Image

വാല്‍സിങ്ങാം തീര്‍ത്ഥാടന തിരുന്നാള്‍ നാളെ; മാതൃസങ്കേതം മരിയന്‍ പ്രഘോഷണ മുഖരിതമാകും.  

അപ്പച്ചന്‍ കണ്ണഞ്ചിറ  Published on 13 July, 2023
വാല്‍സിങ്ങാം തീര്‍ത്ഥാടന തിരുന്നാള്‍ നാളെ; മാതൃസങ്കേതം മരിയന്‍ പ്രഘോഷണ മുഖരിതമാകും.  

വാല്‍സിങ്ങാം: മലയാളി മാതൃഭക്തരുടെ വന്‍ പങ്കാളിത്തവും, മരിയ ഭക്തിഗാനങ്ങളും, ജപമാലകളും ആലപിച്ച് കൊണ്ട് നടത്തപ്പെടുന്ന തീര്‍ത്ഥാടന പ്രദക്ഷിണവും ആഘോഷപൂര്‍വ്വമായ സമൂഹ ദിവ്യബലിയും,ശുശ്രുഷകളും വാല്‍സിങ്ങാം പുണ്യകേന്ദ്രത്തെ മരിയ പ്രഘോഷണ മുഖരിതമാക്കും.

പരിശുദ്ധ അമ്മയുടെ നിര്‍ദ്ദേശത്തില്‍ നസ്രേത്തിലെ ഭവനത്തിന്റെ മാതൃകയില്‍ വാല്‍സിങ്ങാമില്‍ പണിതുയര്‍ത്തപ്പെട്ട ദേവാലയം നിരവധിയായ അനുഭവ സാക്ഷ്യങ്ങള്‍ക്കു ആഗോളതലത്തില്‍ത്തന്നെ ശ്രദ്ധേയമാണ്. മാതൃ നിര്‍ദ്ദേശത്താല്‍ പ്രാര്‍ത്ഥിക്കുവാന്‍ സൗകര്യം ഒരുക്കപ്പെട്ട 'വാല്‍ത്സിങ്ങാമില്‍ എത്തി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ഫലസിദ്ധിയും  മറുപടിയും ലഭിക്കുമെന്നും' പരിശുദ്ധ അമ്മ വാഗ്ദാനം നല്‍കിയിരുന്നു. ഇവിടെയെത്തി വാല്‍ത്സിങ്ങാം അമ്മയുടെ മാദ്ധ്യസ്ഥം വഴി പ്രാര്‍ത്ഥിച്ചു ഉദ്ദിഷ്ഠ കാര്യം സാധിച്ചവരുടെയും,രോഗ സൗഖ്യം നേടിയവരുടെയും, മുക്തി കിട്ടിയ അനേക ക്ലേശിതരുടെയും  നിരവധി വിശ്വാസ ജീവിത സാക്ഷ്യങ്ങള്‍ രേഖകളില്‍ നമുക്ക് കാണാനാവും.  

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ എല്ലാ മിഷനുകളില്‍ നിന്നും തന്നെ തിരുന്നാള്‍ ഏറ്റെടുത്തു നടത്തുന്നതിനായി പ്രസുദേന്തിമാരായി ചേരുവാന്‍ രൂപത അവസരം ഒരുക്കിയിരുന്നു. ദേവാലയങ്ങളില്‍ നിന്നും പരമാവധി കോച്ചുകള്‍ ക്രമീകരിച്ചു വരാനാണ് രൂപതയുടെ നിര്‍ദ്ദേശം.  

മരിയ പ്രഘോഷണ പ്രാര്‍ത്ഥനകള്‍ ഉരുവിട്ട് വാല്‍സിങ്ങാം തീര്‍ത്ഥാടനത്തിനായി  'ഹോളി മൈല്‍' നഗ്‌ന പാദരായി നടന്നു നീങ്ങുതിനായി ചെരുപ്പ് അഴിച്ചു വെക്കുന്ന ഇടമായ 'സ്ലിപ്പര്‍ ചാപ്പല്‍' ആണ് ഇന്ന് കത്തോലിക്കാ സഭയുടെ തീര്‍ത്ഥാടന കേന്ദ്രം.

രാവിലെ ഒമ്പതരയ്ക്ക് ജപമാലയും ആരാധനയും തുടര്‍ന്ന് പത്തരക്ക് രൂപതയുടെ ഇവാഞ്ചലിക്കല്‍ കമ്മീഷന്‍ ചെയര്‍ സിസ്റ്റര്‍ ആന്‍ മരിയ SH നയിക്കുന്ന മരിയന്‍ പ്രഭാഷണവും, പതിനൊന്നരക്ക് തിരുന്നാള്‍ കൊടിയേറ്റവും നടക്കും. ഇടവേളയില്‍ ഭക്ഷണത്തിനും, അടിമവെക്കലിനുമുള്ള സമയമാണ്.

തീര്‍ത്ഥാടകര്‍ക്കായി വിഭവ സമൃദ്ധമായ ചൂടുള്ള നാടന്‍ ഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്നതിനായി മലയാളി സ്റ്റാളുകള്‍ സജ്ജീകരിക്കുന്നുണ്ട്. ഗ്രൂപ്പുകളായി വരുന്നവര്‍ക്ക് നീണ്ട ക്യുവില്‍ നിന്ന് പ്രയാസം ഉണ്ടാവാതിരിക്കുവാന്‍ മുന്‍കൂറായി ബുക്ക് ചെയ്യുന്നതിന് 07752279069 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

പന്ത്രണ്ടേകാലിനു നടക്കുന്ന പ്രസുദേന്തി വാഴ്ചക്കു ശേഷം, മാതൃഭക്തി നിറവില്‍ തീര്‍ത്ഥാടന പ്രദക്ഷിണം നടക്കും. ഓരോ മിഷനുകളും തങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സ്‌പേസില്‍ മുന്നില്‍ ബാനര്‍ പിടിച്ചുകൊണ്ട് മുത്തുക്കുടകളുടെ അകമ്പടിയോടെ 'പില്‍ഗ്രിമേജ് സ്പിരിച്വല്‍ മിനിസ്ട്രി' ചൊല്ലിത്തരുന്ന പ്രാര്‍ത്ഥനകളും ഭക്തിഗാനങ്ങളും ആലപിച്ച് ഭയ ഭക്തി ബഹുമാനത്തോടെ ലൈനായി പങ്കെടുക്കേണ്ടതാണ്.

ഉച്ചക്ക് രണ്ടു മണിക്ക് രൂപതാ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍, മിഷനുകളില്‍ നിന്നുള്ള വൈദികര്‍ സഹകാര്‍മ്മികരുമായി ആഘോഷപൂര്‍വ്വമായ സമൂഹബലി അര്‍പ്പിക്കും. വൈകുന്നേരം നാലു മണിയോടെ അടുത്തവര്‍ഷത്തേക്കുള്ള പ്രസുദേന്തിമാര്‍ക്കു തിരുന്നാള്‍ കൊടിയും തിരിയും ഭരമേല്പിച്ച ശേഷം തീര്‍ത്ഥാടനം സമാപിക്കും.

വാല്‍സിങ്ങാം പള്ളിയുടെ വിലാസം.

Catholic National Shrine Of Our Lady, Walshingham, Houghton St.Giles, Norfolk, NR22 6AL

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക