടത്തിലാണ് മുട്ടുചിറ സംഗമം ഒരുങ്ങുന്നത്.

വ്യത്യസ്തമായ കലാകായിക മത്സരങ്ങളും മറ്റു പ്രോഗ്രാമുകളും ഉള്‍പ്പെടുത്തി സംഗമത്തെ പുതിയ തലത്തിലേക്ക് നയിക്കുവാനുള്ള തയാറെടുപ്പാണ് സംഘാടകര്‍ നടത്തുന്നത്.

മറ്റു ദിവസങ്ങളില്‍ പങ്കെടുക്കുവാന്‍ സാധിക്കാതെ വരുന്നവര്‍ ഉണ്ടെങ്കില്‍ പ്രധാന സംഗമ ദിനമായ ശനിയാഴ്ച മാത്രമായും സംഗമത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണി കണിവേലില്‍: 07889 800292, സിറില്‍ മാഞ്ഞൂരാന്‍ 07958 675140 , ജോബി മാളിയേക്കല്‍ 07710 984045, മോളി രാജു പള്ളിനീരാക്കല്‍ 07824 640894.

ജിജോ അരയത്ത്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക