Image

ഡോ. ഫിലിപ്പ് ജോര്‍ജിനെ അനുസ്മരിക്കുമ്പോള്‍ (ഷോളി കുമ്പിളുവേലി)

Published on 23 July, 2023
ഡോ. ഫിലിപ്പ് ജോര്‍ജിനെ അനുസ്മരിക്കുമ്പോള്‍ (ഷോളി കുമ്പിളുവേലി)

ഡോ. ഫിലിപ്പ് ജോര്‍ജിനെ  സ്‌നേഹിതര്‍ 'കുഞ്ഞ്' എന്നാണ് വിളിക്കുന്നത്. ആ പേര് അന്വര്‍ത്ഥമാക്കുന്ന രീതിയില്‍, കാപട്യങ്ങളൊന്നുമില്ലാത്ത 'കുഞ്ഞു'ങ്ങളുടെ മനസുള്ള വ്യക്തിയായിരുന്നു അദ്ദേഹം. നല്ലൊരു സ്‌നേഹിതന്‍, മനുഷ്യസ്‌നേഹി, പരോപകാരി, അതിലെല്ലാം ഉപരി നല്ലൊരു ദൈവ വിശ്വാസി....അങ്ങനെ എത്ര വിശേഷണങ്ങള്‍ വേണമെങ്കിലും ഡോ. ഫിലിപ്പ് ജോര്‍ജിന് നല്‍കാം. 

കഴിഞ്ഞവര്‍ഷം അദ്ദേഹം വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റായപ്പോള്‍, കൂടെ ജനറല്‍  സെക്രട്ടറിയായി പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. അതുവഴി അദ്ദേഹത്തെ കൂടുതല്‍ അറിയുവാനുള്ള അവസരവും ലഭിച്ചു. യാതൊരു തലക്കനവുമില്ലാത്ത സത്യസന്ധനും, മികച്ച ഭരണകര്‍ത്താവുമായ ഒരു വ്യക്തിയായിരുന്നു പ്രിയപ്പെട്ട ഫിലിപ്പ് ജോര്‍ജ്. 

വ്യക്തിപരമായ ഒരു അനുഭവം ഇവിടെ കുറിക്കട്ടെ: ഏതാണ്ട് നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ്, എന്റെ സഹോദരീ ഭര്‍ത്താവിന്റെ രോഗവിവരം അറിഞ്ഞ് നാട്ടില്‍ പോകാന്‍ എയര്‍പോര്‍ട്ടില്‍ ചെന്നപ്പോള്‍ കുഞ്ഞും അവിടെയുണ്ട്. പിന്നെ ഞങ്ങള്‍ ഒരുമിച്ചായിരുന്നു യാത്ര! കൊച്ചിയില്‍ ചെന്നപ്പോള്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകാന്‍ ഡ്രൈവര്‍ എത്തിയിട്ടുണ്ടായിരുന്നു. ഒരു ടാക്‌സി പിടിക്കാന്‍ ഒരുങ്ങിയ എന്നെ അദ്ദേഹം അതില്‍ നിന്നും പിന്‍തിരിപ്പിച്ച് അദ്ദേഹത്തോടൊപ്പം കൂട്ടി. കുഞ്ഞിന്, എന്‍.എച്ച് വഴി ചെങ്ങന്നൂര്‍ക്കാണ് പോകേണ്ടത്. എനിക്ക് മൂവാറ്റുപുഴ, പാലാ, പൊന്‍കുന്നം റൂട്ടിലും. അദ്ദേഹം എന്നെ വീട്ടില്‍ കൊണ്ടാക്കി. എന്റെ അമ്മയേയും സഹോദരീ ഭര്‍ത്താവിനേയും കണ്ട് സ്‌നേഹാന്വാഷണങ്ങള്‍ നടത്തി പ്രാര്‍ത്ഥിച്ചാണ് അദ്ദേഹം ചെങ്ങന്നൂര്‍ക്ക് പോയത്. കുഞ്ഞിന്റെ മനുഷ്യസ്‌നേഹം എത്രയെന്ന് അളക്കാന്‍ ഇതുപോലെ എത്ര ഉദാഹരണങ്ങള്‍ വേണമെങ്കിലും പറയുവാന്‍ സാധിക്കും. എന്റെ കുടുംബവുമായും അദ്ദേഹത്തിന് വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. 

പ്രിയ സ്‌നേഹിതന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. 

ഷോളി കുമ്പിളുവേലി
സെക്രട്ടറി, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക