Image

ജനസാഗരം തീര്‍ത്ത, മാതൃഭക്തി പ്രഘോഷണത്താല്‍     വാല്‍സിങ്ങാം തീര്‍ത്ഥാടനം മരിയോത്സവമായി.

അപ്പച്ചന്‍ കണ്ണഞ്ചിറ  Published on 18 July, 2023
ജനസാഗരം തീര്‍ത്ത, മാതൃഭക്തി പ്രഘോഷണത്താല്‍     വാല്‍സിങ്ങാം തീര്‍ത്ഥാടനം മരിയോത്സവമായി.

വാല്‍സിങ്ങാം:  ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടത്തിയ ഏഴാമത് തീര്‍ത്ഥാടനം നോര്‍ഫോള്‍ക്കിലെ വാല്‍സിങ്ങാം കാത്തലിക് മൈനര്‍ ബസലിക്കയില്‍ ഭക്തിസാന്ദ്രമായി. 

രാവിലെ ആരാധനയോടൊപ്പം പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ തീര്‍ത്ഥാടന തിരുന്നാളിന് ആരംഭമായി. തുടര്‍ന്ന് രൂപതയുടെ ഇവാഞ്ചലൈശേഷന്‍ കമ്മീഷന്‍ ചെയറും, അനുഗ്രഹീത കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയ നല്‍കിയ മരിയന്‍ പ്രഘോഷണ സന്ദേശം തീര്‍ത്ഥാടകരില്‍  മാതൃഭക്തി ഉദ്ധീപിക്കുന്നതായി.  തിരുനാള്‍ കൊടിയേറ്റത്തിനും അടിമവക്കലിനും ശേഷം തീര്‍ത്ഥാടകര്‍ക്കായി പ്രത്യേകം ഒരുക്കിയ ഭക്ഷണത്തിനായുള്ള ഊഴമായി.  

.ഉച്ച തിരിഞ്ഞു കൃത്യം ഒരുമണിയോടെ  തിരുനാളിന്റെ തിലകക്കുറിയായി അറിയപ്പെടുന്ന പ്രദക്ഷിണം ആരംഭിച്ചു.രൂപതയുടെ നാനാ ഭാഗത്തു നിന്നും വന്നെത്തിയ ആയിരക്കണക്കിനു തീര്‍ത്ഥാടകര്‍ തങ്ങളുടെ ബാനറുകളുടെ പിന്നില്‍ അണിനിരന്ന്, മുത്തുക്കുടകളുടെ അകമ്പടിയോടെ ജപമാല സമര്‍പ്പിച്ചും, മാതൃവണക്ക ഗാനങ്ങള്‍ ആലപിച്ചും, ആവേ മരിയാ ഗീതങ്ങള്‍ മീട്ടിയും, പ്രാര്‍ത്ഥനാനിറവില്‍ നടത്തിയ പ്രദക്ഷിണം അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിലെ സീറോ മലബാര്‍ വിശ്വാസത്തിന്റെ ആഴങ്ങള്‍ വിളിച്ചോതുന്നതായിരുന്നു. 

പ്രദക്ഷിണത്തിന്റെ തുടക്കഭാഗം ദേവാലയത്തില്‍ തിരിച്ചെത്തിയപ്പോഴും ഒന്നര കിലോമീറ്ററോളം നീളത്തില്‍ ഒരുക്കിയ പ്രദക്ഷിണ പാതയില്‍ പിന്‍ഭാഗം പ്രവേശിച്ചിട്ടില്ലാത്തത്ര വിശ്വാസികളാണ് ഈ വര്ഷം തീര്‍ത്ഥാടനത്തിനായി എത്തിച്ചേര്‍ന്നത്.

 

ദിവ്യബലിയുടെ തുടക്കത്തില്‍ത്തന്നെ രണ്ടു പ്രാവശ്യമായി ആഞ്ഞടിച്ച പെരുമഴയെയും കാറ്റിനെയും നിമിഷ നേരത്തില്‍ തന്റെ വരുതിയില്‍ നിറുത്തി പരിശുദ്ധ അമ്മയുടെ അനുഗ്രഹീത സാന്നിദ്ധ്യം വിളിച്ചോതിയ ആഘോഷപൂര്‍വ്വമായ സമൂഹ ദിവ്യബലിയില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. വികാരിജനറാളുമാരായ ഫാ. ആന്റണി ചുണ്ടലിക്കാട്ട്, ഫാ ജിനോ അരീക്കാട്ട് ,ഫാ ജോര്‍ജ്ജ് ചേലക്കര, ആതിഥേയരായ കേംബ്രിഡ്ജ് റീജണല്‍ സീറോമലബാര്‍ കോര്‍ഡിനേറ്റര്‍ ഫാ ജിനോ അടക്കം നിരവധി വൈദികര്‍ സഹകാര്‍മ്മികളായി.

'ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ എട്ടാം വാര്‍ഷികത്തിലേക്ക് പ്രവേശിക്കുമ്പോള്‍, സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും രാഞ്ജിയായി മഹത്വത്തിന്റെ ഉന്നതിയില്‍ ആയിരിക്കുന്ന പരിശുദ്ധ അമ്മയുടെ സംരക്ഷണവും മാദ്ധ്യസ്ഥവും സഭയുടെ വളര്‍ച്ചയിലും ഓരോ ചുവടുവെപ്പിലും ഉണ്ടെന്നു പിതാവ് തന്റെ തിരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങളും വിഷമങ്ങളും മാതൃസന്നിധിയില്‍ സമര്‍പ്പിക്കുമ്പോള്‍, സംരക്ഷിക്കുവാനും,കാത്തുപരിപാലിക്കുവാനും ചേര്‍ത്തുപിടിക്കുന്ന പരിശുദ്ധഅമ്മയുടെ കരങ്ങള്‍ കരുണാമയവും സുദൃഢവുമാണ്. മാര്‍ത്തോമ്മാ പൈതൃകം പിന്തുടരുന്ന നമ്മുടെ വിശ്വാസ ജീവിതത്തില്‍ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥവും കരുതലുമാണ് ശക്തി കേന്ദ്രം'.

'യൂറോപ്പില്‍ ആദ്യമായി നിര്‍മ്മിച്ച്  സീറോമലബാര്‍ സഭയുടെ അഭിമാനമായി ഉയര്‍ന്നുവരുന്ന ബ്രിസ്റ്റോള്‍ സിറോമലബാര്‍ ദേവാലയത്തിനായി ഏവരുടെയും സഹകരണം അഭ്യര്‍ത്ഥിച്ച അഭിവന്ദ്യ പിതാവ്,വി. ഡോണ്‍ ബോസ്‌കോ അനാഥര്‍ക്കും രോഗികള്‍ക്കും ആലംബഹീനര്‍ക്കുമായി  'നന്മനിറഞ്ഞ മറിയമേ..' എന്ന പ്രാര്‍ത്ഥനയില്‍ മാത്രം തുടങ്ങിവെച്ച സലേഷ്യന്‍ സഭയ്ക്ക്  ഉണ്ടായ വിജയം, നമ്മുടെ പ്രാര്‍ത്ഥനയില്‍ വല്‍സിംഗാമിലെ മാതാവ് നടത്തിത്തരുമെന്നും' പറഞ്ഞു.

ഫാ. ജോസ് അഞ്ചാനിക്കലിന്റെ നേതൃത്വത്തില്‍ അമ്പതോളം പേരുള്‍ക്കൊണ്ട ഗായകസംഘം നടത്തിയ ഗാനശുശ്രുഷ സ്വര്‍ഗ്ഗീയയമായ ആല്മീയ അനുഭൂതി പകര്‍ന്നു. വികാരി ജനറാള്‍ ഫാ. ജിനോ അരീക്കാട്ടിന്റെ സ്വാഗത സന്ദേശത്തോടെ ആരംഭിച്ച തിരുക്കര്‍മ്മങ്ങള്‍ ഭക്തിസാന്ദ്രമായി.

യു കെ യുടെ നാനാഭാഗങ്ങളില്‍ നിന്നും വളരെയധികം കഷ്ടതകള്‍ സഹിച്ച് കത്തോലിക്കാ സഭയുടെ വിശ്വാസത്തിന്റെ നെടും തൂണായ പരിശുദ്ധ കന്യകാ മറിയത്തോടുള്ള സ്‌നേഹവും ഭക്തിയും വെളിവാക്കുവാന്‍ വാല്‍ഷിങ്ങാമിലേക്കെത്തുകയും,തീര്‍ത്ഥാടനം വന്‍ വിജയമാക്കി മാറ്റുവാന്‍ സുപ്രധാന പങ്ക്  വഹിക്കുകയും ചെയ്ത  എല്ലാ വിശ്വാസികളോടുമുള്ള അതിയായ കൃതജ്ഞത തിരുനാള്‍ നടത്തിപ്പുകാരായ കേംബ്രിഡ്ജ്  റീജന്‍ സീറോ മലബാര്‍  കമ്മ്യൂണിറ്റിക്കുവേണ്ടി ജിനോ അച്ചന്‍ പ്രകടിപ്പിച്ചു.

ജനസാഗരം തീര്‍ത്ത, മാതൃഭക്തി പ്രഘോഷണത്താല്‍     വാല്‍സിങ്ങാം തീര്‍ത്ഥാടനം മരിയോത്സവമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക